പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട് നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങൾ പൂർണമായി കേന്ദ്ര സുരക്ഷാ സേനയുടെ വലയത്തിൽ. ഇന്നു രാവിലെ 10.20ന് നിലയ്ക്കലിലെ ഹെലിപ്പാഡിൽ ഇറങ്ങുന്ന രാഷ്ട്രപതിയെ മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.
തുടർന്ന് റോഡ് മാർഗം പമ്പയിലെത്തുന്ന ദ്രൗപദി മുർമു, ത്രിവേണിയിൽ കാൽ കഴുകി ശുദ്ധിവരുത്തും. ഇതിനായി ത്രിവേണി പാലത്തിനു സമീപം ജലസേചന വകുപ്പ് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്ന് പമ്പ ഗണപതികോവിലിൽ എത്തി ഇരുമുടിക്കെട്ട് നിറയ്ക്കും.
തുടർന്ന് 11.10ന് ഗൂർഖ ജീപ്പിൽ സന്നിധാനത്തേക്കു പുറപ്പെടും. അഞ്ച് വാഹനങ്ങളിലായി 20 അംഗ സംഘമാകും അനുഗമിക്കുക. 11.50ന് സന്നിധാനത്ത് എത്തും. തുടർന്ന് പതിനെട്ടാംപടി കയറി എത്തുന്ന രാഷ്ട്രപതിയെ ദേവസ്വം ബോർഡ് പൂർണകുംഭം നൽകി സ്വീകരിക്കും.
12.20ന് അയ്യപ്പദർശനം നടത്തും. ഉച്ചപൂജയും കണ്ടു തൊഴുതശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നിലയ്ക്കലിലേക്ക് മടങ്ങും. 4.20ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് തിരിക്കും.