റായ്പുർ: ചത്തീസ്ഗഡിൽ സ്വകാര്യ മെഡിക്കൽ കോളജിന് അംഗീകാരം നൽകുന്നതിന് കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് മൂന്ന് ഡോക്ടർമാരെ സിബിഐ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് കർണാടക, രാജസ്ഥാൻ, ചത്തീസ്ഗഡ്, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലായി 40 ലധികം സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തി.
ഡോക്ടർമാർ 55 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. "ചത്തീസ്ഗഡിലെ നവ റായ്പൂരിലുള്ള ശ്രീ റാവത്ത്പുര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിന്റെ ഭാരവാഹികൾക്കെതിരെയും, മെഡിക്കൽ കോളജിന്റെ അംഗീകാരത്തിനായി നടത്തിയ പരിശോധനയിൽ കൃത്രിമം കാണിച്ചതിന് ഡോക്ടർമാർക്കെതിരെയും മറ്റ് ഇടനിലക്കാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു'- സിബിഐ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
55 ലക്ഷം രൂപ കൈക്കൂലിയായി നൽകുന്നതിനിടെ ആറ് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ഡോക്ടർമാർ ആവശ്യപ്പെട്ടതനുസരിച്ച്, കൈക്കൂലി തുക ബംഗളൂരുവിലാണ് എത്തിച്ചതെന്നും സിബിഐ കണ്ടെത്തി. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.