ന്യൂയോർക്ക്: യുദ്ധം ശക്തമായി തുടരുന്ന ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിനായി യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസിന്റെ അത്യപൂർവ നീക്കം. വെടിനിർത്തലിനായി അന്താരാഷ്ട്ര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് യുഎൻ ചാർട്ടറിന്റെ 99ാം അനുച്ഛേദമാണ് ഗുട്ടെറസ് പ്രയോഗിച്ചത്.
യുദ്ധം പോലുള്ള അടിയന്തര സാഹചര്യങ്ങളുണ്ടാകുന്പോൾ സമാധാനം പുനസ്ഥാപിക്കാൻ രക്ഷാസമിതി ഇടപെടണമെന്ന് ചൂണ്ടിക്കാണിക്കുന്നതിമനായി യുഎൻ സെക്രട്ടറി ജനറലിന് അധികാരം നൽകുന്ന അനുച്ഛേദമാണിത്.
15 അംഗങ്ങളുള്ളതാണ് രക്ഷാസമിതി. വിഷയത്തിൽ ഉടൻ തന്നെ ഇടപെടൽ വേണമെന്ന് വ്യക്തമാക്കുന്ന കത്ത് സമിതി അധ്യക്ഷനും ഇക്വഡോർ സ്ഥാനപതിയുമായ ജോസ് ജാവിയർ ഡെല ഗാസ്ക ലോപസിന് ഗുട്ടെറസ് കൈമാറി.
യുഎന്‍ ഭരണഘടനയുടെ തത്വങ്ങളിൽ നിന്നുകൊണ്ട് ഗുട്ടെറസ് നടത്തിയ നീക്കം സെക്രട്ടറി ജനറലിനെ സംബന്ധിച്ച് ഏറ്റവും ശക്തമായതാണെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാനി ദുജാറിക് പറഞ്ഞതായും റിപ്പോർട്ടുകൾ വന്നിരുന്നു. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഉൾപ്പടെയുള്ളവർ ഗുട്ടെറസിന്റെ നീക്കത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.