കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം സ്വർണക്കൊള്ളയ്ക്ക് പിന്നിൽ ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞെങ്കിലും അതിലേക്ക് എന്തുകൊണ്ട് അന്വേഷണം നീങ്ങുന്നില്ലെന്നും കോടതി ചോദിച്ചു. കേസ് നവംബർ 15ന് പരിഗണിക്കാനായി മാറ്റി.
അടച്ചിട്ട കോടതി മുറിയിലാണ് കേസ് നടന്നത്. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി എസ്. ശശിധരനെ വിളിച്ച് കോടതി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നിലവിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഉദ്യോഗസ്ഥർ കോടതിക്ക് കൈമാറി. ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരുടെ ബെഞ്ചിലാണ് സ്വമേധയാ എടുത്ത ഹര്‍ജി പരിഗണിച്ചത്.
ഉണ്ണികൃഷ്ണന് പോറ്റിയും കുട്ടുപ്രതികളും ഗുഢാലോചന നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അന്വേഷണത്തെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ പുറത്തുവിടരുതെന്ന ഹൈക്കോടതി നിര്‍ദേശം നിലവിലുള്ളതിനാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അതീവ രഹസ്യമാണ്.
1998ല്‍ ദ്വാരപാലക ശില്പങ്ങള് അടക്കം വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞാണ് നല്‍കിയതെന്നും ഇതിനുപകരം സ്വര്‍ണം പൂശി നല്കിയാല് പിടിക്കപ്പെടില്ലെന്നുമുള്ള കണക്കുകൂട്ടലിലാണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. ഉണ്ണികൃഷ്ണന് പോറ്റിയെ അറസ്റ്റുചെയ്തെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചതായാണ് വിവരം.