കൊച്ചി: കിറ്റെക്സ് ആന്ധ്രാപ്രദേശിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി പി. രാജീവ് നടത്തിയ പ്രതികരണത്തിൽ മറുപടിയുമായി കിറ്റെക്സ് എംഡി സാബു ജേക്കബ്.
കേരളം ആരുടെയും സ്വത്തല്ലെന്നും കിറ്റെക്സിന് കേരളത്തിൽ തുടരാൻ ആരുടെയും ഔദാര്യം ആവശ്യമില്ലെന്നും സാബു ജേക്കബ് പറഞ്ഞു. സർക്കാരോ പി. രാജീവോ ഇടതുപക്ഷമോ ഒരു ആനൂകൂല്യവും നൽകിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വന്തം കഴിവില്ലായ്മയും പോരായ്മയും മറച്ചുവയ്ക്കാൻ മറ്റുള്ളവരെ കുറ്റം പറയുകയാണ്. ഞാനും പിതാവും അധ്വാനിച്ച് ഉണ്ടാക്കിയതാണ് കിറ്റക്സ്. എവിടെ വ്യവസായം നടത്തണം എങ്ങനെ തുടങ്ങണം എന്ന് തീരുമാനിക്കുന്നത് താനാണ്.
ആന്ധ്ര വെറും മോശമാണെന്നൊക്കെയുള്ള വ്യവസായ മന്ത്രിയുടെ പ്രതികരണം സ്ഥിരമുള്ളതാണെന്നും സാബു ജേക്കബ് ആരോപിച്ചു. കിറ്റക്സ് കേരളം വിട്ട് പോകാനുള്ള കാരണം എല്ലാർക്കും അറിയാം. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറ്റ അന്ന് മുതൽ ഉദ്യോഗസ്ഥരും സർക്കാരും ചേർന്ന് ഒരുമിച്ച് ആക്രമിച്ചു.
10000തിൽ ഏറെ പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഒരു മാസം തുടർച്ചയായ റെയ്ഡുകൾ നടത്തി. ഒരു നിയമലംഘനം പോലും കണ്ടെത്താനായില്ല. അന്ന് സഹികെട്ടാണ് 3500 കോടിയുടെ നിക്ഷേപം മറ്റു സംസ്ഥാനത്തേക്ക് മാറ്റിയത്.
കിറ്റെക്സ് കേരളം വിടുന്നുവെന്ന് പ്രഖ്യാപിച്ച അന്ന് കിറ്റെക്സിന്റെ ഓഹരി മൂല്യം വർധിച്ചു. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത് പിടിച്ചു നിന്നത് പിതാവ് എം.സി. ജേക്കബിന്റെ ചില ലക്ഷ്യങ്ങൾ കൂടി മുൻ നിർത്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.