ആർജിസിബിയിൽ എംഎസ്സി ബയോ ടെക്നോളജി
തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ബ്രിക്ആർജിസിബി) യിൽ കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന 202526 അധ്യയന വർഷത്തേക്കുള്ള എംഎസ്സി ബയോടെക്നോളജി പ്രോഗ്രാമിൽ ചേരുന്നതിന് ഗാറ്റ്ബി യോഗ്യതയുള്ള വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
ഡിസീസ് ബയോളജി, ജനറ്റിക് എൻജിനിയറിംഗ് എന്നിവയിൽ സ്പെഷലൈസേഷനോടുകൂടിയ എംഎസ്സി ബയോടെക്നോളജി കോഴ്സാണ് ആർജിസിബിയിലേത്. നാലു സെമസ്റ്ററുകളുള്ള രണ്ടു വർഷത്തെ കോഴ്സിൽ ഓരോ സ്പെഷലൈസേഷനിലും 10 വിദ്യാർഥികൾക്കു വീതം ആകെ 20 സീറ്റുകളുണ്ട്.
ഗാറ്റ്ബി സ്കോറിന് പുറമെ യുജിസി മാർഗനിർദേശങ്ങൾ അനുസരിച്ച് അപേക്ഷകർക്ക് സയൻസ്, എൻജിനിയറിംഗ്, മെഡിസിൻ എന്നിവയുടെ ഏതെങ്കിലും ശാഖയിലെ ബിരുദത്തിൽ മൊത്തം 60 ശതമാനം മാർക്ക് (അല്ലെങ്കിൽ തത്തുല്യ ഗ്രേഡ് പോയിന്റ്) ഉണ്ടായിരിക്കണം.
എസ്സി, എസ്ടി, ഒബിസി (നോണ്‍ ക്രീമിലെയർ) വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും ഭിന്നശേഷിക്കാർക്കും (പിഡബ്ല്യുഡി) 55 ശതമാനം മാർക്ക് മതിയാകും. കോഴ്സിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ആദ്യവർഷം 6,000 രൂപയും രണ്ടാം വർഷം 8,000 രൂപയും പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും.
യോഗ്യതാ ബിരുദ കോഴ്സിന്റെ അവസാന വർഷ വിദ്യാർഥികൾക്ക് അവരുടെ ബിരുദ പ്രോഗ്രാമിൽ ആവശ്യമായ മാർക്ക് നേടിയതിന്റെ തെളിവ് പ്രവേശന സമയത്തും ഹാജരാക്കാം. ഓരോ വിഭാഗത്തിനും ആർജിസിബി നിശ്ചയിച്ച ഗാറ്റ്ബി കട്ട്ഓഫ് റാങ്ക്/സ്കോർ അടിസ്ഥാനമാക്കിയാണ് അന്തിമ തെരഞ്ഞെടുപ്പ്.
കൗണ്‍സലിംഗ് ഈ മാസം 30ന് ആരംഭിക്കും. ഓഗസ്റ്റ് ഒന്നിനു ക്ലാസുകൾ തുടങ്ങും. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 25. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://rgcb.res.in/msc.