അബുദാബി: ഏഷ്യാ കപ്പ് ടി20 മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് എട്ട് റണ്‍സ് ജയം. ഇതോടെ സൂപ്പര്‍ ഫോര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താനും ബംഗ്ലാദേശിനായി. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ അഫ്ഗാന് 146 റണ്‍സിന് ഓള്‍ഔട്ടായി.
അർധസെഞ്ചുറി നേടിയ ഓപ്പണർ തൻസിദ് ഹസനാണ് (31 പന്തിൽ 52) ബംഗ്ലാദേശിന്റെ ഇന്നിംഗ്സിലെ ടോപ് സ്കോറർ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ രണ്ട് വിക്കറ്റ് നേടിയ റാഷിദ് ഖാന്, നൂര്‍ അഹമ്മദ് എന്നിവരാണ് ചെറിയ സ്കോറില്‍ ഒതുക്കിയത്. ഒന്നാം വിക്കറ്റില്‍ സെയ്ഫ് ഹസന് (30) - തന്‍സിദ് സഖ്യം 63 റണ്‍സാണ് ചേര്‍ത്തത്. മൂന്ന് വിക്കറ്റ് നേടിയ മുസ്തഫിസുര്‍ റഹ്മാന്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നസും അഹമ്മദ്, റിഷാദ് ഹുസൈന്, ടസ്കിന് അഹമ്മദ് എന്നിവരാണ് അഫ്ഗാനെ തകര്‍ത്തത്.
31 പന്തില്‍നിന്ന് 35 റണ്‍സെടുത്ത റഹ്മാനുള്ള ഗുര്‍ബാസ്, 16 പന്തില്‍നിന്ന് 30 റണ്‍സെടുത്ത അസ്മത്തുള്ള ഒമര്‍സായ് എന്നിവരാണ് അഫ്ഗാന് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. 11 പന്തില്‍നിന്ന് 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ റാഷിദ് ഖാനും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.