തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്ത എഫ് 35 ബി ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ഇംഗ്ലണ്ടിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്നെത്തും. 25 പേരടങ്ങുന്ന സംഘമാണ് എത്തുന്നത്.
സമുദ്ര തീരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുന്ന പ്രിൻസ് ഓഫ് വെയിൽസ് എന്ന വിമാന വാഹിനി കപ്പലിൽ നിന്നും പരിശീലനത്തിനായി പറന്നുയർന്നതായിരുന്നു എഫ് 35 ബി. പിന്നീട് സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.
വിമാനത്തിന്റെ കേടുപാടുകൾ തീർത്ത് തിരിച്ച് പറത്തികൊണ്ട് പോകാൻ സാധിച്ചില്ലെങ്കിൽ ചിറകുകൾ ഇളക്കിമാറ്റി ചരക്കുവിമാനത്തിൽ കൊണ്ടുപോകാനുള്ള തയാറെടുപ്പുമായിട്ടാണ് വിദഗ്ധ എത്തുന്നത്. ബ്രിട്ടീഷ് എയർഫോഴ്സിലെ എൻജിനിയർമാര്ക്കൊപ്പം വിമാനം നിർമ്മിച്ച ലോക്ക്ഹീഡ് മാർട്ടിൻ കമ്പനിയുടെ വിദഗ്ധരും സംഘത്തിലുണ്ട്.
നിലവിൽ വിമാനത്താവളത്തിനുള്ളിലെ എയർഇന്ത്യയുടെ മെയ്ന്റേയിൻസ് ഹാൻഡിലിലാണ് വിമാനമുള്ളത്. കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ലാൻഡ് ചെയ്തത്.