തൃശൂർ: പീച്ചി കസ്റ്റഡി മർദനത്തിൽ എസ്എച്ച്ഒ പി.എം.രതീഷിനെ സസ്പെൻഡ് ചെയ്തു. തൃശൂര്‍ റേഞ്ച് ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ മേഖലാ ഐജിയുടെതാണ് നടപടി. നിലവില്‍ കടവന്ത്ര എസ്എച്ച്ഒയാണ് പി.എം.രതീഷ്.
2023 മേയ് 24നാണ് പട്ടിക്കാട് ലാലീസ് ഹോട്ടല്‍ മാനേജരായ ഔസേപ്പിനെയും മകനെയും എസ്ഐയായിരുന്ന രതീഷ് മര്‍ദിച്ചത്. ഭക്ഷണം കഴിക്കാനെത്തിയ ആള് നല്കിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മര്‍ദനം. പരാതി നല്‍കാനെത്തിയ തന്നെയും ഡ്രൈവറെയും ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദിച്ചു.
ഇക്കാര്യം ചോദിക്കാന്‍ എത്തിയ മകനെ ലോക്കപ്പിലിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. വകുപ്പുതല അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് നടപടി. സംഭവത്തിൽ രതീഷിന് നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.
മറുപടി ലഭിക്കും വരെ കാത്തിരിക്കേണ്ടതില്ലെന്ന ആഭ്യന്തരവകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് സസ്പെൻഷൻ നടപടിയിലേക്ക് കടന്നത്. പോലീസ് മർദനത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് നടപടി.