തിരുവനന്തപുരം: ജാതിവിവേചനമില്ലാത്ത ഇന്ത്യയാണ് നമ്മുടെ സ്വപ്നമെന്നും ഭരണഘടനാമൂല്യങ്ങൾ നടപ്പാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തിയ ആഘോഷപരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തി. ഇന്ത്യൻ സാമൂഹ്യ യാഥാർഥ്യങ്ങളെ വിസ്മരിക്കരുതെന്നും ദാരിദ്ര്യം, പട്ടിണിമരണം, ബാലവേല, ജാതി വിവേചനം, മതവിദ്വേഷം ഇല്ലാത്ത, തൊഴിലില്ലായ്മ ഇല്ലാത്ത ഒരു ഇന്ത്യ എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐതിഹാസികമായ സമരപോരാട്ടങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയെടുത്ത ജനതയാണ് നാം. നമ്മുടെ ജനാധിപത്യ സംസ്കാരമെന്നത് മാനവികതയിലും പരസ്പരസ്നേഹത്തിലും അടിയുറച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുള്ള രാജ്യമായി ഇന്ത്യയെ മാറ്റിത്തീര്‍ക്കുകയെന്നത് രാഷ്ട്രനിര്മാതാക്കള് നമുക്ക് കൈമാറിയ വലിയ കടമ കൂടിയാണ്.
ഇന്നലെകള്‍ നല്കിയ കരുത്തും പാഠങ്ങളും ഉള്‍ക്കൊണ്ട് ഒരു പുതിയ നാളെ നമുക്ക് സൃഷ്ടിക്കേണ്ടതുണ്ട്. എല്ലാവരും തുല്യരായി ജീവിക്കുന്ന ഒരു പുതിയ ഇന്ത്യ സൃഷ്ടിക്കാന്‍ ഈ സ്വാതന്ത്ര്യ ദിനം നമുക്ക് ഊര്‍ജം പകരട്ടെയെന്നും അദ്ദേഹം പറഞ്ഞു.