കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനത്തിലുണ്ടായത് ഗുരുതരമായ വീഴ്ച. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) ആണ് മരിച്ചത്.
തകർന്ന കെട്ടിടത്തിൽ രണ്ടര മണിക്കൂറോളമാണ് ബിന്ദു കുടുങ്ങികിടന്നത്. തകർന്നുവീണ കെട്ടിടം ഉപയോഗശൂന്യമായിരുന്നെന്നും അടച്ചിട്ടിരിക്കുകയായിരുന്നെന്നുമാണ് അപകടത്തിന് തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ ആരോഗ്യമന്ത്രി വീണ ജോർജും മന്ത്രി വി.എൻ.വാസനും പ്രതികരിച്ചത്. ഇതാണ് രക്ഷാപ്രവർത്തനം വൈകാൻ ഇടയാക്കിയതെന്ന് വ്യാപക വിമർശനമുയരുന്നുണ്ട്.
മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്. ഇന്നു രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ 14-ാം വാര്‍ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്.
അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ കൂട്ടിരിപ്പുകാരിയായി നിൽക്കുകയായിരുന്നു അലീന. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
അതേസമയം, രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരൻ അമൽ പ്രദീപിനു ട്രോളി വന്നിടിച്ച് നിസാര പരിക്കേറ്റു.