പാറ്റ്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ വിജയിക്കുകയെന്ന് അമിത് ഷാ അവകാശപ്പെട്ടു.
"ബിഹാറിൽ എൻഡിഎ തന്നെ വിജയിക്കും. തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് എൻഡിഎ നേരിടുന്നത്. അദ്ദേഹമാണ് ബിഹാറിലെ എൻഡിഎയുടെ മുഖം.'- അമിത് ഷാ പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വീണ്ടും നിതീഷ് കുമാർ എത്തുമൊ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യത്യസ്തമായ മറുപടിയാണ് അമിതാ ഷാ പറഞ്ഞത്. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിന്റെ യോഗത്തിലായിരിക്കും തീരുമാനം ഉണ്ടാവുക എന്നുമാണ് അമിത് ഷാ പറഞ്ഞത്.
തനിക്ക് ഒറ്റക്ക് ഒന്നും തീരുമാനം സാധിക്കില്ലെന്നും സഖ്യത്തിലെ എല്ലാ പാർട്ടികളുടെയും അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം എന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം കൂടി അനുസരിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ബിഹാറിലെ ജനങ്ങൾ എൻഡിഎയ്ക്കൊപ്പമാണെന്നും മഹാസഖ്യത്തെ അവർ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ലാലു പ്രസാദ് യാദവിന്റെ ദുർഭരണം കണ്ടിട്ടുള്ളത് കൊണ്ട് ഒരിക്കലും ആർജെഡി സഖ്യത്തെ തിരിച്ച് അധികാരത്തിലെത്തിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.