തിരുവനന്തപുരം: ഓണം കളർഫുള്ളാക്കാൻ വിപുലമായ പരിപാടികൾ പ്രഖ്യാപിച്ച് സപ്ലൈകോ. എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട കിറ്റുകൾ വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
ജില്ലാ കേന്ദ്രങ്ങളിലും നിയോജകമണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം 25ന് വൈകുന്നേരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 26, 27 തീയതികളിലായി മറ്റ് ജില്ലാ കേന്ദ്രങ്ങളില്‍ ജില്ലാ ഫെയറുകളും തുടങ്ങും.
ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബർ രണ്ടുവരെ കിറ്റുകൾ വിതരണം ചെയ്യും. വന്‍പയര്‍, തുവരപ്പരിപ്പ് എന്നീ സബ്സിഡി ഇനങ്ങളുടെ വില കുറച്ചിട്ടുണ്ട്. വന്‍ പയറിന് 75 രൂപയില്‍ നിന്നും 70 രൂപയായും തുവര പരിപ്പിന് 105 രൂപയില്‍ നിന്ന് 93 രൂപയായുമാണ് വില കുറച്ചത്. സബ്സിഡി നിരക്കില്‍ നല്കുന്ന മുളകിന്റെ അളവ് അര കിലോയില്‍ നിന്നും ഒരു കിലോയായി വര്‍ധിപ്പിച്ചു.
ഓണക്കാലത്ത് ശബരി ബ്രാന്‍ഡില്‍ സബ്സിഡിയായും നോണ്‍ സബിസിഡിയായും വെളിച്ചെണ്ണ വിതരണം ചെയ്യും. മറ്റ് ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയും എംആര്‍പിയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ ഔട്ട്ലെറ്റുകളില് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.