കോട്ടയം: തൊഴിലധിഷ്ഠിത, ന്യൂജനറേഷൻ അപ്ലൈഡ് ഹ്രസ്വകാല പാർട്ട്ടൈം സർട്ടിഫിക്കറ്റ്, പിജി സർട്ടിഫിക്കറ്റ്, ഡിപ്ലോമ, പിജി ഡിപ്ലോമ പ്രോഗ്രാമുകൾ നടത്തുന്നതിനായി എംജി സർവകലാശാല പുതുതായി ആരംഭിക്കുന്ന ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാമിന്റെ(ഡിഎഎസ്പി) ഉദ്ഘാടനം നാളെ നടക്കും.
ഉച്ചകഴിഞ്ഞ് 1.45ന് ഡിഎഎസ്പി അങ്കണത്തിൽ മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം നിർവഹിക്കും. വൈസ് ചാൻസലർ പ്രഫ. സാബു തോമസ് അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ കെ. സുരേഷ് കുറുപ്പ്, രാജു ഏബ്രഹാം, പ്രഫ. രാജൻ ഗുരുക്കൾ, പ്രോവൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ, സിൻഡിക്കേറ്റംഗം ഡോ. ആർ. പ്രഗാഷ്, രജിസ്ട്രാർ പ്രഫ. കെ. സാബുക്കുട്ടൻ, ഡോ. കെ. ഷെറഫുദ്ദീൻ, ഡിഎഎസ്പി. ഡയറക്ടർ ഡോ. റോബിനറ്റ് ജേക്കബ് എന്നിവർ പ്രസംഗിക്കും.
ആറു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകളും ഒരു വർഷത്തെ ഡിപ്ലോമ കോഴ്സുകളുമാണ് ആരംഭിക്കുന്നത്. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലുമാണു ക്ലാസുകൾ.