കീ​മീ​ല്‍ സ​ര്‍​ക്കാ​രി​ന് തെ​റ്റ് പ​റ്റി​യി​ട്ടി​ല്ല; ന​ട​ക്കു​ന്ന​ത് തെ​റ്റാ​യ പ്ര​ചാ​ര​ണ​മെ​ന്ന് മ​ന്ത്രി ബി​ന്ദു
Saturday, July 12, 2025 10:14 AM IST
തി​രു​വ​ന​ന്ത​പു​രം: കീ​മീ​ല്‍ സ​ര്‍​ക്കാ​രി​ന് തെ​റ്റൊ​ന്നും പ​റ്റി​യി​ട്ടി​ല്ലെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ര്‍.​ബി​ന്ദു. തെ​റ്റാ​യ രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണ​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം പ​രീ​ക്ഷ എ​ഴു​തി​യ ഭൂ​രി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ളും അ​നീ​തി നേ​രി​ട്ട​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. അ​തു​കൊ​ണ്ട് എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും നീ​തി​യും തു​ല്യ​ത​യും ഉ​റ​പ്പു​വ​രു​ത്താ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ലു​ള്ള ഒ​രു ഫോ​ര്‍​മു​ല​യാ​ണ് സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ച​ത്.

എ​ന്നാ​ല്‍ കോ​ട​തി അ​ത് റ​ദ്ദാ​ക്കി. സം​സ്ഥാ​ന ബോ​ര്‍​ഡി​ന്‍റെ കീ​ഴി​ല്‍ പ​ഠി​ച്ച കു​ട്ടി​ക​ള്‍​ക്ക് പ്ര​യാ​സ​മു​ണ്ടാ​യ​തി​ന് കാ​ര​ണം സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​മാ​ണെ​ന്ന രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ എ​ടു​ത്ത തീ​രു​മാ​നം കോ​ട​തി ഉ​ത്ത​ര​വ് കാ​ര​ണം ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം കീം ​ഫ​ല​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അടുത്തവർഷം എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ ഒരു കോടതിക്കും തള്ളാൻ കഴിയാത്ത തരത്തിൽ ഫോർമുല നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.