പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു പമ്പയിലെത്തി. പമ്പ സ്നാനത്തിന് ശേഷം ഇരുമുടി കെട്ട് നിറച്ചു. പമ്പ മേൽശാന്തിമാരുടെ നേതൃത്വത്തിലാണ് കെട്ട് നിറച്ചത്. ശേഷം സന്നിധാനത്തേയ്ക്ക് യാത്ര തിരിച്ചു.
ഗണപതി കോവിലിന് മുന്നിൽ നിന്നും പോലീസിന്റെ ഗൂർഖ ജീപ്പിലാണ് രാഷ്ട്രപതിയും സുരക്ഷാഉദ്യോഗസ്ഥരും സന്നിധാനത്തേക്ക് പുറപ്പെട്ടത്. അഞ്ച് വാഹനങ്ങളിലായി 20 അംഗ സുരക്ഷാഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയെ അനുഗമിക്കുന്നത്. 11.50ന് രാഷ്ട്രപതി സന്നിധാനത്തെത്തും.
രാവിലെ തിരുവനന്തപുരത്തുനിന്ന് ഹെലികോപ്ടര്‍ മാര്‍ഗം പത്തനംതിട്ട പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലിറങ്ങിയ രാഷ്ട്രപതി റോഡ് മാർഗമാണ് പമ്പയിലെത്തിയത്. മന്ത്രി വി.എന്‍. വാസവന് രാഷ്ട്രപതിയെ അനുഗമിച്ചിരുന്നു.
മൈലപ്ര, മണ്ണാറക്കുളഞ്ഞി, വടശേരിക്കര, പെരുനാട്, ളാഹ, ചാലക്കയം വഴി 70 കിലോമീറ്റര്‍ താണ്ടിയായിരുന്നു യാത്ര. നേരത്തെ നിശ്ചയിച്ചതില്‍നിന്ന് ഒരുമണിക്കൂര്‍ നേരത്തെ യാത്ര തുടങ്ങി. പമ്പയിലെത്തിയ രാഷ്ട്രപതിയെ ദേവസ്വം അധികൃതര്‍ വരവേറ്റു. പിന്നാലെ പമ്പയില്‍ കാല്‍നനച്ച് രാഷ്ട്രപതി ശബരിമല ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയായിരുന്നു.
പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിലെത്തുന്ന രാഷ്ട്രപതിയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തില്‍ പൂര്‍ണകുംഭം നല്കി സ്വീകരിക്കും. ശ്രീകോവിലിനു മുമ്പില്‍ അപ്പദര്ശനം നടത്തുന്ന രാഷ്ട്രപതിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയും പ്രസാദം നല്‍കും.
തുടർന്ന്, ഉച്ചപൂജ തൊഴുതശേഷം രാഷ്ട്രപതി ശ്രീകോവിലിനു മുന്നില്‍ നിന്നു മടങ്ങും. തുടര്‍ന്ന് പമ്പ ദേവസ്വം ഗസ്റ്റ്ഹൗസില്‍ വിശ്രമത്തിനു ശേഷം ഉച്ചകഴിഞ്ഞ് തിരികെ ഇറങ്ങി ഹെലികോപ്ടറില്‍ തിരുവനന്തപുരത്തേക്ക് യാത്രയാകും.