വാഷിങ്ടണ്‍: ഇറാനിലെ ചബഹാര്‍ തുറമുഖ പദ്ധതിക്ക് നല്‍കിയിരുന്ന ഉപരോധ ഇളവുകള്‍ പിന്‍വലിക്കാനൊരുങ്ങി യുഎസ്. പാകിസ്താനെ മറികടന്ന് ഇന്ത്യയെ മധ്യേഷ്യന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ചബഹാറിന് ഉപരോധംവന്നാല് തുറമുഖത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായ പങ്കുവഹിക്കുന്ന ഇന്ത്യക്ക് തിരിച്ചടിയാകും.
ചബഹാര്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കെതിരേ ഈ മാസം 29 മുതല്‍ ഉപരോധം നിലവില്‍ വരുമെന്നാണ് യുഎസ് വിദേശകാര്യ ഡെപ്യൂട്ടി വക്താവ് തോമസ് പിഗോട്ട് പറഞ്ഞത്. ഇറാനുമായി വ്യാപാര ഇടപാടുകളിലേര്‍പ്പെടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കടുത്ത ഉപരോധമേര്‍പ്പെടുത്തുമെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ചബഹാര്‍ തുറമുഖം വികസിപ്പിക്കുന്നതിനായി ഇന്ത്യക്ക് ഇളവനുവദിക്കുകയായിരുന്നു.
2018ലെ ഇറാന് ഫ്രീഡം ആന്‍ഡ് കൗണ്ടര്‍ പ്രോലിഫെറേഷന് ആക്ട് (ഐഎഫ്സിഎ) പ്രകാരമാണ് ഉപരോധമേര്‍പ്പെടുത്തുന്നത്. ഇറാന്റെ തെക്കന്‍തീരത്തെ എണ്ണ സമ്പുഷ്ടമായ സിസ്റ്റാന്‍-ബലൂചിസ്താന്‍ പ്രവിശ്യയിലാണ് ചബഹാര്‍ ആഴക്കടല്‍ തുറമുഖം. വ്യാപാരബന്ധങ്ങള്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയും ഇറാനും സംയുക്തമായി വികസിപ്പിക്കുന്നതാണിത്.