തിരുവനന്തപുരം: അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം.ആര്.അജിത് കുമാർ വിജിലൻസിന് നൽകിയ മൊഴിയുടെ പകര്‍പ്പ് പുറത്ത്. അൻവർ ഉന്നയിച്ച സംശയങ്ങൾ ദുരീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.
അതനുസരിച്ച് അൻവറുമായി ചർച്ച നടത്തി.സുഹൃത്തിന്റെ വീട്ടിൽവെച്ചായിരുന്നു ചർച്ചയെന്നും മൊഴിയിൽ പറയുന്നു. ആരോപണം ഉന്നയിച്ചത് പി.വി.അന്‍വറിന്റെ വഴിവിട്ട ഇടപാടുകള്‍ക്ക് വഴങ്ങാത്തതിനാലാണ്. ആരോപണങ്ങള്‍ക്ക് പിന്നില്‍ പോലീസിലെ ചിലരുണ്ട്.
ഇവരാണ് വ്യാജരേഖകള്‍ ചമച്ചതെന്നും അജിത് കുമാറിന്റെ മൊഴിയിൽ പറയുന്നു. ഫ്ലാറ്റ് മറിച്ചുവിറ്റ് ലാഭം നേടിയിട്ടില്ല. വീട് നിര്‍മിക്കുന്നത് ഭാര്യാപിതാവ് നല്കിയ ഭൂമിയിലാണ്. ആരോപണങ്ങളിൽ അന്വേഷണം വേണമെന്നും അജിത്കുമാര്‍ ആവശ്യപ്പെട്ടു.
വ്യാഴാഴ്ചയാണ് അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം സ്പെഷ്യല്‍ വിജിലന്‍സ് കോടതി തള്ളിയത്. സര്‍ക്കാര്‍ നേരത്തേ അംഗീകരിച്ച റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്.
അജിത് കുമാറിനെതിരെ കീഴുദ്യോഗസ്ഥരായ എസ്പിയും ഡിവൈഎസ്പിയും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് പരാതിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.