സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞില്ല, സർവകലാശാല ആസ്ഥാനത്തെത്തി രജിസ്ട്രാർ, കനത്ത പോലീസ് സുരക്ഷ
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വിസിയും സിന്‍ഡിക്കേറ്റും തമ്മിലുള്ള പോര് കനക്കുന്നതിനിടെ രജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി. അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്ത് പ്രവേശിക്കുന്നതു തടയണമെന്നും അനധികൃതമായി ആരും രജിസ്ട്രാറുടെ മുറിയില്‍ കടക്കുന്നത് അനുവദിക്കരുതെന്നും വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ വിസിയുടെ നിര്‍ദേശം അനുസരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയാറായില്ല. ഇതിനു പിന്നാലെ, രജിസ്ട്രാര്‍ സര്‍വകലാശാലയിലെ തന്റെ മുറിയില്‍ പ്രവേശിച്ചു. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
സിന്‍ഡിക്കേറ്റ് തിരിച്ചെടുത്ത രജിസ്ട്രാര്‍ ഡോ. അനില്‍കുമാറിന്റെ അവധി അപേക്ഷ ബുധനാഴ്ച വിസി തള്ളിയിരുന്നു. സസ്പെന്‍ഷനിലുള്ള ആളിന്റെ അവധി അപേക്ഷ പരിഗണിക്കില്ലെന്നു വിസി നിലപാട് സ്വീകരിച്ചിരുന്നു. സര്‍വകലാശാലയില്‍ പ്രവേശിക്കരുതെന്ന് അനില്‍കുമാറിനോടു നിര്‍ദേശിച്ച വിസി മിനി കാപ്പനെ പുതിയ രജിസ്ട്രാറായി നിയമിച്ച് ഉത്തരവിറക്കുകയും ചെയ്തു.
അതേസമയം, വിസിയെ തടയാന്‍ ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളും ഡിവൈഎഫ്ഐയും സര്വകലാശാലയ്ക്കുപുറത്ത് രാവിലെ തമ്പടിച്ചിരുന്നെങ്കിലും വിസി എത്തിയപ്പോൾ ആരും തടഞ്ഞില്ല.
സംഘർഷ സാധ്യത കണക്കിലെടുത്ത് വലിയ പോലീസ് സന്നാഹമാണ് സർവകലാശാല ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ഇന്നും വിസിക്കെതിരെ സര്‍വകലാശാലയിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തുന്നുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം സര്‍വകലാശാലാ ആസ്ഥാനത്ത് എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. നാശനഷ്ടം വരുത്തിയതിന്റെ പേരില്‍ എസ്എഫ്ഐ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടയയ്ക്കാത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്ഭവന് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുകയാണ്.