ന്യൂഡൽഹി: കേരള എൻജിനിയറിംഗ് പ്രവേശനം (കീം) പ്രവേശനം തടയാതെ സുപ്രീം കോടതി. പരീക്ഷയിലെ മാർക്ക് സമീകരണം സംബന്ധിച്ച കേസിൽ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. നടപടികളിൽ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി.
ഈ വർഷത്തെ പ്രവേശന പട്ടികയിൽ മാറ്റമില്ല. എന്നാൽ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിൽ നാലാഴ്ചയ്ക്ക് ശേഷം വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സ്റ്റേറ്റ് സിലബസ് വിദ്യാർഥികള്‍ നൽകിയ ഹർജിയിലാണ് ഉത്തരവ്.
റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യുന്നില്ലെന്ന് സർക്കാരും കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 14-നുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ അപ്പീല്‍ നല്കിയാല് പ്രവേശന നടപടികള്‍ വൈകിയേക്കും. അതുകൊണ്ടാണ് അപ്പീലിന് പോകാത്തതെന്ന് മുതിര്‍ന്ന അഭിഭാഷകന് ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു.
എന്നാല്‍ കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികളുടെ ആവശ്യത്തോട് തങ്ങള്‍ പൂര്‍ണമായും യോജിക്കുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കല്‍ അത്യാവശ്യമാണെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേരള സിലബസിലെ വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേരളത്തിന് നോട്ടീസ് അയച്ചു.