പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയിലെ നടപടികള്‍ ഇനി അടച്ചിട്ട കോടതി മുറിയിൽ. ഹൈക്കോടതി രജിസ്ട്രാർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
ഇന്ന് രാവിലെ ദേവസ്വം ബെഞ്ചില്‍ ആദ്യ കേസായി ശബരിമല സ്വര്‍ണക്കൊള്ള കേസ് പരിഗണിക്കും. അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോർട്ട് ആണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ആറാഴ്ച കൊണ്ട് പൂർത്തിയാക്കേണ്ട അന്വേഷണത്തിന്റെ പുരോഗതി രണ്ടാഴ്ച കൂടുമ്പോൾ കോടതിയെ ധരിപ്പിക്കണമെന്ന് നേരത്തെ തന്നെ കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുന്നത്.
കേസിന്റെ രഹസ്യാത്മകത ചോർന്നുപോകാതിരിക്കാനാണ് റിപ്പോർട്ട് അടച്ചിട്ട മുറിയിൽ കേൾക്കാൻ കോടതി തീരുമാനിച്ചത്. അന്വേഷണം പാതിവഴിയിൽ എത്തിനിൽക്കുന്ന ഈ ഘട്ടത്തിൽ, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തേക്ക് പോകുന്നത് കേസിന്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്ന നിലപാടാണ് ഹൈക്കോടതിക്കുള്ളത്.