ലോകത്തിലെ ഏറ്റവും വലിയ ഷൂ കന്പനിയാണ് നൈക്കി. 2024 മാർച്ച് മാസത്തിലെ കണക്കനുസരിച്ച് 154 ബില്യൺ ഡോളർ ആണ് ഈ അമേരിക്കൻ കന്പനിയുടെ മൂല്യം. ഷൂ കന്പനികളിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്നത് ജർമൻ കന്പനിയായ അഡീഡസ് ആണ്. എന്നാൽ, ഈ കന്പനിയുടെ മൂല്യം നൈക്കിയെ അപേക്ഷിച്ച് 100 ബില്യൺ ഡോളർ കുറവാണത്രെ. നൈക്കി ഇന്ന് ഒന്നാം സ്ഥാനത്തു നിൽക്കുന്നുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണക്കാരൻ നൈക്കിയുടെ സഹസ്ഥാപകനായ ഫിൽ നൈറ്റ് ആണ്.
നൈറ്റിന്റെ ഓട്ടം 1938ൽ അമേരിക്കയിലെ ഓറിഗൺ സംസ്ഥാനത്തായിരുന്നു നൈറ്റിന്റെ ജനനം. നിയമ ബിരുദധാരിയും ഒറേഗൺ ജേർണൽ എന്ന പത്രത്തിന്റെ ഉടമസ്ഥനുമായിരുന്നു ഫിൽ നൈറ്റിന്റെ പിതാവ്. നൈറ്റിനു പത്രപ്രവർത്തനത്തിൽ താത്പര്യം ഉണ്ടായിരുന്നതുകൊണ്ട് വേനൽ അവധിക്കാലത്തു പിതാവിന്റെ പത്രസ്ഥാപനത്തിൽ ജോലി ചെയ്യാൻ നൈറ്റ് അനുവാദം ചോദിച്ചു.
എന്നാൽ, ഹൈസ്കൂൾ വിദ്യാർഥിയായ നൈറ്റ് സ്വന്തം നിലയിൽ ഒരു ജോലി കണ്ടുപിടിക്കട്ടെ എന്നായിരുന്നു പിതാവിന്റെ തീരുമാനം. നൈറ്റ് ഒട്ടും മടിക്കാതെ ഒറേഗോണിയൻ എന്ന മറ്റൊരു പത്രസ്ഥാപനത്തിൽ സ്പോർട്സ് വാർത്തകൾ തയാറാക്കുന്ന ജോലി കണ്ടുപിടിച്ചു.
അവിടെ ജോലിക്കു പോയിരുന്ന ദിവസങ്ങളിലൊക്കെ വീട്ടിലേക്കുള്ള ഏഴ് മൈൽ ദൂരം നൈറ്റ് ഓടുകയായിരുന്നത്രെ. സ്പോർട്സിൽ ആ യുവാവിനുള്ള താത്പര്യം അത്ര മാത്രമായിരുന്നു. ഹൈസ്കൂളിലും കോളജിലും പഠിക്കുന്ന കാലത്തും മധ്യദൂര ഓട്ടക്കാരൻ എന്ന നിലയിൽ നൈറ്റ് പല സമ്മാനങ്ങളും നേടിയിട്ടുണ്ട്.
യൂണിവേഴ്സിറ്റി ഓഫ് ഓറിഗണിൽനിന്നു ബിസിനസിൽ ബാച്ചിലർ ബിരുദവും സ്റ്റാൻഫർഡ് യൂണിവേഴ്സിറ്റിയിൽനിന്ന് എംബിഎയും കരസ്ഥമാക്കിയ നൈറ്റ് പഠന ശേഷം ഒരു ലോകപര്യടനത്തിന് ഇറങ്ങിപ്പുറപ്പെട്ടു. അങ്ങനെയാണ് 1962 നവംബറിൽ നൈറ്റ് ജപ്പാനിലെത്തിയത്. അവിടെ കാണാനിടയായ ടൈഗർ ബ്രാൻഡ് സ്പോർട്സ് ഷൂസുകൾ മെച്ചപ്പെട്ട നിലവാരവും താരതമ്യേന വിലക്കുറവുള്ളതായിരുന്നു.
നൈറ്റ് ഒട്ടും മടിക്കാതെ ടൈഗർ ബ്രാൻഡ് ഷൂ നിർമാതാവായ ഓണിറ്റ്സുക്ക എന്ന മുതലാളിയെ സമീപിച്ച് ടൈഗർ ബ്രാൻഡ് ഷൂസുകൾ അമേരിക്കയിൽ വിതരണം ചെയ്യാനുള്ള അവകാശം നേടിയെടുത്തു.
അമേരിക്കയിൽ മടങ്ങിയെത്തിയ നൈറ്റ് അതിവേഗം യൂണിവേഴ്സിറ്റിയിൽ തന്റെ കോച്ചായിരുന്ന ബിൽ ബോവർമാനിന്റെ സഹായം തേടി. അദ്ദേഹം ടൈഗർ ബ്രാൻഡ് ഷൂസുകൾ യൂണിവേഴ്സിറ്റിയിലേക്ക് ഓർഡർ ചെയ്യുക മാത്രമല്ല ചെയ്തത്. അതോടൊപ്പം, നൈറ്റുമായി സഹകരിച്ച് ഒരു ഷൂ നിർമാണകന്പനി നടത്താനും സന്നദ്ധനായി.
നൈക്കി പിറക്കുന്നു അങ്ങനെയാണ് ബ്ലൂറിബൺ സ്പോർട്സ് എന്ന കന്പനി രൂപം കൊണ്ടത്. ആ കന്പനിയിലെ ആദ്യജീവനക്കാരനായ ജെഫ് ജോൺസൺ നിർദേശിച്ചതനുസരിച്ച് ഗ്രീക്ക് പുരാണത്തിലെ വിജയദേവതയായ നൈക്കിയുടെ പേര് പിന്നീടു കന്പനിയുടെ പേരായി മാറ്റിയെടുത്തു.
അതിനു പിന്നാലെ, കന്പനിയുടെ അടയാള ചിഹ്നം (ലോഗോ) ആയി സ്വൂഷും സ്വീകരിച്ചു. ലോകത്തിൽ ഏറ്റവും വിലമതിക്കപ്പെട്ട ചിഹ്നങ്ങളിലൊന്നായി സ്വൂഷ് ഇപ്പോൾ മാറിയിട്ടുണ്ട്. നൈക്കി ഇപ്പോൾ ലോകത്തിലെ ഒന്നാം നന്പർ ഷൂ കന്പനിയായി മാറിയിട്ടുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണം ആ ഉത്പന്നത്തിന്റെ മികവുതന്നെ.
കന്പനിയുടെ ആരംഭം മുതൽതന്നെ, ഷൂസുകളുടെ ഗുണനിലവാരം മെച്ചമായിരിക്കണമെന്നു നൈറ്റിനു നിർബന്ധമായിരുന്നു. ചെലവ് ചുരുക്കി ലാഭം കൂട്ടാനുള്ള കുറുക്കുവഴിക്കൊന്നും അദ്ദേഹം പോയില്ല. അതിന്റെ പ്രധാന കാരണം, കന്പനിയുടെ സത്പേര് സൂക്ഷിക്കുക എന്നതു മാത്രമായിരുന്നില്ല. പ്രത്യുത, ഷൂസ് വാങ്ങുന്നവരുടെ സുരക്ഷിതത്വവും സംതൃപ്തിയും ഉറപ്പുവരുത്തുക എന്നതുകൂടിയായിരുന്നു.
തന്മൂലമാണ് നൈക്കി ഷൂസുകളുടെ ഡ്യൂപ്ലിക്കേറ്റുകൾ മാർക്കറ്റിൽ ഇറങ്ങാൻ തുടങ്ങിയപ്പോൾ അതിനെതിരായി നൈറ്റ് പോരാടാനിറങ്ങിത്തിരിച്ചത്. ഡ്യൂപ്ലിക്കേറ്റുകളുടെ നിർമാണം ആ ഷൂസുകൾ ഉപയോഗിക്കുന്നവരുടെ സുരക്ഷിതത്വത്തിനു ഹാനികരമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച നിലപാട്.
കച്ചവടത്തിൽ സത്യസന്ധതയും സുതാര്യതയുമൊക്കെ നൈറ്റ് സ്വകീരിച്ചതു മൂലം ചില സാന്പത്തിക നഷ്ടങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും മൊത്തത്തിൽ അദ്ഭുതകരമായ വളർച്ചയാണ് അദ്ദേഹത്തിന്റെ കന്പനിക്കുണ്ടായിട്ടുള്ളത്. തന്മൂലം, അദ്ദേഹവും സാന്പത്തികമായി വളർന്നു. ഇപ്പോൾ ലഭ്യമായിരിക്കുന്ന കണക്കനുസരിച്ച് അറുപത് ബില്യൺ ഡോളർ ആണത്രെ അദ്ദേഹത്തിന്റെ സന്പാദ്യം.
ഈ പണം മുഴുവൻ അദ്ദേഹം സ്വന്തമായി സൂക്ഷിക്കുകയാണോ? അല്ലേയല്ല. വിവിധ നല്ല കാര്യങ്ങൾക്കായി രണ്ടു ബില്യൺ ഡോളർ അദ്ദേഹം ഇതിനകം കൊടുത്തുകഴിഞ്ഞു. മൂന്നു ബില്യൺ ഡോളർ ചാരിറ്റിക്കായി കൊടുത്തിട്ടുള്ള മൈക്കിൾ ബ്ലൂംബർഗ് കഴിഞ്ഞാൽ നൈറ്റ് ആണത്രെ ചാരിറ്റിക്കു കൊടുക്കുന്ന പ്രമുഖരിൽ അമേരിക്കയിൽ ഇപ്പോൾ രണ്ടാം സ്ഥാനത്ത്.
നമ്മിൽ പലരും ഏറെ പണമുണ്ടാക്കുന്നവരാകില്ല. എങ്കിൽ പോലും നമുക്കുള്ളതിന്റെ ഒരു ഓഹരി നല്ലകാര്യങ്ങൾക്കായി മാറ്റിവയ്ക്കുന്ന പതിവ് നാം വളർത്തിയെടുക്കണം. അതുപോലെ, അവിഹിത മാർഗത്തിലൂടെ ഒരിക്കലും പണമുണ്ടാക്കുകയില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
പണമുണ്ടാക്കാനുള്ള വ്യഗ്രതയിൽ എത്രയോ പേരാണ് നിർമാണപ്രവർത്തനമായാലും ബിസിനസ് ആയാലും അവിടെയൊക്കെ കള്ളക്കളികൾ കാണിക്കുന്നത്. അവർക്കൊന്നും ഉപഭോക്താക്കളുടെ സുരക്ഷിതത്വമോ സംതൃപ്തിയോ പ്രശ്നമല്ല. പണമുണ്ടാക്കുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം.
നൈറ്റ് ഒരിക്കലും അങ്ങനെയായിരുന്നില്ല. തന്റെ നന്മയോടൊപ്പം മറ്റുള്ളവരുടെ നന്മയും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ അദ്ദേഹം ഏറ്റം ശ്രദ്ധിച്ചു. അതാണ് നൈക്കി എന്ന കന്പനിയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. നൈറ്റിന്റെയും നൈക്കിയുടെയും ഈ കഥ നന്മമാത്രം ചെയ്യാൻ നമുക്കു പ്രചോദനം നല്കട്ടെ.