വെറുതെയാവില്ല ഇംഗ്ലീഷ് ലിറ്ററേച്ചർ
കിരൺ ജെ.കെ.വി.
ലോകത്ത് ഏറ്റവുമധികം പേര് തെരഞ്ഞെടുക്കുന്ന ബിരുദകോഴ്സുകളില്‍ ഒന്നാണ് ഇംഗ്ലീഷ് ലിറ്ററേച്ചര്‍. പക്ഷേ, പഠിച്ച കാര്യങ്ങള്‍ ഉപകാരപ്പെടുമെന്ന തോന്നല്‍ ഇല്ലാത്തതിനാലാവാം ഈ മേഖലയില്‍ ജോലി കണ്ടെത്തുന്നവര്‍ കുറവാണ്. പലര്‍ക്കും പേരിനൊരു ബിരുദം മാത്രമാണിത്. വ്യാകരണവും വാക്കുകളും പഠിക്കാനും കുറച്ചധികം സാഹിത്യകൃതികള്‍ മനഃപാഠമാക്കാനും മാത്രം ഉതകുന്നതാണ് ഇംഗ്ലീഷ് സാഹിത്യ പഠനം എന്നൊരു തെറ്റിദ്ധാരണ പലര്‍ക്കുമുണ്ടായിരിക്കാം. കഥയും കവിതയും പഠിക്കുന്നതിലൂടെ വിദ്യാര്‍ഥികളുടെ വിശകലനപരതയും വിമര്‍ശനാത്മക ചിന്താഗതിയും വളരുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുമെന്നതാണ് വസ്തുത. പക്ഷേ, ഇവയൊക്കെ എവിടെ പ്രയോഗിക്കും എന്നതാണ് പലരുടെയും സംശയം. അധ്യാപനം എന്നതാണ് പലരും ആവര്‍ത്തിച്ചു കേട്ടിരിക്കുന്ന ഉത്തരം. എന്നാല്‍ അതിനപ്പുറം പല സാധ്യതകളും ഇംഗ്ലീഷ് ബിരുദധാരികള്‍ക്കുണ്ട്.
ജേണലിസം
മാധ്യമപ്രവര്‍ത്തനം ഇംഗ്ലീഷ് ബിരുദധാരികള്‍ക്ക് എല്ലാക്കാലത്തും നല്ലൊരു ഓപ്ഷന് തന്നെയായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ പത്രങ്ങളും ടെലിവിഷനും അടങ്ങുന്ന പരമ്പരാഗത മാധ്യമങ്ങള്‍ക്കു പുറമേ, സ്മാര്‍ട്ട് ഫോണ്‍ വ്യാപനത്തിന് ശേഷം പിടിമുറുക്കിയ ഓണ്‍ലൈന്‍ മാധ്യമങ്ങളും ധാരാളം അവസരങ്ങള്‍ കാത്തുവച്ച് കാത്തിരിക്കുന്നുണ്ട്. റിപ്പോര്‍ട്ടര്‍, എഡിറ്റര്‍ എന്നീ തസ്തികകളില്‍ ഇംഗ്ലീഷ് പരിജ്ഞാനമുള്ളവര്‍ക്ക് തിളങ്ങാവുന്നതാണ്. വാര്‍ത്തകളിലെ കൃത്യതയും തെളിമയും പദവിന്യാസവും വായനക്കാരിലുണ്ടാക്കുന്ന സ്വാധീനം നിര്‍ണയിക്കുന്നതില്‍ എഡിറ്റര്‍മാര്‍ക്കാണ് കൂടുതല്‍ പങ്കെന്ന് പറയാം. പരന്ന അറിവും വായനയും ഏതു കാര്യത്തിലും അഭിപ്രായവുമുള്ളവര്ക്ക് തെരഞ്ഞെടുക്കാവുന്ന മേഖലയാണ് മാധ്യമപ്രവര്‍ത്തനം.
ട്രാന്സ്ലേഷന്
ആഗോളവത്കരണത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന മറ്റൊരു അവസരമാണ് ട്രാന്സ്ലേറ്റര്. ഇംഗ്ലീഷിനോടൊപ്പം മറ്റ് പ്രാദേശിക ഭാഷകള്‍ അറിയുന്നതും നന്നായിരിക്കും. മികച്ച ആശയവിനിമയത്തിലൂടെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ ഇകൊമേഴ്സ്, ടൂറിസം, മാനുഫാക്ചറിംഗ്, ഹെല്‍ത്ത്, ബാങ്കിംഗ്, നിയമം, വിദ്യാഭ്യാസം എന്നിങ്ങനെ നിരവധി മേഖലകള്‍ ശ്രമിക്കുന്നുണ്ട്. ഫിലിം, ടെലിവിഷന്‍, പബ്ലിഷിംഗ് മേഖലകളിലും അവസരങ്ങള്‍ ലഭിച്ചേക്കാം. ഫുള്‍ടൈം ആയോ ഫ്രീലാന്‍സര്‍ ആയോ ജോലി ചെയ്യാനുള്ള സാഹചര്യമുണ്ട്. ഭാഷാപരിജ്ഞാനത്തോടൊപ്പം കൈകാര്യം ചെയ്യുന്ന വിഷയങ്ങളെക്കുറിച്ചും അറിവ് നേടാന്‍ ശ്രമിക്കണം. നിര്‍മിതബുദ്ധി ഇവിടേക്ക് കടന്നുകയറുമെങ്കിലും മനുഷ്യരായ ട്രാന്‍സ്ലേറ്റര്‍മാരുടെ കൃത്യതയ്ക്കും സൂക്ഷ്മസംവേദനശക്തിക്കുമുള്ള ഡിമാന്‍ഡ് അത്ര വേഗത്തില്‍ മാഞ്ഞുപോകില്ല.
മാര്‍ക്കറ്റിംഗ്/പബ്ലിക് റിലേഷന്‍സ്
സര്‍ഗാത്മകമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളൊരുക്കാനും കുറിക്കു കൊള്ളുന്ന രീതിയില്‍ അവതരിപ്പിക്കാനും കഴിവുള്ള പ്രഫഷണലുകളെ ഇന്ന് മിക്കവാറും ബിസിനസ് സ്ഥാപനങ്ങള്‍ക്കെല്ലാം ആവശ്യമാണ്. കോപ്പി റൈറ്റര്‍, ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റ്, മാര്‍ക്കറ്റിംഗ് കമ്യൂണിക്കേഷന്‍ സ്പെഷലിസ്റ്റ് എന്നീ റോളുകളില്‍ തിളങ്ങാനുള്ള അവസരം ഇവിടെ ലഭിച്ചേക്കാം. മാര്‍ക്കറ്റിംഗ് മേഖലയില്‍ അഡ്വര്‍ടൈസിംഗ് കോപ്പി, പ്രസ് റിലീസ് എന്നിവ തയാറാക്കാനും ആളുകള്‍ വേണ്ടിവരും. അതേസമയം, കമ്പനികളുടെ പൊതുമണ്ഡലത്തിലെ മതിപ്പും ബ്രാന്‍ഡ് ഇമേജും നിലനിര്‍ത്തുകയെന്ന കര്‍ത്തവ്യമാണ് പബ്ലിക് റിലേഷന്‍സ് വിദഗ്ധരില്‍ ഭരമേല്പ്പിക്കപ്പെടുക. ഭാഷ ഭംഗിയായി കൈകാര്യം ചെയ്യുന്നവര്‍ക്ക് പിആര്‍ ഏജന്‍സികള്‍, എന്‍ജിഒകള്‍, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളില്‍ അവസരങ്ങള്‍ തേടാം.
റൈറ്റിംഗ്/എഡിറ്റിംഗ്
ഇന്ന് എഴുത്തിന്റെ ലോകം വൈവിധ്യം നിറഞ്ഞതാണ്. പരമ്പരാഗത പത്രങ്ങള്‍, മാസികകള്‍ എന്നതിനപ്പുറത്തേക്ക് അവസരങ്ങള്‍ വളര്‍ന്നിട്ടുണ്ട്. തെറ്റില്ലാതെയും മനോഹരവുമായും ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയുമെങ്കില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്, കണ്‍സള്‍ട്ടന്‍സികള്‍ എന്നിവയ്ക്കുവേണ്ടി കണ്ടന്റ് റൈറ്റര്‍ ആയി പ്രവര്‍ത്തിക്കാം. വെബ്സൈറ്റ് കണ്ടന്റ്, ബ്ലോഗുകള്‍, മാര്‍ക്കറ്റിംഗ് കണ്ടന്റ്, സോഷ്യല്‍ മീഡിയയില്‍ പ്രമോഷന് ലക്ഷ്യമാക്കിയുള്ള കണ്ടന്റ് എന്നിവയെല്ലാം മനോഹരമായി എഴുതാന്‍ കണ്ടന്റ് റൈറ്റര്‍മാരെ ആവശ്യമാണ്. ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നവര്‍ക്ക് ഇതൊരു നല്ല സാധ്യതയാണ്. ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാനും ക്ഷമയോടെ റിസര്‍ച്ച് ചെയ്യാനും വിമര്‍ശനാത്മകമായി അപഗ്രഥിക്കാനും കഴിവുണ്ടാകണമെന്ന് മാത്രം.