ദുബായ്: ഏഷ്യാ കപ്പ് 2025-ൽ യുഎഇയെ കീഴടക്കി പാക്കിസ്ഥാൻ സൂപ്പർ ഫോറിൽ. 41 റൺസിനാണ് യുഎഇയെ പാക്കിസ്ഥാൻ കീഴടക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 146 റണ്‍സെടുത്തു.
പാക്കിസ്ഥാനായി ഫഖർ സൽമാൻ അർധ സെഞ്ചുറി നേടി. 36 പന്തിൽ 50 റണ്‍സായിരുന്നു ഫഖർ സൽമാന്റെ സന്പാദ്യം. ഷഹീൻ അഫ്രീദി 29 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരുടെയും പ്രകടനമാണ് പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. യുഎഇയ്ക്കായി ജുനൈദ് സിദ്ദിഖ് നാല് വിക്കറ്റും സിമ്രൻജീത് സിംഗ് മൂന്ന് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇയ്ക്ക് പാക് ബൗളിംഗിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 17.4 ഓവറിൽ 105 റണ്‍സിന് യുഎഇ പോരാട്ടം അവസാനിച്ചു. നാല് ബാറ്റർമാർക്ക് മാത്രമാണ് രണ്ടക്കം കാണാൻ കഴിഞ്ഞത്. 35 റണ്‍സ് നേടിയ രാഹുൽ ചോപ്രയാണ് യുഎഇ നിരയിൽ ടോപ് സ്കോറർ.
പാക്കിസ്ഥാനായി ഷഹീൻ അഫ്രീദി, ഹരീസ് റഫ്, അബ്രാർ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഈ വിജയത്തോടെ പാക്കിസ്ഥാൻ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് എയിൽനിന്ന് ഇന്ത്യ നേരത്തെ തന്നെ സൂപ്പർ ഫോറിലേക്ക് പ്രവേശിച്ചിരുന്നു. ഇതോടെ അടുത്ത സൂപ്പർ ഫോർ ഘട്ടത്തിൽ ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും ഏറ്റുമുട്ടും.