കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ്പ ഭീതി. കോഴിക്കോട് മസ്തിഷ്കമരണം സംഭവിച്ച് മരിച്ച പെണ്‍കുട്ടിക്ക് നിപ്പ ബാധയെന്ന് സംശയം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മലപ്പുറം മങ്കട സ്വദേശിനിക്ക് പ്രാഥമിക പരിശോധനയിൽ നിപ്പ സ്ഥിരീകരിച്ചു.
സ്ഥിരീകരണത്തിനായി സാമ്പിൾ പൂന വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഈ മാസം ഒന്നിനാണ് 18 വയസുകാരി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽവച്ച് മരിച്ചത്. രോഗലക്ഷങ്ങളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ മാസം 28ന് ആണ് ചികിത്സയ്ക്കെത്തിയത്. കോഴിക്കോട്ട് എത്തുമ്പോഴേക്കും മസ്തിഷ്കമരണം സംഭവിച്ച നിലയിലായിരുന്നു.
നിപ്പ സ്ഥിരീകരിച്ചതോടെ, പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറും ജീവനക്കാരും ക്വാറന്റൈനിലാണ്. കുട്ടിയുടെ ബന്ധുക്കളോടും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിനിക്കും കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ നിപ്പ കണ്ടെത്തിയിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കോഴിക്കോട് ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ്പ പോസിറ്റീവായിരുന്നു. പൂന വൈറോളജി ലാബിലേക്ക് അയച്ച സാംപിള്‍ ഫലം ഇന്ന് വരും.