ന്യൂഡൽഹി: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക റഷ്യയുമായി നടത്തുന്ന ചർച്ചയെ പിന്തുണച്ച് ഇന്ത്യ. 15 ന് അലാസ്കയിൽ നടക്കുന്ന ചർച്ചയിൽ യുദ്ധം അവസാനിപ്പിക്കാൻ ധാരണയിലെത്തുമെന്നും ചർച്ചയെ സ്വാഗതം ചെയ്യുകയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി തവണ പറഞ്ഞതുപോലെ ഇത് യുദ്ധത്തിന്റെ യുഗമല്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു. കൂടിക്കാഴ്ച്ചയെക്കുറിച്ച് ട്രംപും സാമൂഹ്യ മാധ്യമമായ ട്രൂത്തിൽ കുറിച്ചിട്ടുണ്ട്.
അമേരിക്കയുടെ പ്രസിഡന്റ് എന്ന നിലയിൽ ഞാനും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിലുള്ള ചർച്ച ഏവരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കൂടിക്കാഴ്ച അടുത്ത വെള്ളിയാഴ്ച അലാസ്കയിലെ ഗ്രേറ്റ് സ്റ്റേറ്റിൽ നടക്കും. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കാമെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിൽ എത്തി പുടിനെ സന്ദർശിച്ചതിന് ശേഷമാണ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് റഷ്യ സമ്മതം അറിയിച്ചത്.