കൊച്ചി: കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനി സോന എൽദോസിന്റെ (23) ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് റമീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യംചെയ്തുവരികയാണ്.
പെൺകുട്ടിയുടെ മരണത്തിന് കാരണം റമീസിന്റെ പീഡനങ്ങളാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ്.
ആത്മഹത്യാ പ്രേരണയ്ക്കും ശാരീരിക ഉപദ്രവത്തിനുമാണ് റമീസിനെതിരെ കേസെടുത്തിരിക്കുന്നത്. സോനയെ മർദിച്ചതിന് തെളിവായി വാട്സാപ് ചാറ്റുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. താൻ ജീവനൊടുക്കുമെന്ന് സോന പറയുമ്പോൾ ചെയ്തോളാനായിരുന്നു റമീസിന്റെ മറുപടി.
സോനയുടെ ആത്മഹത്യാക്കുറിപ്പിൽ റമീസിനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് പോലീസ് നടപടി. റമീസിന്റെ വീട്ടുകാരെയും പ്രതി ചേർക്കുമെന്ന് പോലീസ് അറിയിച്ചു.
മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്റെ മകളുമായ സോനയെ ശനിയാഴ്ച ഉച്ചയ്ക്കാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്ന് കണ്ടെടുത്തത്.
ആണ്‍സുഹൃത്തായ റമീസും ഇയാളുടെ കുടുംബവും മതംമാറാന്‍ നിര്‍ബന്ധിച്ചും വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്.