തിരുവനന്തപുരം: ഡിസംബർ നാലിന് ശംഖുംമുഖത്ത് നടത്തുന്ന നാവികസേനാദിനാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും. ആഘോഷത്തിനായി നാവികസേനയുടെ പടക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും മറ്റു സന്നാഹങ്ങളും തലസ്ഥാനത്തെത്തും.
സേനയുടെ ആയുധക്കരുത്തിന്റെയും പ്രതിരോധ ശേഷിയുടെയും കാഴ്ചവിരുന്നൊരുക്കുന്ന അഭ്യാസപ്രകടനങ്ങളും അരങ്ങേറും. ആഘോഷത്തിനു മുൻപുള്ള ദിവസങ്ങളിൽ സേനാ വിമാനങ്ങളുടെ പരിശീലനപ്പറക്കലുമുണ്ടാകും.
പതിവായി ഡൽഹിയിൽ നടത്തിയിരുന്ന സേനാദിനാഘോഷം 2022 മുതലാണ് രാജ്യത്തെ മറ്റു നഗരങ്ങളിലേക്കു മാറ്റാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ദിനാഘോഷത്തിന്റെ ഭാഗമായി ശംഖുംമുഖം തീരം മോടികൂട്ടുന്ന ജോലികൾ തുടരുകയാണ്.
14 കോടി രൂപയോളം ചെലവിട്ടാണ് തീരം നവീകരിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള റോഡ് മുതൽ സുനാമി പാർക്കിനു സമീപംവരെ 370 മീറ്ററാണ് നവീകരിക്കുന്നത്. മുൻപുണ്ടായിരുന്നതുപോലെ പടികളും റാമ്പും നിർമിക്കും.
കടലേറ്റത്തിലാണ് ശംഖുംമുഖത്തുണ്ടായിരുന്ന പടികൾ തകർന്നത്. സ്റ്റേഡിയത്തിന്റെ ഗാലറി പോലെ ആറു പടികളാണ് നിർമിക്കുക. ഇതിനു താഴെ കല്ലുകളിട്ട് തിരയടി തടയാനുള്ള സംവിധാനമുണ്ടാക്കും. കടലേറ്റമുണ്ടാകുന്ന സമയങ്ങളിൽ പടികളെ സംരക്ഷിക്കാനാണ് കല്ലിടുന്നത്.
അല്ലാത്ത സമയത്ത് തീരത്ത് മണ്ണടിയുമെന്നും ഇറിഗേഷൻ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നേവി ദിനാഘോഷത്തിന്റെ ഭാഗമായി ജിയോബാഗുകളുപയോഗിച്ചാവും തീരം ശക്തിപ്പെടുത്തുക.