പത്തനംതിട്ട: കോന്നി പയ്യനാമണ്ണിൽ പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഹിറ്റാച്ചിക്കുള്ളിലകപ്പെട്ട ബീഹാർ സ്വദേശി അജയ് റായിയുടെ മൃതദേഹം കണ്ടെത്തി. പാറകൾക്കിടയിൽ ഹിറ്റാച്ചിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
നിലവിൽ മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയാണ്. നേരത്തെ നിർത്തിവച്ച രക്ഷാദൗത്യം എട്ട് മണിക്കൂറിന് ശേഷമാണ് പുനരാരംഭിച്ചത്. പ്രദേശത്ത് മഴയുണ്ടായിരുന്നതും പാറകൾ വീണ്ടും ഇടിയുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. നിലവിൽ ലോംഗ് ബൂം എസ്കവേറ്റർ എത്തിച്ചാണ് രക്ഷാദൗത്യം.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പാറമടയിൽ ഹിറ്റാച്ചി ഉപയോഗിച്ചുള്ള ജോലി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഹിറ്റാച്ചിയുടെ ഓപ്പറേറ്ററും സഹായിയുമായ ഇതര സംസ്ഥാന സ്വദേശികളാണ് അപകടത്തിൽപെട്ടത്. മലമുകളിൽനിന്നു വീണത് വലിയ പാറക്കെട്ടുകളായത് ദുരന്തത്തിന്റെ രൂക്ഷത വർധിപ്പിച്ചു.
ഇതിൽ ഒരാളുടെ മൃതദേഹം തിങ്കളാഴ്ച തന്നെ കണ്ടെടുത്തിരുന്നു. ഒഡീഷ സ്വദേശി മഹാദേവി(51) ന്റെ മൃതദേഹമാണ് തിങ്കളാഴ്ച കണ്ടെത്തിയത്.