കോതമംഗലം ചെറിയപള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ തർക്കം നിലനിൽക്കുന്ന കോതമംഗലം ചെറിയപള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ഇതിനായി ജില്ലാ കളക്ടറെ കോടതി ചുമതലപ്പെടുത്തി. സുപ്രീംകോടതി വിധിയനുസരിച്ച് പള്ളിയിൽ പ്രവേശിക്കാൻ കഴിയുന്നില്ലെന്ന പരാതി ചൂണിക്കാട്ടി ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായത്.

ക്രമസമാധാന പ്രശ്നമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വേണം പള്ളി ഏറ്റെടുക്കാൻ. കളക്ടറുടെ നടപടി തടസപ്പെടുത്താൻ വരുന്നവരെ അറസ്റ്റ് ചെയ്തു നീക്കണം. പള്ളിക്കുള്ളിൽ തമ്പടിച്ചവരെ പൂർണമായും ഒഴിപ്പിച്ച ശേഷമാകണം പള്ളി ഏറ്റെടുക്കേണ്ടത്. ഇതിനായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെ അധികാരം കളക്ടർക്ക് ഉപയോഗിക്കാം. നിയമവാഴ്ച ഉറപ്പുവരുത്താൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

കളക്ടർ ഏറ്റെടുത്ത ശേഷമാകും പള്ളി ആരാധനയ്ക്ക് വിട്ടു നൽകുന്ന കാര്യം പരിഗണിക്കുക. മൃതസംസ്കാരങ്ങൾക്ക് പള്ളിയിൽ തടസമുണ്ടാകരുതെന്നും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.