കാലിക്കട്ടിൽ ഫീസടക്കാൻ ഇനി എസ്ബിഐ ഇ-പേ യും
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയിലേക്ക് വിവിധ ആവശ്യങ്ങൾക്കായി ഫീസടക്കാൻ ഇനി മുതൽ എസ്ബിഐ ഇപേ വഴി സാധിക്കും.
ഏത് ബാങ്കിൽ അക്കൗണ്ടുള്ളവർക്കും ഇങ്ങനെ ഫീസടക്കാൻ കഴിയും. ഇപേ പദ്ധതി വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.
ഡെബിറ്റ്/ക്രഡിറ്റ് കാർഡുകൾ സ്വൈപ്പ് ചെയ്യാതെ തന്നെ പണമിടപാടുകൾ നടത്താൻ കഴിയുന്ന യോനോ കാഷ് കൗണ്ടറും കാലിക്കട്ടിൽ പരീക്ഷാഭവനടുത്ത് തുറന്നു. കാലിക്കട്ട് സർവകലാശാലാ എസ്ബിഐ ബ്രാഞ്ചിൽ ഇപെയ്മെന്റിനും മറ്റ് സേവനങ്ങൾക്കും വേണ്ടി രണ്ട് കിയോസ്ക്കുകളും ആരംഭിച്ചിട്ടുണ്ട്.
വാഴ്സിറ്റിയിൽ ദേശീയ ലൈബ്രറി വാരാഘോഷം തുടങ്ങി
തേഞ്ഞിപ്പലം: ദേശീയ ലൈബ്രറി വാരാഘോഷത്തിന്റെ ഭാഗമായി 14 മുതൽ 21 വരെ കാലിക്കട്ട് സർവകലാശാലാ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ലൈബ്രറി വാരാഘോഷം പ്രോവൈസ് ചാൻസലർ ഡോ. പി. മോഹൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കേന്ദ്ര സർവകലാശാലയുടെ എക്സിക്യുട്ടീവ് കൗണ്സിലിലേക്ക് പ്രസിഡന്റിന്റെ നോമിനേഷൻ ലഭിച്ച മുൻ ലൈബ്രറി വകുപ്പ് മേധാവി പ്രൊഫ.എം.പരമേശ്വരനെ ആദരിച്ചു. പഠനവകുപ്പ് മേധാവി ഡോ. മുഹമ്മദ് ഹനീഫ, പ്രൊഫ. വാസുദേവൻ, പ്രശാന്ത്, ഷാജി വിനോദ്, ഹബീബ് കോയ തങ്ങൾ, കദീജ, രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രഭാഷണം സംഘടിപ്പിക്കുന്നു
തേഞ്ഞിപ്പലം: 2018ലെ പ്രളയം: മനുഷ്യ പരിശ്രമത്തിന്റെ വിജയം എന്ന വിഷയത്തിൽ ഇന്ന് രാവിലെ 10.30ന് കാലിക്കട്ട് സർവകലാശാലാ ഇ.എം.എസ് സെമിനാർ കോപ്ലക്സിൽ ഫ്രോണ്ടിയർ ലക്ചർ സംഘടിപ്പിക്കുന്നു.
കാലിക്കട്ട് സർവകലാശാലാ ജിയോളജി പഠനവകുപ്പാണ് പ്രഭാഷണം സംഘടിപ്പിക്കുന്നത്. കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റിയുടെ മെംബർ സെക്രട്ടറിയും ശാസ്ത്രജ്ഞനുമായ ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസാണ് പ്രഭാഷണം നിർവഹിക്കുന്നത്. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ, പ്രോവൈസ് ചാൻസലർ ഡോ. പി. മോഹൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.