തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ മുടക്കിയ പണത്തിന് എന്ത് പ്രയോജനമെന്ന് ശ്രീകുമാരൻ തമ്പി. ഹേമ കമ്മിറ്റി റിപ്പോർട്ടിന് അവസാനം എന്താണ് സംഭവിച്ചത്. പരാതി പറഞ്ഞവർ തന്നെ ഒടുവിൽ പോയി കേസ് പിൻവലിച്ചു. സർക്കാർ മുടക്കിയ പണത്തിന് എന്ത് പ്രയോജനമാണ് ഉണ്ടായതെന്നും ശ്രീകുമാരൻ തമ്പി തന്റെ പ്രസംഗത്തിൽ ചോദിച്ചു.
ഫിലിം കോൺക്ലേവ് സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമ കമ്മിറ്റിയെ നിയോഗിച്ചതുകൊണ്ടും അതിന്റെ റിപ്പോർട്ടിനെ സർക്കാർ ഗൗരവമായി പരിഗണിച്ചതുകൊണ്ടുമാണ് ഈ കോൺക്ലേവ് നടത്തുന്നതെന്ന് മന്ത്രി സജി ചെറിയാൻ ശ്രീകുമാരൻ തമ്പിയുടെ വിമർശനത്തിന് മറുപടി നൽകി. ഫിലിം കോൺക്ലേവ് സമാപന ചടങ്ങിന്റെ അതേ വേദിയിൽ തന്നെയാണ് മന്ത്രി മറുപടി നൽകിയത്.
സമാപന ചടങ്ങിനിടെ പട്ടികജാതി വിഭാഗത്തിനും സ്ത്രീകള്‍ക്കുമെതിരെ സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന് അധിക്ഷേപ പരാമര്‍ശം ഉന്നയിച്ചിരുന്നു. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോര്പ്പറേഷന് വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.