കാലിക്കട്ടിൽ മൂന്നാം സെമസ്റ്റർ ബികോമിനു പുനഃപരീക്ഷയില്ല
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല നാലുമാസം മുന്‍പു നടത്തിയ ബികോം മൂന്നാം സെമസ്റ്റർ കോർപറേറ്റ് അക്കൗണ്ടിംഗ് പരീക്ഷയ്ക്ക് 52 മാർക്കിന്റെ ചോദ്യങ്ങൾ സിലബസിനു പുറത്തു നിന്നു വന്നതിനാൽ പുന:പരീക്ഷ നടത്താനുള്ള പരീക്ഷാഭവൻ തീരുമാനം പിൻവലിച്ചു. സിലബസിൽ നിന്നുള്ള ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തി പരീക്ഷാ ഫലം പ്രഖ്യാപിക്കാൻ സിൻഡിക്കറ്റിന്റെ പരീക്ഷാ സ്റ്റാൻഡിംഗ് കമ്മിറ്റി തീരുമാനിച്ചു. വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് തിങ്കളാഴ്ച പരീക്ഷാ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങൾ യോഗം ചേർന്നു പുനഃപരീക്ഷ തീരുമാനം പിൻവലിച്ചത്. ബികോം മൂന്നാം സെമസ്റ്റർ കോർപറേറ്റ് അക്കൗണ്ടിംഗ് പരീക്ഷ ഏപ്രിൽ 26ന് വീണ്ടും നടത്താനായിരുന്നു ആദ്യ തീരുമാനം. പിന്നീടത് മേയ് ഒന്‍പതിലേക്കു മാറ്റി. എന്നാൽ സിലബസിനു പുറത്തു നിന്ന് പകുതിയിലേറെ ചോദ്യങ്ങളും പരീക്ഷയ്ക്ക് വന്നതിൽ വിദ്യാർഥികൾ കുറ്റക്കാരല്ലെന്നും ചോദ്യപേപ്പർ തയാറാക്കിയവരാണ് ഉത്തരവാദികളെന്നും ചൂണ്ടിക്കാട്ടി എസ്എഫ്ഐ, എംഎസ്എഫ്, കെഎസ്യു സംഘടനകൾ ശക്തമായ സമരവുമായി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. പുനഃപരീക്ഷാ തീരുമാനം വിവാദമായതോടെ സർവകലാശാല പുനഃപരീക്ഷ ഒഴിവാക്കി നിലവിലെ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്താൻ തീരുമാനിക്കുകയായിരുന്നു. പരീക്ഷാ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ തീരുമാനത്തെ വിദ്യാർഥി സംഘടനകൾ സ്വാഗതം ചെയ്തു.
യുജി, പിജി അലോട്ട്മെന്റ്: നോഡല്‍ ഓഫീസര്‍മാരുടെ യോഗം
യുജി, പി.ജി അലോട്ട്മെന്റ് മുഖാന്തരമുള്ള പ്രവേശനത്തിന് വിവിധ കോളജുകളില്‍ നിയമിതരായ നോഡല്‍ ഓഫീസര്‍മാരുടെ യോഗം സര്‍വകലാശാലാ ഇ.എം.എസ് സെമിനാര്‍ ഹാളില്‍ 30, മേയ് നാല് തിയതികളില്‍ ചേരും. 30ന് കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലെയും, മേയ് നാലിന് മലപ്പുറം, തൃശൂര്‍ ജില്ലകളിലെയും നോഡല്‍ ഓഫീസര്‍മാര്‍ പങ്കെടുക്കണം.
സൗജന്യ പരിശീലനം
ലൈഫ്ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റന്‍ഷന്‍ വിഭാഗത്തിന്റെ ആഭിമുഖത്തില്‍ കറിപൗഡര്‍ , സോപ്പുല്പന്നങ്ങള് എന്നിവ നിര്‍മിക്കുന്നതിന് സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ജൂണിലാണ് പരിശീലനം. താല്‍പ്പര്യമുള്ളവര്‍ മേയ് 20നകം ലൈഫ്ലോംഗ് ലേണിംഗ് വിഭാഗവുമായി ബന്ധപ്പെടണം. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകന് വഹിക്കണം. ഫോണ്‍ : 0494 2407360.
ബിഎസ് സി ജിയോഗ്രഫി സ്പെഷല്‍ പുനര്‍മൂല്യനിര്‍ണയം
നാലാം സെമസ്റ്റര്‍ ബിഎസ്സി ജിയോഗ്രഫി (സിയുസിബിസിഎസ്എസ്) പേപ്പര്‍ ടെസ്റ്റിംഗ് ഓഫ് ഹൈപ്പോതെസിസ് റഗുലര്‍ /സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2018 പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നേടിയെന്ന പരാതിയിന്മേല് സ്പെഷല്‍ പുനര്‍മൂല്യനിര്‍ണയം നടത്താന്‍ ഉത്തരവായി. ഉത്തരവ് വെബ്സൈറ്റില്‍ . അപേക്ഷിക്കുന്നവര്‍ സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ മേയ് നാലിനകം ജെ.സി.ഇ4, ബിഎസ് സി വിഭാഗം, പരീക്ഷാഭവന്, കാലിക്കട്ട് യൂണിവേഴ്സിറ്റി എന്ന വിലാസത്തില്‍ ലഭിക്കണം.
എസ്ഡിഇ പഠനസാമഗ്രി വിതരണം മാറ്റി
വിദൂരവിദ്യാഭ്യാസം മേയ് ഒന്ന്, രണ്ട് തിയതികളില്‍ നടത്താനിരുന്ന പഠനസാമഗ്രികളുടെ വിതരണം മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. യുജി നാലാം സെമസ്റ്റര്‍ കോണ്ടാക്ട് ക്ലാസ് ഷെഡ്യൂള്‍ പ്രകാരം നടക്കും. ഫോണ്‍ : 0494 2407494, 2407356.
പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റര്‍ ബിഎഡ് സ്പെഷല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) 2015 സിലബസ്2015 മുതല്‍ പ്രവേശനം റഗുലര്‍ /സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് മേയ് പത്ത് വരെ അപേക്ഷിക്കാം.
പരീക്ഷ
രണ്ടാം വര്‍ഷ ബിഎസ് സി മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ലാബറട്ടറി ടെക്നോളജി പരീക്ഷ മേയ് ആറിന് ആരംഭിക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്ന്, മൂന്ന് സെമസ്റ്റര്‍ എല്‍ .എല്‍.ബി (ത്രിവത്സരം) ഏപ്രില്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍ . ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.