തിരുവനന്തപുരം: ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും എന്‍. പ്രശാന്ത് ഐഎഎസ്. വിവരാവകാശ രേഖപ്രകാരം നല്കിയ അപേക്ഷകള്‍ സംബന്ധിച്ച് നിയമ വിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ ചീഫ് സെക്രട്ടറി നല്‍കിയെന്നാണ് എന്‍. പ്രശാന്തിന്റെ ആരോപണം.
ഡോ. ജയതിലകിനെ കാണിച്ച് അനുമതി വാങ്ങിയ ശേഷമേ എന്തുത്തരവും നൽകാവൂ എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. മറുപടികള്‍ പരമാവധി താമസിപ്പിക്കാനും മുട്ടാപ്പോക്ക് പറഞ്ഞ് വിവരങ്ങള്‍ നിഷേധിക്കാനും ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയെന്നും പ്രശാന്ത് ആരോപിക്കുന്നു.
നിയമം വിട്ട് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ പ്രവര്‍ത്തിച്ചാല്‍ അത് ക്രിമിനല്‍ ഗൂഢാലോചനയാവുമെന്നും പ്രശാന്ത് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
വിവരങ്ങള്‍ മറച്ചുവയ്ക്കുകയോ, ഓവര്‍ സ്മാര്‍ട്ടായി ജയതിലക് പറയും പ്രകാരം പ്രവര്‍ത്തിക്കുകയോ ചെയ്ത് ഈ കുറ്റകൃത്യത്തിന്റെ ഭാഗമാവാതിരിക്കുക. ചോദ്യങ്ങള്‍ക്ക് നിയമാനുസരണം മറുപടി പറഞ്ഞ് മുന്നോട്ട് പോകാം. സമയലാഭമുണ്ട്. നമുക്ക് നാളെയും കാണണ്ടേ?. ഡോ. ജയതിലക് ചുടു ചോറ് വാരാന്‍ പറയും, വാരാതിരിക്കുന്നതാണ് ബുദ്ധിയെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.