റായ്പുർ: ചത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചു. ബിലാസ്പുർ എൻഐഎ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഒൻപത് ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കണ്ണൂർ തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗം സിസ്റ്റർ പ്രീതി മേരി എന്നിവർക്ക് ജാമ്യം ലഭിക്കുന്നത്.
കേസില്‍ വെള്ളിയാഴ്ച വാദം പൂര്‍ത്തിയാക്കി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സിറാജുദ്ദീന് ഖുറേഷിയാണ് ജാമ്യം അനുവദിച്ചത്.
50,000 രൂപയുടെ ബോണ്ട്, രണ്ട് ആൾജാമ്യം, രാജ്യം വിട്ടുപോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നീ ഉപാധികളിന്മേലാണ് കോടതി ജാമ്യം അനുവദിച്ചത്.
വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണ് ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കന്യാസ്ത്രീകള്‍ക്കുവേണ്ടി ഹാജരായ അമൃതോദോസ് വാദിച്ചു.
ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യം നടന്നുവെന്ന് പറയാനാകില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെടാത്തതിനാല്‍ അവര്‍ ജയിലില്‍ തുടരേണ്ട കാര്യമില്ല. കന്യാസ്ത്രീകള്‍ക്ക് ഒരുതരത്തിലുമുള്ള ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കന്യാസ്ത്രീകള്‍ക്കെതിരെ എന്തുതെളിവാണ് ഉളളതെന്ന് കോടതി ചോദിച്ചപ്പോഴാണ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന് പ്രോസിക്യൂഷന് മറുപടി നല്‍കിയത്. കന്യാസ്ത്രീകള്‍ക്കെതിരെ പരാതി നല്കിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കായി ഹാജരായ അഭിഭാഷകനും ജാമ്യത്തെ എതിര്‍ത്തു.
അറസ്റ്റിലായ അന്നുമുതല്‍ ഇവര്‍ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിലാണ്. ഇന്ന് വൈകുന്നേരത്തെോടെ ഇവർ ജയിൽ മോചിതരായേക്കുമെന്നാണ് സൂചന.
ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകൾക്കൊപ്പം മൂന്നു പെൺകുട്ടികളും ഇവരിൽ ഒരു പെൺകുട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു.
ആഗ്രയിലേക്ക് യാത്ര പുറപ്പെടാൻ എത്തിയ ഇവരെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ബജ്റംഗ്ദൾ പ്രവർത്തകർ തടയുകയായിരുന്നു. പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സഭയുടെ ആശുപത്രികളിലേക്കും പള്ളിയിലേക്കും ജോലിക്കുവേണ്ടി കൊണ്ടുപോകുകയാണെന്ന് ഇവർ പോലീസിനോട് പറഞ്ഞു.
തിരിച്ചറിയൽ രേഖകളക്കം തങ്ങളുടെ പക്കലുണ്ടെന്നും ഇവർ പോലീസിനെ അറിയിച്ചു. എന്നാൽ ബജ്റംഗ്ദൾ പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെ റെയിൽവേ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ലോക്കൽ പോലീസിന് കൈമാറുകയായിരുന്നു.
അറസ്റ്റിന് പിന്നാലെ വൻതോതിൽ പ്രതിഷേധങ്ങൾ കേരളത്തിലും രാജ്യതലസ്ഥാനത്തും ഉയർന്നിരുന്നു. പാർലമെന്റിനകത്തും പുറത്തും കോൺഗ്രസും സിപിഎമ്മും പ്രതിഷേധം ഉയർത്തിയിരുന്നു.