കിരൺ ജെ.കെ.വി.
അതിവേഗം വളരുന്ന സ്പെഷാലിറ്റി കോഫി ഇൻഡസ്ട്രി കൊണ്ടുവരുന്ന കോഫി ടേസ്റ്റിംഗ് എന്ന തൊഴിലവസരം അത്ര പരിചിതമായിരിക്കില്ല. കോഫി കപ്പിംഗ് എന്നും അറിയപ്പെടുന്ന കോഫി ടേസ്റ്റിംഗ് വളർച്ചാ സാധ്യതയുള്ള ജോലിയാണ്. കാപ്പിയുടെ മണം, രുചി എന്നിവയ്ക്കു പുറമേ മൊത്തത്തിലുള്ള ഗുണമേന്മ ഉറപ്പാക്കുന്ന ഉത്തരവാദിത്വമാണ് കോഫി ടേസ്റ്റർമാർക്കുള്ളത്. ചെറിയ രുചിവ്യത്യാസം പോലും ഗുണമേന്മയെ ബാധിക്കുന്ന ഉത്പന്നമാണ് കാപ്പിയെന്നതിനാൽ കോഫി ടേസ്റ്റർമാരുടെ മികവ് കർഷകർക്കും വ്യവസായികൾക്കുമെല്ലാം കൂടിയേ തീരൂ. കാപ്പി രുചിച്ച് അതിന്റെ ഗുണവും കടുപ്പവും വിലയിരുത്താനും അനുയോജ്യമായ മാറ്റങ്ങൾ നിർദേശിക്കാനും കഴിയുന്നവർക്ക് അധികമാരും നടക്കാത്ത ഈ തൊഴിൽവഴിയിൽ കാലുറപ്പിക്കാം.
ആർക്കൊക്കെ തെരഞ്ഞെടുക്കാം?
കാപ്പിയുടെ ഗുണവും കടുപ്പവും വിലയിരുത്താനുള്ള കഴിവിനു പുറമേ പലതരം കോഫികൾ, ബ്രൂവിംഗ് രീതികൾ എന്നിവയെക്കുറിച്ചുള്ള അറിവുണ്ടാകണം. കോഫി പ്രോസസിംഗ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളും അവയോരോന്നും രുചിയിൽ ചെലുത്തുന്ന മാറ്റങ്ങളും അറിയണം. രുചിയിലും മണത്തിലുമുള്ള നേരിയ വ്യത്യാസങ്ങൾ തിരിച്ചറിയുന്നതിന് സൂക്ഷ്മാംശങ്ങൾ പോലും ശ്രദ്ധിക്കാനും ഓർമിച്ചുവയ്ക്കാനുമൊക്കെ കഴിയുന്ന വ്യക്തികൾക്കേ സാധിക്കൂ. ഇതൊന്നും അല്ലാത്തവർക്ക് കോഫി ടേസ്റ്റിംഗ് ഉചിതമാകണമെന്നില്ല.
എങ്ങനെ പഠിക്കാം?
ഉചിതമായ നൈപുണ്യങ്ങൾ ഉള്ളവർക്ക് നിരവധി ഓപ്ഷനുകളുണ്ട്. കോഫി ബോർഡ് ഓഫ് ഇന്ത്യ ട്രെയിനിംഗ് പ്രോഗ്രാമായ കാപ്പി ശാസ്ത്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കോഫി റോസ്റ്റിംഗ്, ബ്രൂവിംഗ് എന്നിവയിലാണ്. സ്പെഷാലിറ്റി കോഫി അക്കാദമി ഓഫ് ഇന്ത്യ (SCAI) നൽകുന്നത് ബാരിസ്റ്റ സ്കിൽസ്, ബ്രൂവിംഗ് സ്കിൽസ്, സെൻസറി സ്കിൽസ് എന്നിവയിലൂന്നിയ SCA സർട്ടിഫൈഡ് കോഴ്സുകളാണ്. Q grader certification, SCA sensory skills certification എന്നിവയും ഉപയോഗപ്രദമാണ്.
ഭാവി?
മികവ് പുലർത്തുന്നവർക്ക് കോഫി ടെസ്റ്റർ, ക്യൂ ഗ്രേഡർ, കോഫി റോസ്റ്റർ, കോഫി കണ്സൾട്ടന്റ് എന്നിങ്ങനെയുള്ള ജോലികൾ ലഭിക്കാം. സംരംഭകരാകാൻ താല്പര്യമുള്ളവർക്ക് വ്യത്യസ്തമായ കോഫി പ്രൊഡക്റ്റുകൾ ലഭ്യമാകുന്ന സ്പെഷാലിറ്റി കോഫി ബിസിനസ് ഓണർ ആകാനും പരിശ്രമിക്കാവുന്നതാണ്. തുടക്കക്കാരായ കോഫി ടെസ്റ്റർമാർക്ക് വാർഷിക വരുമാനം 35 ലക്ഷം രൂപയായിരിക്കും. മുതിർന്ന ക്യൂ ഗ്രേഡർമാർക്ക് ഇത് 1225 ലക്ഷം വരെയാകാം. എക്സ്പീരിയൻസും വൈദഗ്ധ്യവും ഏറുന്നതോടെ ഹെഡ് ടേസ്റ്റർ ആയി മാറുന്നവരുമുണ്ട്. എസ്റ്റേറ്റുകൾ, കോഫി കോർപറേഷനുകൾ, കോഫി ബാർ ചെയ്നുകൾ എന്നിവയെല്ലാം തൊഴിൽദാതാക്കളുടെ പട്ടികയിൽപ്പെടും.