ഐ ​ലീ​ഗ് ചാ​ന്പ്യ​ൻ​മാ​രാ​യി ഗോ​കു​ലം
കോ​ൽ​ക്ക​ത്ത: ഐ ​ലീ​ഗ് ഫു​ട്ബോ​ൾ കി​രീ​ടം കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ഗോ​കു​ലം കേ​ര​ള എ​ഫ്സി​ക്ക്. ഐ ​ലീ​ഗ് കി​രീ​ടം തു​ട​ർ​ച്ച​യാ​യ ര​ണ്ടാം സീ​സ​ണി​ലും സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ടീം ​എ​ന്ന റി​ക്കാ​ർ​ഡും ഗോ​കു​ലം കു​റി​ച്ചു.

2020-21 സീ​സ​ണ്‍ ചാ​ന്പ്യ​ന്മാ​രാ​യ ഗോ​കു​ലം 2021-22 സീ​സ​ണി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ​ൻ​സി​നെ ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യാ​ണ് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്.

മൂ​ന്ന് ത​വ​ണ ചാ​ന്പ്യ​ന്മാ​രാ​യ ഡെം​പോ ഗോ​വ​യാ​ണ് (2007-08, 2009-10, 2011-12) ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ ഐ ​ലീ​ഗി​ൽ മു​ത്ത​മി​ട്ട​ത്. മോ​ഹ​ൻ ബ​ഗാ​ൻ, ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സ്, ബം​ഗ​ളൂ​രു എ​ഫ്സി എ​ന്നീ ടീ​മു​ക​ൾ ര​ണ്ട് ത​വ​ണ വീ​തം ഐ ​ലീ​ഗ് ചാ​ന്പ്യ​ന്മാ​രാ​യി​ട്ടു​ണ്ട്.

ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം 49-ാം മി​നി​റ്റി​ൽ റി​ഷാ​ദി​ലൂ​ടെ ഗോ​കു​ലം കേ​ര​ള ലീ​ഡ് സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ, 57-ാം മി​നി​റ്റി​ൽ അ​സ്ഹ​റു​ദ്ദീ​ൻ മാ​ലി​ക്ക് മു​ഹ​മ്മ​ദ​ൻ​സി​നെ ഒ​പ്പ​മെ​ത്തി​ച്ചു. ലീ​ഡ് നേ​ടാ​നു​ള്ള ഗോ​കു​ല​ത്തി​ന്‍റെ തീ​വ്ര​ശ്ര​മം 61-ാം മി​നി​റ്റി​ൽ ഫ​ലം ക​ണ്ടു. ലൂ​ക്ക മ​ജ്സീ​ന്‍റെ അ​സി​സ്റ്റി​ൽ​നി​ന്ന് എ​മി​ൽ ബെ​ന്നി മു​ഹ​മ്മ​ദ​ൻ​സി​ന്‍റെ വ​ല കു​ലു​ക്കി. ഗോ​കു​ല​ത്തി​ന്‍റെ ആ​ദ്യ ഗോ​ളി​നു വ​ഴി തു​റ​ന്ന​തും മ​ജ്സീ​ൻ ആ​യി​രു​ന്നു. 61-ാം മി​നി​റ്റി​ൽ ല​ഭി​ച്ച ലീ​ഡ് ക​ള​യാ​തെ ഗോ​കു​ലം മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ചു.