എന്‍ജിനിയറിംഗ് പ്രവേശനത്തിൽ ഹൈക്കോടതി ഉത്തരവ് ; ഓഗസ്റ്റ് രണ്ടുവരെ ഓപ്ഷന് അവസരം
കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള എന്‍ജിനിയറിംഗ് കോളജുകളിൽ പ്രവേശനത്തിന് ഓപ്ഷന് നല്‍കാനുള്ള അവസാന തീയതി ഓഗസ്റ്റ് രണ്ടിലേക്കു നീട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഈമാസം 18 ആയിരുന്നു അവസാന തീയതി.
പുതിയ കോഴ്സുകള്‍ എഐസിടിഇ അംഗീകരിച്ച് ഉത്തരവായിട്ടും സര്‍വകലാശാലയുടെ അഫിലിയേഷന് വൈകുകയാണെന്ന് ആരോപിച്ചു കാഞ്ഞിരപ്പള്ളി അമല്ജ്യോതിയടക്കം ഒരുകൂട്ടം സ്വാശ്രയ കോളജുകള്‍ നല്കിയ ഹര്‍ജി തീര്‍പ്പാക്കിയാണു ജസ്റ്റീസ് ഡി.കെ. സിംഗിന്റെ ഉത്തരവ്.
ഹര്‍ജിക്കാരുടെ കോളജ് നിലവിലുള്ള കോഴ്സുകളിലെ സീറ്റുകള്‍ വര്‍ധിപ്പിക്കാനും പുതിയ കോഴ്സുകള്‍ ആരംഭിക്കാനുമായി യൂണിവേഴ്സിറ്റിയുടെ അനുമതിയോടെ എഐസിടിഇയില്‍ അപേക്ഷ നല്‍കുകയായിരുന്നു.
നിലവിലുള്ള കോഴ്സുകളിലെ സീറ്റുകള്‍ വര്‍ധിപ്പിക്കാനും ചില പുതിയ കോഴ്സുകള്‍ അനുവദിക്കാനും എഐസിടിഇ അംഗീകാരം നല്‍കുകയും ചെയ്തു. എന്നാല്‍, സര്‍വകലാശാല ഇതുവരെ ഈ വര്‍ധിപ്പിച്ച സീറ്റുകള്‍ക്കും പുതിയ കോഴ്സുകള്‍ക്കും അഫിലിയേഷന് നല്‍കിയിട്ടില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഈ മാസം 23നകം സര്‍വകലാശാല ഇന്സ്പെക്ഷന് ടീമിനെ നിയോഗിച്ച് 31നകം കോളജുകളുടെ അപേക്ഷകളില്‍ തീരുമാനമെടുക്കാനും കോടതി ഉത്തരവിട്ടു.
സര്‍വകലാശാല താത്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവില്‍ വിസിമാര്‍ നയപരമായ തീരുമാനമെടുക്കുന്നതു വിലക്കിയിരുന്നു. ഈ ഉത്തരവിന്റെ പേരിലാണ് സര്‍വകലാശാല അഫിലിയേഷൻ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം വൈകിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, കോഴ്സുകളുടെ അഫിലിയേഷന് നയപരമായ തീരുമാനത്തില്‍ ഉള്‍പ്പെടുന്നില്ലെന്ന് ഉത്തരവില്‍ത്തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
താത്കാലിക വിസി: ഗവർണർക്കു പട്ടിക നൽകി സർക്കാർ
തിരുവനന്തപുരം: രണ്ടു സർവകലാശാലകളിലെ താത്കാലിക വിസി നിയമനം ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെ പുതിയ പാനൽ ഗവർണർക്കു നൽകി സർക്കാർ.
സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ സ്ഥാനത്തേക്കാണ് മൂന്നുപേരുടെ പട്ടിക സർക്കാർ കൈമാറിയത്. ഡോ.ജയപ്രകാശ്, ഡോ. പ്രവീൺ, ഡോ. ആർ. സജീബ് എന്നിവരുടെ പേരാണ് പട്ടികയിലുള്ളത്.
എന്നാൽ, താത്കാലിക വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ ഗവർണർ സുപ്രീംകോടതിയെ സമീപിക്കാൻ സാധ്യതയുള്ള തിൽ സർക്കാർ പാനലിൽനിന്നുള്ള നിയമനസാധ്യത കുറവാണ്.
ഹൈക്കോടതി വിധിക്കു പിന്നാലെ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും പുതിയ താത്കാലിക വിസിമാരെ അതിവേഗത്തിൽ നിയമിക്കുന്നതിനുള്ള നടപടികളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്.
തസ്തികനിർണയം ആറാം പ്രവൃത്തിദിന കണക്കിൽ; അധ്യാപക പുനർവിന്യാസം തുടങ്ങി
പത്തനംതിട്ട: അധ്യയനവർഷത്തെ തസ്തിക നിർണയം നടത്തുന്നതിൽ ജൂൺ 30 വരെ ആധാർ ലഭിച്ച കുട്ടികളെക്കൂടി പരിഗണിക്കണമെന്നാവശ്യം തള്ളി വിദ്യാഭ്യാസ വകുപ്പ്. അധ്യാപക സംഘടന നേതാക്കന്മാരുടെ യോഗത്തിൽ ഇതു സംബന്ധിച്ച ആവശ്യം ഉയർന്നപ്പോൾ പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉറപ്പു നൽകിയിരുന്നു.
എന്നാൽ അതനുസരിച്ചുള്ള ഉത്തരവ് ഇറക്കാതെ ആറാം പ്രവൃത്തിദിനത്തിൽ സാധുവായ ആധാർ കാർഡുള്ള കുട്ടികളുടെ എണ്ണം മാത്രം പരിഗണിച്ച് തസ്തിക നിർണയ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോകുകയാണ്. ജൂലൈ 11ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇറക്കിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ പുനർവിന്യസിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങിത്തുടങ്ങി.
ആറാം പ്രവൃത്തി ദിവസത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ 81 അധ്യാപകരെയും കാസർഗോട്ട് 42 പേരെയും പുനർവിന്യസിച്ചുകൊണ്ട് വിദ്യാഭ്യാസ ഡയറക്ടർമാർ ഉത്തരവ് ഇറക്കിക്കഴിഞ്ഞു. മറ്റു ജില്ലകളിൽ ഇന്നും നാളെയുമായി ഉത്തരവിറങ്ങും.
സംസ്ഥാനത്തെ പല സ്കൂളുകളിലും ആറാം പ്രവൃത്തി ദിവസത്തിനു മുമ്പായി ആധാർ കാർഡ് ലഭിക്കാത്തതിന്റെ പേരിൽ നൂറുകണക്കിന് കുട്ടികളാണ് പട്ടികയിൽ ഉൾപ്പെടാതെ പോയത്. ഇതോടെ കുട്ടികളുടെ എണ്ണത്തിൽ കുറവ് ചൂണ്ടിക്കാട്ടിയാണ് അധ്യാപക തസ്തികകൾ നഷ്ടമാകുന്നത്.
അഞ്ചുവയസ് പൂർത്തിയായശേഷം ആധാർ കാർഡിന് അപേക്ഷ നൽകിയ പല കുട്ടികൾക്കും സാങ്കേതിക പ്രശ്നങ്ങൾ കാരണം യുഐഡി നന്പർ വൈകിയിട്ടുണ്ട്. കുട്ടികളുടെ യുഐഡി നന്പർ ലഭിക്കുന്നതിലുണ്ടായ കാലതാമസവും സ്കൂൾ തുറന്ന് അഞ്ചുദിവസത്തിനുള്ളിൽ ആധാർ കാർഡ് എടുക്കാനുണ്ടായ ബുദ്ധിമുട്ടും രക്ഷിതാക്കളടക്കം ചൂണ്ടിക്കാട്ടിയതാണ്.
ഇതോട നിരവധി അധ്യാപകരാണ് തസ്തിക നഷ്ടപ്പെട്ട് പുനർവിന്യസിക്കപ്പെടുന്നത്. ആധാർ കാർഡ് ഇല്ലാത്ത കുട്ടികൾക്ക് സ്കൂളിൽ പഠനം തുടരുന്നതിനു തടസമില്ല. സൗജന്യ ഭക്ഷണം, പാഠപുസ്തകം, യൂണിഫോം തുടങ്ങിയവ ഇവർക്ക് അനുവദിക്കുമെങ്കിലും തസ്തിക നിർണയത്തിന് പരിഗണിക്കുകയില്ല.
ആധാർ കാർഡ് ലഭിക്കുന്നതിലെ സാങ്കേതിക തടസമുൾപ്പെടെ അധ്യാപക സംഘടനകളുടെ യോഗത്തിൽ ഉന്നയിച്ചപ്പോഴാണ് ജൂൺ 30 വരെ ആധാർ കാർഡ് ലഭിച്ച കുട്ടികളെ പരിഗണിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകിയത്. എന്നാൽ അതു പാഴ്വാക്കായി.
വിദ്യാഭ്യാസ മന്ത്രി നൽകിയ ഉറപ്പിന് വിരുദ്ധമായി ഇറക്കിയ ഉത്തരവുകൾ ഉടനെ പിൻവലിക്കണമെന്നും ജൂൺ 30 വരെ ലഭിച്ച ആധാർകാർഡുകൾ പരിഗണിക്കണമെന്നും കേരള ഗവൺമെന്റ് പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെജിപിഎസ്എച്ച്എ ) സംസ്ഥാന പ്രസിഡന്റ് ബിജു തോമസ്, ജനറൽ സെക്രട്ടറി ഇ.ടി.കെ. ഇസ്മായിൽ എന്നിവർ ആവശ്യപ്പെട്ടു.
സ്കൂൾസമയ മാറ്റത്തിൽനിന്നു പിന്നോട്ടില്ല: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ള സ്കൂൾ സമയ മാറ്റത്തിൽനിന്നു പിന്നോട്ടു പോകില്ലെന്നും നിലവിൽ പ്രഖ്യാപിച്ച സമയമാറ്റം അനുസരിച്ച് സ്കൂളുകൾ പ്രവർത്തിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
ഹൈക്കോടതി നിർദേശപ്രകാരമാണ് സമയ മാറ്റത്തിൽ തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചയ്ക്കു തയാറാണെന്നും മന്ത്രി അറിയിച്ചു.
സ്കൂളുകളിൽ കാൽകഴുകൽ പോലുള്ള ദുരാചാരങ്ങൾ അനുവദിക്കില്ല. ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്ത സംഭവമാണ് ഉണ്ടായിട്ടുള്ളത്.
കാൽകഴുകൽ വിവാദം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നിമിഷപ്രിയ: ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത് ആശ്വാസജനകമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: യമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ശിക്ഷാവിധിയിൽനിന്നു മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്കു ലഭിച്ചിരിക്കുന്നത്. ഇത്തരം തീരുമാനത്തിലേക്ക് നയിച്ചതു കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ മുൻകൈയും ഇടപെടലുമാണ്. മനുഷ്യത്വവും സാഹോദര്യവും തുളുന്പുന്ന സുമനസുകളുടെ അക്ഷീണപ്രയത്നത്തിന്റെ ഫലമാണു തീരുമാനം.
കാന്തപുരത്തെയും നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിനായി പരിശ്രമിക്കുന്ന ആക്ഷൻ കൗണ്‍സിൽ ഉൾപ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മഴ കനക്കും; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: അടുത്ത നാല് ദിവസം സംസ്ഥാനത്ത് അത്യന്തം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
എട്ട് ജില്ലകളിൽ വിവിധ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ മുതൽ ശനിയാഴ്ച വരെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആഭിചാരം നിയന്ത്രിക്കാൻ നിയമനിര്‍മാണം: നിലപാട് തിരുത്തി സര്‍ക്കാര്‍
കൊച്ചി: ആഭിചാര പ്രവൃത്തികളും മന്ത്രവാദവും നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തുന്നതില്‍ നിലപാട് തിരുത്തി സര്‍ക്കാര്‍.
നിയമനിര്‍മാണത്തില്‍നിന്നു പിന്മാറിയിട്ടില്ലെന്നും പരിഗണനയിലുണ്ടെന്നും അറിയിച്ച് ആഭ്യന്തരവകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. നിയമപരവും ഭരണഘടനാപരവുമായ സങ്കീര്‍ണതകള്‍ കാരണമാണു മന്ത്രിസഭ ഇതേക്കുറിച്ചുള്ള ചര്‍ച്ച മാറ്റിവച്ചതെന്നും അറിയിച്ചു.
അഞ്ചു വര്‍ഷത്തിനിടെ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, നിലവിലുള്ള നിയമങ്ങള്‍ പ്രകാരം അവ എങ്ങനെ കൈകാര്യം ചെയ്തു എന്നതും അറിയിക്കണമെന്ന് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഹര്‍ജി വീണ്ടും ഓഗസ്റ്റ് അഞ്ചിന് പരിഗണിക്കും.
കഴിഞ്ഞതവണ ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി നല്കിയ സത്യവാങ്മൂലത്തിലാണ് നിയമനിര്മാണത്തില്നിന്നുള്ള പിന്മാറ്റം സൂചിപ്പിച്ചത്. എന്നാല്‍ നിയമനിര്‍മാണത്തില്‍നിന്നു പിന്നോട്ടില്ലെന്നും സങ്കീര്‍ണതകള്‍ കാരണമാണു മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തതെന്നും സര്‍ക്കാര്‍ ഇന്നലെ വിശദീകരിച്ചു.
“വണ്ടി ഷെഡിലേക്ക് ഇട്ടേക്ക് ”; രജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് വിലക്കി വിസി
തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തിൽ പരസ്പരം ഏറ്റുമുട്ടൽ തുടങ്ങിയ കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേലും രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. ഔദ്യോഗിക വാഹനം രജിസ്ട്രാർ ഉപയോഗിക്കരുതെന്ന നിർദേശം വൈസ് ചാൻസലർ നല്കി.
സസ്പെൻഷനിലുള്ള രജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കാൻ പാടില്ലെന്നും വാഹനത്തിന്റെ താക്കോൽ തിരികെ വാങ്ങണമെന്നും സർവകലാശാല സെക്യൂരിറ്റി ഓഫീസർക്ക് വൈസ് ചാൻസലർ നിർദേശം നല്കി. വാഹനം ഗാരേജിലേക്ക് നീക്കണമെന്നും വിസി നിർദേശിച്ചു.
എന്നാൽ, ഈ നിർദേശം സർവകലാശാല സെക്യൂരിറ്റി ഓഫീസർ നടപ്പാക്കുമോ എന്നതും ചോദ്യമായി നിലനില്ക്കുന്നു. തന്റെ നിയമനാധികാരി സിൻഡിക്കറ്റാണെന്നും സിൻഡിക്കറ്റ് തീരുമാനമേ തനിക്കു ബാധകമാകുകയുള്ളൂവെന്നും രജിസ്ട്രാർ നിലപാട് വ്യക്തമാക്കിയിരുന്നു.
എന്നാൽ രജിസ്ട്രാറുടെ ചുമതല ഇപ്പോൾ ഡോ. മിനി കാപ്പനാണെന്നാണ് വൈസ് ചാൻസലറുടെ നിലപാട്. ഡ്രൈവറുടെ കൈയിൽനിന്നു സെക്യൂരിറ്റി ഓഫീസർ കാറിന്റെ താക്കോൽ വാങ്ങി മിനി കാപ്പനെ ഏൽപ്പിക്കാനാണ് നിർദേശിച്ചത്. ഇതോടെ, സർവകലാശാലയിലെ പോര് കൂടുതൽ രൂക്ഷമായി. ഔദ്യോഗിക വാഹനം നിഷേധിച്ച വിസിയുടെ നിലപാടിനോട് രജിസ്ട്രാറും സിൻഡിക്കറ്റും രൂക്ഷമായി പ്രതികരിക്കാനാണ് സാധ്യത.
സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ തങ്ങൾക്കാണ് പൂർണ അധികാരമെന്ന നിലപാടാകും സിൻഡിക്കറ്റ് സ്വീകരിക്കുക. വരും ദിവസങ്ങളിൽ ഏറ്റുമുട്ടൽ രൂക്ഷമാകുമെന്നുറപ്പ്. ഇതിനിടെ താത്കാലിക വൈസ് ചാൻസലർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ കേരള സർവകലാശാലയിലേക്ക് മാർച്ച് നടത്തി.
മുഖ്യമന്ത്രി വിശ്രമത്തിൽ; മന്ത്രിസഭ നാളെ
തിരുവനന്തപുരം: അമേരിക്കയിൽ ചികിത്സയ്ക്കു ശേഷം ദുബായ് വഴി മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വസതിയായ ക്ലിഫ് ഹൗസിൽ വിശ്രമത്തിലായിരുന്നു. സെക്രട്ടേറിയറ്റിലെ ഓഫീസിലേക്ക് എത്തിയില്ല.
ഇന്നു ചേരേണ്ടിയിരുന്ന ഈ ആഴ്ചത്തെ പതിവു മന്ത്രിസഭാ യോഗം നാളെയാണു ചേരുക. കഴിഞ്ഞ ആഴ്ചതന്നെ വ്യാഴാഴ്ചയാണ് മന്ത്രിസഭാ യോഗം ചേരുന്നതെന്നു മന്ത്രിമാരെ അറിയിച്ചിരുന്നു.
18നു ചേരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ 17നു വൈകുന്നേരത്തോടെ ഡൽഹിക്കു പോകും. 17നു രാവിലെ ചേരുന്ന മന്ത്രിസഭയ്ക്കു ശേഷമാകും അദ്ദേഹം ഡൽഹിക്കു പോകുക.
ബ്രസീലിയൻ ദമ്പതിമാരുടെ വയറ്റിൽനിന്നു പുറത്തെടുത്തത് 163 ലഹരി ഗുളികകൾ
നെടുമ്പാശേരി: മയക്കുമരുന്ന് വിഴുങ്ങിയെത്തിയ ബ്രസീലിയൻ ദമ്പതിമാരുടെ വയറ്റിൽനിന്നു പുറത്തെടുത്തത് 163 ലഹരി ഗുളികകൾ.
കഴിഞ്ഞ വെള്ളിയാഴ്ചയാണു മയക്കുമരുന്ന് പ്രത്യേക രീതിയിൽ പ്ലാസ്റ്റിക് കവറിൽ ഗുളികരൂപത്തിലാക്കി വിഴുങ്ങിയ ശേഷം ബ്രസീലിയൻ സ്വദേശികളായ ലുക്കാസ, ഭാര്യ ലൂണ എന്നിവർ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്.
ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ്സ് (ഡിആർഐ) വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണു ബ്രസീലിലെ സാവോ പോളോയിൽനിന്ന് എത്തിയ ഇവർ പിടിയിലായത്.
അഞ്ചു ദിവസത്തെ ശ്രമത്തിനൊടുവിൽ ഇവർ വിഴുങ്ങിയ മയക്കുമരുന്ന് ഗുളികകൾ മുഴുവനായും പുറത്തെടുത്തു. ഇന്നലെ ഇവരെ വീണ്ടും സ്കാനിംഗ് പരിശോധനയ്ക്കു വിധേയമാക്കിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലാബ് ടെസ്റ്റിന്റെ ഫലം ലഭ്യമായശേഷമേ ഏതിനം മയക്കുമരുന്നാണെന്നും എത്ര വിലവരുമെന്നും കണക്കാക്കാൻ കഴിയൂ. കൊക്കെയ്നാണെന്നാണു പ്രാഥമിക നിഗമനം.
ഹൈക്കോടതി ഉത്തരവിനെതിരേ ഗവർണർ സുപ്രീംകോടതിയിലേക്ക്
തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരേ ഗവർണർ ആർ.വി. അർലേക്കർ സുപ്രീംകോടതിയിലേക്ക്.
ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കുന്നതു സംബന്ധിച്ചു ഗവർണർ മുതിർന്ന നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തിവരികയാണ്. ഏതാനും ദിവസത്തിനകം ഗവർണർ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നാണു വിവരം.
വൈസ് ചാൻസലർ നിയമനം സർക്കാരിന്റെ പാനലിൽ നിന്നല്ലാതെ പാടില്ലെന്ന ഉത്തരവിനെയാണ് ഗവർണർ സുപ്രീംകോടതിയിൽ ചോദ്യംചെയ്യുക. താത്കാലിക വിസിമാർക്ക് സ്ഥിരം വിസിമാർക്കുള്ള യുജിസി യോഗ്യത ആവശ്യമില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്.
താത്കാലികക്കാർക്കും യുജിസി യോഗ്യതയുണ്ടാകണമെന്നും ഗവർണറുടെ അപ്പീലിൽ സൂചിപ്പിക്കും. യുജിസി യോഗ്യതയില്ലാതെ നിയമിച്ച ബിഹാറിലെ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിട്ട സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടും.
യുജിസി മാനദണ്ഡവും സുപ്രീംകോടതി ഉത്തരവും അനുസരിച്ച് ചാൻസലർക്കാണ് വിസി നിയമനത്തിന് അധികാരമെന്നും സർക്കാരിന് ഇതിൽ പങ്കില്ലെന്നും ചൂണ്ടിക്കാട്ടി പ്രത്യേകാനുമതി ഹർജി നൽകുന്നതും പരിഗണനയിലുണ്ട്. രണ്ടു വിസിമാരെ പുറത്താക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേയും ആവശ്യപ്പെടും.
കണ്ണൂർ വിസിയായിരുന്ന ഡോ.ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കിയുള്ള ഉത്തരവിൽ, സർക്കാരിന്റേത് അടക്കം ഒരു തരത്തിലുള്ള ഇടപെടലും വിസി നിയമനത്തിലുണ്ടാകരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം ചാൻസലർക്കു സ്വതന്ത്രസ്വഭാവത്തോടെ സ്വന്തം അധികാരമുപയോഗിച്ച് വിസിമാരെ നിയമിക്കാമെന്നും അപ്പീലിൽ ഗവർണർ വ്യക്തമാക്കും.
അമ്മയുടെ അന്ത്യചുംബനം ഏറ്റുവാങ്ങാതെ ആൽഫ്രഡും എമിലും യാത്രയായി
ചിറ്റൂർ, അഗളി: കാർ പൊട്ടിത്തെറിച്ചു കത്തി പൊള്ളലേറ്റു മരിച്ച ആറു വയസുകാരൻ ആൽഫ്രഡ് മാർട്ടിനും നാലുവയസുകാരി എമിൽ മരിയ മാർട്ടിനും അമ്മയുടെ അന്ത്യചുംബനത്തിനു കാത്തുനിൽക്കാതെ യാത്രയായി. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഇരുവരുടെയും അമ്മ എൽസി മാർട്ടിൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെ ഒന്‍പതോടെ മോർച്ചറിയിൽനിന്നു പുറത്തെടുത്ത മൃതദേഹങ്ങൾ പാലന ആശുപത്രി പരിസരത്ത് പൊതുദർശനത്തിനുവച്ചു. ഇവിടെ നഴ്സായിരുന്ന എൽസി മാർട്ടിന്റെ മക്കൾക്കു സഹപ്രവർത്തകർ വിടചൊല്ലി. വെളുത്ത റോസാപ്പൂക്കൾകൊണ്ട് അലങ്കരിച്ച ശവമഞ്ചത്തിൽ ഇരുവരും പഠിച്ചിരുന്ന വിദ്യാലയമായ പൊൽപ്പുള്ളി കെവിഎം സ്കൂളിലേക്ക് രണ്ട് ആംബുലൻസുകളിൽ അവസാനയാത്ര.
സ്കൂൾ അങ്കണത്തിൽ മൃതദേഹങ്ങൾ പൊതുദർശനത്തിനു വച്ചപ്പോൾ ഓടിച്ചാടി സ്കൂളിൽ പറന്നുനടന്നിരുന്ന കുരുന്നുകളുടെ സഹപാഠികൾക്കും അധ്യാപകർക്കും പിടിച്ചുനിൽക്കാനായില്ല. പൊട്ടിക്കരഞ്ഞ സഹപാഠികളെയും അധ്യാപകരെയും ആശ്വസിപ്പിക്കാൻ ആർക്കും വാക്കുകൾ കിട്ടിയില്ല.
സ്കൂളിലെ പൊതുദർശനത്തിനുശേഷം അമ്മയുടെ നാടായ താവളം അടിയക്കണ്ടിയൂരിലുള്ള വീട്ടിലേക്ക് മൃതദേഹങ്ങൾ എത്തിച്ചു. കുഞ്ഞുമക്കളുടെ ചേതനയറ്റ മൃതദേഹത്തിനുമുന്നിൽ മുത്തശി ഡെയ്സിക്കു പിടിച്ചുനിൽക്കാനായില്ല. അമ്മയ്ക്ക് അന്ത്യചുംബനം നൽകാനായില്ലെങ്കിലും മുത്തശി അന്ത്യചുംബനം നൽകി കുരുന്നുകളെ യാത്രയാക്കി.
താവളം ഹോളി ട്രിനിറ്റി പള്ളിയിലെ പ്രാർഥനാശുശൂഷകൾക്കുശേഷം നാടൊന്നാകെ കുരുന്നുകൾക്കു വിടചൊല്ലി. പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു സംസ്കാരശുശ്രൂഷകൾ. 3.15ന് പാരിഷ് ഹാളിൽ പൊതുദർശനത്തിനുശേഷം പള്ളിയിൽ സംസ്കാരശുശ്രൂഷകൾ നടന്നു. പിതാവ് മാർട്ടിന്റെ കല്ലറയ്ക്കുസമീപം ഇരുവരുടെയും മൃതദേഹം വൈകുന്നേരം അഞ്ചോടെ സംസ്കരിച്ചു.
മക്കളുടെ മൃതദേഹങ്ങൾ അമ്മ എൽസിക്ക് ഒരു നോക്കുകാണാനാണ് പാലന ആശുപത്രിയിൽ രണ്ടുദിവസം സൂക്ഷിച്ചിരുന്നത്. എന്നാൽ, എൽസിയുടെ ആരോഗ്യനിലയിൽ പുരോഗതി കാണാത്തതിനെത്തുടർന്നാണു മൃതദേഹങ്ങൾ ഇന്നലെ സംസ്കരിക്കാൻ തീരുമാനിച്ചത്. 40 ശതമാനത്തോളം പൊള്ളലേറ്റ എൽസി ഇടയ്ക്കിടെ കണ്ണുതുറന്ന് കുട്ടികളെ അന്വേഷിക്കുന്നുണ്ടെങ്കിലും ശരിയായ ബോധം ഇനിയും തിരിച്ചുകിട്ടിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.
എൽസിയെ ഇനിയും കുട്ടികളുടെ മരണവിവരം അറിയിച്ചിട്ടില്ല. അമ്മയ്ക്കൊപ്പം ചികിത്സയിലുള്ള, 35 ശതമാനം പൊള്ളലേറ്റ മൂത്തമകൾ അലീനയും ഗുരുതരാവസ്ഥയിലാണ്.
എൻസിപിയിൽ തർക്കം: ശശീന്ദ്രനും തോമസും എംഎൽഎസ്ഥാനം ഒഴിയണമെന്ന് അജിത് പവാർ പക്ഷം
തിരുവനന്തപുരം: എൻസിപിയുടെ ഔദ്യോഗിക പക്ഷമായി തങ്ങളെ തെരഞ്ഞെടുപ്പു കമ്മീഷൻ അംഗീകരിച്ച സാഹചര്യത്തിൽ മന്ത്രി എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് എൻസിപി അജിത് പവാർ പക്ഷം.
ശരദ് പവാറിനൊപ്പമെങ്കിൽ എംഎൽഎ സ്ഥാനം ഉടൻ രാജിവയ്ക്കണമെന്നും അല്ലെങ്കിൽ അയോഗ്യരാക്കുമെന്നും അറിയിച്ച് ഇരുവർക്കും പ്രഫുൽ പട്ടേൽ നേരത്തേ കത്തയച്ചിരുന്നു.
എൻസിപി സ്ഥാനാർഥികളായി ക്ലോക്ക് ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ഇരുവരും എൻസിപി പരിപാടികളിലൊന്നും പങ്കെടുക്കുന്നില്ല. ഈ സാഹചര്യത്തിൽ ശശീന്ദ്രനെയും തോമസിനെയും അയോഗ്യരാക്കണമെന്നു കാണിച്ചു സ്പീക്കർക്കു കത്തു നൽകുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റും ദേശീയ ജനറൽ സെക്രട്ടറിയുമായ എൻ.എ. മുഹമ്മദ്കുട്ടി പറഞ്ഞു.
എന്നാൽ, തങ്ങളോട് എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ട പ്രഫുൽ പട്ടേൽ എൻസിപി ഭരണഘടന വായിച്ചു നോക്കണമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു. പാർട്ടി ഭരണഘടന പ്രകാരം വർക്കിംഗ് പ്രസിഡന്റ് സ്ഥാനം ഇല്ല. ഇല്ലാത്ത പദവിയുടെ പേരിൽ അധികാരം പ്രയോഗിക്കാൻ കഴിയില്ല. തനിക്കോ തോമസ് കെ. തോമസിനോ കത്തയയ്ക്കാൻ പ്രഫുൽ പട്ടേലിനു കഴിയില്ല. അതിനാൽ അദ്ദേഹത്തിന്റെ കത്ത് ഗൗരവമായി എടുക്കുന്നില്ലെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
അജിത് പവാർ പക്ഷത്തെ ഔദ്യോഗിക പക്ഷമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരേയുള്ള ദുഷ്പ്രചാരണം ആസൂത്രിതം: കെസിബിസി ജാഗ്രതാ കമ്മീഷൻ
കൊച്ചി: ക്രൈസ്തവ മാനേജ്മെന്റുകൾക്കു കീഴിലുള്ള വിദ്യാഭ്യാസ, ആതുരശുശ്രൂഷാ സ്ഥാപനങ്ങൾക്കെതിരേ സമീപകാലങ്ങളിലായി സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന വ്യാപകമായ ദുഷ്പ്രചാരണങ്ങൾ ആസൂത്രിതമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ. അനേകായിരങ്ങൾക്കു മികച്ച സേവനം നൽകുന്ന ഈ സ്ഥാപനങ്ങളെയും ശുശ്രൂഷകരെയും മോശക്കാരായി ചിത്രീകരിക്കുന്ന ഇത്തരം നീക്കങ്ങൾ അപലപനീയമാണ്.
മനുഷ്യസഹജമായ ചെറിയ പിഴവുകളെപ്പോലും പർവതീകരിച്ചും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും ഏതെങ്കിലും സ്ഥാപനങ്ങൾക്കെതിരേ ഉയർത്തുന്ന പ്രചാരണങ്ങൾ കേരളത്തിൽ മാതൃകാപരമായി പ്രവർത്തിച്ചുവരുന്ന ആയിരക്കണക്കിന് ക്രൈസ്തവസ്ഥാപനങ്ങളുടെ സൽപ്പേരിനെ കളങ്കപ്പെടുത്തുന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
മാനുഷികമായ സംവിധാനങ്ങൾ എന്നനിലയിൽ ഏതെങ്കിലും വിധത്തിലുള്ള വീഴ്ചകളും കുറവുകളും സംഭവിക്കാനുള്ള സാധ്യതകൾ മറ്റെല്ലാ സ്ഥാപനങ്ങൾക്കും എന്നതുപോലെ ക്രൈസ്തവ മാനേജ്മെന്റുകൾക്കു കീഴിലുള്ള സ്ഥാപനങ്ങൾക്കുമുണ്ട്. അപ്രകാരം സംഭവിച്ചേക്കാവുന്ന പോരായ്മകൾ പരിഹരിക്കാനും തെറ്റുകൾ തിരുത്താനും നേതൃത്വങ്ങൾ സദാ സന്നദ്ധവുമാണ്.
ക്രൈസ്തവസ്ഥാപനങ്ങളെ നിരന്തരം വേട്ടയാടുകയും നേതൃത്വങ്ങളെയും സഭയെയും പൊതുസമൂഹത്തിനു മുന്നിൽ ഇകഴ്ത്തുകയും ചെയ്യുന്നവരുടെ യഥാർഥ ലക്ഷ്യങ്ങൾ സമൂഹത്തിന്റെ നന്മയല്ലെന്ന് ഏവരും തിരിച്ചറിയണം.
വർഗീയ ധ്രുവീകരണ ലക്ഷ്യങ്ങളാണ് ഇത്തരം ശ്രമങ്ങൾക്കു പിന്നിലെങ്കിൽ പ്രബുദ്ധ കേരളം ശക്തമായി ഇക്കാര്യത്തിൽ നിലപാടുകൾ സ്വീകരിക്കണമെന്നും കെസിബിസി ജാഗ്രതാ കമ്മീഷൻ ചെയർമാൻ ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ്, വൈസ് ചെയർമാന്മാരായ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, സെക്രട്ടറി റവ. ഡോ. മൈക്കിൾ പുളിക്കൽ എന്നിവർ ആവശ്യപ്പെട്ടു.
ഷെറിന്റെ മോചനം; വകുപ്പുതല നടപടികൾ അതിവേഗം
തിരുവനന്തപുരം: ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന്റെ ജയിൽമോചന ഫയൽ വകുപ്പുകളിൽ നീങ്ങിയത് അതിവേഗം. ഷെറിനെ അകാലവിടുതൽ നൽകി ജയിൽമോചിതയാക്കാൻ നിർദേശിച്ച് ഇന്നലെ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയതിനു പിന്നാലെ ഷെറിന് ഇനി ജയിൽമോചിതയാകാം.
ഷെറിനെ ജയിൽമോചിതയാക്കണമെന്ന കണ്ണൂർ ജയിൽ ഉപദേശക സമിതിയുടെ ശിപാർശ 2024 ഓഗസ്റ്റ് എട്ടിനാണ് ജയിൽ ഡിജിപിക്കു സമർപ്പിച്ചത്. പിന്നീട് ശരവേഗത്തിലായിരുന്നു ഷെറിന്റെ ജയിൽമോചനത്തിനായുള്ള ഓരോ വകുപ്പിന്റെയും ഫയൽ നീക്കം. കഴിഞ്ഞ ജനുവരി 28നു ചേർന്ന മന്ത്രിസഭായോഗം ഷെറിനെ ജയിൽമോചിതയാക്കാൻ ശിപാർശ ചെയ്യുകയായിരുന്നു. നിയമവകുപ്പിന്റെ ശിപാർശയിൽ ഇതു സംബന്ധിച്ച കോടതിവിധികൾ വിശദമായി പരിശോധിച്ചില്ലെന്ന കുറിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.
കോടതിവിധി വിശദമായി പരിശോധിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന നിയമവകുപ്പ് അതിന്റെ ഉപസംഹാരത്തിൽ തടവുകാരിക്ക് അകാലവിടുതൽ അനുവദിക്കുന്നതിനു നിയമതടസമില്ലെന്നും അഭിപ്രായപ്പെടുന്നു. തുടർന്നാണ് ഷെറിൻ എന്ന തടവുകാരിയുടെ അകാല വിടുതൽ അനുവദിക്കണമെന്ന കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതിയുടെ ശിപാർശ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കു വിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടത്. ജനുവരി 28നു ചേർന്ന മന്ത്രിസഭ ഇത് അംഗീകരിച്ചു.
എന്നാൽ, ഫയൽ ഗവർണറുടെ മുന്നിൽ ആറുമാസം കിടന്നു. നിയമോപദേശം അടക്കം ലഭ്യമാക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഫയൽ രാജ്ഭവനിൽ വൈകിയത്. 18 വർഷം എട്ടു മാസം തടവുശിക്ഷ അനുഭവിക്കേണ്ട ഷെറിന് 14 വർഷം നാലു മാസം 17 ദിവസം കൊണ്ട് ജയിൽ മോചന നടപടിക്രമങ്ങൾ തുടങ്ങുകയായിരുന്നു.
ഈ 14 വർഷത്തിനിടെ ഒന്നര വർഷത്തോളം ഇവർ പരോളിൽ പുറത്തായിരുന്നതായും ജയിൽ രേഖകൾ വ്യക്തമാക്കുന്നു. 20 വർഷത്തിലേറെ ജയിൽശിക്ഷ അനുഭവിച്ചവരും പ്രായം ചെന്നവരുമായ തടവുകാർ ജയിൽ മോചനത്തിനായി കാത്തിരിക്കുന്നതിനിടെയാണ് അതിവേഗ ഫയൽ നീക്കവുമായി ഷെറിൻ ജയിൽമോചിതയാകുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്; ആറു മാസത്തിനുള്ളില്‍ നഷ്ടമായത് 351 കോടി
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനിടെ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ നഷ്ടമായതു 351 കോടി രൂപ.
ജനുവരി ഒന്നുമുതല്‍ ജൂണ്‍ 30 വരെ നഷ്ടമായ തുകയാണിത്. ഇക്കാലയളവിൽ പണം നഷ്ടമായതുസംബന്ധിച്ച് 19,927 പരാതികളാണ് പോലീസിന്റെ സൈബര്‍ സെക്യൂരിറ്റി വിഭാഗത്തിനു ലഭിച്ചത്. പരാതികളിലേറെയും മലപ്പുറം (2,892 ) ജില്ലയില്‍നിന്നാണ്.
രണ്ടാം സ്ഥാനം എറണാകുളം സിറ്റിയിലാണ്. 2,268 പരാതികളാണു റിപ്പോര്‍ട്ട് ചെയ്തത്. 2,226 പരാതികളുമായി പാലക്കാട് ജില്ല മൂന്നാംസ്ഥാനത്തുണ്ട്. കുറവ് പരാതികള്‍ വയനാട് (137) ജില്ലയിലാണ്.
പരാതികളില്‍ അധികവും ട്രേഡിംഗിലൂടെ പണം നഷ്ടമായതു സംബന്ധിച്ചുള്ളതാണ്. 151 കോടി രൂപയാണ് ഈ വിധത്തിൽ നഷ്ടമായത്.
വിപഞ്ചികയുടെ മരണം: പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും
കൊല്ലം: ഷാര്‍ജയില്‍ കൊല്ലം സ്വദേശിനിയായ വിപഞ്ചികയെന്ന യുവതി കുഞ്ഞുമായി ജീവനൊടുക്കി യ സംഭവത്തില്‍ കുണ്ടറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയേക്കും.
വിദേശത്തു നടന്ന കുറ്റകൃത്യമായതിനാല്‍ കേരള പോലീസിന് പരിമിതിയുണ്ട്. കുണ്ടറ പോലീസ് റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ ശാസ്താംകോട്ട ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. പ്രതികള്‍ വിദേശത്തായതിനാല്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.
കൊറ്റംകര കേരളപുരം രജിത ഭവനില്‍ വിപഞ്ചിക (33) കുഞ്ഞുമായി ജീവനൊടുക്കിയ സംഭവത്തില്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭര്‍ത്താവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്നാണു ജീവനൊടുക്കിയതെന്നും കാട്ടി മാതാവ് ഷൈലജ നല്കിയ പരാതിയിലാണു കേസ്.
വിപഞ്ചികയുടെ ഭര്‍ത്താവ് കോട്ടയം പനച്ചിക്കാട് പൂവന്തുരുത്ത് വലിയവീട്ടില്‍ നിതീഷിനെ (34) ഒന്നാം പ്രതിയായും ഇയാളുടെ സഹോദരി നീതുവിനെ രണ്ടും പിതാവ് മോഹനനെ മൂന്നും പ്രതികളായും ചേര്‍ത്താണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
വിപഞ്ചികയെ സ്ത്രീധനത്തെച്ചൊല്ലി ഭര്‍തൃവീട്ടുകാര്‍ മാനസികമായി പീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.
കേസില്‍ സൈബര്‍ സെല്ലും അന്വേഷണം നടത്തുന്നുണ്ട്. മരണശേഷം വിപഞ്ചികയുടെ സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ അപ്രത്യക്ഷമായത് തെളിവ് നശിപ്പിക്കലെന്ന നിഗമനത്തിലാണ് സൈബര്‍ സെല്ലിന്റെ പ്രത്യേക അന്വേഷണം.
ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്തതെന്ന് വിപഞ്ചിക ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുമുണ്ട്.
വിപഞ്ചിക വര്‍ഷങ്ങളായി സ്ത്രീധന പീഡനം നേരിട്ടിരുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.
അമ്മ ഷൈലജ ഷാര്‍ജയിൽ
അതേസമയം, ഷൈലജ ഇന്നലെ ഷാര്‍ജയിലെത്തി. ബന്ധുവിനൊപ്പം പുലര്‍ച്ചെയാണ് ഷാര്‍ജയില്‍ എത്തിയത്. മകളുടെയും കൊച്ചുമകള്‍ വൈഭവിയുടെയും (ഒന്നര വയസ്) മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോകാനാണ് ഷൈലജ എത്തിയത്.
വിപഞ്ചികയുടെ സഹോദരന് വിനോദും കാനഡയില്‍നിന്ന് ഷാര്‍ജയിലെത്തിയിട്ടുണ്ട്. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെതിരേ ഷാര്‍ജ പോലീസില്‍ പരാതി നല്കാന് കുടുംബം ആലോചിക്കുന്നുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി ഇക്കാര്യം സംസാരിക്കും. രക്തബന്ധമുള്ളയാള്തന്നെ നേരിട്ട് പരാതി സമര്‍പ്പിക്കണമെന്നുള്ള നിയമോപദേശത്തെ തുടര്‍ന്നാണ് ഷൈലജ ഷാര്‍ജയിലേക്കെത്തിയത്.
മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനും നാട്ടിലേക്കു കൊണ്ടുപോകുന്നതിനുമായി അപേക്ഷ നല്‍കും. 17നു നാട്ടിലെത്തിക്കാനാവുമെന്നാണു പ്രതീക്ഷയെന്നു ബന്ധുക്കള്‍ പറഞ്ഞു.
എംഎസ്സി എല്‍സ 3; നഷ്ടപരിഹാര ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ചു
കൊച്ചി: കേരളതീരത്ത് എംഎസ്സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം തേടുന്ന ഹര്‍ജികള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
കപ്പലപകടവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍, ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയ്ക്കു നിര്‍ദേശങ്ങൾ എന്തെങ്കിലുമുണ്ടെങ്കില്‍ അക്കാര്യം കോടതിയെ അറിയിക്കാമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
അപകടകരമായ കണ്ടെയ്നറടക്കം മുങ്ങിയതിനെത്തുടര്‍ന്നു തൊഴില്‍ നഷ്ടമുണ്ടായ മത്സ്യത്തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപനടക്കം സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.
നഷ്ടപരിഹാരത്തിനായി സര്‍ക്കാര്‍ സമര്‍പ്പിച്ച അഡ്മിറാലിറ്റി സ്യൂട്ട് സിംഗിള്‍ ബെഞ്ച് പരിഗണിക്കുന്നതു കണക്കിലെടുത്ത് ഈ ഹര്‍ജികള്‍ സെപ്റ്റംബറില്‍ പരിഗണിക്കാന്‍ മാറ്റി. ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ കപ്പല്‍ കമ്പനിയുടെ അഭിഭാഷകനാണു നഷ്ടപരിഹാരം തേടി സര്‍ക്കാര്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്ത വിവരം കോടതിയെ അറിയിച്ചത്.
മുങ്ങിയ കപ്പല്‍ നീക്കുന്നതടക്കമുള്ള ജോലികള്‍ ഓഗസ്റ്റിലേ തുടങ്ങാനാകൂവെന്നും പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കപ്പലിലെ സാധനങ്ങള്‍ നീക്കം ചെയ്യുന്നതടക്കമുള്ള ജോലികള്‍ക്കു ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി.
നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കല്‍: കൂട്ടായ പരിശ്രമമാണു വിജയം കാണുന്നതെന്ന് ചാണ്ടി ഉമ്മൻ
തൃശൂർ: കൂട്ടായ പരിശ്രമമാണു വിജയം കാണുന്നതെന്ന് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയതിൽ ചാണ്ടി ഉമ്മൻ എംഎൽഎ.
ജില്ലാ സഹകരണ ആശുപത്രിയിൽ ഒരു ചടങ്ങിനെത്തിയതായിരുന്നു ചാണ്ടി ഉമ്മൻ. നിമിഷപ്രിയ തിരിച്ചുവരുമെന്നാണു വിശ്വാസം. ഉമ്മൻ ചാണ്ടിയുടെ ആഗ്രഹമാണു സഫലമാകുന്നത്.
കാന്തപുരം മുസലിയാർക്കു വലിയ പങ്കുണ്ട്. ഗവർണർ ഉൾപ്പെടെ എല്ലാവരും നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്നുണ്ട്. സാജൻ ലത്തീഫ് എന്ന വ്യവസായിയും ഇടപെട്ടു.
ദീപ ജോസഫ്, സുഭാഷ് ചന്ദ്രൻ എന്നിവർ വർഷങ്ങളായി പരിശ്രമിക്കുന്നു, എല്ലാവർക്കും നന്ദി. ശ്രമം അടുത്ത ഘട്ടത്തിലേക്കു കടക്കണം. കൊല്ലപ്പെട്ട ആളുടെ കുടുംബവുമായി അടിയന്തരചർച്ച നടത്തേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയുന്നില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
വധശിക്ഷ നീട്ടിവച്ചതില്‍ ആശ്വാസം: വി.ഡി. സതീശന്
കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കേരളജനത ആഗ്രഹിക്കുന്നതാണ് അവരുടെ മോചനം. അതിനു സാധ്യമായ എല്ലാ വഴിയും തേടണമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വിഷയത്തില്‍ കാന്തപുരത്തിന്റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടേയെന്നു സതീശന് പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം യെമനിലെ സൂഫി പണ്ഡിതന് ഷെയ്ക്ക് ഹബീബ് ഉമര്‍ നടത്തുന്ന ചര്‍ച്ചകള്‍ അന്തിമവിജയം കാണുമെന്നു പ്രതീക്ഷിക്കാമെന്നും സതീശന് പറഞ്ഞു.
“കാന്തപുരത്തിന്റെ ഇടപെടലില്‍ സന്തോഷം”
നിമിഷപ്രിയയുടെ മോചനത്തിനുവേണ്ടി കാന്തപുരം നടത്തിയ ഇടപെടല്‍ മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണെന്ന് മന്ത്രി സജി ചെറിയാന്.
കാന്തപുരത്തിന്റെ ഇടപെടല്‍ ഏറെ സന്തോഷം നല്‍കുന്നുവെന്ന് കാരന്തൂര്‍ സുന്നിമര്ക്കസില് യുവജന നൈപുണ്യ സംഗമം പരിപാടിയില്‍ മന്ത്രി പറഞ്ഞു.
അഞ്ചു വർഷത്തിനുള്ളിൽ ആയിരം ട്രെയിനുകൾകൂടി
എസ്.ആർ. സുധീർ കുമാർ
കൊല്ലം: രാജ്യത്ത് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 1000 പുതിയ ട്രെയിനുകൾകൂടി ഓടിക്കാൻ റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.
പാസഞ്ചർ, എക്സ്പ്രസ്, അത്യാധുനിക സൗകര്യങ്ങൾ ഉള്ള പ്രീമിയം ട്രെയിനുകൾ എന്നിവ ഇതിൽ ഉൾപ്പെടുമെന്ന് വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഇന്ത്യൻ റെയിൽവേ ഇതുകൂടി ലക്ഷ്യമിട്ട് ഇപ്പോൾ പ്രതിവർഷം 30,000 കോച്ചുകൾ നിർമിക്കുന്നുണ്ട്. 1500 ലോക്കോമോട്ടീവുകളും (എൻജിനുകൾ) വർഷംതോറും പുറത്തിറക്കുന്നുണ്ട്.
കഴിഞ്ഞ 11 വർഷത്തിനുള്ളിൽ രാജ്യത്ത് 35,000 കിലോമീറ്റർ ട്രാക്കാണ് പുതുതായി കൂട്ടിച്ചേർത്തത്. ഒരു വർഷത്തിനുള്ളിൽമാത്രം 5300 കിലോമീറ്റർ ദൈർഘ്യത്തിൽ പുതിയ ട്രാക്കുകൾ നിർമിച്ചു.
ബുള്ളറ്റ് ട്രെയിൻ പദ്ധതി ജാപ്പനീസ് സഹകരണത്തോടെ പുരോഗമിക്കുകയാണ്. ഇതിന്റെ ആദ്യത്തെ പ്രോട്ടോടൈപ്പ് 2006ൽ പരീക്ഷണ ഓട്ടത്തിനു സജ്ജമാകുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
2027ൽ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. മദ്രാസിലെയും റൂർക്കിയിലെയും ഐഐടികളാണ് ബുള്ളറ്റ് ട്രെയിനിന്റെ രൂപകൽപ്പനയിലും ഗവേഷണത്തിലും പങ്കാളികളായിട്ടുള്ളത്.
സുരക്ഷ വർധിപ്പിക്കുന്നതിനായി നിരവധി പദ്ധതികളാണ് റെയിൽവേ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഫലവും കണ്ടുതുടങ്ങി. ട്രെയിൻ പാളം തെറ്റലുകളുടെ എണ്ണം പ്രതിവർഷം 170ൽനിന്ന് 30ൽ താഴെയായി കുറഞ്ഞിട്ടുണ്ട്.
റെയിൽവേയുടെ പ്രഫഷണൽ മാനേജ്മെന്റിന് ജപ്പാന്റെയും സ്വിറ്റ്സർലൻഡിന്റെയും മാതൃകകൾ പിന്തുടരാനും മന്ത്രാലയം തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്.
പാതിവില സ്കൂട്ടർ തട്ടിപ്പ്: കേസ് രജിസ്റ്റർ ചെയ്യാൻ കോടതി നിർദേശം
പാലക്കാട്: നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ പേരിൽ പാതിവില സ്കൂട്ടർതട്ടിപ്പ് നടത്തിയ സായി ഗ്ലോബൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എൻ. ആനന്ദകുമാർ, നാഷണൽ എൻജിഒ കോൺഫെഡറേഷൻ കോ-ഓർഡിനേറ്റർ അനന്തു കൃഷ്ണൻ എന്നിവരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യാൻ പ്രത്യേക കോടതി നിർദേശിച്ചു.
പാലക്കാട് ജനനി എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റി അടച്ച ഗുണഭോക്തൃവിഹിതമായ 42 ലക്ഷം രൂപ തിരിച്ചുലഭിക്കാനും തട്ടിപ്പുനടത്തിയവരെ ചതി, വഞ്ചന, ബഡ്സ് നിയമ പ്രകാരം അറസ്റ്റ് ചെയ്തു വിചാരണ നടത്തി ശിക്ഷിക്കുവാനുംവേണ്ടി ജനനി നൽകിയ സ്വകാര്യഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷനാണ് അന്വേഷണ ചുമതല.
കൊച്ചിയിലെ ഫ്ലാറ്റില്‍ വന്‍ ലഹരിവേട്ട; നാലു പേർ അറസ്റ്റില്‍
കൊച്ചി: എറണാകുളം എളംകുളം മെട്രോ സ്റ്റേഷനു സമീപത്തെ ഫ്ലാറ്റില്‍ വൻ ലഹരിവേട്ട. യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍.
മലപ്പുറം മൂര്‍ക്കനാട് വലിയപാലത്തിങ്കല്‍ മുഹമ്മദ് ഷാമില്‍ (28), കോഴിക്കോട് ചേലന്നൂര്‍ നരിക്കുനി ഇരുവള്ളൂര്‍ ചിറ്റാടിപുറയില് അബു ഷാമില്‍ (28), മലപ്പുറം വലിയങ്ങാടി ചങ്ങറംപിള്ളി ഫല്ജാസ് മുഹമ്മദ് അഫ്നാന് (26), കോഴിക്കോടി മുണ്ടക്കല്‍ ചേളന്നൂര്‍ പ്രശാന്തിയില്‍ എസ്.കെ. ദിയ (24) എന്നിവരെയാണു പിടികൂടിയത്.
115 ഗ്രാം എംഡിഎംഎ, 35 ഗ്രാം എക്സ്റ്റസി ടാബ്ലറ്റുകള്, രണ്ടു ഗ്രാം കഞ്ചാവ്, 50,000 രൂപ എന്നിവ ഇവരില്‍നിന്ന് കണ്ടെടുത്തു.
കൊച്ചി നഗരത്തില്‍ സംശയമുള്ളവരുടെ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന രഹസ്യപരിശോധനയുടെ ഭാഗമായാണ് എളംകുളത്തുള്ള ഇവരുടെ ഫ്ലാറ്റും പരിശോധിച്ചത്.
മുമ്പ് ലഹരിക്കേസുകളില്‍ പ്രതിയായിട്ടുള്ളയാൾ ഫ്ലാറ്റില്‍നിന്ന് ഇറങ്ങിവരുന്നത് ഡാന്‍സാഫ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇയാളെ ചോദ്യം ചെയ്തെങ്കിലും ലഹരി കണ്ടെത്താനായില്ല. തുടര്‍ന്ന് ഫ്ലാറ്റിനുള്ളിലേക്കു കടന്ന പോലീസ് സംഘത്തെ അവിടെയുണ്ടായിരുന്ന യുവതിയും ആണ്‍സുഹൃത്തുക്കളും ചേര്‍ന്നു തടഞ്ഞു.
ഇവരുടെ കൈവശമുണ്ടായിരുന്ന ലഹരിവസ്തുക്കള്‍ ശുചിമുറിയില്‍ എറിഞ്ഞു നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് അവ വീണ്ടെടുത്തു. ഇവിടെ ഫ്ലാറ്റ് വാടകയ്ക്കെടുത്തതിനു പിന്നാലെ മറ്റുള്ളവരും വന്നുചേരുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരുന്നു.
അനാശാസ്യകേന്ദ്രത്തില്‍ റെയ്ഡ്; നാലു പേര് അറസ്റ്റില്‍
കൊച്ചി: എറണാകുളം സൗത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നാലു പേര് അറസ്റ്റില്‍.
നടത്തിപ്പുകാരന് പാലക്കാട് മണ്ണാര്‍ക്കാട് കാരക്കുറിശി അക്ബര്‍ അലി (28), ഇയാളുടെ സുഹൃത്തുക്കളായ മണ്ണാര്‍ക്കാട് കാരക്കുറിശി അമ്പഴക്കോടന് വീട്ടില്‍ മന്‍സൂര്‍ അലി (30), മണ്ണാര്‍ക്കാട് കാരക്കുറിശി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ പി.പി. ഷെഫീഖ് (26), ഇടപാടുകാരനായ ചങ്ങനാശേരി വാഴപ്പിള്ളി തുരുത്തി വിഷ്ണു ഭവനില്‍ പി.വി. വിഷ്ണു (27) എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.
ഉത്തരേന്ത്യക്കാരായ ആറു സ്ത്രീകള്‍ ഉള്‍പ്പെടെ പത്തുപേരാണ് തിങ്കളാഴ്ച രാത്രി എളമക്കര പോലീസും കടവന്ത്ര പോലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടിയിലായത്. കസ്റ്റഡിയിലെടുത്ത സ്ത്രീകളെ വനിതാ പോലീസ് സ്റ്റേഷനിലേക്കു മാറ്റി.
ഇടപ്പള്ളിയില്‍ ഹോട്ടലിനു സമീപത്തായി അനാശാസ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എളമക്കര പോലീസിന് കഴിഞ്ഞദിവസം വിവരം ലഭിച്ചിരുന്നു. പോലീസ് പരിശോധന നടത്തിയെങ്കിലും സ്ത്രീകളാരും ഇവിടെ ഉണ്ടായിരുന്നില്ല.
പരിശോധനയെത്തുടര്‍ന്ന് അക്ബര്‍ അലിയെ എളമക്കര പോലീസ് തിങ്കളാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം മറ്റൊരു സ്ഥാപനംകൂടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം പോലീസിനു ലഭിച്ചത്. തുടര്‍ന്ന് പോലീസ് ഇവിടെ റെയ്ഡ് നടത്തുകയായിരുന്നു.
ലൊക്കാന്റോ സൈറ്റില്‍ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ നല്‍കിയായിരുന്നു ഇവര്‍ ഇടപാട് നടത്തിയിരുന്നത്.
യുവതികളെ എത്തിച്ചത് പ്രണയം നടിച്ച്
അക്ബര്‍ അലി പെണ്‍കുട്ടികളെ വീഴ്ത്തിയിരുന്നത് പ്രണയം നടിച്ചായിരുന്നുവെന്ന് പോലീസ് പറയുന്നു. ആഡംബര കാറിലായിരുന്നു ഇയാളുടെ സഞ്ചാരം. ഇത്തരത്തില്‍ സൗഹൃദത്തിലാകുന്ന യുവതികള്‍ക്ക് ലഹരി നല്കി അനാശാസ്യകേന്ദ്രത്തില്‍ എത്തിച്ചിരുന്നതായും സൂചനയുണ്ട്.
ഇയാളുടെ ഫോണില്‍നിന്ന് നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോകളാണ് പോലീസിനു ലഭിച്ചത്. ഇതില്‍ ഐടി പ്രഫഷണലുകളും ചില കോളജ് വിദ്യാര്‍ഥിനികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു വിവരം. അക്ബര്‍ അലി മുമ്പ് കാക്കനാടാണ് താമസിച്ചിരുന്നത്.
സ്വകാര്യ ബാങ്ക് ജീവനക്കാരനെ കബളിപ്പിച്ച് യുവാവ് തട്ടിയെടുത്ത 39 ലക്ഷം മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി
കോഴിക്കോട്: മറ്റൊരു ബാങ്കില്‍ പണയംവച്ച സ്വര്‍ണം എടുത്ത് മാറ്റിവയ്ക്കാനെന്നു പറഞ്ഞ് സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് യുവാവ് തട്ടിയെടുത്ത 39 ലക്ഷം രൂപ ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.
രാമനാട്ടുകര ഇസാഫ് ബാങ്കില്‍നിന്നു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്ക് കൊണ്ടു പോകുന്നതിനിടെ പന്തീരാങ്കാവ് പള്ളിപ്പുറം സ്വദേശി ഷിബിന്‍ലാല്‍ തട്ടിയെടുത്ത ലക്ഷങ്ങളാണു പോലീസ് കണ്ടെത്തിയത്.
ജൂണ്‍ 11നാണ് കവര്‍ച്ച നടന്നത്. മൂന്നാം ദിവസംതന്നെ ഷിബിന്‍ലാലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത സമയം പ്രതിയില്‍നിന്ന് 55,000 രൂപ കണ്ടെടുത്തിരുന്നു.
ഒരു ലക്ഷം രൂപ മാത്രമേ ഇസാഫ് ബാങ്ക് ജീവനക്കാരന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ ഉണ്ടായിരുന്നുള്ളൂവെന്നായിരുന്നു ഷിബിന്‍ലാലിന്റെ വാദം. മറ്റൊരു ബാങ്കില്‍ പണയംവച്ച സ്വര്‍ണം എടുത്ത് ഇസാഫ് ബാങ്കില്‍ പണയം വയ്ക്കാമെന്ന് ഷിബിന്‍ലാല്‍ പറഞ്ഞത് ശരിയാണെന്നു വിശ്വസിച്ച് ജീവനക്കാരന് 39 ലക്ഷം രൂപ ബാഗിലാക്കി എത്തുകയായിരുന്നു.
മറ്റു ബാങ്കുകളില്‍ സ്വര്‍ണം പണയം വച്ചിട്ടുണ്ടെന്നു വിശ്വസിപ്പിക്കാന്‍ ഷിബിന്‍ലാലും ഭാര്യയും ചേര്‍ന്ന് ഇസാഫ് ബാങ്കില്‍ വ്യാജ രേഖകള്‍ ഹാജരാക്കിയിരുന്നു. സ്കൂട്ടറില്‍ എത്തിയ ഷിബിന്‍ലാല്‍ ജീവനക്കാരന്റെ കൈയിൽനിന്നു പണമടങ്ങിയബാഗ് തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. പല തവണ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിട്ടും ബാഗില്‍ 39 ലക്ഷം രൂപ ഇല്ലെന്നാണ് ഷിബിന്‍ലാല്‍ ആവര്‍ത്തിച്ചത്.
39 ലക്ഷം ബാഗില്‍ നിറച്ചിരുന്നുവെന്നാണ് ഇസാഫ് ബാങ്ക് ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കിയത്. കേസുമായി ബന്ധമുണ്ടെന്നു കണ്ടതിനാല്‍ ഷിബിന്‍ലാലിന്റെ ഭാര്യ കൃഷ്ണലേഖയെയും സുഹൃത്ത് കുട്ടാപ്പിയെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.
നാഷണൽ ഫാർമേഴ്സ് പാർട്ടി നേതാക്കൾ അമിത് ഷായുമായി ചർച്ച നടത്തി
കട്ടപ്പന: നാഷണൽ ഫാർമേഴ്സ് പാർട്ടി പ്രസിഡന്റ് മുൻ എംപി ജോർജ് ജെ. മാത്യു, ജനറൽ സെക്രട്ടറി മുൻ എംഎൽഎ പി.എം. മാത്യു, വൈസ് പ്രസിഡന്റ് മുൻ എംഎൽഎ എം.വി. മാണി, കെ.ഡി. ലൂയിസ് എന്നിവർ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുമായി ചർച്ച നടത്തി.
പശ്ചിമഘട്ടത്തിലെ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കി ഇഎസ്എ പരിധി പുനർനിർണയിക്കുമെന്നും വന്യജീവി ആക്രമണം പരിഹരിക്കുന്നതിന് കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ മനുഷ്യരുടെയും കൃഷി യിടങ്ങളുടെയും സുരക്ഷയ്ക്ക് പ്രാധാന്യം നൽകി ഭേദഗതി വരുത്തുമെന്നും കേന്ദ്ര മന്ത്രി അമിത്ഷ ഉറപ്പു നൽകിയതായി ഇവർ അറിയിച്ചു.
ക്രൈസ്തവർക്ക് മൈക്രോ മൈനോറിറ്റി പദവി നൽകുന്ന കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും അമിത്ഷ അറിയിച്ചു.
വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനവും നാഷണൽ ഫാർമേഴ്സ് പാർട്ടി നേതാക്കൾ മന്ത്രിക്കു നൽകി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ജനറൽ സെക്രട്ടറി അനൂപ് ആന്റണി, വൈസ് പ്രസിഡന്റ് ഷോണ്‍ ജോർജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
സ്പെയിനിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു
കോഴഞ്ചേരി: സ്പെയിനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പുല്ലാട് കുറുങ്ങഴ ഒടിക്കണ്ടത്തില്‍ മാത്യു തോമസ് (മോനി) അന്നമ്മ (സുജ) ദമ്പതികളുടെ മകനായ മെര്വിന് തോമസ് മാത്യുവാണ് (28) മരിച്ചത്.
പൈലറ്റാകാനുള്ള പഠനത്തിനുവേണ്ടി സ്പെയിനിലെത്തിയ മെര്വിന് പരിശീലനം നടത്തിവരികയായിരുന്നു. പരിശീലനകേന്ദ്രത്തിലേക്ക് ഇരുചക്രവാഹനത്തില്‍ പോകുമ്പോഴാണ് അപകടത്തില്‍ മരിച്ചതെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. പുല്ലാട് പുരയിടത്തിന്‍കാവ് സെഹിയോന്‍ മാര്‍ത്തോമ്മാ ഇടവകാംഗമാണ്.
ബഹ്റിന് എംബസിയും സ്പെയിനിലെ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു.
മെർവിന്റെ പിതാവ് മാത്യു തോമസ് ബഹറിൻ ആഭ്യന്തരവകുപ്പിൽ ഉദ്യോഗസ്ഥനാണ്.
സഹോദരങ്ങൾ: ഡോ. മെര്ളിന് മോനി, മെറിന് മോനി. സഹോദരീ ഭർത്താവ്: ജയിസ് വര്‍ഗീസ് (ആലുവ).
സ്കൂള്‍ സമയമാറ്റം: ചര്‍ച്ച തീരുമാനം മാറ്റാനല്ല, ബോധ്യപ്പെടുത്താനെന്ന് മന്ത്രി
കണ്ണൂര്‍: വിദ്യാഭ്യാസവും മതവും കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. കണ്ണൂര്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദേഹം.
സര്‍ക്കാര്‍ സ്കൂളുകളിലെ പഠന സമയം വിദ്യാഭ്യാസ നിയമങ്ങള്‍ക്കനുസരിച്ചാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ സമസ്തയ്ക്ക് അവരുടെ അഭിപ്രായം പറയാമെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാണെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
സ്കൂള്‍ സമയമാറ്റത്തെക്കുറിച്ചുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്നതിനായി സമസ്തയുടെ നേതാവായ ജിഫ്രി തങ്ങളെ ഫോണില്‍ വിളിച്ചിരുന്നെന്നും ചര്‍ച്ചയ്ക്കു തയാറാണെന്ന് അദ്ദേഹം അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ സമയമാറ്റ വിഷയത്തില്‍ സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.
അതേസമയം, ചര്‍ച്ച തീരുമാനം മാറ്റാനല്ല, ബോധ്യപ്പെടുത്താനെന്നും ശിവന്‍കുട്ടി പറഞ്ഞു. 47 ലക്ഷം വിദ്യാര്‍ഥികള്‍ കേരളത്തില്‍ പഠിക്കുന്നുണ്ടെന്നും എല്ലാവരുടെയും താത്പര്യമാണു സംരക്ഷിക്കുക.
സര്‍ക്കാര്‍ ഏതെങ്കിലും വിഭാഗത്തിന്റെ വിശ്വാസത്തിനോ പ്രാര്‍ഥനയ്ക്കോ എതിരല്ല. പക്ഷേ, കുട്ടികളുടെ വിദ്യാഭ്യാസവും അക്കാദമിക മുന്നേറ്റവുമാണ് ഏറ്റവും വലുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റൽ റവന്യു കാർഡ് പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അംഗീകാരം
തിരുവനനന്തപുരം: കേന്ദ്രസർക്കാരിന്റെ ഭരണപരിഷ്കരണ വകുപ്പ് സംസ്ഥാന സഹകരണ സംരംഭക പദ്ധതിയുടെ കീഴിൽ നടപ്പാക്കുന്ന 11 ഇനങ്ങളിൽ ഒന്നാമതായി കേരളത്തിന്റെ ഡിജിറ്റൽ റവന്യു കാർഡ് പദ്ധതി ഇടംപിടിച്ചു.
ഡിജിറ്റൽ സർവേ പൂർത്തിയാകുന്ന വില്ലേജുകളിൽ നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരത്തക്ക വിധമാണ് നടപടി പുരോഗമിക്കുന്നത്.
വില്ലേജുകൾ സ്മാർട്ട് ആക്കുന്നതിനോടൊപ്പം സ്മാർട്ട് സേവനങ്ങളും എന്ന സങ്കല്പം സാക്ഷാത്കരിക്കാനും മുൻഗണന നൽകുന്നുണ്ട്.
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: പ്രവേശനം ഇന്നും നാളെയും
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം ഇന്നു രാവിലെ 10 മുതൽ നാളെ വൈകുന്നേരം നാലുവരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ https://hscap.kerala.gov.in ൽ ലഭിക്കും.
അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം എത്തണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽനിന്ന് പ്രിന്റെടുത്ത് അഡ്മിഷൻ സമയത്ത് നൽകും.
അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തുടർ അലോട്ട്മെന്റുകൾ സംബന്ധിച്ച വിശദാംശങ്ങൾ 18ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
സംസ്ഥാനത്തെ 87 മത്സ്യമാര്‍ക്കറ്റുകള്‍ നിയന്ത്രിത വിപണന മേഖലകള്‍
ബിനു ജോര്‍ജ്
കോഴിക്കോട്: മായം കലര്‍ന്നതും കേടായതുമായ മത്സ്യങ്ങളുടെ വില്പന വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ 87 മത്സ്യമാര്‍ക്കറ്റുകളെ സര്‍ക്കാര്‍ നിയന്ത്രിത വിപണന മേഖലകളായി വിജ്ഞാപനം ചെയ്തു.
മത്സ്യസംഭരണം, വിപണനം, ഗുണനിലവാര പരിപാലനം എന്നിവ കാര്യക്ഷമമാക്കുന്നതിനായി 2021-ലെ കേരള മത്സ്യസംഭരണവും വിപണനവും ഗുണനിലവാര പരിപാലനവും ആക്ടിന്റെ (2021ലെ 16-ാം ആക്ട്) 3-ാം വകുപ്പിലെ (1)ാം ഉപവകുപ്പ് പ്രകാരമുള്ള അധികാരം വിനിയോഗിച്ചുകൊണ്ടാണ് നടപടി. ഉദേശ്യലക്ഷ്യം ഉറപ്പുവരുത്താനായി സംസ്ഥാനതല മത്സ്യ ഗുണനിലവാര പരിപാലന സമിതിക്കും രൂപം നല്കി.
തിരുവനന്തപുരം-20, കൊല്ലം-18, പത്തനംതിട്ട-4, ആലപ്പുഴ-8, കോട്ടയം-4, എറണാകുളം-10, തൃശൂര്‍-5, പാലക്കാട്-1, മലപ്പുറം-3, കോഴിക്കോട്-2, വയനാട്-2, കണ്ണൂര്‍-5, കാസര്‍കോഡ് -2 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലും വിജ്ഞാപനം ചെയ്ത മാര്‍ക്കറ്റുകളുടെ എണ്ണം. മത്സ്യ ലേലം, സംഭരണം, വിപണനം എന്നിവ നിയന്ത്രിക്കാനും ശുചിത്വവും കാര്യക്ഷമവുമായ ലേലവും വിപണനവും പ്രോത്സാഹിപ്പിക്കാനും ഗുണനിലവാരം ഉറപ്പുവരുത്താനും മത്സ്യ ഗുണനിലവാര സമിതിക്ക് ഇടപെടാന്‍ കഴിയും.
ഫിഷറീസ് ഡയറക്ടറാണു ഗുണനിലവാര സമിതിയുടെ ചെയര്‍പേഴ്സണ്‍. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍, ചീഫ് ഗവണ്മെന്റ് അനലിസ്റ്റ്, കൊച്ചി വില്ലിംഗ്ടണ്‍ ഐലൻഡിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എ.എ. സൈനുദീന്‍ എന്നിവര്‍ സമിതി അംഗങ്ങളും ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ (പ്രോജക്ട്) മെമ്പര്‍ സെക്രട്ടറിയുമാണ്.
മായം കലര്‍ന്ന മത്സ്യവില്പന തടയാന്‍ 2022 ഏപ്രില്‍ 18 മുതല്‍ ഓപ്പറേഷന് ‘മത്സ്യ’പദ്ധതിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രംഗത്ത് എത്തിയിട്ടും സംസ്ഥാനമൊട്ടാകെയുള്ള മാര്‍ക്കറ്റുകളില്‍ ഇപ്പോഴും രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യവില്പന നടക്കുന്നുണ്ട്.
ചെക്ക്പോസ്റ്റുകളില്‍ പരിശോധനയ്ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പറയുമ്പോഴും തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യങ്ങള്‍ കൂടുതലായും കേരള വിപണിയില്‍ എത്തുന്നത്.
മാർ ഈവാനിയോസ് ഐക്യത്തിന്റെ പ്രവാചകൻ: ആർച്ച്ബിഷപ് പോൾ ഗല്ലഗർ
തിരുവനന്തപുരം: ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്ത ഐക്യത്തിന്റെ പ്രവാചകനും അതിനുള്ള ത്യാഗം ഏറ്റെടുത്ത ജാഗരൂകനായ അജപാലകനുമായിരുന്നെന്നു വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ നയതന്ത്ര സെക്രട്ടറി ആർച്ച്ബിഷപ് പോൾ ഗല്ലഗർ.
ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 72-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ നടന്ന സമൂഹബലി മധ്യേ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
മലങ്കര പുനരൈക്യ പ്രസ്ഥാനം ചരിത്രപരമായ സംഭവം എന്നതിനേക്കാൾ ഈ കാലഘട്ടത്തിൽ സജീവമായ ഒരടയാളവും സുവിശേഷ സാക്ഷ്യവുമാണ്. ദൈവസ്നേഹത്തിലധിഷ്ഠിതമായ സഭൈക്യത്തിനാണ് മാർ ഈവാനിയോസ് പ്രാധാന്യം നൽകിയത്. അവിഭക്തമായ മലങ്കര സഭയായിരുന്നു അദ്ദേഹം സ്വപ്നം കണ്ടത്. സുവിശേഷത്തോട് അദ്ദേഹം പുലർത്തിയ അചഞ്ചലമായ സമർപ്പണമാണ് സാർവത്രിക സഭാ ബന്ധത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്നും ആർച്ച്ബിഷപ് ഗല്ലഗർ പറഞ്ഞു.
ഇന്നലെ രാവിലെ നടന്ന സമൂഹബലിയിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായിരുന്നു. ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ സാമുവൽ മാർ ഐറേനിയോസ്, വിൻസെന്റ് മാർ പൗലോസ്, തോമസ് മാർ അന്തോണിയോസ്, തോമസ് മാർ യൗസേബിയോസ്, യൂഹാനോൻ മാർ തെയഡോഷ്യസ്, ഗീവർഗീസ് മാർ മക്കാറിയോസ്, മാത്യൂസ് മാർ പക്കോമിയോസ്, ആന്റണി മാർ സിൽവാനോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോഷ്വാ മാർ ഇഗ്നാത്തിയോസ് എന്നിവർ സഹകാർമികരായിരുന്നു.വൈദികരും സമൂഹബലിയിൽ പങ്കുചേർന്നു.
രാവിലെ സെന്റ് മേരീസ് കത്തീഡ്രൽ ഗേറ്റിൽ ആർച്ച്ബിഷപ് പോൾ ഗല്ലഗറിന് മലങ്കര കത്തോലിക്കാ സഭയുടെ ഔദ്യോഗിക സ്വീകരണം നൽകി. കബറിടത്തിൽ അനുസ്മരണ പ്രാർഥന നടന്നു.
ധന്യൻ മാർ ഈവാനിയോസ് ഉപയോഗിച്ചിരുന്ന അംശവടിയും സ്ലീബായുമാണ് കാതോലിക്കാ ബാവ ഉപയോഗിച്ചത്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽനിന്നും വിശ്വാസികളുടെ വലിയ പങ്കാളിത്തം അനുസ്മരണ ശുശ്രൂഷകളിൽ ഉണ്ടായിരുന്നു. കഴിഞ്ഞ 15 ദിവസമായി നടന്നുവന്ന ഓർമപ്പെരുന്നാൾ സമാപിച്ചു.
ദേശീയപാതയില്‍ കാമറ സ്ഥാപിക്കുന്നതിനിടെ ലോറിയിടിച്ച് രണ്ടു തൊഴിലാളികള്‍ മരിച്ചു
കാസര്‍ഗോഡ്: മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ദേശീയപാതയില്‍ കാമറ സ്ഥാപിക്കുന്നതിനിടെ ലോറിയിടിച്ചു രണ്ടു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. രാജസ്ഥാന് ദുന്‍ഗാര്‍പുര്‍ സ്വദേശി അമിത് ദാമോര്‍ (25), ബിഹാര്‍ അക്ത്യാര്പുര് സ്വദേശി രാജാകുമാര്‍ മാഹ്തോ (27), എന്നിവരാണ് മരിച്ചത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ഉപകരാറുകാരായ ആര്യ ഐടിഎസ്ടി എന്ന ഗുജറാത്ത് കമ്പനിയിലെ തൊഴിലാളികളാണ് ഇരുവരും. ഇന്നലെ വൈകുന്നേരം ആറോടെയാണ് അപകടമുണ്ടായത്. ദേശീയപാതയില്‍ പിക്കപ്പ് വാഹനം നിര്‍ത്തിയിട്ട് അതിന്റെ മുകളില്‍ കയറി ജോലി ചെയ്യുകയായിരുന്നു മൂന്നു തൊഴിലാളികളും.
ഈ സമയം പാലക്കാട് മണ്ണാര്‍ക്കാട്ടുനിന്നു മംഗളൂരുവിലേക്കു പോവുകയായിരുന്ന ലോറി ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ടുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റയാളെ ഉടന്‍തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.
കനത്ത മഴ മൂലം ഇവര്‍ ജോലി ചെയ്തിരുന്നത് കാണാന്‍ സാധിച്ചില്ലെന്ന് ലോറിഡ്രൈവര്‍ പോലീസിനു മൊഴിനല്‍കി. മൃതദേഹങ്ങള്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
സ്പോട്ട് അഡ്മിഷന് കൗണ്‍സലിംഗ്
കൊച്ചി: മമ്മൂട്ടിയുടെ വിദ്യാമൃതം സൗജന്യ വിദ്യാഭ്യാസ പദ്ധതിയിലൂടെ എന്‍ജിനിയറിംഗ്, പോളിടെക്നിക്, ഫര്‍മസി കോഴ്സുകള്‍ പഠിക്കാനുള്ള സ്പോട്ട് അഡ്മിഷന് കൗണ്‍സലിംഗ് വയനാട്, ബത്തേരി പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഹാളില്‍ നാളെ നടക്കും. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ രാവിലെ 10.30ന് മുന്‍പ് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരേണ്ടതാണ്.
മമ്മൂട്ടി നേതൃത്വം നല്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും എംജിഎം ഗ്രൂപ്പും സംയുക്തമായി നടപ്പാക്കുന്ന വിദ്യാമൃതം സൗജന്യ വിദ്യാഭ്യാസ പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് എന്‍ജിനിയറിംഗ്, പോളിടെക്നിക്, ഫാര്‍മസി കോഴ്സുകള്‍ പഠിക്കാനാണ് അവസരം ലഭിക്കുന്നത്.
എംജിഎം ഗ്രൂപ്പിന്റെ എറണാകുളം, വളാഞ്ചേരി എന്നിവിടങ്ങളിലെ എന്‍ജിനിയറിംഗ് കോളജുകളിലെ വിവിധ ബിടെക് കോഴ്സുകളിലേക്കും കിളിമാനൂര്‍, എറണാകുളം, കണ്ണൂര്‍, വളാഞ്ചേരി എന്നിവിടങ്ങളിലെ പോളിടെക്നിക് കോളജുകളിലെ വിവിധ ഡിപ്ലോമ കോഴ്സുകളിലേക്കും കിളിമാനൂര്‍, എറണാകുളം, കണ്ണൂര്‍, വളാഞ്ചേരി എന്നിവിടങ്ങളിലെ ഫാര്‍മസി കോളജുകളിലെ ഫര്‍മസി കോഴ്സുകളിലേക്കുമാണ് പ്രവേശനത്തിന് അവസരം.
എംജിഎം സില്‍വര്‍ ജൂബിലി സ്കോളര്‍ഷിപ് സ്കീമിലും പ്രവേശനം നേടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 99464 85111, 99464.
ബോർഡ് ഓഫ് ആംഗ്ലോ ഇന്ത്യൻ എഡ്യുക്കേഷൻ ഭാരവാഹികൾ
കൊച്ചി: സെൻട്രൽ ബോർഡ് ഓഫ് ആംഗ്ലോ-ഇന്ത്യൻ എഡ്യുക്കേഷൻ ചെയർമാനായി ബെനഡിക്ട് സിമേന്തിയെ തെരഞ്ഞെടുത്തു.
സെക്രട്ടറിയായി ആൻഡ്രു കൊറയ, ട്രഷററായി പീറ്റർ കൊറയ എന്നിവരെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: മാർഷൽ ഡിക്കൂഞ്ഞ, ജോസഫ് ഡിസൂസ -വൈസ് ചെയർമാന്മാർ, ഡെൻസിൽ ലൂയിസ് -ജോ. സെക്രട്ടറി.
താത്കാലിക വിസിമാർ പുറത്ത്; ഗവര്‍ണർക്കു തിരിച്ചടി
കൊച്ചി: കേരള ഡിജിറ്റല്‍, ടെക്നിക്കല്‍ സര്‍വകലാശാലകളില്‍ താത്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച വിഷയത്തിൽ ഗവർണര്‍ക്കു ഹൈക്കോടതിയില്‍നിന്നു തിരിച്ചടി.
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ താത്കാലിക നിയമനം നടത്തിയ നടപടി നിയമപരമല്ലെന്നു ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ഇതുസംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാനാകില്ലെന്നു കോടതി വ്യക്തമാക്കി. രണ്ടു സര്‍വകലാശാലകളിലും സ്ഥിരം വിസിമാരെ നിയമിക്കാന്‍ ചാന്‍സലറും സര്‍ക്കാരും ചേര്‍ന്ന് അടിയന്തര നടപടിയെടുക്കണമെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രനും പി.വി. ബാലകൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
താത്കാലിക വിസി നിയമനങ്ങളില്‍ സര്‍ക്കാരിന്റെ ശിപാര്‍ശപ്രകാരമാണു ചാന്‍സലര്‍ തീരുമാനമെടുക്കേണ്ടതെന്ന് ഡിജിറ്റല്‍ സര്‍വകലാശാലാ നിയമത്തിന്റെ 11(10) വകുപ്പിലും ടെക്നിക്കല്‍ യൂണിവേഴ്സിറ്റി നിയമത്തിന്റെ 13(7) വകുപ്പിലും എടുത്തുപറയുന്നുണ്ട്. മൂന്നുപേരടങ്ങുന്ന പാനലില്‍നിന്ന് ഏറ്റവും യോഗ്യനായ വ്യക്തിയെ നിയമിക്കണമെന്നുമുണ്ട്. ഇതിനു വിരുദ്ധമായി സര്‍ക്കാര്‍ ശിപാര്‍ശ പരിഗണിക്കാതെയും പാനല്‍ തയാറാക്കാതെയുമായിരുന്നു നിയമനങ്ങള്‍. ഇക്കാര്യത്തില്‍ യുജിസി റെഗുലേഷന് അനുസരിച്ചാണു തീരുമാനമെടുത്തതെന്നും കേന്ദ്ര നിയമമാണു മുകളിലെന്നും ചാന്‍സലര്‍ വാദിച്ചിരുന്നു.
എന്നാല്‍, യുജിസി റെഗുലേഷനില്‍ താത്കാലിക വിസി നിയമനങ്ങള്‍ പ്രതിപാദിക്കുന്നില്ലെന്നും ഇതുസംബന്ധിച്ച സര്‍വകലാശാലാ നിയമങ്ങള്‍ അതിനാല്‍ത്തന്നെ സ്വതന്ത്രമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍വകലാശാല നിയമനങ്ങളില്‍ പരമാവധി ആറു മാസത്തേക്കാണു താത്കാലിക വിസി നിയമനങ്ങള്‍ നിര്‍ദേശിക്കുന്നത്.
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ ഈ സമയപരിധി കഴിഞ്ഞിരിക്കുന്നു. സ്ഥിരം വൈസ് ചാന്സലറില്ലാത്ത അവസ്ഥ സര്‍വകലാശാലാ സംവിധാനത്തിനും വിദ്യാര്ഥിതാത്പര്യത്തിനും നിരക്കാത്തതാണ്. അതിനാല്‍ എത്രയും പെട്ടെന്ന് സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു.
വൈസ് ചാന്‍സലര്‍ സര്‍വകലാശാലാ സംവിധാനത്തിന്റെ കിങ്പിന്‍ ആണെന്നും സര്‍വകലാശാലയുടെ ബോധ്യങ്ങളുടെ സംരക്ഷകനാണെന്നുമുള്ള ഗംഭീര്‍ധന്‍ കേസിലെ സുപ്രീംകോടതി നിരീക്ഷണം വിധിന്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിസിയുടെ ഒഴിവ് സര്‍വകലാശാലയുടെ ഉത്തമ താത്പര്യത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഡിജിറ്റല്‍ സര്‍വകലാശാലയുടെ താത്കാലിക വിസി ഡോ. സിസ തോമസും സാങ്കേതിക സര്‍വകലാശാല താത്കാലിക വിസി ഡോ. കെ. ശിവപ്രസാദും നല്കിയ ഹര്‍ജികളും ഡിവിഷന് ബെഞ്ച് തള്ളുകയായിരുന്നു.
ബാലികാ പീഡനം : മദ്രസ അധ്യാപകന് 86 വർഷം കഠിന തടവ്
മഞ്ചേരി : പതിനൊന്നുകാരിയെ ലൈംഗീക പീഡനത്തിന് വിധേയയാക്കിയ മദ്രസ അധ്യാപകന് മഞ്ചേരി സ്പെഷൽ പോക്സോ കോടതി വിവിധ വകുപ്പുകളിലായി 86 വർഷം കഠിന തടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം ഒതുക്കുങ്ങൽ ചീരിക്കപ്പറന്പിൽ ജാബിർ അലി (30) യെയാണ് ജഡ്ജ് എ.എം. അഷ്റഫ് ശിക്ഷിച്ചത്.
2022 ഏപ്രിൽ 21ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ പഠിപ്പിക്കുന്നതിനിടെ മേശക്കരികിലേക്ക് വിളിപ്പിക്കുകയും ഫോണിൽ അശ്ലീല ചിത്രം കാണിക്കുകയുമായിരുന്നു. പ്രതി കുട്ടിക്ക് സ്വന്തം സ്വകാര്യഭാഗങ്ങൾ കാണിച്ചു നൽകിയതായും പരാതിയുണ്ട്.
തുടർന്ന് പ്രതിയുടെ ആവശ്യപ്രകാരം ചോക്ക് കൊണ്ടുവരുന്നതിനായി കെട്ടിടത്തിന്റെ താഴെ നിലയിലെ ഓഫീസിലേക്ക് പോയ കുട്ടിയെ പിന്തുടർന്ന് ശുചിമുറിയിൽ കൊണ്ടുപോയി ബലാൽസംഗത്തിനിരയാക്കുകയായിരുന്നു. പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി പീഡന വിവരം ആരോടും പറഞ്ഞിരുന്നില്ല.
സന്ധ്യ കഴിഞ്ഞും ക്ഷീണിതയായി കാണപ്പെട്ട കുട്ടിയോട് കുടുംബാംഗം വിവരങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. പിറ്റേദിവസം കുടുംബം മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. അന്നു തന്നെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പ്രതിയിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണ്‍ പരിശോധിച്ചതിൽ അശ്ലീല ചിത്രങ്ങൾ കണ്ടെത്തിയിരുന്നു.
മാത്രമല്ല പ്രതിയുടെ അടിവസ്ത്രം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയതിലും തെളിവുകൾ ലഭിച്ചിരുന്നു. കുട്ടിയെ സംരക്ഷിക്കാൻ ബാധ്യതയുള്ള മദ്രസാ അധ്യാപകൻ റംസാൻ മാസത്തിൽ വ്രതമനുഷ്ഠിച്ച ബാലികയോട് കാണിച്ചത് നിഷ്ഠുരമായ പ്രവൃത്തിയാണെന്ന് കോടതി നിരീക്ഷിച്ചു.
12 വയസിന് താഴെ പ്രായമുള്ള കുട്ടിയെ ബലാൽസംഗം ചെയ്തതിന് പോക്സോ ആക്ടിലെ അഞ്ച് (എം) പ്രകാരം 40 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ മൂന്നു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. അധ്യാപകൻ വിദ്യാർഥിയെ ബലാൽസംഗം ചെയ്തതിന് അഞ്ച് (എഫ്) വകുപ്പു പ്രകാരം ഇതേ ശിക്ഷ തന്നെ അനുഭവിക്കണം.
കുട്ടിക്ക് അശ്ലീല ചിത്രം കാണിച്ചു നൽകിയതിന് 11(മൂന്ന്) വകുപ്പ് പ്രകാരവും കുട്ടിക്ക് സ്വകാര്യ ഭാഗം കാണിച്ചു നൽകിയതിന് 11(ഒന്ന്) വകുപ്പ് പ്രകാരവും മൂന്നു വർഷം വീതം കഠിന തടവും 25,000 രൂപ വീതം പിഴയും ശിക്ഷയനുഭവിക്കണം. പിഴയടച്ചില്ലെങ്കിൽ ഒരു മാസം വീതം അധിക തടവ് അനുഭവിക്കണം.
പ്രതിയുടെ റിമാൻഡ് കാലാവധി ശിക്ഷയായി പരിഗണിക്കുമെന്നും തടവ് ഒരുമിച്ചനുഭവിച്ചാൽ മതിയെന്നും കോടതി വിധിച്ചു.
ഗവർണറുടെ നടപടി ചട്ടവിരുദ്ധമെന്നു തെളിഞ്ഞു: മന്ത്രി ആർ. ബിന്ദു
തിരുവനന്തപുരം : വൈസ് ചാൻസലർമാരുടെ നിയമനത്തിൽ ഗവർണർ സ്വീകരിച്ച നടപടികൾ നിയമവിരുദ്ധമാണെന്നു തെളിഞ്ഞുവെന്നു മന്ത്രി ആർ. ബിന്ദു. ഗവർണർ നൽകിയ അപ്പീൽ കോടതി തള്ളി.
കാലങ്ങളായി സർക്കാർ പറഞ്ഞുകൊണ്ടിരുന്നതു ശരിയാണെന്നു ഇപ്പോൾ കോടതിവിധിയിലൂടെ തെളിഞ്ഞിരിക്കുന്നു. ഗവർണർക്ക് അധികാരമുണ്ട്, പക്ഷേ അധികാരപരിധിക്ക് അപ്പുറത്തേക്കു പോകുന്പോൾ ബുദ്ധിമുട്ടുണ്ടാക്കും. സർവകലാശാലകളുടെ നേട്ടങ്ങളെ ആകെ അട്ടിമറിക്കാനുള്ള ചാൻസലറുടെ നീക്കം അപമാനകരമാണെന്നും മന്ത്രി പറഞ്ഞു.
നിമിഷപ്രിയയുടെ മോചനം; കാന്തപുരം ഇടപെട്ടു; കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ചർച്ച
കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ സുന്നി നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ ഇടപെടലിൽ യെമനിൽ നിർണായക ചർച്ചകൾ ആരംഭിച്ചു.
ചര്‍ച്ചയില്‍ പുരോഗതിയുള്ളതായി കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. കാന്തപുരത്തിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് യെമനിലെ പ്രസിദ്ധ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണു ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
തെക്കൻ യെമനിലെ ഗോത്രകേന്ദ്രത്തിൽ ഇന്നലെ നടന്ന ചർച്ചയിൽ ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി ഹബീബ് അബ്ദുറഹ്മാന് അലി മഷ്ഹൂര്‍, യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്, ഗോത്ര തലവന്മാര് എന്നിവരാണ് പങ്കെടുത്തത്. ബ്ലഡ് മണി സ്വീകരിച്ചു തലാലിന്റെ കുടുംബം നിമിഷപ്രിയയ്ക്കു മാപ്പ് നൽകണമെന്നാണ് ചർച്ചയിൽ മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം.
ഇന്നലെ നടന്ന ചർച്ചയിൽ കുടുംബം അനുകൂല പ്രതികരണമൊന്നും നടത്തിയില്ല. ചർച്ച ഇന്നും തുടരുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. യെമനിൽ രാഷ്ട്രീയസംഘർഷം നിലനിൽക്കുന്നതിനാൽ സർക്കാർതലത്തിലുള്ള ഇടപെടലുകൾ ഫലപ്രദമാകാത്ത സാഹചര്യമാണുള്ളത്. വിഷയം ഇന്നലെ സുപ്രീംകോടതിയിൽ എത്തിയപ്പോൾ കേന്ദ്രസർക്കാരും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
കേസിൽ പെട്ടവർക്കു പരിവർത്തനത്തിന് അവസരം കൊടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ക്രിമിനൽ കേസുകളിലെ പ്രതികൾക്കു പരിവർത്തനപ്പെടാൻ അവസരം അനുവദിക്കേണ്ടതാണെന്നു ഹൈക്കോടതി. സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ ഒരാളുടെ സ്വഭാവരൂപീകരണത്തെ സ്വാധീനിക്കുമെന്നും കോടതി നിരീക്ഷിച്ചു.
പഴയ ക്രിമിനൽ കേസുകളുടെ പേരിൽ പാലക്കാട് സ്വദേശി കെ. ജിജിന് പോലീസിൽ ഡ്രൈവർ നിയമനം നിഷേധിച്ച സർക്കാർ ഉത്തരവും അതു ശരിവച്ച ട്രൈബ്യൂണൽ ഉത്തരവും റദ്ദാക്കിയ വിധിയിലാണ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. ഹർജിക്കാരന് നാലാഴ്ചയ്ക്കകം നിയമനം നൽകാനും കോടതി സർക്കാരിനോടു നിർദേശിച്ചു.
ഹർജിക്കാരന്റെ അമ്മ പോലീസ് വകുപ്പിൽ പാർട്ട് ടൈം സ്വീപ്പറായിരിക്കേ 2017ൽ മരിച്ചതിനെത്തുടർന്ന് പത്താംക്ലാസ് വിദ്യാഭ്യാസമുള്ള ജിജിന് പോലീസ് ഡ്രൈവറായി നിയമനം നൽകാൻ വകുപ്പ് തീരുമാനിച്ചു. എന്നാൽ, ഹർജിക്കാരനെതിരേ പൊതുസ്ഥലത്തു മദ്യപിച്ചതിനും സ്ത്രീക്കു നേരേ ആംഗ്യം കാട്ടിയതിനുമുൾപ്പെടെ ആറ് കേസുകളുണ്ടായിരുന്നു.
ഒരു കേസിൽ പിഴയടച്ചു. മറ്റൊന്നിൽ ഒരു ദിവസം തടവ് അനുഭവിച്ചു. മൂന്നു കേസുകളിൽ കുറ്റവിമുക്തനായി. ഒരു വൈവാഹിക തർക്കം ഒത്തുതീർപ്പാകുകയും ചെയ്തു. ഈ സാഹചര്യത്തിൽ ജോലി നിഷേധിച്ചതു നീതീകരിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
ഹർജിക്കാരൻ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലാണ്. ഉന്നത വിദ്യാഭ്യാസത്തിനു വഴിയുണ്ടായിരുന്നില്ല. കേസുകളിലും ഉൾപ്പെട്ടു. അങ്ങനെ ജീവിതത്തിൽ പല പ്രതിബന്ധങ്ങളും നേരിട്ടയാളാണെന്ന് കോടതി വിലയിരുത്തി.
ആരോപിച്ച കുറ്റകൃത്യങ്ങളും നൽകേണ്ട ജോലിയും തമ്മിൽ ബന്ധപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.
കർക്കടകത്തിൽ മഴ കനക്കും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കർക്കടക മാസത്തിൽ തിമിർത്തു പെയ്യുമെന്ന് സൂചന നൽകി കാലവർഷം ശക്തിപ്പെടുന്നു. ബുധനാഴ്ച മുതൽ മൂന്നു ദിവസം സംസ്ഥാനത്തെ 12 ജില്ലകളിലും കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
കർക്കടകം ഒന്നാം തീയതി വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ അത്യന്തം കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വെള്ളിയാഴ്ച ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച വരെ കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.
അവധി അപേക്ഷകളിലും പിടിമുറുക്കി ഹൈക്കോടതി; ന്യായാധിപർ അസംതൃപ്തിയിൽ
നവാസ് മേത്തർ
തലശേരി: ന്യായാധിപന്മാർക്ക് കേസുകൾ തീർപ്പാക്കുന്നതിൽ ടാർജറ്റ് നിശ്ചയിച്ചു നൽകിയതിനു പിന്നാലെ അവധി അപേക്ഷകളിലും പിടിമുറുക്കി ഹൈക്കോടതി. ഇനി മുതൽ ന്യായാധിപന്മാരുടെ അവധി അപേക്ഷയിൽ ജോലിയിലെ മികവും വിലയിരുത്തപ്പെടും. കഴിഞ്ഞ ദിവസം ഹൈക്കോടതി രജിസ്ട്രാർ പുറത്തിറക്കിയ ഇതു സംബന്ധിച്ച ഉത്തരവ് വൻ വിവാദത്തിലേക്ക് നീങ്ങുകയാണ്.
കാഷ്വൽ അവധി ഒഴികെയുള്ള അവധി അപേക്ഷകൾ നൽകുമ്പോൾ പരിഗണിച്ച കേസുകൾ, പഴയ കേസുകൾ തീർപ്പാക്കുന്നതിൽ കാണിച്ച മികവ്, കഴിഞ്ഞ രണ്ട് വർഷത്തെ അവധി ഉപയോഗത്തിന്റെ വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തണമെന്നാണ് മജിസ്ട്രേറ്റ് മുതൽ ജില്ലാ സെഷൻസ് ജഡ്ജിമാർ വരെയുള്ളവർക്ക് നൽകിയിട്ടുള്ള നിർദേശം. അവധി അപേക്ഷകളിൽ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാർ, ചീഫ് ജുഡീഷൽ മജിസ്ട്രേറ്റുമാർ എന്നിവർ അവരുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തണം.
കേസ് തീർക്കുന്നതിൽ ടാർജറ്റ് നിശ്ചയിച്ചതിനു പിന്നാലെ അവധി അപേക്ഷകളിലും ഹൈക്കോടതി പിടിമുറുക്കിയത് ന്യായാധിപന്മാർക്കിടയിൽ വലിയ അസംതൃപ്തിക്ക് ഇടയാക്കിയിരിക്കുകയാണ്.
ജുഡീഷൽ ഓഫീസർമാർക്ക് നിയമപരമായി ലഭിക്കുന്ന വിവിധ അവധികൾ ദുരുപയോഗം ചെയ്യുന്നതു തടയാനാണ് പുതിയ ഉത്തരവിലൂടെ ഹൈക്കോടതി ലക്ഷ്യമിടുന്നതെന്നാണ് സൂചന.
എന്നാൽ, ഇപ്പോൾ പുറത്തുവന്നിട്ടുള്ള നിബന്ധനകൾ നിയമപരമായി നിലനിൽക്കുന്നതെല്ലെന്ന വാദവും ഉയരുന്നുണ്ട്. അർഹതപ്പെട്ട അവധികൾ നൽകാതിരിക്കാനാണ് ശ്രമം നടക്കുന്നതെന്നും കേരള സർവീസ് റൂൾസിന് വിരുദ്ധമായ കാര്യങ്ങളാണ് നടപ്പാക്കുന്നതെന്നും ആക്ഷേപമുണ്ട്.
ജുഡീഷൽ ഓഫീസർമാരുടെ പ്രകടനം വിലയിരുത്താൻ അവധി അപേക്ഷകൾ ഉപയോഗിക്കുന്നത് കേട്ടു കേൾവിയില്ലാത്ത നടപടിയാണ്.
ന്യായാധിപന്മാരുടെ നീതി നിർവഹണം സംബന്ധിച്ച് പ്രതിമാസ വിവരം നിലവിൽ സമർപ്പിക്കുന്നുണ്ട്. കൂടാതെ, വാർഷികവിവരങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മാത്രവുമല്ല, ന്യായാധിപന്മാരുടെ നീതി നിർവഹണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ കോടതി ജീവനക്കാർ, അഭിഭാഷകരുടെ സാന്നിധ്യം ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് നടക്കുക.
ഇത്തരം ഒരു സാഹചര്യത്തിൽ അവധി ഉപയോഗിക്കുന്നതിന് നിബന്ധനകൾ ചുമത്തിയത് ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
ധന്യൻ മാർ ഈവാനിയോസ് ഓർമപ്പെരുന്നാൾ ഇന്ന് സമാപിക്കും
തിരുവനന്തപുരം: വിശുദ്ധമായ ജീവിതത്തിലൂടെ സഭയുടെ ധന്യനായകനായ മാർ ഈവാനിയോസ് പിതാവിന്റെ പുണ്യപാദത്തിൽ അനുഗ്രഹം പ്രാപിക്കാനായി വിശ്വാസിസമൂഹം പദയാത്രയായെത്തി.
കേരളത്തിനകത്തു നിന്നും ഇതര സംസ്ഥാനങ്ങളിലെ ഭദ്രാസനങ്ങളിൽ നിന്നും ആരംഭിച്ച് ദിവസങ്ങൾ നീണ്ട പദയാത്രകളാണ് ഇന്നലെ വൈകുന്നേരം പട്ടത്തെ മാർ ഈവാനിയോസ് കബറിടത്തിൽ സംഗമിച്ചത്. തുടർന്നു നടന്ന മെഴുകുതിരി പ്രദക്ഷിണം അജഗണങ്ങളുടെ വിശ്വാസപ്രഖ്യാപനമായി.
ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് റാന്നി- പെരുനാട്ടിൽ നിന്നും മറ്റ് വിവിധ സ്ഥലങ്ങളിൽ നിന്നും പുറപ്പെട്ട തീർഥാടക സംഘങ്ങൾ ഇന്നലെ വൈകുന്നേരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിടത്തില്‍ പ്രവേശിച്ചു. പദയാത്രികർ വിവിധ സംഘങ്ങളായാണ് ഓരോ ഇടത്തുനിന്നും പദയാത്രയിൽ പങ്കുചേർന്നത്.
റാന്നി- പെരുനാട്ടിൽ നിന്നും കഴിഞ്ഞ അഞ്ചു ദിവസമായി നടന്നുവരുന്ന പ്രധാന പദയാത്രാ സംഘത്തെ കബറിടത്തിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ജന്മഗൃഹമായ മാവേലിക്കരയിൽ നിന്നു പുറപ്പെട്ട പദയാത്രയ്ക്ക് ബിഷപ്പുമാരായ മാത്യൂസ് മാർ പോളികാർപ്പസ്, ജോഷ്വാ മാർ ഇഗ്നാത്തിയോസ് എന്നിവർ നേതൃത്വം നൽകി.
മാർത്താണ്ഡം, പാറശാല ഭദ്രാസനങ്ങളിൽ നിന്നുമുള്ള പദയാത്രയ്ക്ക് ഭദ്രാസനാധ്യക്ഷന്മാരായ ബിഷപ് വിൻസെന്റ് മാർ പൗലോസ്, തോമസ് മാർ യൗസേബിയോസ് എന്നിവർ നേതൃത്വം നൽകി. ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ മലങ്കര കത്തോലിക്കാ സമൂഹങ്ങളിൽ നിന്നും എത്തിച്ചേർന്ന തീർഥാടകരും പ്രധാന പദയാത്രയോടൊപ്പം ചേർന്നു.
തുടർന്ന് സന്ധ്യാ നമസ്കാരത്തിനുശേഷം ആയിരങ്ങൾ കത്തിച്ച മെഴുകുതിരികളുമായി കത്തീഡ്രലിൽ നിന്നും പ്രദക്ഷിണമായി പുറപ്പെട്ടു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയേറ്റിലെ അന്താരാഷ്ട്ര സംഘടനകളുടെയും രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെയും പ്രത്യേക ചുമതലയുള്ള സെക്രട്ടറി ആർച്ച് ബിഷപ് പോൾ ഗല്ലഗറും മെഴുകുതിരി പ്രദക്ഷിണത്തിൽ പങ്കുചേർന്ന് ജനത്തെ ആശീർവദിക്കാൻ കത്തീഡ്രൽ ബാൽക്കണിയിൽ എത്തിയിരുന്നു.
ഇന്നു രാവിലെ എട്ടിന് ആർച്ച് ബിഷപ് പോൾ ഗല്ലഗറിന് കത്തീഡ്രൽ ഗേറ്റിൽ മലങ്കര കത്തോലിക്കാ സഭയുടെ വരവേൽപ്പ് നൽകും.
കാതോലിക്കാ ബാവായും മറ്റ് മെത്രാപ്പോലീത്താമാരും ചേർന്ന് അദ്ദേഹത്തെ സ്വീകരിക്കും. തുടർന്ന് ആഘോഷമായ സമൂഹബലിയും കബറിങ്കൽ ധൂപപ്രാർത്ഥനയും നടക്കും. കഴിഞ്ഞ 15 ദിവസമായി നടന്നുവരുന്ന മാർ ഈവാനിയോസ് ഓർമപ്പെരുന്നാൾ ഇന്ന് സമാപിക്കും.
ഉത്തരവാദിത്വ ടൂറിസം പദ്ധതികൾക്ക് 7.05 കോടി രൂപയുടെ ഭരണാനുമതി
തിരുവനന്തപുരം: കേരള റസ്പോണ്‍സിബിൾ ടൂറിസം മിഷൻ സൊസൈറ്റിയുടെ വിവിധ പദ്ധതികൾക്കായി സംസ്ഥാന സർക്കാർ 7.05 കോടി രൂപ അനുവദിച്ചു.
ആർടി ഫെസ്റ്റ് 202526 (2.85 കോടി), കേരള ഹോം സ്റ്റേ ആൻഡ് റൂറൽ ടൂറിസം മീറ്റ് (1 കോടി), ’റസ്പോണ്‍സിബിൾ/റസിലിയന്റ് ടൂറിസം ഡെസ്റ്റിനേഷൻസ് 202526’ (1,57,58,779), പങ്കാളിത്ത ടൂറിസം വികസന പദ്ധതി (93,77,718), മൂന്നാർ നെറ്റ് സീറോ ടൂറിസം ഡെസ്റ്റിനേഷൻ (50 ലക്ഷം), മുണ്ടക്കൈ, ചൂരൽമല ആർടി തൊഴിൽ പരിശീലനം (13,58,300), എക്സ്പീരിയൻസ് എത്നിക്/ലോക്കൽ ക്യുസീൻ നെറ്റ്വർക്ക് കേരള അഗ്രി ടൂറിസം നെറ്റ്വർക്ക് (5 ലക്ഷം) എന്നീ പദ്ധതികൾക്കായിട്ടാണ് തുക അനുവദിച്ചത്.
ഭരിക്കുന്നവർ കര്‍ഷകരെയും തൊഴിലാളികളെയും അവഗണിക്കുന്നു: മാർ മഠത്തിക്കണ്ടത്തിൽ
കൊച്ചി: കര്‍ഷകരെയും തൊഴിലാളികളെയും അവഗണിച്ച് കോര്‍പറേറ്റ് ഏജന്സികള്ക്കുവേണ്ടിയാണ് ഭരണകര്‍ത്താക്കള്‍ നിലകൊള്ളുന്നതെന്നു സംശയിക്കേണ്ട സാഹചര്യമാണു നിലവിലുള്ളതെന്ന് കെസിബിസി അല്മായ കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കേരള കാത്തലിക് ഫെഡറേഷന് (കെസിഎഫ്) സംസ്ഥാന നേതൃസംഗമം മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാട് നാട്ടിലേക്കിറങ്ങിയും കടല്‍ കരയിലേക്കു കയറിയും കേരളം ചുരുങ്ങുകയാണ്. വിദ്യാഭ്യാസത്തിനും തൊഴിലിനുംവേണ്ടിയുള്ള അനിയന്ത്രിതമായ വിദേശകുടിയേറ്റം സംസ്ഥാനത്തിന്റെ ബൗദ്ധിക വിഭവശേഷി വലിയതോതില്‍ നഷ്ടപ്പെടുത്തിയിട്ടുണ്ടോ എന്നതു പരിശോധിക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വന്യമൃഗ ശല്യത്താല്‍ പൊറുതിമുട്ടുന്ന ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണ് വകുപ്പുമന്ത്രി തുടര്‍ച്ചയായി സ്വീകരിക്കുന്നതെന്ന് സമ്മേളനം കുറ്റപ്പെടുത്തി.
വിഷയത്തില്‍ നിസംഗത തുടര്‍ന്നാല്‍ വരും തെരഞ്ഞെടുപ്പുകളില്‍ സര്‍ക്കാരിന് തിരിച്ചടിയുണ്ടാകും. മലയോര, തീരദേശ ജനതയുടെ ദുരിതങ്ങള്‍ക്കു പരിഹാരം കാണാനും ലഹരിവ്യാപനം തടയാനും സമഗ്രമായ പദ്ധതി വേണം. ജെ.ബി. കോശി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ആശാ സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.സി. ജോര്‍ജ്കുട്ടി, ട്രഷറർ ബിജു കുണ്ടുകുളം, ബിജു പറയന്നിലം, ജോസുകുട്ടി ഒഴുകയില്‍, ഭാരവാഹികളായ ജയ്മോന് തോട്ടുപുറം, പി. ധര്‍മരാജ്, ടെസി ബിജു, സിന്ധുമോള്‍ ജസ്റ്റസ്, എബി കുന്നേല്‍പറമ്പില്‍, രൂപത പ്രസിഡന്റ് സണ്ണി കടുത്താഴെ എന്നിവര്‍ പ്രസംഗിച്ചു. കെസിഎഫ് പ്രസിദ്ധീകരണമായ കാത്തലിക് വോയ്സ് എഡിറ്ററായി തോമസ് തുണ്ടിയത്തിനെ (പത്തനംതിട്ട) തെരഞ്ഞെടുത്തു.
അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭരണങ്ങാനം ഒരുങ്ങി
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാ തീർഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് 19നു രാവിലെ 11.15 ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരും സന്നിഹിതരായിരിക്കും.ഭരണങ്ങാനം ഫൊറോനാ ദേവാലയവും അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രവും സംയുക്തമായാണ് തിരുനാൾ നടത്തുന്നത്.
19 മുതല്‍ പ്രധാന തിരുനാള്‍ ദിവസമായ 28 വരെ എല്ലാ ദിവസവും പുലർച്ചെ 5.30 മുതല്‍ രാത്രി ഏഴു വരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, മാര്‍ മാത്യു അറയ്ക്കല്‍, ആർച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ബിഷപ് സാമുവല്‍ മാര്‍ ഐറേനിയസ്. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
പ്രധാന തിരുനാള്‍ ദിവസമായ 28ന് രാവിലെ 10.30ന് ഫൊറോനാ പള്ളിയില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും.മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സഹകാര്‍മികനായിരിക്കും. തുടര്‍ന്ന് 12.30ന് പ്രധാന ദേവാലയത്തില്‍ നിന്നും പ്രദക്ഷിണം ആരംഭിച്ച് അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ എത്തി സംയുക്തമായി നഗരവീഥിയിലൂടെ നീങ്ങി വീണ്ടും ഇടവക ദേവാലയത്തില്‍ എത്തിച്ചേരും.
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷമായതിനാല്‍ തിരുനാളിന്റെ 10 ദിവസങ്ങളിലും കബറിട ദേവാലയം 24 മണിക്കൂറും തുറന്നിട്ടിരിക്കും.
തീര്‍ഥാടക സംഘങ്ങള്‍ എത്തും
തിരുനാളിനോടനുബന്ധിച്ച് വിവിധ ദിവസങ്ങളിൽ രൂപതകളുടെയും ഇടവകകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ഭരണങ്ങാനത്തേക്ക് തീർഥാടനം നടത്തും.18 ന് പാലാ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി മാതൃവേദിയുടെ രണ്ടായിരത്തില്‍ അധികം അംഗങ്ങള്‍ ഭരണങ്ങാനത്തെത്തി ജപമാല പ്രദക്ഷിണം നടത്തി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കും.
20ന് വൈകുന്നേരം എസ്എംവൈഎം, ജീസസ് യൂത്ത് സംഘടനകളുടെ നേതൃത്വത്തിലുള്ള ജപമാലപ്രദക്ഷിണം.
22ന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയുടെ നേതൃത്വത്തില്‍ താമരശേരി രൂപതയില്‍ നിന്ന് അമ്പതോളം വൈദികരും 400 ലധികം അല്മായരും കൂടാതെ നിരവധി സമര്‍പ്പിതരും അടങ്ങുന്ന സംഘം രാവിലെ 11:30 ന് അല്‍ഫോന്‍സാ കബറിടത്തിലെത്തി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
23 ന് പാലാ അല്‍ഫോന്‍സാ കോളജിലെ അധ്യാപകരും വിദ്യാര്‍ഥിനികളും കാല്‍നടയായി ഭരണങ്ങാനത്തെത്തും.
24ന് രാവിലെ 11ന് അല്‍ഫോന്‍സാ നാമധാരികളുടെ സംഗമം. കൂടാതെ പാലാ രൂപത ഫ്രാന്‍സിസ്കന്‍ മൂന്നാംസഭാംഗങ്ങള് ഭരണങ്ങാനം അസീസി ആശ്രമത്തില്‍ ഒത്തുകൂടി കാല്‍നടയായി കബറിടത്തിലെത്തും. 27ന് ചെങ്ങളം സെന്റ് ആന്റണിസ് തീര്‍ഥാടന ദേവാലയത്തിലെ 800 ലധികംവരുന്ന ഇടവകാംഗങ്ങള്‍ ഉച്ചകഴിഞ്ഞ് 2.30ന് ദേവാലയത്തില്‍ തീര്‍ഥാടനമായി എത്തും.
വിവിധ ഭാഷകളില്‍ വിശുദ്ധ കുര്‍ബാന
20ന് ഉച്ചയ്ക്ക് ഒന്നിന് ഫാ. ബാബു കാക്കാനിയില്‍ ഹിന്ദിയിലും 2.30ന് ഫാ. ജോര്‍ജ് ചീരാംകുഴിയില്‍ ഇംഗ്ലീഷിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 27ന് ഉച്ചകഴിഞ്ഞ് 3.30ന് ഫാ. കെവിന് മുണ്ടക്കല്‍ ഇംഗ്ലീഷിലും 26ന് രാവിലെ 8:30ന് ഫാ. ജിനോയ് തൊട്ടിയില്‍ തമിഴിലും വിശുദ്ധ കുര്‍ബാന അർപ്പിക്കും. ഉച്ചകഴിഞ്ഞ് 2.30 ന് ശ്രവണ പരിമിതര്‍ക്ക് വേണ്ടി ഫാ. ബിജു മൂലക്കര വിശുദ്ധകുര്‍ബാന അര്‍പ്പിക്കും.
ഫൊറോന വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, തീര്‍ഥാടന കേന്ദ്രം റെക്ടര്‍ റവ.ഡോ. അഗസ്റ്റിന് പാലക്കാപറമ്പില്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യു കുറ്റിയാനിക്കല്‍, അസിസ്റ്റന്റ് റെക്ടര്‍മാരായ ഫാ. ജോസഫ് അമ്പാട്ട്, ഫാ. ആന്റണി തോണക്കര എന്നിവര്‍ തീര്‍ഥാടന കേന്ദ്രത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കെസിബിസി മദ്യവിരുദ്ധ സമിതി വാര്‍ഷിക സമ്മേളനം 24ന്
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വാര്‍ഷിക സമ്മേളനവും ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ സമാപനവും 24ന് പാലാരിവട്ടം പിഒസിയില്‍ നടക്കും.
രാവിലെ പത്തിന് മദ്യവിരുദ്ധ കമ്മീഷന് വൈസ് ചെയര്മാന് ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിക്കുന്ന പ്രതിനിധി സമ്മേളനം ചെയര്മാന് ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് ഉദ്ഘാടനം ചെയ്യും.
1.30ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിക്കും.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍, മദ്യവിരുദ്ധ കമ്മീഷന് സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ആന്റണി ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിക്കും.
സംസ്ഥാനത്തെ 32 രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് പ്രസാദ് കുരുവിള അറിയിച്ചു.
കെ. സുധാകരന് മുദ്രാവാക്യം; നേതാക്കളെ അവഗണിച്ച് പ്രതിഷേധം
കണ്ണൂർ: കെപിസിസിയുടെ ആഹ്വാനത്തിന്റെ ഭാഗമായുള്ള സമരസംഗമത്തിൽ പങ്കെടുക്കാൻ കണ്ണൂരിൽ കെപിസിസി പ്രസിഡന്റ് വന്നിറങ്ങുമ്പോൾ കെ. സുധാകരന് അഭിവാദ്യം വിളിച്ച് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കെപിസിസി സമരസംഗമത്തിന് തൊട്ടു മുന്നോടിയായി നവനീതം ഓഡിറ്റോറിയത്തിന് മുന്നിൽ കെ. സുധാകരന്റെ ഫ്ലക്സുകളും ഉയർന്നിരുന്നു.
“പ്രവർത്തകന്റെ ഹൃദയത്തിലാണ് കെ. സുധാകരൻ, അധികാരത്തിന്റെ ചില്ലുമേടയിലല്ല, ഇരുട്ടിൽ അകപ്പെട്ടവർക്കുള്ള പ്രകാശനാളമാണ് കെ. സുധാകരൻ, കെ. സുധാകരൻ തുടരും.. എന്നിങ്ങനെയായിരുന്നു ഫ്ലക്സിലെ വാചകങ്ങൾ. ഒരു ബോർഡിൽ എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി എന്നു രേഖപ്പെടുത്തിയിരുന്നു. പിന്നീട്, ജില്ലാ കമ്മിറ്റി എന്നത് കോൺഗ്രസ് പ്രവർത്തകർ തന്നെ മറച്ചു.
സമരസംഗമത്തിന്റെ പരിപാടിയുമായി ബന്ധപ്പെട്ട് നേരത്തേ ഡിസിസി അച്ചടിച്ച പോസ്റ്ററിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, അടൂർ പ്രകാശ്, പി.സി. വിഷ്ണുനാഥ് എംഎൽഎ, കെ.പി. അനിൽകുമാർ, എംപിമാരായ ഷാഫി പറന്പിൽ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവരുടെ ഫോട്ടോകളായിരുന്നു ഉണ്ടായിരുന്നത്. കെ. സുധാകരനെ പോസ്റ്ററിൽനിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ സുധാകര അനുകൂലവിഭാഗം വ്യാപകമായി പ്രതിഷേധിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഇന്നലെ പരിപാടി നടക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ സുധാകരനെ അനുകൂലിച്ചുള്ള ഫ്ലക്സ് ഉയർന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുക്കാൻ ഓഡിറ്റോറിയത്തിലേക്ക് എത്തുന്പോൾ സുധാകരന് മുദ്രാവാക്യം വിളികൾ ഉയർന്നു. ‘കണ്ണൂരാണിത് കണ്ണൂര്‍, കെ. സുധാകരന്റെ കണ്ണൂര്‍...’ എന്ന മുദ്രാവാക്യമാണ് ഉയർന്നിരുന്നത്.
കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ വന്നപ്പോഴും സുധാകരന് മുദ്രാവാക്യം ഉയർന്നിരുന്നു. എന്നാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനു അഭിവാദ്യം ഇല്ലായിരുന്നുവെന്നതും ശ്രദ്ധേയമായി. കെ. സുധാകരൻ പങ്കെടുക്കാതെ കണ്ണൂരിൽ ഒരു കോൺഗ്രസ് പരിപാടി നടന്നത് വിരളമാണ്. എറണാകുളത്ത് ചികിത്സയിലായിരുന്ന കെ. സുധാകരൻ ഇപ്പോൾ ഡൽഹിയിലാണുള്ളത്.
നിപ്പ: 609 പേർ സമ്പർക്കപ്പട്ടികയിൽ
തിരുവനന്തപുരം: പാലക്കാട് നിപ്പ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ 112 പേർ. സിസിടിവി ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് തയാറാക്കി.
കണ്ടെയിൻമെന്റ് സോൺ പ്രഖ്യാപിച്ച് പ്രദേശത്ത് ഫീൽഡ്തല പ്രവർത്തനങ്ങളും ഫീവർ സർവൈലൻസും ശക്തമാക്കി. ആരോഗ്യ വകുപ്പിന്റെ വിദഗ്ധ ടീം സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിച്ചു.
വിവിധ ജില്ലകളിലായി നിപ്പ സമ്പർക്കപ്പട്ടികയിൽ ആകെ 609 പേരാണ് ഉള്ളത്. അതിൽ 112 പേർ പാലക്കാട്. മലപ്പുറം ജില്ലയിൽ 207 പേരും പാലക്കാട് 286 പേരും കോഴിക്കോട് 114 പേരും എറണാകുളത്ത് രണ്ടു പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്.
മലപ്പുറത്ത് എട്ടു പേരാണ് ഐസിയു ചികിത്സയിലുള്ളത്. മലപ്പുറം ജില്ലയിൽ ഇതുവരെ 72 സാമ്പിളുകൾ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് അഞ്ചുപേർ ഐസൊലേഷനിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 38 പേർ ഹൈയസ്റ്റ് റിസ്കിലും 133 പേർ ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.
പാലക്കാട്ട് 17 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണ്‍
പാലക്കാട്: ജില്ലയിൽ രണ്ടാമതും നിപ്പ സ്ഥിരീകരിച്ചതോടെ 17 വാർഡുകളിൽ കണ്ടെയ്ൻമെന്റ് സോണ്‍ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു. മണ്ണാർക്കാട് മുനിസിപ്പാലിറ്റി, കാരാകുറുശി, കരിന്പുഴ ഉൾപ്പെടെയാണിത്.
രണ്ടുപേരെക്കൂടി നിപ്പ ലക്ഷണങ്ങളോടെ പാലക്കാട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെന്നും ഹൈറിസ്ക് കോണ്ടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരാണിവരെന്നും കളക്ടർ പറഞ്ഞു. ഇതിൽ ഒരാൾ നിപ്പ ബാധിച്ചു മരിച്ചയാളുടെ ബന്ധുവും മറ്റൊരാൾ ആരോഗ്യപ്രവർത്തകനുമാണ്.
നിപ്പ ബാധിച്ചു മരിച്ചയാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടിട്ടുണ്ട്. നിപ്പ ബാധിച്ചശേഷം ഇയാൾ കെ എസ്ആർടിസി ബസിൽ യാത്ര ചെയ്തുവെന്നതു വാസ്തവവിരുദ്ധമാണെന്നും കളക്ടർ വ്യക്തമാക്കി.
കേരളയിൽ ഫയലുകൾ നീങ്ങുന്നില്ല, സർട്ടിഫിക്കറ്റ് വിതരണവും സ്തംഭനാവസ്ഥയിൽ
തിരുവനന്തപുരം: വൈസ് ചാൻസലറും രജിസ്ട്രാറും രണ്ടു ചേരിയിലായി ദിവസങ്ങളായി നിലയുറപ്പിച്ചതോടെ കേരള സർവകലാശാലയിലെ ഫയൽ നീക്കങ്ങൾ ഉൾപ്പെടെ പൂർണമായും നിലച്ചു.
വൈസ് ചാൻസലർ ഒപ്പുവച്ചു നല്‍കേണ്ട സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ലഭിക്കാതായതോടെ വിദ്യാർഥികളും പ്രതിസന്ധിയിലായി. 2000 ത്തോളം ഫയലുകൾ ആണ് വൈസ്ചാൻസലറുടെ ഒപ്പിനായി കെട്ടിക്കിടക്കുന്നത്.
സർവകലാശാലയിൽ പ്രതിസന്ധി അതി രൂക്ഷമായി തുടരുന്നതിനിടെ ഇന്നലെ കേരള സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മേൽ ഗവർണർ രാജേന്ദ്ര ആർലേക്കറുമായി തൃശൂരിൽ കൂടിക്കാഴ്ച്ച നടത്തി.
തുടർന്നു മാധ്യമങ്ങളോട് പ്രതികരിച്ച വൈസ് ചാൻസലർ രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത് ഉൾപ്പെടെ താൻ എടുത്ത നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നു വ്യക്തമാക്കി. ഇതോടെ നിലവിലെ പ്രതിസന്ധിക്ക് ഒട്ടും കുറവ് ഉണ്ടാവില്ലെന്ന സൂചനയാണ് പുറത്തു വരുന്നത്. കാലു വെട്ടുമെന്നു പറഞ്ഞാൽ പിന്നെ എങ്ങനെയാണ് താൻ കാന്പസിലേക്ക് പോകുകയെന്നാണ് വിസി പ്രതികരിച്ചത്.
ഫയലുകൾ ഓണ്‍ലൈനായി പോലും നോക്കാൻ സാധിക്കാത്ത രീതിയിൽ തടഞ്ഞുവച്ചിരിക്കുകയാണ്. സർവകലാശാലയിൽ സമരക്കാർക്ക് പോലീസ് സംരക്ഷണം കൊടുക്കുന്നുവെന്ന ഗുരുതര ആരോപണവും വിസി ഉന്നയിച്ചു. അക്കാഡമിക് കോഴ്സുകളുടെ അംഗീകാരത്തിനുള്ള ഫയലുകൾ, അധ്യാപകരുടെ പ്രമോഷൻ ഫയലുകൾ തുടങ്ങിയവയും തീരുമാനമാകാതെ കിടക്കുന്നു.
ഫയൽ നീക്കം വൈകുന്നത് രജിസ്ട്രാറുടെ നിഷേധാത്മക നിലപാടാണെന്നു വരുത്തിത്തീർക്കാനുള്ള നീക്കമാണ് വിസിയുടെ പ്രതികരണത്തിലൂടെ വ്യക്കമാകുന്നത്.
കുറ്റപത്രങ്ങള്‍ അംഗീകരിക്കണം: സിബിഐ
കൊച്ചി: വാളയാര്‍ കേസില്‍ മാതാപിതാക്കള്‍ക്കെതിരേ നല്കിയ മൂന്ന് കുറ്റപത്രങ്ങള്‍ അംഗീകരിക്കണമെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു.
ആത്മഹത്യാപ്രേരണ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തണമെന്നും കൊച്ചി സിബിഐ പ്രത്യേക കോടതിയില്‍ പ്രോസിക്യൂഷന് വാദം ഉന്നയിച്ചു. ഇതില്‍ 28ന് കോടതി വിധി പറയും.
താത്കാലിക വൈസ് ചാൻസലർ നിയമനം; കോടതി വിധി ഗവർണർക്കെതിരേ ആയുധമാക്കാൻ സർക്കാർ
തിരുവനന്തപുരം: സർവകലാശാലയിലെ താത്കാലിക വൈസ് ചാൻസലർ നിയമനം സംബന്ധിച്ച് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി ഗവർണർക്കും രാജ്ഭവനുമെതിരേ രാഷ്ട്രീയ ആയുധമാക്കാൻ സർക്കാർ.
സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർമാരുടെ നിയമനം സർക്കാർ നല്കുന്ന പാനലിൽ നിന്നു വേണമെന്ന ഹൈക്കോടതി വിധിയോടെ ഗവർണർ നടത്തിയ താത്കാലിക വൈസ് ചാൻസലർമാരുടെ നിയമനം അസാധുവായി.
ഇതിനെതിരേ രാജ്ഭവൻ മേൽക്കോടതിയെ സമീപിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. ഇത്തരത്തിൽ രാജ്ഭവൻ നിലവിലെ കോടതി വിധിക്കെതിരേ മേൽക്കോടതിയെ സമീപിച്ചാൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ അരക്ഷിതാവസ്ഥ കൂടുതൽ രൂക്ഷമാകും.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്ഥിരം വൈസ് ചാൻസലർമാരില്ലാതെ നാഥനില്ലാത്ത സ്ഥിതിയിലാണ്. ഒന്നിലേറെ സർവകലാശാലകളുടെ ഭരണമാണ് നിലവിലെ പല വി.സിമാരും നടത്തുന്നത്.
ഇത്തരമൊരു സാഹചര്യത്തിന്റെ കാരണക്കാർ രാജ്ഭവനും ഗവർണറുമാണെന്നുള്ള പ്രചാരണം വ്യാപകമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ തുടക്കമായി സംസ്ഥാന മന്ത്രിമാർ ഇന്നലെ കോടതി വിധി വന്നതിനു പിന്നാലെ ഗവർണർക്കും രാജ്ഭവനുമെതിരേ രൂക്ഷ പ്രതികരണങ്ങളാണ് നടത്തിയത്.
വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ സ്വീകരിച്ച നടപടികൾ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു.
കേരള ഡിജിറ്റൽ സർവകലാശാലയിലും സാങ്കേതിക സർവകലാശാലയിലും താത്ക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച വിഷയത്തിൽ ചാൻസലർ കൂടിയായ ഗവർണർക്ക് ഹൈക്കോടതിയിൽനിന്ന് തിരിച്ചടിയുണ്ടായിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ സുതാര്യത ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുടെ വിജയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു.
താത്കാലിക വി.സിമാരെ ഗവർണർക്ക് ശൂന്യതയിൽ നിന്ന് നിയമിക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വിധി സ്വാഗതാർഹമെന്നുമായിരുന്നു നിയമമന്ത്രി പി.രാജീവിന്റെ പ്രതികരണം.
എ.കെ. ആന്റണിയുടെ സഹോദരന് അന്തരിച്ചു
ചേര്‍ത്തല: മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണിയുടെ സഹോദരന് ചേര്‍ത്തല അറക്കപറമ്പില്‍ അഡ്വ.എ.കെ.ജോണ്‍ (75) അന്തരിച്ചു.
കേരള ഹൈക്കോടതി ഗവ. പ്ലീഡര്‍, കെഎസ്എഫ്ഇ, കാത്തലിക് സിറിയന്‍ ബാങ്ക് എന്നിവയുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അംഗം, മുട്ടം സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നി പദവികള്‍ വഹിച്ചിട്ടുണ്ട്.
രണ്ടാഴ്ചയ്ക്ക് മുമ്പ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലും ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി 12നായിരുന്നു അന്ത്യം.
സംസ്കാരം ഇന്ന് മൂന്നിന് ചേര്‍ത്തല മുട്ടം സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. ഭാര്യ: ജേര്‍ളി ജോണ്‍. മറ്റു സഹോദരങ്ങള്‍: എ.കെ. തോമസ് (റിട്ട. സഹകരണ രജിസ്റ്റാര്‍), മേരിക്കുട്ടി ദേവസ്യ, എ.കെ. ജോസ് (റിട്ട. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോര്‍ഡ്), പരേതയായ സിസ്റ്റര്‍ ഇന്‍ഫന്റ് ട്രീസ (എഫ്സിസി കോണ്‍വെന്റ്), റോസമ്മ കുര്യന് കോളുതറ, കൊച്ചുറാണി തോമസ്.
അക്രമം നടത്തുന്നതു വിദ്യാര്ഥികളെന്നു പറയുന്ന ഗുണ്ടാസംഘം: കേരള വിസി
തൃശൂര്‍: വിദ്യാര്ഥികളെന്നു പറയുന്ന സ്ഥിരം ഗുണ്ടാസംഘമാണു കേരള യൂണിവേഴ്സിറ്റിയില്‍ അക്രമം നടത്തുന്നതെന്നും സിന്‍ഡിക്കറ്റ് യോഗം ചേരാതെ രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കിയെന്നൊക്കെയാണു പറയുന്നതെന്നും കേരള സർവകലാശാല വിസി ഡോ. മോഹനന് കുന്നുമ്മല്‍.
രാമനിലയത്തില്‍ ഗവര്‍ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു വിസി. രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനും സിന്ഡിക്കേറ്റിനുമെതിരായ നിലപാടുകള്‍ ഗവര്‍ണറെ വിസി അറിയിച്ചു.
തനിക്കു നടപടിയെടുക്കാന്‍ അധികാരമില്ലെങ്കില്‍ കോടതിയെ സമീപിക്കുകയല്ലേ വേണ്ടത്. സസ്പെന്ഷന് പിന്‍വലിച്ചെന്ന രജിസ്ട്രാറുടെ വാദം തെറ്റാണ്. കോടതിയില്ചെന്നു സസ്പെന്ഷന് നിയമപരമാണോയെന്നു തെളിയിക്കട്ടെ.
ഇല്ലാത്ത കടലാസ് കോടതിയില്‍ കാണിച്ചെന്നുപറഞ്ഞ് രജിസ്ട്രാര്‍ പരാതി പിന്‍വലിച്ചു. താന്‍ വിസിയായ സര്‍വകലാശാലയുടെ മുറ്റത്തും തിരുവനന്തപുരത്തു ഭാര്യവീട്ടില്പോയും അക്രമം കാട്ടി. താന്‍ അവിടെച്ചെന്നാല്‍ പോലീസിനും വിദ്യാര്‍ഥികള്‍ക്കും അടികിട്ടും.
2500 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിടാന്‍ വിസിയെ കാത്തുകിടക്കുകയാണെന്ന വാര്‍ത്ത തെറ്റാണ്. 400 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണുള്ളത്. ഓഫീസില്ചെന്നാല് ഉടന്‍ അതു പൂര്‍ത്തിയാക്കാനാകുമെന്നും വിസി പറഞ്ഞു.
തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ സുരക്ഷ വീഴ്ച. പോലീസുകാരന്റെ കയ്യിലിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി.
ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എഎസ്ഐ കൈവശമുണ്ടായിരുന്ന തോക്ക് വൃത്തിയാക്കുന്നതിനിടയിലാണ് കൈ തട്ടി വെടി പൊട്ടിയത്.
പോത്ത് കുറുകേച്ചാടി ബൈക്കിൽനിന്നു വീണു പരിക്കേറ്റ മത്സ്യവ്യാപാരി മരിച്ചു
ചങ്ങനാശേരി: പോത്ത് കുറുകേ ച്ചാടി ബൈക്കില്‍നിന്നു വീണ മത്സ്യ വ്യാപാരി ചികിത്സയിലിരിക്കേ മരിച്ചു. വെട്ടിത്തുരുത്ത് കൈതാരത്ത്പറമ്പ് പരേതനായ കരുണാകരന്റെ മകന് കെ.ടി. ബിജു (56) വാണ് മരിച്ചത്.
ഭാര്യ മിനിയുടെ വെളിയനാട്ടുള്ള വീട്ടില്‍നിന്നും ഞായറാഴ്ച പുലര്‍ച്ചെ മീന്‍ എടുക്കാന്‍ ചങ്ങനാശേരി മാര്‍ക്കറ്റിലേക്കു വരുന്പോൾ എസി റോഡില്‍ പൂവംകടത്തിനു സമീപം പോത്ത് ബൈക്കിനു കുറുകെ ചാടുകയായിരുന്നു. പോത്തിനെ ഇടിച്ച് ബൈക്കിൽനിന്നും റോഡിലേക്കു തെറിച്ചുവീണ ബിജുവിന് തലയ്ക്കു ഗുരുതരമായി പരിക്കേറ്റു.
ആരുടെയും ശ്രദ്ധയിൽപ്പെടാതെ പരിക്കേറ്റു കിടന്ന ബിജുവിനെ ഇതുവഴി നൈറ്റ് പട്രോളിംഗിനെത്തിയ ചങ്ങനാശേരി പോലീസ് സംഘമാണ് കണ്ടെത്തിയത്. പോലീസ് ഉടന്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ബിജുവിനെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും. ഇന്നലെ 10.30ന് മരിച്ചു. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
സംസ്കാരം ഇന്നു 11ന് മോര്‍ക്കുളങ്ങര എസ്എന്‍ഡിപി ശ്മശാനത്തില്‍. അമ്മ: ലക്ഷ്മി: ഭാര്യ: മിനി. മക്കള്‍: ബിബിന്‍, ബിനു.
മത്സ്യവ്യാപാരി സഞ്ചരിച്ച ബൈക്ക് പോത്തിനെ ഇടിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പോത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞതായും ചങ്ങനാശേരി പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ പോത്തിനെ ചികിത്സക്കു വിധേയമാക്കിയതായി കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ഉത്തരവുകള്‍ കെ -സ്മാര്‍ട്ട് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്താല്‍ മതിയെന്ന് ഹൈക്കോടതി
കൊച്ചി: തദ്ദേശസ്ഥാപനങ്ങളില്‍ നല്കുന്ന അപേക്ഷകളിലെ ഉത്തരവുകള്‍ ഏകജാലക സംവിധാനമായ കെ-സ്മാര്‍ട്ട് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്താല്‍ മതിയെന്നും അപേക്ഷകനെ നേരിട്ട് ഇക്കാര്യങ്ങള്‍ അറിയിക്കേണ്ടതില്ലെന്നും ഹൈക്കോടതി.
ഇത്തരത്തില്‍ അപ്ലോഡ് ചെയ്യുന്ന ഉത്തരവുകള്‍ക്ക് ഐടി ആക്ട് പ്രകാരം നിയമസാധുതയുണ്ടെന്നും നേരിട്ട് അറിയിച്ചില്ലെന്ന വാദം ഉന്നയിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ലൈസന്‍സ് പുതുക്കാനായി അപേക്ഷ നല്‍കിയിട്ടും നിശ്ചിതസമയത്തിനുള്ളില്‍ മറുപടി നേരിട്ടു ലഭിക്കാത്തതിന്റെ പേരില്‍ ലൈസന്‍സ് ലഭിച്ചതായി കാണക്കാക്കണമെന്നാവശ്യപ്പെട്ടു കട്ടപ്പന നഗരസഭയില്‍ മത്സ്യ- മാംസ വ്യാപാരം നടത്തുന്ന മനോജ് നല്കിയ ഹര്‍ജി തള്ളിയാണു ജസ്റ്റീസ് സി.എസ്. ഡയസിന്റെ ഉത്തരവ്.
അപേക്ഷ നല്കി 30 ദിവസത്തിനകം തീരുമാനം അറിയിച്ചില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കാമെന്ന് മുനിസിപ്പല്‍ നിയമത്തിലെ വകുപ്പ് 447(6) വ്യക്തമാക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവചരിത്രം ‘വിസ്മയതീരത്ത്’ നാളെ പ്രകാശനം ചെയ്യും
തിരുവനന്തപുരം: മുൻ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ രചിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവചരിത്ര ഗ്രന്ഥം /”വിസ്മയ തീരത്ത് ’ നാളെ രാവിലെ പത്തിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രകാശനം ചെയ്യും.
മുൻ മന്ത്രിമാരായ കെ.സി. ജോസഫ്, എം.എം. ഹസൻ, ബി. അശോക് ഐഎഎസ്, എം. രഞ്ജിത് എന്നിവർ പ്രസംഗിക്കും. പ്രസാദ് കുറ്റിക്കോട് (ഡിസി ബുക്സ്) സ്വാഗതവും പി.ടി. ചാക്കോ നന്ദിയും പറയും.
2004 മുതൽ ഉമ്മൻ ചാണ്ടിയോടൊപ്പമുണ്ടായിരുന്ന പി.ടി. ചാക്കോയുടെ അനുഭവകുറിപ്പുകളാണ് ഉള്ളടക്കം. ഉമ്മൻ ചാണ്ടിയെക്കുറിച്ച് പി.ടി. ചാക്കോയുടെ ആറാമത്തെ പുസ്തകമാണിത്. മൂന്നു കുഞ്ഞൂഞ്ഞു കഥകൾ, ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ടു ജീവചരിത്രങ്ങൾ എന്നിവ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൊലക്കേസ് പ്രതി ബാലസംഘം സമ്മേളനത്തിൽ
കണ്ണൂർ: സിപിഎമ്മിന്റെ ബാലസംഘടനയായ ബാലസംഘം സമ്മേളനത്തിൽ പങ്കെടുത്ത് കൊലക്കേസ് പ്രതി. ബാലസംഘം ധർമടം നോർത്ത് വില്ലേജ് സമ്മേളനത്തിലാണ് സിപിഎം പ്രവർത്തകനായ ശ്രീജിത്ത് എത്തിയത്.
തലശേരിയിലെ ബിജെപി പ്രവർത്തകൻ നിഖിലിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാളാണ് ടെൻഷൻ ശ്രീജിത്ത് എന്ന തെക്കേ കണ്ണോളി വീട്ടിൽ ശ്രീജിത്ത്. ബിജെപി പ്രവർത്തകനായിരുന്ന നിഖിലിനെ 2008ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ശ്രീജിത്ത്.
2008 മാർച്ച് അഞ്ചിനാണ് വടക്കുമ്പാട്ട് വച്ച് നിഖിലിനെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. കുന്നോത്ത് പറമ്പിലെ ബിജെപി പ്രവര്ത്തകന് കെ.സി. രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയാണ്. കൂടാതെ നാദാപുരം അസ്ലം വധക്കേസിലും ഇയാള്‍ പ്രതിയാണ്.
മുന്‍പ് ശ്രീജിത്തിന്റെ വീടിന്റെ പാലുകാച്ചിന് പി. ജയരാജൻ, എം.വി. ജയരാജൻ തുടങ്ങിയ സിപിഎം നേതാക്കളെത്തിയത് വിവാദമായിരുന്നു. കൊലപാതകത്തെ സിപിഎം തള്ളിപ്പറഞ്ഞിരുന്നു.
ശ്രീജിത്തിനെ ബാലസംഘം ഭാരവാഹികൾ പ്രത്യേക ക്ഷണിച്ചുവരുത്തിയതാണെന്ന് പറയുന്നു. ഇയാൾ മൈക്കിൽ പ്രസംഗിക്കുന്നതും കുട്ടികൾക്കൊപ്പം ആടുന്നതും പാടുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇ-മാലിന്യ ശേഖരണ പരിപാടി ഇന്നുമുതൽ
തിരുവനന്തപുരം: വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇലക്ട്രോണിക് മാലിന്യങ്ങൾ ഹരിതകർമസേനാംഗങ്ങൾ വഴി ശേഖരിക്കുന്നതിനുള്ള പ്രത്യേക പരിപാടി ഇന്ന് ആരംഭിക്കും. ആദ്യഘട്ടമായി നഗരസഭകളിലാണ് ആരംഭിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിൻകര അമരവിളയിൽ ഇന്നു രാവിലെ 11ന് തദ്ദേശഭരണ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.
തദ്ദേശസ്ഥാപനങ്ങൾ വർഷത്തിൽ രണ്ടുതവണ ഇ മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനം പലയിടത്തും നിലവിലുണ്ട്. എന്നാൽ ശേഖരണം കൂടുതൽ ഫലപ്രദമാക്കുന്നതിന് ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ ഉത്തരവുപ്രകാരം പുതിയ യജ്ഞം ആരംഭിക്കുന്നത്.
ഇതു പ്രകാരം, പുനഃചംക്രമണം ചെയ്യാൻ സാധിക്കുന്ന ഇ-മാലിന്യങ്ങൾക്ക് ക്ലീൻ കേരള കമ്പനി നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തിയ നിശ്ചിത വിലയും ലഭിക്കും. ഇ-വേസ്റ്റിന്റെ ശാസ്ത്രീയമായ നിർമാർജനം ഉറപ്പാക്കുകയാണ് ഈ യജ്ഞത്തിന്റെ ഉദ്ദേശ്യം.
ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ നേതൃത്വത്തിൽ, ശുചിത്വമിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിത കർമ്മ സേന, കുടുംബശ്രീ, സ്കൂളുകൾ, കോളജുകൾ, റെസിഡൻസ് അസോസിയേഷനുകൾ, ഇലക്ട്രോണിക് റീട്ടെയിലർമാർ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇ-വേസ്റ്റ് എന്നത് പ്രവർത്തനരഹിതമോ കാലഹരണപ്പെട്ടതോ ആയ ഇലക്ട്രോണിക് ഉപകരണങ്ങളാണ്.
ടിവി, റഫ്രിജറേറ്റർ, വാഷിംഗ് മെഷിൻ, മൈക്രോവേവ് ഓവൻ, മിക്സർ ഗ്രൈൻഡർ, ഫാൻ, ലാപ്ടോപ്, സിപിയു, സിആർടി മോണിറ്റർ, മൗസ്, കീബോർഡ്, എൽസിഡി മോണിറ്റർ, പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷിൻ, അയൺ ബോക്സ്, മോട്ടോർ, സെൽഫോൺ, ടെലിഫോൺ, റേഡിയോ, മോഡം, എസി, ബാറ്ററി, ഇൻവർട്ടർ, യുപിഎസ്, സ്റ്റബിലൈസർ, വാട്ടർ ഹീറ്റർ, വാട്ടർ കൂളർ, ഇൻഡക്ഷൻ കുക്കർ, എസ്എംപിഎസ്, ഹാർഡ് ഡിസ്ക് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ക്രിമിനൽസംഘത്തെ അഴിച്ചുവിട്ട് സിപിഎം വെല്ലുവിളിക്കുന്നു: വി.ഡി. സതീശൻ
തൃശൂർ: ക്രിമിനൽസംഘത്തെ സംസ്ഥാനവ്യാപകമായി അഴിച്ചുവിട്ട് സിപിഎം ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പിണറായി വിജയന്റെ പോലീസിനെതിരേയാണു കാസർഗോഡ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രകടനം നടത്തിയത്.
മണ്ണാർക്കാട് അഷറഫിനെതിരേയും മാധ്യമപ്രവർത്തകൻ സി. ദാവൂദിനെതിരേയും സിപിഎം നേതാവ് പി.കെ. ശശിക്കെതിരേയും കൈവെട്ടുമുദ്രാവാക്യം വിളിച്ചു. ഇതായിരുന്നു അവസാനകാലത്തു ബംഗാളിലെ സ്ഥിതിയും. ബംഗാളിലെ അവസ്ഥയുടെ തുടക്കമാണു കേരളത്തിൽ സിപിഎമ്മും കാട്ടുന്നതെന്നും സതീശൻ തൃശൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.
വിദ്യാഭ്യാസമേഖലയെ സർക്കാർ കുളംതോണ്ടി. ആരോഗ്യരംഗം വെന്റിലേറ്ററിലായി. പി.ജെ. കുര്യനെപ്പോലെ മുതിർന്ന നേതാവ് യൂത്ത് കോണ്‍ഗ്രസ് കൂടുതൽ നന്നാകണമെന്നു പറഞ്ഞാൽ നിങ്ങളെന്തിനാണു വലിയ വാർത്തയാക്കുന്നതെന്നും സതീശൻ ചോദിച്ചു. പാലക്കാട്ടും നിലന്പൂരിലുമൊക്കെ വാർത്തകളുണ്ടാക്കി രാത്രിവരെ ചർച്ചചെയ്തിട്ടും ഒന്നും സംഭവിച്ചില്ല. മാധ്യമങ്ങൾക്കുചുറ്റുമല്ല ലോകം കറങ്ങുന്നത്.
എസ്എഫ്ഐ ആഭാസസമരമാണു നടത്തുന്നത്. ഗവർണർക്കെതിരേ സമരത്തിന് എന്തിനാണു സർവകലാശാലയിലേക്കു പോയതും വിദ്യാർഥികളെയും ജീവനക്കാരെയും തല്ലിയതും? എല്ലാ ആർഎസ്എസുകാരെയും രാജ്യസഭയിലെത്തിക്കുകയാണു ബിജെപി. രാജ്യത്ത് ഇതുവരെയില്ലാത്തവിധം ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണെന്നും കേരളത്തിൽ ആട്ടിൻതോലിട്ട ചെന്നായയായി ബിജെപി മാറിയെന്നും വി.ഡി. സതീശൻ പറഞ്ഞു.
പാലാ സാന്തോം ഫുഡ് ഫാക്ടറി യാഥാര്‍ഥ്യമായി
പാലാ: പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്മാരകമായ പാലാ സാന്തോം ഫുഡ് ഫാക് ടറി യാഥാര്‍ഥ്യമായി.
രൂപതയുടെ അധീനതയിലുള്ള മുണ്ടുപാലം സ്റ്റീല്‍ ഇന്ത്യ കാമ്പസില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവനും ഫാക്ടറിയുടെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദും നിര്‍വഹിച്ചു. സമ്മേളനത്തില്‍ രൂപതയുടെ പ്ലാറ്റിനം ജൂബിലി ഓര്മ പ്പെടുത്തി 75 മാതൃകാ കര്‍ഷകരെ ആദരിച്ചു.
കര്ഷകന് തന്റെ ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ അവകാശമില്ലാത്ത സാഹചര്യം മാറണം. വിപണിയാണ് വില നിശ്ചയിക്കുന്നത്. എന്നാല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കിയാല്‍ വില നിശ്ചയിക്കാനുള്ള അവകാശം കര്ഷകന് ലഭിക്കുമെന്നും ഫാക്ടറി ഉദ്ഘാടനം ചെയ്ത് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.
കാര്‍ഷിക മേഖലയിലെ ഏതു മുന്നേറ്റവും വ്യവസായ വിപ്ലവത്തിന് ഇടയാക്കുകയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. സമൂഹത്തെ ആരോഗ്യമുള്ളതാക്കുന്നതു കര്‍ഷകരാണെന്നും അധ്വാനിക്കുന്ന കര്‍ഷകരെ കൈവിട്ടുകൊണ്ട് ഒന്നും നേടില്ലെന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
എംപിമാരായ ജോസ് കെ. മാണി, കെ. ഫ്രാന്‍സിസ് ജോര്‍ജ്, എംഎല്‍എമാരായ മാണി സി. കാപ്പന്, മോന്‍സ് ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവരും മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍, പിഎസ്ഡബ്ല്യൂഎസ് ഡയറക് ടര്‍ ഫാ. തോമസ് കിഴക്കേല്‍, സ്മോള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം മാനേജിംഗ് ഡയറക്്ടര്‍ എസ്. രാജേഷ്കുമാര്‍, സ്റ്റേറ്റ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് മാനേജിംഗ് ഡയറക്ടര്‍ സജി ജോണ്‍, നബാര്‍ഡ് ജില്ലാ മാനേജര്‍ റെജി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി. ജോ ജോസ്, വ്യവസായവകുപ്പ് ജില്ലാ ജനറല്‍ മാനേജര്‍ വി.ആര്. രാജേഷ്, ആത്മാ പ്രോജക്ട് ഡയറക്ടര്‍ മിനി ജോര്‍ജ്, സ്റ്റേറ്റ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് ഡെപ്യൂട്ടി ഡയാക്ടര്‍ ലെന്‍സി തോമസ്, കൃഷിവിജ്ഞാനകേന്ദ്രം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ജി. ജയലക്ഷ്മി, കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസര്‍ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടോം ജേക്കബ് ആലയ്ക്കല്‍, സാന്തോം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്മാന് സിബി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
സാന്തോം ഫുഡ് ഫാക്ടറിയുടെ ആശീര്‍വാദകര്‍മം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, വികാരി ജനറല്‍മാരായ മോണ്‍. ജോസഫ് മലേപറമ്പില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ജീപ്പ് സഫാരിക്ക് നിയന്ത്രണത്തോടെ അനുമതി
തൊടുപുഴ: ജില്ലയിൽ സുരക്ഷാഭീഷണിയെത്തുടർന്ന് കഴിഞ്ഞ അഞ്ചു മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന ജീപ്പ് സഫാരി, ഓഫ്റോഡ് യാത്ര എന്നിവ നാളെ മുതൽ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇടുക്കി, ദേവികുളം സബ്ഡിവിഷന് കീഴിലുള്ള ഒൻപത് റൂട്ടുകൾക്കാണ് ആദ്യഘട്ടത്തിൽ അനുമതി നൽകുന്നത്.
കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി സുരക്ഷാ മാനദണ്ഡങ്ങളും റൂട്ട് അടിസ്ഥാനമാക്കിയുള്ള അനുമതികളും പാലിച്ചായിരിക്കണം പ്രവർത്തനമെന്ന് കർശന നിർദേശമുണ്ട്.
റൂട്ടുകളും സുരക്ഷാ മാനദണ്ഡങ്ങളും നിർണയിക്കുന്നതിനായി ഇടുക്കി, ദേവികുളം സബ് കളക്ടർമാർ അധ്യക്ഷരായി റൂട്ട് മോണിറ്ററിംഗ് ആന്‍ഡ് റെഗുലേഷൻ കമ്മിറ്റി രൂപീകരിച്ചു. ആർടിഒ, എൻഫോഴ്സ്മെന്റ് ആർടിഒ, അതാത് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ഡിടിപിസി സെക്രട്ടറി എന്നിവർ കമ്മിറ്റികളിൽ അംഗമാണ്.
കമ്മിറ്റികൾ റൂട്ടുകൾ പരിശോധിച്ച് ഏതു തരം വാഹനങ്ങൾ ഓടിക്കണമെന്നതിൽ നിർദേശം നൽകും. കൂടാതെ വാഹനങ്ങൾ, ഡ്രൈവർമാർ, യാത്രകളുടെ എണ്ണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. നിയന്ത്രണം, സുരക്ഷ, ഡിജിറ്റൽ ബുക്കിംഗ്, ചാർജ് എന്നിവ വിശദീകരിച്ച് ഡിടിപിസിക്ക് റൂട്ട് തിരിച്ചുള്ള നിർദേശങ്ങൾ ഇന്ന് സമർപ്പിക്കും.
വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഇന്നു മുതൽ ജില്ലാതല രജിസ്ട്രേഷൻ ഡ്രൈവ് നടത്തും. നിർദിഷ്ട നിബന്ധനകൾ പാലിക്കുന്ന ഓപ്പറേറ്റർമാർക്ക് മാത്രമേ നാളെ മുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവാദം നൽകൂ.
വാഹനമോടിക്കുന്നയാൾക്ക് ഡ്രൈവിംഗ് ലൈസൻസും കുറഞ്ഞത് മൂന്നു വർഷത്തെ പരിചയവും വേണം. കൂടാതെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയുമുണ്ടാകണം.
വാഹന ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ്, ഡിടിപിസി രജിസ്ട്രേഷൻ, ഫയർ എക്സ്റ്റിംഗ്വിഷർ, ഫസ്റ്റ് എയ്ഡ് കിറ്റ്, ജിപിഎസ്, സ്പീഡ് ഗവർണർ, യാത്രക്കാർക്ക് സീറ്റ് ബെൽറ്റുകൾ എന്നിവ നിർബന്ധമാണ്. രജിസ്റ്റർ ചെയ്യാത്തതും അംഗീകാരമില്ലാത്തതുമായ ഒരു വാഹനത്തെയും ഡ്രൈവറെയും പ്രവർത്തിക്കാൻ അനുവദിക്കില്ല.
യാത്രയുടെ സ്വഭാവമനുസരിച്ച് റൂട്ട് മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിക്കുന്ന പ്രകാരം ട്രിപ്പുകൾ രാവിലെ നാലിനും വൈകുന്നേരം ആറിനും ഇടയ്ക്കായിരിക്കും പ്രവർത്തന സമയം.
ടിക്കറ്റ് വരുമാനത്തിന്റെ ഒരു ഭാഗം ഡ്രൈവർമാരുടെ മെഡിക്കൽ,അപകട ഇൻഷ്വറൻസ് പരിരക്ഷയ്ക്കായി ഡ്രൈവർ വെൽഫെയർ ഫണ്ടിലേക്ക് നീക്കിവയ്ക്കാനും നിർദേശമുണ്ട്. ഏപ്രിലിലും ഒക്ടോബറിലും വർഷത്തിൽ രണ്ടുതവണ വാഹനങ്ങൾക്ക് നിർബന്ധിത സുരക്ഷാ ഓഡിറ്റും പെർമിറ്റ് പുതുക്കലും ഫിറ്റ്നസ് പരിശോധനയും നടത്തും. നിബന്ധനകൾ ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷണനടപടികൾ നേരിടേണ്ടി വരും.
അലംഭാവം മൂലമുള്ള അപകടങ്ങളിൽ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുകയും നിയമനടപടികൾ കൈക്കൊള്ളുകയും ചെയ്യും. കാലാവസ്ഥാ മുന്നറിയിപ്പുകൾ ഉള്ളപ്പോൾ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണം. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ പാടുള്ളൂ.
ജീപ്പ് സഫാരിക്ക് നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്ന് ജില്ലയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
വിവിധ സംഘടനകൾ കളക്ടറുടെ ഉത്തരവിനെതിരേ സമരപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പ്രധാന ആകർഷക ഘടകമാണ് ട്രക്കിംഗും ജീപ്പ് സഫാരിയും.
കൊച്ചിയിൽ ഓപ്പൺ ഡബിൾ ഡെക്കർ സർവീസ് ഇന്നുമുതൽ
ചാത്തന്നൂർ: കെഎസ്ആർടിസി തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളിൽ ആരംഭിച്ച ഡബിൾ ഡെക്കർ സർവീസുകൾ വ്യവസായ നഗരമായ കൊച്ചിയിലും.
ഇന്നു വൈകുന്നേരം അഞ്ചിന് കെഎസ്ആർടിസി ജെട്ടി സ്റ്റാൻഡിൽ വ്യവസായ മന്ത്രി പി. രാജീവ് കൊച്ചി ഡബിൾ ഡെക്കർ സർവീസ് ഉദ്ഘാടനം നിർവഹിക്കും.
കൊച്ചി ടൂറിസം വികസനത്തിന് മറ്റൊരു നാഴികക്കല്ലായി മാറുന്ന ഈ യാത്രയിൽ കൊച്ചിയുടെ നഗര ഹൃദയത്തിലൂടെ ഡബിൾ ഡക്കറിന്റെ ഓപ്പൺ ഡെക്കിൽ ഇരുന്ന് നഗര സൗന്ദര്യം യാത്രികർക്ക് ആസ്വദിക്കുവാൻ കഴിയും.
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നു പുറപ്പെട്ട് തേവര, അവന്യൂ വാക്ക് വെ, മറൈൻ ഡ്രൈവ്, കാളമുക്ക്, വല്ലാർപാടം പള്ളി, ഹൈക്കോർട്ട് വഴി എറണാകുളത്ത് 7.40 ന് എത്തിച്ചേരുന്ന വിധമാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. മുകളിലത്തെ ഡെക്കിൽ ആളൊന്നിന് 300 രൂപയും, താഴത്തെ ഡെക്കിൽ 150 രൂപയുമാണ് നിരക്ക്.
അഭിലാഷ് പിള്ള അന്താരാഷ്ട്ര നാടകോത്സവം ഡയറക്ടർ
തൃശൂർ: ജനുവരി അവസാനവാരം നടക്കുന്ന 16-ാമത് അന്താരാഷ്ട്രനാടകോത്സവത്തിന്റെ ഡയറക്ടറായി പ്രമുഖസംവിധായകനും നാടകാധ്യാപകനുമായ അഭിലാഷ് പിള്ളയെ തെരഞ്ഞെടുത്തു.
2009, 2010, 2017 വർഷങ്ങളിൽ ഇറ്റ്ഫോക്കിൽ ഫെസ്റ്റിവൽ ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള അഭിലാഷ് ഇന്ത്യക്കകത്തും പുറത്തുമായി നിരവധി ഫെസ്റ്റിവലുകൾക്കു നേതൃത്വം നൽകിയിട്ടുണ്ട്.
ഫെസ്റ്റിവൽ ഡയറക്ടറേറ്റ് അംഗങ്ങളായി നാടകപ്രവർത്തക അനാമിക ഹക്സർ, ശ്രീലങ്കൻ നാടകസംവിധായിക റുവാന്തി ഡി ഷികെര, നാടകപ്രവർത്തകരും അധ്യാപകരുമായ ശ്രീജിത്ത് രമണൻ, എം.ജി. ജ്യോതിഷ് എന്നിവരും പ്രവർത്തിക്കും.
രാജ്യത്തെ മുതിർന്ന നാടകപ്രതിഭകളായ രത്തൻ തിയം, എം.കെ. റെയിന, അനുരാധ കപൂർ, പ്രഫ. ബി. അനന്തകൃഷ്ണൻ എന്നിവരെ ഉൾപ്പെടുത്തി ഉപദേശകസമിതിക്കും രൂപംനൽകി.
വിമര്‍ശനം സദുദ്ദേശ്യപരമെന്ന് പി.ജെ. കുര്യന്
പത്തനംതിട്ട: കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാതല സമര സംഗമവേദിയില്‍ യൂത്ത് കോണ്‍ഗ്രസിനെതിരേ നടത്തിയ വിമര്‍ശനം സദുദ്ദേശപരമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം പ്രഫ. പി.ജെ. കുര്യന്. ഉത്തമ ബോധ്യത്തോടെ പറഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. മുമ്പും ഈ അഭിപ്രായം ഞാന്‍ പറഞ്ഞിരുന്നതാണ്.
യൂത്ത് കോണ്‍ഗ്രസ് സമരം ചെയ്യുന്നുണ്ട്. സമരത്തെ മുൻനിർത്തിയല്ല, തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് അഭിപ്രായം പറഞ്ഞത്. സിപിഎമ്മിന്റെ ഗുണ്ടായിസത്തെ നേരിടണമെങ്കിൽ കോൺഗ്രസിനും ചെറുപ്പക്കാർ ഉണ്ടാകണം.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ പഞ്ചായത്തുകളിലേക്ക് ഇറങ്ങണമെന്നാണ് പറഞ്ഞത്. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും യൂത്ത് കോണ്‍ഗ്രസിനു കമ്മിറ്റി ഉണ്ടാകണം. നിലവിൽ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും യൂത്ത് കോൺഗ്രസിനു കമ്മിറ്റികൾ ഇല്ല.
25 പേരെ എങ്കിലും ഉള്‍പ്പെടുത്തി മണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കണം. ബൂത്തുകളില്‍ യൂത്ത് കോണ്‍ഗ്രസിന് ആളുകളുണ്ടാകണം. ജില്ലാ ആസ്ഥാനത്തു സമരം നടത്തി ടിവിയിലും പത്രങ്ങളിലും ചിത്രങ്ങള്‍ വരാന്‍ ഇപ്പോഴത്തെ കാര്യങ്ങള്‍ മതി.
എന്നാല്‍ സിപിഎമ്മിനെ തെരഞ്ഞെടുപ്പില്‍ നേരിടണമെങ്കില്‍ ഇങ്ങനെ പോയാല്‍ പോരാ. കോൺഗ്രസ് ഗ്രൗണ്ടിലാണ് പ്രവർത്തിക്കേണ്ടത്. നിലമ്പൂരിൽ വീടുകളിൽ പോയ ചാണ്ടി ഉമ്മൻ മാതൃകയാണെന്ന് കുര്യൻ പറഞ്ഞു.
കുര്യന് പറഞ്ഞത് ഉപദേശമെന്ന് രമേശ് ചെന്നിത്തല
പത്തനംതിട്ട: പി.ജെ. കുര്യന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞത് ഉപദേശമായി കണ്ടാല്‍ മതിയെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
പത്തനംതിട്ടയിൽ നടത്തിയ ലഹരിവിരുദ്ധ റാലിക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളില്ലാത്ത സ്ഥലങ്ങളിൽ യൂത്ത് കോൺഗ്രസ് ആളിനെ കൂട്ടണം. സംഘടനയുടെ പ്രവർത്തനം ശക്തിപ്പെടുത്തണം. കുറവുകള്‍ ഉണ്ടെങ്കില്‍ അതു നികത്തി മുന്നോട്ടു പോകുകയാണ് വേണ്ടത്.
സര്‍ക്കാരിനെതിരേയുള്ള സമരം പോരെന്ന് ആര്‍ക്കെങ്കിലും തോന്നിയില് അതു സ്വാഭാവികം മാത്രമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സൂപ്പര്‍ കംപ്യൂട്ടിംഗിലേക്ക് ചുവടുവയ്ക്കാന്‍ എസ്ആര്‍ഐബിഎസ്
കോട്ടയം: സൂപ്പര്‍ കംപ്യൂട്ടിംഗിന്റെ വിശാലലോകത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി പാമ്പാടിയിലെ ശ്രീനിവാസ രാമാനുജന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബേസിക് സയന്‍സസ് (എസ്ആര്‍ഐബിഎസ്). പാമ്പാടി എട്ടാംമൈലിലെ കാമ്പസിലാരംഭിക്കുന്ന സൂപ്പര്‍ കംപ്യൂട്ടിംഗ് സെന്റര്‍ വിവിധ ശാസ്ത്ര, സാങ്കേതിക മേഖലകളിലെ ഗവേഷണങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.
അത്യാധുനിക സൂപ്പര്‍ കംപ്യൂട്ടിംഗ് സെന്ററിലെ സൗകര്യം കേരളത്തിലെ എല്ലാ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കുമെന്നതാണ് പ്രധാന സവിശേഷതയെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സി.എച്ച്. സുരേഷ് പറഞ്ഞു.
പദ്ധതി പ്രവര്‍ത്തനക്ഷമമാവുന്നതോടെ സൂപ്പര്‍കംപ്യൂട്ടിംഗ് ഉപയോഗിച്ചുള്ള ശാസ്ത്ര ഗവേഷണങ്ങളില്‍ ആഗോളതലത്തില്‍ മത്സരിക്കാന്‍ കഴിയുന്ന പുതിയ അവസരങ്ങളും പ്രതിഭകളും ഇവിടെ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
2026 ജനുവരിയോടെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഇപ്പോള്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതടക്കമുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും പുതിയ കാമ്പസിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴിലുള്ള എസ്ആര്‍ഐബിഎസ് സൂപ്പര്‍ കംപ്യൂട്ടിംഗ് ഉള്‍പ്പെടെ ശാസ്ത്രഗവേഷണത്തില്‍ പുതുതലമുറയ്ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പുനല്‍കുന്നു.
ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിത ശാസ്ത്രം, കംപ്യൂട്ടേഷണല്‍ സയന്‍സസ് തുടങ്ങിയ മേഖലകളില്‍ നവീന ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിലും ഇന്ത്യക്കകത്തും പുറത്തുമുള്ള ഉന്നതഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് അത്യാധുനിക ഗവേഷണങ്ങള്‍ നടത്തുന്നതിലും നിര്‍ണായകമായ പങ്കുവഹിക്കാന്‍ ശേഷിയുള്ള ഗവേഷണസ്ഥാപനമായി ഇത് മാറിക്കഴിഞ്ഞു.
എന്താണ് സൂപ്പര്കംപ്യൂട്ടര്
സാധാരണ കംപ്യൂട്ടറിനേക്കാള്‍ ലക്ഷക്കണക്കിന് മടങ്ങ് വേഗവും കംപ്യൂട്ടേഷണല്‍ ശേഷിയുമുള്ളതാണ് ഒരു സൂപ്പര്കംപ്യൂട്ടര്. കാലാവസ്ഥാ പ്രവചനം, ഹൈ എനര്‍ജി ഫിസിക്സ് പഠനം, ബ്ലാക്ക് ഹോളുകളുടെ പഠനം, സിമുലേഷനുകള്‍, പുതിയ മരുന്നുകള്‍ രൂപകല്‍പ്പന ചെയ്യല്‍ തുടങ്ങിയ ബൃഹത്തായതും സങ്കീര്‍ണവുമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നവിധത്തിലാണ് ഇതിന്റെ രൂപകല്‍പ്പന.
കൂടുതല്‍ പ്രോസസര്‍, കൂടുതല്‍ വേഗം
സാധാരണ കംപ്യൂട്ടറിന് രണ്ടു മുതല്‍ എട്ടുവരെ പ്രോസസര്‍ കോറുകളാണുള്ളത്. പക്ഷേ, സൂപ്പര്കംപ്യൂട്ടറില് ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ പ്രോസസറുകള്‍ ഉപയോഗിച്ച് ഒരേസമയം ലക്ഷക്കണക്കിന് ജോലികള്‍ ചെയ്യുന്നു. ആദ്യകാലത്തു ഗ്രാഫിക്സിനും വീഡിയോ ഗെയിമുകള്‍ക്കുമായി നിര്‍മിച്ച ജിപിയു (ഗ്രാഫിക്സ് പ്രോസസിംഗ് യൂണിറ്റ്) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ്, സിമുലേഷനുകള്‍ എന്നീ വലിയ ഗണിത പ്രശ്നങ്ങള്‍ക്ക് മികച്ചതാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
ഇന്നത്തെ ഏറ്റവും വേഗമേറിയ സൂപ്പര്‍കംപ്യൂട്ടറുകള്‍ സിപിയുവും ജിപിയുവും ഒരുമിച്ച് ഉപയോഗിക്കുന്നു. സിപിയു നിയന്ത്രണവും വൈവിധ്യവും നല്കുന്നു. ജിപിയു ആവര്‍ത്തന, ഭാരമേറിയ കണക്കുകൂട്ടലുകള്‍ക്ക് സഹായിക്കുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ പരിശീലിപ്പിക്കല്‍ (ആവര്‍ത്തന ഗണിതം ആവശ്യമാണ്), ശാസ്ത്രീയ സിമുലേഷനുകള്‍ (ആറ്റങ്ങള്‍, ഗാലക്സികള്‍, രോഗങ്ങള്‍ എന്നിവ മോഡല്‍ ചെയ്യല്‍), ചിത്ര-വീഡിയോ പ്രോസസിംഗ് തുടങ്ങിയവയ്ക്കൊക്കെ ജിപിയു അനുയോജ്യമാണ്.
കാലാവസ്ഥാ പ്രവചനം (വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് എന്നിവ പ്രവചിക്കല്‍), ബഹിരാകാശ ദൗത്യങ്ങള്‍ (റോക്കറ്റ് വിക്ഷേപണ സിമുലേഷനുകള്‍), കാലാവസ്ഥാ വ്യതിയാന പഠനം, ആണവ, പ്രതിരോധ ഗവേഷണം,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലനം എന്നിവയിലൊക്കെ സൂപ്പര്‍ കംപ്യൂട്ടറുകളാണ് ഉപയോഗിക്കുന്നത്.
ജനകീയ ഗവര്‍ണര്‍ പടിയിറങ്ങുന്നു
കോഴിക്കോട്: ഗോവ രാജ്ഭവനെ ജനകീയമാക്കിയാണ് ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പടിയിറങ്ങുന്നത്. പുതിയ ഗവര്‍ണറെ രാഷ്ട്രപതി ഇന്നലെ പ്രഖ്യാപിച്ചതോടെയാണ് അദ്ദേഹം ഗവര്‍ണര്‍ സ്ഥാനമൊഴിയുന്നത്.
അഞ്ചുവര്‍ഷമെന്ന കാലാവധി കഴിഞ്ഞിട്ടും അദ്ദേഹം ഗവര്‍ണര്‍ പദവിയില്‍ തുടരുകയായിരുന്നു. പുതിയ ഗവര്‍ണര്‍ സ്ഥാനേമല്ക്കുന്ന മുറയ്ക്ക് ശ്രീധരന്‍പിള്ള നാട്ടിലേക്കു മടങ്ങും.
അറിയപ്പെടുന്ന ക്രിമിനല്‍ അഭിഭാഷകനായ ശ്രീധരന്‍പിള്ള 2019ല്‍ മിസോറാമിലാണ് ഗവര്‍ണറായി ആദ്യം ചുമതലയേറ്റത്. രണ്ടു വര്‍ഷത്തിനുശേഷം അവിടെനിന്ന് ഗോവയിലേക്കു മാറ്റം ലഭിച്ചു. 2021ല്‍ ഗോവ ഗവര്‍ണറായി ചുമതലയേറ്റു. ഗോവയില്‍ ഗവര്‍ണറായി നാലു വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്നലെയാണ് പുതിയ ഗവര്‍ണറുടെ പ്രഖ്യാപനം വന്നത്.
ഗവര്‍ണര്‍ പദവിയില്‍ എത്താന്‍ കഴിഞ്ഞതില്‍ താന്‍ പൂര്‍ണ സംതൃപ്തനാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.
ഗോവയിലും മിസോറാമിലുമായി ആറുവര്‍ഷം പൂര്‍ത്തിയാക്കി. ജീവിതത്തില്‍ ഒരിക്കലും പദവിയോ സ്ഥാനമോ പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടില്ല. അരനൂറ്റാണ്ടായി പ്രസ്ഥാനത്തിന്റെ ഭാഗമാണ്. എനിക്ക് നല്കാന് പറ്റുന്നതെല്ലാം പ്രസ്ഥാനം തന്നിട്ടുണ്ട്. ഭാവി കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്ഭവനും ജനങ്ങളും തമ്മിലുള്ള അകല്‍ച്ച ഇല്ലാതാക്കിയ ഗവര്‍ണറാണ് ശ്രീധരന്‍പിള്ള. പാവപ്പെട്ട രോഗികള്‍ക്ക് മരുന്നുവാങ്ങാനുള്ള സഹായം നല്‍കിയും തന്റെ പുസ്തകത്തിന്റെ റോയല്റ്റിയില്നിന്നുള്ള വരുമാനം ഉപയോഗിച്ച് സാധാരണക്കാര്‍ക്ക് അന്നദാനം നല്‍കുന്നതിനുള്ള പദ്ധതി നടപ്പാക്കിയും ഗ്രാമങ്ങളില്‍ സഞ്ചരിച്ച് ജനങ്ങളുടെ വിഷമങ്ങള്‍ മനസിലാക്കി സഹായമെത്തിച്ചും അദ്ദേഹം ശ്രദ്ധേയനായി.
ഗവര്‍ണറായ ശേഷവും എഴുത്തിന്റെ ലോകത്താണ് അദ്ദേഹം സഞ്ചരിച്ചത്. എഴുത്തിന്റെ സുവര്‍ണജൂബിലി ആഘോഷം ഈ വര്‍ഷം ജനുവരിയിലാണ് കോഴിക്കോട്ട് നടന്നത്. 251-ാം പുസ്തകമായ വൃക്ഷ ആയുര്‍വേദവും 252-ാം പുസ്തകമായ ആള്‍ട്ടിറ്റ്യൂഡ് ഓഫ് ഓള്മൈറ്റിയും അന്ന് പ്രകാശനം ചെയ്തിരുന്നു.
കവിതകള്‍, കഥകള്‍, യാത്രാവിവരണം, രാഷ്ട്രീയം, സാമ്പത്തികം, നാടോടി കവിതകള്‍ തുടങ്ങിയ വ്യത്യസ്ത മേഖലയിലാണ് അദ്ദേഹത്തിന്റെ രചനകള്‍. ഇംഗ്ലീഷ്, ഹിന്ദി, മറാഠി, കന്നഡ, തമിഴ് തുടങ്ങിയ ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികള്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റായും ശ്രീധരന്‍പിള്ള സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വൈദ്യുതവേലിയിൽനിന്നു ഷോക്കേറ്റ് കർഷകൻ മരിച്ചു
കരിമണ്ണൂർ: കൃഷിയിടത്തിലേക്ക് വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ സ്ഥാപിച്ച വൈദ്യുത വേലിയിൽ തട്ടി കർഷകൻ ഷോക്കേറ്റു മരിച്ചു. വേളൂർ കൂപ്പിൽ താമസിക്കുന്ന താമരക്കാട്ട് ടി.എൻ. കുഞ്ഞാണ് (68) മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം. കൃഷിയിടത്തിൽ വീണുകിടക്കുന്ന നിലയിൽ അയൽവാസികളാണ് ഇയാളെ കണ്ടെത്തിയത്. കൈയ്ക്ക് പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. തുടർന്ന് കരിമണ്ണൂർ പോലീസിനെ വിവരമറിയിച്ചു.
ഇവർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കൃഷിയിടത്തിൽ വേലി സ്ഥാപിച്ച് ഇതിൽ വൈദ്യുതി കടത്തിവിട്ടിരുന്നതായി കണ്ടെത്തിയത്. കുഞ്ഞിന്റെ വീട്ടിൽനിന്നാണ് വൈദ്യുതിലൈൻ വലിച്ചിരുന്നതെന്നും പരിശോധനയിൽ വ്യക്തമായെന്ന് കരിമണ്ണൂർ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാർ പറഞ്ഞു.
പതിവായി കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്ന മേഖലയാണ് വേളൂർ കൂപ്പ്. കുഞ്ഞ് തനിച്ചായിരുന്നു താമസം. ഇന്നലെ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം സംസ്കരിച്ചു. വൈദ്യുതാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു.
ഭാര്യ: പരേതയായ ലീല. മക്കൾ: സജിനി, സചിത്ര. മരുമക്കൾ: സതീശൻ, ബിനീഷ്.
കുഴിക്കാട്ടുശേരിയിൽ ധന്യൻ ജോസഫ് വിതയത്തിലച്ചൻ അനുസ്മരണം 23ന്
കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യ - ധന്യൻ ജോസഫ് വിതയത്തിൽ തീർഥാടനകേന്ദ്രത്തിൽ ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചു.
ഹോളിഫാമിലി സന്യാസിനീസമൂഹത്തിന്റെ സഹസ്ഥാപകനും വിശുദ്ധ മറിയം ത്രേസ്യയുടെ ആധ്യാത്മികനിയന്താവും കുടുംബകേന്ദ്രീകൃത അജപാലനശുശ്രൂഷയുടെ മധ്യസ്ഥനുമായ ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ 160-ാമത് ജന്മദിനവും 61-ാമത് ചരമവാർഷികവുമാണ് ഈ വർഷം ആചരിക്കുന്നത്.
23നു നടക്കുന്ന പ്രധാന അനുസ്മരണദിനത്തിനു മുന്നോടിയായി ഇന്നലെമുതൽ ദിവസവും വൈകിട്ട് 5. 30നു വിശുദ്ധ കുർബാന, സന്ദേശം, നേർച്ചഭക്ഷണവിതരണം എന്നിവ ആരംഭിച്ചു. ഇന്നലെ നടന്ന ശുശ്രൂഷകളിൽ ഫാ. ഷിബു കള്ളാപറമ്പിൽ മുഖ്യകാർമികനായിരുന്നു.
ഫാ. വിപിൻ വേരൻപിലാവ് സന്ദേശം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ ഫാ. ജയ്സൺ കരിപ്പായി, ഫാ. പ്രിൻസ് പുത്തൂക്കര, ഫാ. ഫ്രാങ്കോ കവലക്കാട്ട്, ഫാ. അജിത് ചിറ്റിലപ്പിള്ളി, ഫാ. വർഗീസ് പുത്തൂർ, ഫാ. ജോയ്സൺ കോരേത്ത്, ഫാ. വിൽസൺ എലുവത്തിങ്കൽ കൂനൻ, ഫാ. വർഗീസ് പാത്താടൻ എന്നിവർ കാർമികരാകും.
23നു പ്രധാന അനുസ്മരണദിനത്തിൽ രാവിലെ 10.30നു നടക്കുന്ന ആഘോഷമായ സമൂഹബലിയിൽ പാലക്കാട് രൂപതാ മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യകാർമികനാകും. തിരുക്കർമങ്ങളെത്തുടർന്ന് ശ്രാദ്ധ ഊട്ട് നടക്കും.
അനുസ്മരണപരിപാടികളുടെ വിജയത്തിനായി ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാൾ മോൺ. ജോളി വടക്കൻ ചെയർമാനായും ഹോളിഫാമിലി സന്യാസിനീസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ്, തീർഥാടനകേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ എൽസി സേവ്യർ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ വിനയ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
പാരാമെഡിക്കൽ കോഴ്സുകൾ: പ്രവേശനത്തിനു മുന്‍പ് സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പുവരുത്തണം
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഫാർമസി, പാരാമെഡിക്കൽ സ്ഥാപനങ്ങളിൽ ഫാർമസി, പാരാമെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പ്രവേശനം നേടുന്നതിനു മുൻപ് പ്രസ്തുത സ്ഥാപനങ്ങൾക്ക് സർക്കാരിന്റെയും സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെയും ബന്ധപ്പെട്ട കൗൺസിലുകളുടെയും അംഗീകാരമുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
വിവിധ കോഴ്സുകളിൽ പ്രവേശനം നേടുന്നതിനു മുൻപായി സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പ് വരുത്തണെന്നും. അംഗീകാരം ഉള്ള സ്ഥാപനങ്ങളുടെ ലിസ്റ്റ് ഡിഎംഇ, എൽബിഎസ് - ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.
മയക്കുമരുന്ന് വ്യാപനം: വിദ്വേഷ പ്രചാരണമെന്ന് മന്ത്രി എം.ബി. രാജേഷ്
പത്തനംതിട്ട: കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമായി മാറുന്നുവെന്ന തരത്തിൽ വിദ്വേഷ പ്രചാരണം ആസൂത്രിതമെന്ന് മന്ത്രി എം.ബി. രാജേഷ്. കേരള സ്റ്റേറ്റ്എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇവ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ കേരളത്തിനു പുറത്തു ചില കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായും മന്ത്രി ആരോപിച്ചു.
കേരളത്തിന്റെ മികവിനെ ദുരുപയോഗം ചെയ്തും ദുർവ്യാഖ്യാനം ചെയ്തുമാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്. കേസുകളുടെ എണ്ണത്തിൽ വർധനയുണ്ട്. അത് എക്സൈസ് വകുപ്പിന്റെ മികവുകൊണ്ടുണ്ടായതാണെന്നും ചെറിയ അളവിലുള്ള മയക്കുമരുന്നു പോലും പിടിച്ചെടുക്കുകയും കുറ്റക്കാരെ നിയമത്തിന്റെ മുന്പിൽ കൊണ്ടുവരാനാകുന്നുവെന്നതുമാണ് സംസ്ഥാന എക്സൈസ് വകുപ്പിന്റെ മികവെന്നും രാജേഷ് പറഞ്ഞു.
മയക്ക് മരുന്നിന്റെ പ്രഭവ കേന്ദ്രമായ ബംഗളൂരുവിൽ വിദേശ പൗരന്മാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയെ തകർക്കാനുള്ള ഉത്തരവാദിത്വം കർണടക സർക്കാരിനും കേന്ദ്ര ഏജൻസികൾക്കുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി .സജുകുമാർ അധ്യക്ഷത വഹിച്ചു.
സമ്മേളനം ഇന്നു സമാപിക്കും.
പാലത്തിൽ ട്രെയിൻ നിന്നു; സാഹസികമായി ബ്രേക്ക് മാറ്റി ടിടിഇ
ആലുവ: യാത്രക്കാരൻ അപായച്ചങ്ങല വലിച്ചതിനെതുടർന്ന് ആലുവ പാലത്തിൽ കുടുങ്ങിയ ട്രെയിനിന്റെ അടിയിലേക്ക് സാഹസികമായി ഇറങ്ങി ബ്രേക്ക് മാറ്റി ടിടി എക്സാമിനർ. ഇന്നലെ രാവിലെ ഒമ്പതരയോടെ തിരുവനന്തപുരം മംഗലാപുരം ഏറനാട് എക്സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം.
ഷൊർണൂർ ഡിപ്പോയിലെ ട്രെയിൻ ടിക്കറ്റ് എക്സാമിനർ ബെൻ തമ്പിയാണ് സാഹസികമായി ബ്രേക്കിംഗ് സിസ്റ്റം പഴയ പടിയാക്കിയത്. ആലുവ റെയിൽവേ സ്റ്റേഷൻ വിട്ടതിനു ശേഷമാണ് എസി കോച്ചായ സി വണ്ണിലെ യാത്രക്കാരൻ അപായച്ചങ്ങല വലിച്ചത്. ട്രെയിനിന്റെ പകുതി തുരുത്ത് പാലത്തിലായാണ് നിന്നത്.
ചങ്ങല പുനസ്ഥാപിക്കേണ്ട ഭാഗം പാലത്തിലായതിനാൽ മുൻഭാഗത്തുള്ള അസിസ്റ്റന്റ് ലോക്കോ പൈലറ്റിനോ പിന്നിലെ ഗാർഡുമാർക്കോ എത്തിച്ചേരാനായില്ല.അങ്ങിനെയാണ് ബെൻ തമ്പി പാലത്തിലേക്ക് ഇറങ്ങിയത്.
പാലത്തില്‍ ട്രാക്കും നടുവിലായി ഒരാള്‍ക്ക് മാത്രം നടക്കുവാന്‍ കഴിയുന്ന വിധത്തില്‍ ഇരുമ്പ് ഷീറ്റും മാത്രമാണുള്ളത്. ഇരുമ്പ് ഷീറ്റിലൂടെ ജീവൻ പണയപ്പെടുത്തി ബോഗിയുടെ അടിയിലെത്തിയാണ് ചങ്ങല പഴയ രൂപത്തിലാക്കിയത്.
പത്തുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് പേവിഷബാധയേറ്റു മരിച്ചത് 105 പേര്
കോഴിക്കോട്: കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത് 105 പേര്. ഇതില്‍ 23 പേര് പേവിഷബാധയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടും മരണത്തിനു കീഴടങ്ങിയവരാണ്.
തെരുവുനായ്ക്കള്ക്കുപുറമേ വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍, കാട്ടുപൂച്ച, കുറുക്കന് എന്നിവയുടെ കടിയേറ്റവരും മരിച്ചവരില്‍ ഉള്‍പ്പെടും. ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെ പേവിഷബാധയേറ്റ് മരിച്ച 16 പേരില്‍ അഞ്ചുപേര്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരാണ്.
2021ല്‍ മരിച്ച 11 പേരില്‍ മൂന്നുപേരും 2022ല്‍ മരിച്ച 27 പേരില്‍ ഏഴു പേരും 2023ല്‍ മരിച്ച 25ല്‍ മൂന്നു പേരും കഴിഞ്ഞ വര്‍ഷം മരിച്ച 26ല്‍ അഞ്ചു പേരും പ്രതിരോധ കുത്തിവയ്പ് എടുത്തവരാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ കണക്കുകകള്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷം മേയ് വരെ 16 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. നായയുടെ കടിയേറ്റ് ഏപ്രില്‍, മേയ് മാസങ്ങളിലായി മൂന്ന് കുട്ടികള്‍ മരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഈ കുട്ടികള്‍ മരിച്ചത് നാഡികളിലൂടെ വൈറസ് വേഗം ശരീരത്തില്‍ കടന്നതിലാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
പത്തനംതിട്ടയിലെ കോഴഞ്ചേരി, മലപ്പുറത്തെ തേഞ്ഞിപ്പലം, കൊല്ലത്തെ പത്തനാപുരം എന്നിവിടങ്ങളില്‍ നടന്ന കുട്ടികളുടെ മരണങ്ങളുടെ കാരണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിംഗ് നല്കിയ പരാതിയില്‍ ബാലാവകാശ കമ്മീഷന് ആരോഗ്യ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടിയിരുന്നു. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് കമ്മീഷന് നല്കിയ റിപ്പോര്‍ട്ടിലാണ് വൈറസ് വേഗം ശരീരത്തില്‍ പ്രവേശിച്ചതിനാലാണ് മരണം സംഭവിച്ചതെന്ന വിവരമുള്ളത്.
പേവിഷബാധ പ്രതിരോധ വാക്സിനുകള്‍ കൃത്യമായ ഡോസുകള്‍ എടുത്തിട്ടും മരണം സംഭവിച്ചു. വൈറസ് വേഗം ശരീരത്തില്‍ പ്രവേശിച്ചതിനാല്‍ നല്കിയ മരുന്നുകള്‍ ഫലപ്രദമായില്ലെന്ന് ആരോഗ്യ വകുപ്പ് തന്നെ വിലയിരുത്തുന്നു. വൈറസിന് വേഗം നാഡിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്നതിന് സാധിക്കുന്ന ഭാഗങ്ങളായ കഴുത്ത്, തല, കൈ എന്നീ ഭാഗങ്ങളിലാണ് മൂന്ന് കുട്ടികള്‍ക്കും കടിയേറ്റത്.
മൂന്ന് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടങ്ങളില്‍ ചികിത്സ തേടിയ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ പ്രധിരോധ വാക്സിന് ഇല്ലാതിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം ഏപ്രില്‍ വരെ 1,31,244 പേര്‍ക്കാണ് കടിയേറ്റത്.
തെരുവുവനായ്ക്കളുടെ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി നായ്ക്കളുടെ വന്ധ്യംകരണം നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
പേവിഷബാധ ഏല്‍ക്കുന്നവര്‍ക്ക് ആവശ്യമായ ചികിത്സ ഉടന്‍ ലഭ്യമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ബോധവത്കരണ പരിപാടികള്‍ നടത്തിവരുന്നുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിന് അടിയന്തിര സ്വഭാവത്തില്‍ നടപടികള്‍ നടത്തിവരുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് പറയുന്നു.
നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം വര്‍ഷം തിരിച്ച്
2015 - 1,21,693
2016 - 1,35,217
2017 - 1,35,749
2018 - 1,48,899
2019- 1,61,055
2020- 1,60,483
2021- 2,21,379
2022- 2,94,032
2023- 3,06,427
2024- 3,16,793
2025 ഏപ്രില്‍ അവസാനം വരെ 1,31,244
പേവിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം
2015- 10
2016- 5
2017- 8
2018- 9
2019- 8
2020- 5
2021- 11
2022- 27
2023- 25
2024- 26
2025 മേയ് അവസാനം വരെ 16