സിഡിഎംആർപിയിൽ ഒരുക്കം വേനൽക്കാല ക്യാമ്പ്
കാലിക്കട്ട് സർവകലാശാല സൈക്കോളജി പഠനവകുപ്പും കേരള സർക്കാർ സാമൂഹികനീതി വകുപ്പും സംയുക്തമായി മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സംഘടിപ്പിക്കുന്ന ചികിത്സാ പുനരധിവാസ പദ്ധതിയായ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ പ്രോഗ്രാമിന്റെ ( സിഡിഎംആർപി) ഭാഗമായി ബുദ്ധിവികാസ വെല്ലുവിളികൾ നേരിടുന്ന ആറ് മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് "ഒരുക്കം' എന്ന പേരിൽ വേനൽക്കാല ക്യാമ്പ് ആരംഭിച്ചു. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിഡിഎംആർപി ഡയറക്ടർ ഡോ. ബേബി ഷാരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഭിന്നശേഷിക്കാരായ കുട്ടികൾ അവരുടെ രക്ഷിതാക്കൾ സിഡിഎംആർപിയിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളെ പഠനമേഖലകളിലേക്ക് തയാറാക്കുന്നതിനായി പ്രത്യേകം ആക്ടിവിറ്റികളിലൂടെയാണ് ക്യാമ്പ് രൂപകൽപ്പന ചെയ്തത്. സർവകലാശാലാ സൈക്കോളജി പഠനവകുപ്പിൽ 19ന് ആരംഭിച്ച ക്യാമ്പ് 24ന് സമാപിക്കും.