പത്തനംതിട്ട: കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പ്രകടമാക്കി ചാണ്ടി ഉമ്മൻ എംഎൽഎ. പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്ര ചാണ്ടി ഉമ്മൻ ബഹിഷ്കരിച്ചെന്ന് റിപ്പോർട്ടുകളുണ്ട്.
അടൂർ പ്രകാശ് എംപി നയിക്കുന്ന യാത്രയുടെ റാന്നിയിലെ സ്വീകരണത്തിൽ അദ്ദേഹം പങ്കെടുത്തില്ല. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ചാണ്ടി ഉമ്മനെ അവസാനവട്ടം തഴഞ്ഞതായാണ് പരാതി. അബിൻ വർക്കിയെ പിന്തുണച്ചത് ചാണ്ടി ഉമ്മന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ പദവിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു. തനിക്ക് വളരെയധികം മാനസിക വിഷമം ഉണ്ടാക്കിയ സംഭവമാണ്. ഒരു ചോദ്യം പോലും ചോദിച്ചില്ല.
തന്നോട് പറഞ്ഞിരുന്നെങ്കിൽ രാജിവെച്ച് ഒഴിഞ്ഞേനെയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അതേ സമയം പുനഃസംഘടനയിൽ പ്രതിഷേധവുമായി വനിതാ നേതാവ് ഡോ.ഷമ മുഹമ്മദും രംഗത്തെത്തി.
കഴിവ് ഒരു മാനദണ്ഡമാണോയെന്ന പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായാണ് ഷമ അതൃപ്തി പ്രകടിപ്പിച്ചത്. പുനഃസംഘടനയിൽ പരിഗണിക്കണമെന്ന് ഷമ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും നേതൃത്വം അവരെ ഒഴിവാക്കുകയായിരുന്നു.