ഇസ്ലാമാബാദ്: ചൈനയുടെ ജെ-35 അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വാങ്ങനൊരുങ്ങി പാക്കിസ്ഥാൻ. ഇതോടെ, സ്റ്റെൽത്ത് സാങ്കേതികവിദ്യ പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാനും ഉൾപ്പെടും.
2024 നവംബറിലാണ് ചൈന തങ്ങളുടെ രണ്ടാമത്തെ അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ്-ജെ-35 പുറത്തിറക്കിയത്. വിവിധോദേശ്യങ്ങൾക്കായി വികസിപ്പിച്ച ഇരട്ട എഞ്ചിൻ, സിംഗിൾ സീറ്റർ സൂപ്പർസോണിക് ജെറ്റ് ആണ് ജെ-35.
ഇലക്ട്രോ-ഒപ്റ്റിക്കൽ ടാർഗെറ്റിംഗ് സിസ്റ്റം, ശത്രുവിമാനങ്ങളെ വേട്ടയാടുന്നതിനുള്ള ഇൻഫ്രാറെഡ് സെർച്ച്-ആൻഡ്-ട്രാക്ക് എന്നിവയുൾപ്പെടെ നൂതന ഏവിയോണിക്സ് സാങ്കേതിക വിദ്യകൾ ഉൾപ്പെടുന്നതാണ് ജെ-35.
ലോകത്തിലെ ഏറ്റവും വിലയേറിയ യുദ്ധവിമാനമായ അമേരിക്കയുടെ എഫ്-35 ന് സമാനമായാണ് ജെ-35 യുദ്ധവിമാനത്തെ കാണുന്നത്. നിലവിൽ 20 ചൈനീസ് ജെ-10സി, ജെഎഫ്-17 യുദ്ധവിമാനങ്ങളുള്ള പാക്കിസ്ഥാൻ 40 ജെ-35 വിമാനങ്ങൾ വാങ്ങുമെന്നും ഈ വർഷം അവസാനത്തോടെ ആദ്യ യൂണിറ്റുകൾ പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.