തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസില്‍ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. അമ്പൂരി തട്ടാംമുക്ക് സ്വദേശി അഖില്‍, അഖിലിന്റെ സഹോദരന് രാഹുല്‍, ഇവരുടെ സുഹൃത്ത് ആദര്‍ശ് എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
നാല് ലക്ഷം രൂപ പ്രതികള്‍ പിഴയായി അടയ്ക്കണമെന്നും കോടതി വിധിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്.
2019 ജൂണ്‍ 21-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. അമ്പൂരി തട്ടാംമുക്ക് അശ്വതി ഭവനില്‍ സൈനികനായ അഖിലിന്റെ നിര്‍മാണത്തിലിരുന്ന വീടിന് സമീപത്ത് രാഖിയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് വീടിന്റെ പുറകില്‍ മൃതശരീരം നഗ്നയാക്കി ഉപ്പുവിതറി മണ്ണിട്ട് മൂടി. പിന്നീട് കവുങ്ങ് തൈകള്‍ വച്ച് പിടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അഖില്‍ ജോലി സ്ഥലമായ ലഡാക്കിലേക്കും ആദര്‍ശും രാഹുലും ഗുരുവായൂരിലേക്കും പോകുകയായിരുന്നു.
രാഖിയെ കാണാനില്ലെന്ന് അച്ഛന് രാജന് പൂവാര്‍ പോലീസിന് നല്കിയ പരാതിയാണ് കൊലപാതകത്തിന്റെ ചുരുളഴിയിച്ചത്.
കൊല്ലപ്പെട്ട രാഖിയും ഒന്നാം പ്രതി അഖിലും പ്രണയത്തിലായിരുന്നു. ഇതിനിടെ അഖിലിന് വേറെ വിവാഹം ഉറപ്പിച്ചു. ഇതോടെ രാഖി പ്രശ്നമുണ്ടാക്കി.
തുടർന്ന് പെൺകുട്ടിയെ ഒഴിവാക്കാൻ സഹോദരനെയും സുഹൃത്തിനെയും കൂട്ടി അഖിൽ നടത്തിയ ഗുഢാലോചനയാണ് കൊലപാതകത്തിൽ അവസാനിച്ചത്.