ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര എംപിയെ ലോക്സഭയില്‍നിന്ന് പുറത്താക്കി.
അയോഗ്യയാക്കണമെന്ന എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലോക്സഭ അംഗീകരിക്കുകയായിരുന്നു. മഹുവയെ പുറത്താക്കാനുള്ള വോട്ടെടുപ്പില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു. മഹുവയെ സംസാരിക്കാന്‍ അനുവദിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളിയിരുന്നു.
ഗുരുതരമായ തെറ്റാണ് മഹുവയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നായിരുന്നു എത്തിക് കമ്മിറ്റി റിപ്പോര്‍ട്ട്. ഹിരാ നന്ദാനി ഗ്രൂപ്പില്‍നിന്ന് പണവും പാരിതോഷികവും വാങ്ങിക്കൊണ്ട് അവര്‍ക്കുവേണ്ടി പാര്‍ലമെന്റിൽ ചോദ്യങ്ങള്‍ ഉന്നയിച്ചെന്നായിരുന്നു കണ്ടെത്തൽ.
മഹുവയെ സഭയില്‍നിന്ന് പുറത്താക്കണമെന്നും കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്നും കമ്മിറ്റി നിര്‍ദേശിച്ചിരുന്നു.
പാര്‍ലമെന്റ് അംഗം എന്ന നിലയിലുള്ള ലോഗിന്‍ ഐഡിയും പാസ്വേര്ഡും ദുരുപയോഗം ചെയ്തു.ഒരേ സമയം ഇന്ത്യ, യുകെ, യുഎസ്എ, നേപ്പാള്‍ രാജ്യങ്ങളില്‍നിന്ന് ഈ ലോഗിന്‍ ഐഡി ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പഠിക്കാന്‍ വേണ്ടത്ര സമയം കിട്ടിയില്ലെന്ന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്കിടെ സഭയിൽ പറഞ്ഞു. 400 പേജുകളുള്ള റിപ്പോര്‍ട്ടാണ് എത്തിക്സ് കമ്മിറ്റി സമര്‍പ്പിച്ചത്. അതുകൊണ്ട് മൂന്ന് ദിവസത്തിന് ശേഷം റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ശിക്ഷ നിര്‍ദേശിക്കാന്‍ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി സഭയിൽ ചൂണ്ടിക്കാട്ടി. എംപിമാര്‍ തെറ്റ് ചെയ്തോ എന്ന് നിശ്ചയിക്കാന്‍ മാത്രമേ കമ്മിറ്റിക്ക് അധികാരമുള്ളൂവെന്നും എംപി വ്യക്തമാക്കി.
ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തും പത്ത് അംഗങ്ങളെ ചോദ്യത്തിന് കോഴ ആരോപണത്തില്‍ അയോഗ്യരാക്കിയിട്ടുണ്ടെന്ന് ബിജെപി എംപി ഹിന ഗവിത്ത് ചൂണ്ടിക്കാട്ടിയിരുന്നു.