ന്യൂഡൽഹി: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി മോദിയോട് ആവശ്യപ്പെട്ടു. റഷ്യയുമായി യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങളിൽ ഇന്ത്യയുടെ പിന്തുണ തേടിയാണ് സെലൻസ്കി മോദിയുമായി ഫോണിൽ സംസാരിച്ചത്.
യുക്രെയ്ന് നഗരങ്ങളിൽ റഷ്യ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് സെലെൻസ്കി മോദിയോട് വിശദീകരിച്ചു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മോദിയോട് ചൂണ്ടിക്കാട്ടിയതായി സെലന്‍സ്കി വ്യക്തമാക്കി.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് സെലന്‍സ്കിയും മോദിയും തമ്മിൽ ചര്‍ച്ച നടത്തിയത്.
സംഘർഷം പരിഹരിക്കേണ്ടതിന്റെ അവശ്യകത സെലൻസ്കിയെ അറിയിച്ചെന്ന് മോദി പറഞ്ഞു. ഈ കാര്യത്തിൽ സാധ്യമായ എല്ലാ സംഭാവനകളും നൽകുന്നതിനും യുക്രെയ്നുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും മോദി എക്സിൽ കുറിച്ചു.