തിരുവനന്തപുരം: കൊല്ലത്തെ കുട്ടിയെ കണ്ടെത്തിയ കാര്യത്തിൽ മുഖ്യമന്ത്രി പോലീസിനെ അഭിനന്ദിച്ചത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പോലീസിന്റെ മൂക്കിൻ തുമ്പത്താണ് പ്രതികൾ കുട്ടിയെ ഇറക്കിവിട്ടത്. പോലീസിന് പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
അതേസമയം ഓയൂരിൽ ആറു വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘം മറ്റൊരു കുട്ടിയെയും കടത്താൻ ലക്ഷ്യമിട്ടിരുന്നതായി സൂചന ലഭിച്ചു. അബിഗേലിനെ തട്ടിക്കൊണ്ടുപോകുന്നതിന് ഒരു മണിക്കൂർ മുൻപ് പള്ളിക്കൽ മൂതല ഭാഗത്തെ സിസിടിവികളിൽ വെള്ള സ്വിഫ്റ്റ് കാറിന്റെ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു.
ഒറ്റയ്ക്ക് നിൽക്കുന്ന കുട്ടിയുടെ അടുത്തേക്ക് വരുന്ന വാഹനം വേഗം കുറയ്ക്കുന്നതും റോഡിൽ ആളുകളെ കണ്ട് മുന്നോട്ട് ഓടിച്ചു പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വീണ്ടും തിരിച്ചു വന്ന കാർ കുറച്ചു സമയം നിർത്തിയിട്ടിരിക്കുന്നതും സിസിടിവിയിൽ കാണാം. തിങ്കൾ 3.22 എന്നാണ് ദൃശ്യങ്ങളിലുള്ളത്.
അതേസമയം, അബിഗേൽ സാറയെ തട്ടിക്കൊണ്ടു പോകാൻ പ്രതികൾ ഉപയോഗിച്ച കാറിന്റെ നമ്പർ വ്യാജമാണെന്ന് മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിച്ചു.