പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കാത്തതിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത്. എന്തുകൊണ്ട് സിപിഎം രാഹുലിനെതിരെയുള്ള പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോയെന്ന് ബിജെപി ചോദിക്കുന്നു.
സിപിഎം ഇന്ത്യ സഖ്യത്തിന്റെ ഭാഗമായതിനാലാണ് രാഹുലിനെതിരെയുള്ള പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് ബിജെപി പാലക്കാട് ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ ആരോപിച്ചു. പ്രതിഷേധവുമായി എംഎൽഎ ഓഫീസിന് മുന്നിലെത്തിയ ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ തടയുന്നതിനായി രാവിലെ നാല് മുതൽ പ്രവർത്തകർ നഗരത്തിന്റെ പല ഭാഗങ്ങളിലായി സംഘടിച്ചിരുന്നു. വനിത പ്രവർത്തകർ ഉൾപ്പെടെയാണ് എംഎൽഎ ഓഫീസിന് മുന്നിൽ എത്തിയത്.
പ്രതിഷേധത്തിന്റെ ഭാഗമായി എംഎൽഎയ്ക്കെതിരായ പോസ്റ്ററുകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചിട്ടുണ്ട്. വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കരുത്, എത്ര നാളായ് നമ്പര്‍ ചോദിക്കുന്നു, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മുറിയെടുക്കാം തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്.