പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒമ്പതു മണ്ഡലങ്ങളില്‍ മഹാസഖ്യത്തിലെ കക്ഷികള്‍ നേര്‍ക്ക് നേര് ഏറ്റുമുട്ടുന്നു. ആദ്യഘട്ട പോളിംഗിനുള്ള നാമനിർദേശ പത്രിക പിന്‍വലിക്കാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ മത്സരരംഗത്ത് ഉറച്ചു നിൽക്കുകയാണ് മഹാസഖ്യത്തിലെ കക്ഷികള്‍.
അതേസമയം ഇന്ന് പുറത്തുവിട്ട പട്ടികയില്‍ നാലിടത്ത് കോണ്‍ഗ്രസിനെതിരെ ആര്‍ജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വൈശാലി, ലാല്‍ഗഞ്ച്, സിക്കന്ത്ര, കഹല്‍ഗാവ് സീറ്റുകളിലാണ് കോണ്‍ഗ്രസിനെതിരെ ആര്‍ജെഡിക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്ന കുടുമ്പയിൽ ആർജെഡി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാനനിമിഷം അവർ പിൻമാറി. തേജസ്വി യാദവ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും രാഘോപൂരില്‍ മാത്രമാണ് മത്സരിക്കുന്നത്.
ലാലു കുടുംബത്തിന്റെ ശക്തികേന്ദ്രമായ രാഘോപൂരിൽ നിന്നാണ് കഴിഞ്ഞ രണ്ടു തവണയും തേജസ്വി വിജയിച്ചത്. പ്രധാന നേതാക്കളായ ചന്ദ്രശേഖർ മാധേപുരയിലും വീണ ദേവി മൊകാമയിലും ഉദയ് നാരായൺ ചൗധരി ജാഝയിലുമാണ് മത്സരിക്കുന്നത്.