തിരുവനന്തപുരം: ദേശീയ പണിമുടക്കിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് 4.7 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസിക്ക് വന്ന നഷ്ടം നികത്താന്‍ മാര്‍ഗങ്ങളൊന്നുമില്ലെന്നും പോയത് പോയിയെന്നും അദ്ദേഹം പറഞ്ഞു.
അന്നത്തെ ദിവസം അവധിയെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ട, ഡീസൽ ചിലവില്ല എന്ന ആശ്വാസം മാത്രമെന്നും മന്ത്രി പറഞ്ഞു. ആളുകളെ വഴിയിൽ തടഞ്ഞുള്ള സമരത്തോട് തനിക്ക് യോജിപ്പില്ലെന്നും തന്റെ പാർട്ടിയുടെ കാഴ്ചപ്പാട് അതാണ്. തൊഴിലാളികൾ സമരം നടത്തിയത് ന്യായമാണ്. പക്ഷേ യാത്ര തടഞ്ഞുള്ള സമരത്തോട് യോജിപ്പില്ലെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേർത്തു.
പണിമുടക്ക് ദിവസം കെഎസ്ആര്‍ടിസി ബസ് ഓടിക്കുമെന്ന് മന്ത്രി പറഞ്ഞത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഈ മാസം 22 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തിൽ നിന്ന് ബസ് ഓപ്പറേറ്റഴ്സ് ഫോറം പിന്മാറിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മറ്റുള്ളവർ സമരവുമായി മുന്നോട്ട് പോവുകയാണ്. 99 ശതമാനം ആവശ്യങ്ങളിലും ധാരണയായെന്നും സമരം തുടരാൻ തീരുമാനിച്ചവരുമായി വീണ്ടും ചർച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.