കന്യാസ്ത്രീമാരുടെ എട്ടുദിവസത്തെ യാതനയ്ക്ക് ഇന്നു മോചനമായേക്കും
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ആൾക്കൂട്ട വിചാരണയെത്തുടർന്ന് തെറ്റായ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു ജയിലിലടച്ച കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
ജാമ്യാപേക്ഷ എൻഐഎ കോടതിയിലേക്കു വിടേണ്ട ആവശ്യമില്ലായിരുന്നുവെന്നും കേരളത്തിൽനിന്നുള്ള എംപിമാരോട് മന്ത്രി പറഞ്ഞു. ഇതോടെ, മലയാളി സിസ്റ്റർമാരായ പ്രീതിയുടെയും വന്ദനയുടെയും എട്ടു ദിവസം നീണ്ട അനാവശ്യ ജയിൽവാസം ഇന്ന് അവസാനിച്ചേക്കും.
കന്യാസ്ത്രീമാരുടെ ജാമ്യത്തിനായി ഛത്തീസ്ഗഡ് ഹൈക്കോടതിയെ ഇന്നു സമീപിക്കുമെന്ന് കത്തോലിക്കാസഭ പ്രതിനിധികൾ പറഞ്ഞു. എന്നാൽ അമിത് ഷാ നിർദേശിച്ചതുപോലെ ദുർഗ് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകണമോയെന്ന കാര്യത്തിൽ കന്യാസ്ത്രീമാർക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകരാകും തീരുമാനിക്കുക.
എൻഐഎ കോടതിയിൽനിന്നു കേസ് വിടുതൽ ചെയ്യാനുള്ള അപേക്ഷ ഛത്തീസ്ഗഡ് സർക്കാർ തന്നെ നൽകുമെന്ന് എൽഡിഎഫ്, യുഡിഎഫ് എംപിമാർക്ക് അമിത് ഷാ ഉറപ്പുനൽകി. വിചാരണക്കോടതിയിൽ ഇന്നലെത്തന്നെ ജാമ്യാപേക്ഷ നൽകാൻ ഷാ നിർദേശിച്ചെങ്കിലും സമയം വൈകിയതിനാൽ സാധിച്ചില്ല.
യുഡിഎഫ്, എൽഡിഎഫ് എംപിമാർ ഇന്നലെ വൈകുന്നേരമാണ് അമിത് ഷായെ കണ്ടു നിവേദനം നൽകിയത്. കന്യാസ്ത്രീമാരുടെ മോചനകാര്യത്തിൽ അനുഭാവപൂർവമായ നിലപാടാണുള്ളതെന്ന് എംപിമാരോട് അമിത് ഷാ പറഞ്ഞു.
അറസ്റ്റിലായ കന്യാസ്ത്രീമാരെ ജയിലിൽനിന്ന് ഉടൻ മോചിപ്പിക്കുക, അവർക്കെതിരേയുളള വ്യാജ കേസും എഫ്ഐആറും റദ്ദാക്കുക, അറസ്റ്റിലേക്കു നയിച്ച ആൾക്കൂട്ട വിചാരണയെക്കുറിച്ച് നിഷ്പക്ഷവും നീതിപൂർവവും സമയബന്ധിതവുമായ അന്വേഷണം നടത്തുക, തെറ്റായ അറസ്റ്റിനു പ്രേരിപ്പിച്ചവർക്കും പിന്തുണച്ചവർക്കുമെതിരേ നിയമനടപടി സ്വീകരിക്കുക, നിർബന്ധിത മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെ ദുരുപയോഗം തടയുക, ന്യൂനപക്ഷങ്ങൾക്കു ഭരണഘടനാപരമായ സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ആഭ്യന്തരമന്ത്രിക്ക് കേരള എംപിമാർ നൽകിയ നിവേദനത്തിൽ ഉന്നയിച്ചു.
എംപിമാരായ ജോസ് കെ. മാണി, ജോണ്‍ ബ്രിട്ടാസ്, കെ. രാധാകൃഷ്ണൻ, പി. സന്തോഷ് കുമാർ, വി. ശിവദാസൻ, പി.പി. സുനീർ, എ.എ. റഹീം, ആർ. സച്ചിദാനന്ദം തുടങ്ങിയവരാണ് അമിത് ഷായെ കണ്ടു നിവേദനം നൽകിയ എൽഡിഎഫ് സംഘത്തിലുണ്ടായിരുന്നത്.
ആന്റോ ആന്റണി, ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, കെ. ഫ്രാൻസിസ് ജോർജ്, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, കെ. സുധാകരൻ, എം.കെ. രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, വി.കെ. ശ്രീകണ്ഠൻ, അബ്ദുൾസമദ് സമദാനി, ഹാരീസ് ബീരാൻ, ജെബി മേത്തർ, ഷാഫി പറന്പിൽ എന്നീ എംപിമാരാണ് യുഡിഎഫ് നിവേദകസംഘത്തിലുണ്ടായിരുന്നത്.
ജയിലിലുള്ള കന്യാസ്ത്രീമാർക്ക് ബുധനാഴ്ച ജാമ്യം ലഭിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് നേരത്തേ ഷാ കേരള എംപിമാർക്ക് ഉറപ്പു നൽകിയിരുന്നു. ആശയവിനിമയത്തിലുണ്ടായ വീഴ്ച മൂലമാണ് ഇതു നടക്കാതെ പോയതെന്നാണു പിന്നീട് മന്ത്രി വിശദീകരിച്ചത്.
കേസിലുൾപ്പെട്ട ഒരു പെണ്‍കുട്ടിയെ ബജ്രംഗ്ദൾ നേതാക്കൾ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് തെറ്റായ പ്രസ്താവനയിൽ ഒപ്പുവയ്പിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴി ഞെട്ടിക്കുന്നതാണെന്ന് ഷായ്ക്കു നൽകിയ നിവേദനത്തിൽ എംപിമാർ ചൂണ്ടിക്കാട്ടി.
കന്യാസ്ത്രീമാരുടെ അറസ്റ്റ് ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ വേദനയും ആശങ്കയും ഉണ്ടാക്കിയിട്ടുണ്ടെന്നും എംപിമാർ പറഞ്ഞു. ജാമ്യം ലഭിച്ചശേഷം കന്യാസ്ത്രീമാർക്കെതിരേയുള്ള വ്യാജ എഫ്ഐആർ റദ്ദാക്കാൻ നടപടി വേണമെന്ന് എംപിമാർ ആവശ്യപ്പെട്ടു.
കേസ് എൻഐഎ കോടതിക്കു വിട്ട സെഷൻസ് കോടതിയുടെ നടപടിക്രമത്തിൽ പാളിച്ചകളുണ്ടെന്ന് ആഭ്യന്തരമന്ത്രി സമ്മതിച്ചു. കേന്ദ്രസർക്കാരിന്റെ അനുമതിയോടെ മാത്രമേ എൻഐഎ കേസുകൾ പാടുള്ളൂവെന്നതാണു ചട്ടം. ഇതു പരിഗണിക്കാതെയാണ് കോടതി കേസ് എൻഐഎക്കു വിട്ടത്.
ഇതിനിടെ, ജാമ്യാപേക്ഷ നൽകാനായി ഛത്തീസ്ഗഡിൽത്തന്നെയുള്ള അഭിഭാഷകനെ നിയോഗിക്കാൻ സിബിസിഐ ആസ്ഥാനത്ത് ഇന്നലെ വൈകുന്നേരം നടന്ന നിയമവിദഗ്ധരുടെ യോഗം തീരുമാനിച്ചു. സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. മാത്യു കോയിക്കൽ, അഭിഭാഷകരായ പി.ഐ. ജോസ്, സിസ്റ്റർ മേരി സിറിയക് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ബജ്രംഗ്ദളുകാർ ഭീഷണിപ്പെടുത്തി വ്യാജമൊഴി നൽകാൻ പ്രേരിപ്പിച്ചെന്ന് കമലേശ്വരി പ്രധാൻ
നാരായൺപുർ: ബജ്രംഗ്ദൾ പ്രവർത്തകർ ഭീഷണിയിലൂടെയും മർദനത്തിലൂടെയും കന്യാസ്ത്രീമാർക്കെതിരേ വ്യാജമൊഴി നൽകാൻ തന്നെ നിർബന്ധിക്കുകയായിരുന്നുവെന്ന് ആദിവാസി പെൺകുട്ടി കമലേശ്വരി പ്രധാൻ.
കഴിഞ്ഞ അഞ്ചു വർഷമായി ക്രിസ്തുമതത്തിൽ വിശ്വസിച്ചുപോരുന്ന കുടുംബമാണ് തന്റേതെന്നും കമലേശ്വരി (21) പറഞ്ഞു. "" എന്റെ മാതാപിതാക്കളുടെ അനുവാദത്തോടെ ആഗ്രയിലേക്കു പോകുകയായിരുന്നു ഞാൻ. അവിടെനിന്നു ഭോപ്പാലിലേക്കാണു പോകേണ്ടിയിരുന്നത്. അവിടെയുള്ള ക്രിസ്ത്യൻ ആശുപത്രിയിൽ 10,000 രൂപ ശന്പളത്തിൽ ജോലി നൽകാമെന്ന് ഉറപ്പു നൽകിയിരുന്നു. ഒപ്പം ആഹാരവും താമസവും വസ്ത്രവും ലഭിക്കുമെന്ന് പറഞ്ഞിരുന്നു.
ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത കന്യാസ്ത്രീമാർ ഏതാനും മണിക്കൂറുകൾ വൈകിയാണ് സ്റ്റേഷനിലെത്തിയത്. അപ്പോഴാണ് ഒരാൾ ഞങ്ങളോട് വഴക്കിനു വന്നത്. പിന്നീട് ബജ്രംഗ്ദളുകാരും അയാളോടൊപ്പം ചേരുകയായിരുന്നു. മർദിച്ചശേഷം പോലീസ് സ്റ്റേഷനിൽ എത്തിച്ച ഞങ്ങളോട് ജ്യോതി ശർമയെന്ന ബജ്രംഗ്ദൾ നേതാവാണ് ഞങ്ങളെ അവർ നിർബന്ധിച്ചു കടത്തിക്കൊണ്ടുപോകുകയായിരുന്നുവെന്നുമൊഴി നൽകാൻ ആവശ്യപ്പെട്ടത്.
ജ്യോതി ശർമ മർദിക്കുകയും ചെയ്തു''-കമലേശ്വരി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. തന്റെ മൊഴി പോലീസ് ശരിയായി രേഖപ്പെടുത്തിയില്ലെന്നും അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് കന്യാസ്ത്രീമാർ നിരപരാധികളാണെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.
പാർലമെന്റിൽ പ്രതിഷേധം തുടർന്ന് കേരള എംപിമാർ
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീമാർക്കെതിരേ വ്യാജ പരാതിപ്രകാരം അറസ്റ്റ് ചെയ്തു ജയിലിലടച്ചതിനെതിരേ കേരള എംപിമാർ ഇന്നലെയും പാർലമെന്റിന്റെ ഇരുസഭകളിലും പുറത്തും പ്രതിഷേധിച്ചു.
സഭാനടപടികൾ നിർത്തിവച്ച് പ്രശ്നം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു രാജ്യസഭയിൽ ജോസ് കെ. മാണി, ഹാരീസ് ബീരാൻ തുടങ്ങിയവരും ലോക്സഭയിൽ ബെന്നി ബെഹനാൻ, ആന്റോ ആന്റണി, കെ. രാധാകൃഷ്ണൻ തുടങ്ങിയവരും ഇന്നലെയും നോട്ടീസുകൾ നൽകി.
യുഡിഎഫ്, എൽഡിഎഫ് എംപിമാർ ഇതേ പ്രശ്നത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നോട്ടീസ് നൽകുകയും സഭയിലുന്നയിക്കുകയും ചെയ്തിരുന്നു. കന്യാസ്ത്രീമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് യുഡിഎഫ് എംപിമാർ തുടർച്ചയായ നാലാം ദിവസവും പാർലമെന്റ് മന്ദിരത്തിനുപുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു.
മാലേഗാവ് സ്ഫോടനക്കേസ് ; പ്രജ്ഞാ സിംഗ് ഠാക്കൂർ ഉൾപ്പെടെ ഏഴു പ്രതികളെ വെറുതേ വിട്ടു
മുംബൈ: പതിനേഴു വർഷം മുന്‍പ് വടക്കൻ മഹാരാഷ്ട്രയിലെ മാലേഗാവ് പട്ടണത്തിൽ ആറു പേരുടെ ജീവനെടുത്ത സ്ഫോടനത്തിലെ ഏഴു പ്രതികളെയും പ്രത്യേക കോടതി വെറുതേ വിട്ടു.
മുൻ ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവർ ഉൾപ്പെടെയുള്ളവരെയാണ് വിശ്വാസയോഗ്യവും ശക്തവുമായ തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടത്.
ഭീകരതയ്ക്കു മതമില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, കേവലം ധാരണകളുടെ അടിസ്ഥാനത്തിൽ ആരെയും കുറ്റക്കാരനാണെന്നു വിധിക്കാൻ കഴിയില്ലെന്നു നിരീക്ഷിച്ചു. സ്പെഷൽ കോടതി ജഡ്ജി എ.കെ. ലഹോട്ടിയാണു വിധി പ്രസ്താവിച്ചത്. കേസന്വേഷണത്തിൽ എൻഐഎക്കു പാളിച്ചയുണ്ടായെന്നു ജസ്റ്റീസ് ലഹോട്ടി പറഞ്ഞു.
കോടതിവിധിയെ പ്രജ്ഞാ സിംഗ് ഠാക്കൂറും പ്രസാദ് പുരോഹിതും പ്രകീർത്തിച്ചു. കാവിയുടെ വിജയമാണിതെന്ന് പ്രജ്ഞാ സിംഗ് പറഞ്ഞു. ഹിന്ദു ഭീകരത എന്ന സിദ്ധാന്തം കോൺഗ്രസ് നിർമിച്ചതാണെന്നു ബിജെപി ആരോപിച്ചു.
മേജർ രമേഷ് ഉപാധ്യായ, അജയ് രഹിർക്കർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽക്കർണി എന്നിവരാണു കുറ്റവിമുക്തരായ മറ്റു പ്രതികൾ. ജാമ്യത്തിലായിരുന്ന പ്രതികളെല്ലാം ഇന്നലെ കോടതിയിലെത്തിയിരുന്നു.
മുംബൈയിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള മുസ്ലിം ഭൂരിപക്ഷ പട്ടണമായ മാലേഗാവിലെ ഒരു മോസ്കിനു സമീപം 2008 സെപ്റ്റംബർ 29നാണ് സ്ഫോടനമുണ്ടായത്. മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച സ് ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ആറു പേർ കൊല്ലപ്പെട്ടു. 101 പേർക്ക് പരിക്കേറ്റു. റംസാൻമാസത്തിലായിരുന്നു സ്ഫോടനം.
കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നല്കാൻ കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ടവർക്കു നീതി ലഭിച്ചില്ലെന്നു നിയമപോരാട്ടം നടത്തിയ ഫിറോസ് അഹമ്മദ് അസ്മി പറഞ്ഞു.
എടിഎസ് ആണ് ആദ്യം കേസ് അന്വേഷണം നടത്തിയത്. പ്രജ്ഞാ സിംഗ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, പ്രതികളെല്ലാം പിന്നീട് ജാമ്യത്തിലിറങ്ങി. 2011ൽ എൻഐഎ കേസ് ഏറ്റെടുത്തു. തുടക്കത്തിൽ പ്രജ്ഞാ സിംഗിന് എൻഐഎ ക്ലീൻ ചിറ്റ് നല്‍കിയിരുന്നു.
എന്നാൽ, പ്രജ്ഞാ സിംഗിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും വിചാരണ നേരിടണമെന്നും കോടതി നിർദേശിക്കുകയായിരുന്നു. 323 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. ഇവരിൽ 37 പേർ കൂറുമാറി.
സ്ഫോടനം നടത്താനായി ഉപയോഗിച്ച മോട്ടോർസൈക്കിൾ പ്രജ്ഞാസിംഗിന്റെ പേരിലുള്ളതാണെന്നായിരുന്നു കണ്ടെത്തൽ. ഇതു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. അഭിനവ് ഭാരത് എന്ന തീവ്രഹിന്ദുത്വസംഘടനയ്ക്ക് സഹായങ്ങൾ നല്‍കിയെന്ന് ആരോപിച്ചാണ് ലഫ്. കേണൽ പുരോഹിതിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ചുരുളഴിഞ്ഞ് ധർമസ്ഥല; വനത്തിൽനിന്ന് അസ്ഥികൂട ഭാഗങ്ങൾ കണ്ടെടുത്തു
മംഗളൂരു: കർണാടക ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ധർമസ്ഥല വനത്തിൽ അടയാളപ്പെടുത്തിയ ഭാഗത്തുനിന്നു മനുഷ്യാസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തു.
നേത്രാവതി പുഴക്കരയിൽ ആറാമതായി അടയാളപ്പെടുത്തിയ സ്ഥലത്ത് കുഴിച്ചപ്പോഴാണ് കഷ്ടിച്ച് രണ്ടടിയോളം മാത്രം താഴ്ചയിൽനിന്ന് അസ്ഥികൾ കണ്ടെടുത്തത്. പുരുഷന്റെ അസ്ഥികൂടമാണെന്നാണു പ്രാഥമിക നിഗമനം. അവശിഷ്ടങ്ങൾ കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് സംഘത്തിന് കൈമാറി.
മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സർക്കാർ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനയുടെ മൂന്നാംദിവസമാണ് ആദ്യത്തെ നിർണായക തെളിവുകൾ ലഭിച്ചത്.
രണ്ടാം ദിവസത്തെ പരിശോധനയിൽ സ്ത്രീയുടേതെന്നു സംശയിക്കാവുന്ന വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും ലക്ഷ്മി എന്ന പേരിലുള്ള പാൻ കാർഡും ഒരു പുരുഷന്റെ പേരിലുള്ള എടിഎം കാർഡും ലഭിച്ചിരുന്നു.
ആദ്യം പരിശോധന നടത്തിയ അഞ്ചു സ്ഥലങ്ങളും പുഴയോടു വളരെ ചേർന്നായതിനാൽ മഴക്കാലത്ത് പുഴ കരകവിയുമ്പോൾ അവശിഷ്ടങ്ങൾ ഒഴുകിപ്പോയിരിക്കാനിടയുണ്ടെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ശരിവയ്ക്കുന്ന തരത്തിലാണു കൂടുതൽ വനത്തിനുള്ളിലേക്കു നീങ്ങിയപ്പോൾ അവശിഷ്ടങ്ങൾ കിട്ടിയത്.
ട്രംപിന്റെ തീരുവ പ്രഖ്യാപനം; കേന്ദ്രസർക്കാരിനെതിരേ പ്രതിപക്ഷ പാർട്ടികൾ
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 25 ശതമാനം തീരുവ പ്രഖ്യാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശബ്ദതയ്ക്കെതിരേ പ്രതിപക്ഷ പാർട്ടികൾ.
ഇന്ത്യയുടെ സന്പദ്വ്യവസ്ഥ നിർജീവമാണെന്ന ട്രംപിന്റെ പരാമർശം മോദിയും ധനമന്ത്രി നിർമല സീതാരാമനും ഒഴികെ എല്ലാവരും സമ്മതിച്ചതാണെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പരിഹസിച്ചു.
ബിജെപി നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന്റെ സാന്പത്തിക അടിത്തറ, പ്രതിരോധം, വിദേശ നയം എന്നിവ ആസൂത്രിതമായി ദുർബലപ്പെടുത്തുകയാണ്. ഒരുവശത്ത് അമേരിക്ക ഇന്ത്യയെ ദുരുപയോഗം ചെയ്യുന്നു. മറുവശത്ത് ചൈന. മൂന്നാമതായി പ്രതിനിധിസംഘത്തെ ലോകമെന്പാടും അയച്ചിട്ടും പഹൽഗാം ആക്രമണത്തിൽ ഒരു രാജ്യവും പാക്കിസ്ഥാനെ അപലപിച്ചില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
കഴിഞ്ഞ 11 വർഷമായി മോദിസർക്കാർ ട്രംപുമായി സൗഹൃദ അവകാശവാദങ്ങൾ ഉന്നയിക്കുകയാണെന്നും എങ്കിലും 25 ശതമാനം തീരുവ ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തുന്നുവെന്നും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. ജീവിതനിലവാരം മെച്ചപ്പെടുന്നില്ല. പണപ്പെരുപ്പവും തൊഴിലില്ലായ്മയും രാജ്യത്തെ വലയ്ക്കുന്നു. നിരവധിപ്പേർ ഇന്ത്യ വിടുകയാണെന്നും അഖിലേഷ് പറഞ്ഞു.
ട്രംപിന്റെ നടപടി രാജ്യത്തെ ചെറുകിട വ്യവസായികളെയും കർഷകരെയും ദോഷകരമായി ബാധിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി. പല വ്യവസായങ്ങളും കനത്ത നഷ്ടം നേരിടേണ്ടിവരും. പ്രധാനമന്ത്രിയുടെ സുഹൃത്ത് ഇന്ത്യക്കു നൽകിയ പ്രതിഫലമാണ് പുതിയ തീരുവയെന്നും ഖാർഗെ കുറ്റപ്പെടുത്തി.
ഇന്ത്യ-അമേരിക്ക വ്യാപാരബന്ധത്തെ സാരമായി ബാധിച്ചേക്കാവുന്ന നടപടിയാണു ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂർ വ്യക്തമാക്കി. ഇന്ത്യ റഷ്യയിൽനിന്ന് എണ്ണയും വാതകവും വാങ്ങുന്നതിന് അധിക പിഴകൾ ഈടാക്കുന്നതിനെയും തരൂർ വിമർശിച്ചു.
ഇന്ത്യൻ സന്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ട്രംപിന്റെ പരാമർശവും പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ സംഘർഷം അവസാനിപ്പിച്ചെന്ന അവകാശവാദത്തിലും മോദി പ്രതികരിക്കേണ്ടിവരുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. എല്ലായിടത്തും പോയി സുഹൃത്തുക്കളെ ഉണ്ടാക്കുന്നുവെന്നാണ് മോദിയുടെ അവകാശം. എങ്കിലും രാജ്യത്തിനു ലഭിക്കുന്നത് ഇത്തരം തിരിച്ചടികളാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
ട്രംപ് സർക്കാർ അധികാരമേറ്റശേഷം ദിനംപ്രതി ഇന്ത്യ അപമാനിക്കപ്പെടുകയാണെന്ന് സിപിഐ എംപി സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി. ട്രംപിന്റെ പരാമർശത്തിനെതിരേ ഒരു വാക്കുപോലും പറയാൻ സർക്കാർ തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പരിശോധിച്ചുവരികയാണെന്ന് പിയൂഷ് ഗോയൽ
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ പ്രഖ്യാപനം കേന്ദ്രസർക്കാർ പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പാർലമെന്റിൽ വ്യക്തമാക്കി. രാജ്യത്തെ കർഷകർ, തൊഴിലാളികൾ, സംരംഭകർ, കയറ്റുമതിക്കാർ എന്നിവരുടെ ക്ഷേമം സംരക്ഷിക്കുന്നതിന് സർക്കാർ പ്രാധാന്യം നൽകും.
ദേശീയതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി മുന്നോട്ടുപോകുമെന്നും ഗോയൽ പറഞ്ഞു. ഇന്നുമുതൽ ഇന്ത്യയിൽനിന്നുള്ള എല്ലാ ഉത്പന്നങ്ങൾക്കും 25 ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനം. കൂടാതെ റഷ്യയിൽനിന്ന് എണ്ണ വാങ്ങിയാൽ പിഴ ഈടാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം നയിക്കുന്ന എഐഎഡിഎംകെ കേഡേഴ്സ് റൈറ്റ്സ് റിട്രൈവൽ കമ്മിറ്റി ബിജെപി മുന്നണി വിട്ടു.
മുതിർന്ന നേതാവ് പൺറുതി എസ്. രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പനീർശെൽവം എൻഡിഎ മുന്നണിയിൽ സ്ഥാനാർഥിയായിരുന്നു.
ബംഗാളിൽ തൃണമൂൽ പഞ്ചായത്തംഗത്തെ കുത്തിക്കൊന്നു
കോൽക്കത്ത: വീട്ടിലേക്കു മടങ്ങുന്നതിനിടെ തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തെ മാരകായുധങ്ങളുമായെത്തിയ അക്രമി സംഘം കുത്തിക്കൊലപ്പെടുത്തി.
കനൈപുർ പഞ്ചായത്തംഗം പിന്റു ചക്രവർത്തിയാണു കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ടൗണിലെ ഓട്ടോറിക്ഷ സ്റ്റാന്റിൽവച്ചായിരുന്നു അതിക്രമം.
തൃണമൂൽ കോൺഗ്രസിലെ വിമതവിഭാഗമാണ് അക്രമത്തിനു പിന്നിലെന്നു പ്രതിപക്ഷമായ ബിജെപി ആരോപിച്ചു. കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
യുഡിഎഫ് എംപിമാർ ഇന്നു ഛത്തീസ്ഗഡിലേക്ക്
ന്യൂഡൽഹി: ജയിലിൽ കഴിയുന്ന കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷ ഇന്നു കോടതിയിൽ നൽകാനിരിക്കെ അഞ്ചംഗ യുഡിഎഫ് എംപി സംഘം ഇന്നു ഛത്തീസ്ഗഡിലേക്ക് പോകും.
ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, രാജ്മോഹൻ ഉണ്ണിത്താൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരാണു സംഘത്തിലുള്ളത്.
എൻ.കെ. പ്രേമചന്ദ്രൻ എംപി ലോക്സഭാ ചെയർമാൻ പാനലിൽ
ന്യൂഡൽഹി: എൻ.കെ. പ്രേമചന്ദ്രൻ എംപിയെ ലോക്സഭാ ചെയർമാൻ പാനലിൽ രണ്ടാംതവണയും ഉൾപ്പെടുത്തി.
ലോക്സഭയുടെ കാലാവധി തീരുന്നതുവരെയാണ് പദവി. ഇന്നലെ സഭ സമ്മേളിച്ചയുടൻ സ്പീക്കർ സഭയിൽ തീരുമാനം പ്രഖ്യാപിച്ചപ്പോൾ ഭരണ- പ്രതിപക്ഷ എംപിമാർ ഡസ്കിലടിച്ച് നടപടിയെ സ്വാഗതം ചെയ്തു.
ലോക്സഭയുടെ പാർട്ടി അംഗബലം കണക്കിലെടുത്താണ് പാർലമെന്റ് അംഗത്തെ പാനൽ ഓഫ് ചെയർമാനിൽ ഉൾപ്പെടുത്തുന്നത്. പാർലമെന്റിൽ ആർഎസ്പിയുടെ ഏക അംഗമായ എൻ.കെ. പ്രേമചന്ദ്രനെ കഴിഞ്ഞ ലോക്സഭയിലും പാനൽ ഓഫ് ചെയർമാൻ സ്ഥാനത്ത് നിയോഗിച്ചിരുന്നു.
ലോക്സഭയിൽ ഇപ്പോഴുള്ള കേരള എംപിമാരിൽ പ്രേമചന്ദ്രൻ മാത്രമാണു സ്പീക്കർ പാനലിൽ ഉൾപ്പെട്ടിരിക്കുന്നത്.
17 വർഷം, അഞ്ച് ജഡ്ജിമാർ; മാലേഗാവിലെ മറിമായങ്ങൾ
മുംബൈ: സാക്ഷികൾ, അന്വേഷണ ഏജൻസികൾ മുതൽ ജഡ്ജിമാർ വരെ മാറിമറിഞ്ഞ അസാധാരണ കേസുകളിലൊന്നായ മാലേഗാവ് സ്ഫോടനക്കേസിൽ വിധിയുണ്ടായിരിക്കുന്നത് നീണ്ട 17 വർഷത്തിനു ശേഷം. കേസിന്റെ വിചാരണയ്ക്കിടെ അഞ്ച് ജഡ്ജിമാരാണ് മാറിയത്. കേസിൽ വിചാരണ പൂർത്തിയാകുന്നതിനിടെയും ജഡ്ജിക്കു മാറ്റമുണ്ടായി.
സംസ്ഥാന ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് കേസ് ആദ്യം അന്വേഷിച്ചത്. തീവ്രഹിന്ദുത്വ സംഘടനയായ ‘അഭിനവ് ഭാരത്' ആണ് സ്ഫോടനത്തിനു പിന്നിലെന്നായിരുന്നു എടിഎസ് കണ്ടെത്തൽ. അന്വേഷണം പിന്നീട് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറി. കേസിലെ പ്രധാനപ്രതിയായ മുൻ ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂറിന് എൻഐഎ ക്ലീൻ ചിറ്റ് നൽകി.
എന്നാൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി പ്രജ്ഞാ സിംഗിനെ വിചാരണ ചെയ്തു. 2008 മുതൽ 2025 വരെ അഞ്ച് ജഡ്ജിമാരുടെ കൈകളിലൂടെയാണ് ഈ കേസ് കടന്നുപോയത്. ജഡ്ജിമാരുടെ മാറ്റമാണു കേസ് നീണ്ടുപോകാൻ കാരണമായതെന്ന് സ്ഫോടനത്തിന്റെ ഇരകളും പ്രതികളും കുറ്റപ്പെടുത്തിയിരുന്നു.
കേസ് ആദ്യം പരിഗണിച്ചത് സ്പെഷൽ ജഡ്ജ് ജസ്റ്റീസ് വൈ.ഡി. ഷിൻഡെയായിരുന്നു. കേസിൽ പ്രതികൾക്കെതിരേ മക്കോക്ക ചുമത്തിയത് ജസ്റ്റീസ് ഷിൻഡെ റദ്ദാക്കിയിരുന്നു. പ്രതികൾ സംഘടിത കുറ്റകൃത്യ ഗൂഢാലോചനയുടെ ഭാഗമല്ലെന്നു നിരീക്ഷിച്ചായിരുന്നു മക്കോക്ക ഒഴിവാക്കിയത്.
എന്നാൽ, സംസ്ഥാന സർക്കാർ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയും പ്രതികൾക്കെതിരേ മക്കോക്ക പുനഃസ്ഥാപിക്കുകയും ചെയ്തു. ഷിൻഡെയെ സ്ഥലംമാറ്റിയതിനു പിന്നാലെ എസ്.ഡി. ടെകലെയാണ് ജഡ്ജായെത്തിയത്.
2015 മുതൽ 2018 വരെ സ്പെഷൽ ജഡ്ജ് ജസ്റ്റീസ് ടെകലെ കേസ് പരിഗണിച്ചു. പ്രഗ്യാ സിംഗ് ഠാക്കൂറിന് ക്ലീൻ ചിറ്റ് നൽകാനുള്ള എൻഐഎ നീക്കം പൊളിച്ചത് ജസ്റ്റീസ് ടെകാലെയായിരുന്നു. പ്രജ്ഞാ സിംഗിനെ വിചാരണ ചെയ്യാനുള്ള തെളിവുകളുണ്ടെന്ന് ടെകാലെ ചൂണ്ടിക്കാട്ടി.
ടെകാലെയ്ക്കു ശേഷം സ്പെഷൽ ജഡ്ജ് ജസ്റ്റീസ് വി.എസ്. പഡാൽക്കറാണ് കേസ് കേട്ടത്. പ്രജ്ഞാ സിഗിനും കേണൽ പ്രസാദ് പുരോഹിതിനും മറ്റ് അഞ്ച് പ്രതികൾക്കുമെതിരേ കുറ്റപത്രം സമർപ്പിക്കപ്പെട്ടത് ഈ കാലയളവിലായിരുന്നു.
ഒന്നാം സാക്ഷിയെ വിസ്തരിച്ച് ജസ്റ്റീസ് പഡാൽക്കർ കേസിൽ വിചാരണ ആരംഭിക്കുകയും ചെയ്തു. 2020ൽ പഡാൽക്കർ വിരമിച്ചതോടെ ജസ്റ്റീസ് പി.ആർ. സിത്രെയുടെ ബഞ്ചിലായി കേസ്.
കോവിഡ് മൂലം വിചാരണ നിർത്തിവയ്ക്കേണ്ടിവന്നിട്ടും ജസ്റ്റീസ് സിത്രെ 100 സാക്ഷികളെ വിസ്തരിച്ചു. 2022ൽ ജസ്റ്റീസ് സിത്രെയും സ്ഥലമാറ്റപ്പെട്ടു. ഇതോടെ സ്ഫോടന ഇരകൾ സിത്രെയുടെ സ്ഥലമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസിനു കത്തയച്ചു.
കേസിൽ വീണ്ടും കാലതാമസം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്തയച്ചത്. എന്നാൽ ജസ്റ്റീസ് സിത്രെയ്ക്കു പകരക്കാരനായി സ്പെഷൽ ജഡ്ജ് ജസ്റ്റീസ് എ.കെ. ലഹോട്ടി വന്നു. 2022 ജൂൺ മുതൽ ഈ വർഷം ഏപ്രിൽ വരെ ജസ്റ്റീസ് ലഹോട്ടി വിചാരണ തുടർന്നു. ഏപ്രിലിൽ ജസ്റ്റീസ് ലഹോട്ടിയെ നാസിക്കിലേക്കു സ്ഥലംമാറ്റി.
വിചാരണ അവസാന ഘട്ടത്തിലെത്തിയതിനാൽ ജഡ്ജിയുടെ സ്ഥലമാറ്റം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇരകൾ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് വീണ്ടും കത്തെഴുതി. ഇത്തവണ ഈ ആവശ്യം ചീഫ് ജസ്റ്റീസ് അനുവദിച്ചു. ജസ്റ്റീസ് ലഹോട്ടിയുടെ കാലാവധി ഈ വർഷം ഓഗസ്റ്റ് അവസാനം വരെ നീട്ടി. ഇതോടെ വിചാരണ പൂർത്തിയാക്കാൻ അദ്ദേഹത്തിനായി.
2008 സെപ്റ്റംബർ 29നാണ് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മുസ്ലിം ഭൂരിപക്ഷ പട്ടണമായ മാലേഗാവിൽ മോട്ടോർസൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ആറു പേർ കൊല്ലപ്പെട്ടത്. സംഭവത്തിൽ 101 പേർക്കു പരിക്കേറ്റിരുന്നു. തുടർന്ന് മലേഗാവിലെ ആസാദ്നഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം ഒക്ടോബർ 21ന് മഹാരാഷ്ട്ര ആന്റി -ടെററിസം സ്ക്വാഡ് (എടിഎസ്) ഏറ്റെടുക്കുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂറിനെയും മറ്റു മൂന്നു പേരെയും എടിഎസ് അറസ്റ്റ് ചെയ്തു. തീവ്ര ഹിന്ദുത്വവാദികളാണ് സ്ഫോടനം നടത്തിയതെന്നായിരുന്നു എടിഎസ് റിപ്പോർട്ട്.
മാലേഗാവ് വിധിയാഘോഷിച്ച് തീവ്രഹിന്ദു സംഘടന
പൂന: മലേഗാവ് സ്ഫോടനക്കേസിൽ പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയത് പടക്കംപൊട്ടിച്ചാഘോഷിച്ച് തീവ്രഹിന്ദു സംഘടന. കേസിൽ പ്രതിയായിരുന്ന ലഫ്. കേണൽ പ്രസാദ് പുരോഹിതിന്റെ വീടിനു മുന്നിലാണ് പതിത് പവൻ എന്ന സംഘടന വിധിയാഘോഷിച്ചത്.
പൂനയിലെ ലോ കോളജ് റോഡിലുള്ള പുരോഹിതിന്റെ വീടിനുവെളിയിൽ സംഘടന വിധിയെ ശ്ലാഘിച്ച് ബാനർ ഉയർത്തുകയും പട്ടക്കംപൊട്ടിക്കുകയും ചെയ്തു. ആളുകൾക്ക് പ്രവർത്തകർ മധുരപലഹാരം വിതരണം ചെയ്തു.
കാവി ഭീകരതയെന്ന കോൺഗ്രസ് പ്രചാരണം ഇതോടെ ഇല്ലാതായെന്ന് പതിത് പവൻ സംഘടനാ പ്രവർത്തകൻ സ്വപ്നിൽ നായിക് പറഞ്ഞു. പുരോഹിത് പുനയിൽ തിരിച്ചെത്തിയാൽ ഗംഭീര സ്വീകരണം നൽകുമെന്നും നായിക് കൂട്ടിച്ചേർത്തു.
നീതി ലഭിച്ചില്ലെന്ന് ഇരകളുടെ ബന്ധുക്കൾ
മാലെഗാവ്: മാലെഗാവ് സ്ഫോടനത്തിലെ ഇരകൾക്കു നീതി ലഭിച്ചില്ലെന്നു ബന്ധുക്കൾ. പ്രത്യേക കോടതിവിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സ്ഫോടനത്തിൽ കൊല്ലപ്പെട്ട പത്തുവയസുകാരി ഫർഹീന്റെ പിതാവ് ലിയാഖത് ഷേഖ് പറഞ്ഞു.
2008ൽ കൊല്ലപ്പെട്ട ഏറ്റവും പ്രായകുറഞ്ഞയാളായിരുന്നു ഫർഹീൻ. വഡ-പാവ് വാങ്ങാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു ഫർഹീൻ കൊല്ലപ്പെട്ടത്.
മേൽക്കോടതിയെ സമീപിക്കുമെന്ന് കൊല്ലപ്പെട്ട സയ്യാദ് അസ്ഹറിന്റെ പിതാവ് നിസാർ അഹമ്മദ് പറഞ്ഞു.
ഇന്ത്യയിൽ പരിശീലനത്തിനെത്തിയ ഭൂട്ടാൻ സൈനികൻ മുങ്ങിമരിച്ചു
പച്മാഡി: ഇന്ത്യയിൽ പരിശീലനത്തിനെത്തിയ ഭൂട്ടാൻ സൈനികൻ മധ്യപ്രദേശിൽ മുങ്ങി മരിച്ചു. റോയൽ ഭൂട്ടാൻ ആർമി കോൺസ്റ്റബിളായ ഷിവാംഗ് ജെൽസൺ (27) നർമദാപുരം ജില്ലയിലെ പച്മാഡിയിലെ പരിശീലന കേന്ദ്രത്തിലെ കുളത്തിലാണു മുങ്ങിമിച്ചത്.
അഞ്ചു മാസത്തെ പരിശീലനത്തിനാണ് ജെൽസൺ ഇന്ത്യയിലെത്തിയത്. അഫ്ഗാനിസ്ഥാൻ, മ്യാൻമർ, മാലി, ഭൂട്ടാൻ, നേപ്പാൾ എന്നിവ ഉൾപ്പെടെ 14 രാജ്യങ്ങളിലെ സൈനികർ പച്മാഡിയിൽ പരിശീലനത്തിനെത്താറുണ്ട്.
മുല്ലപ്പെരിയാർ: മരം മുറിക്കുന്ന കാര്യത്തിൽ നാലാഴ്ചയ്ക്കുള്ളിൽ തീരുമാനം വേണമെന്നു സുപ്രീംകോടതി
ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങൾ മുറിക്കാൻ തമിഴ്നാടിന്റെ അപേക്ഷയിൽ നാലാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിനോടു സുപ്രീംകോടതി.
തമിഴ്നാടിന്റെ അപേക്ഷയിൽ അനുമതി നൽകാൻ കേരളത്തോടു സുപ്രീംകോടതി നേരത്തേ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് കൈമാറിയതായി കേരളം കോടതിയെ അറിയിച്ചു.
എന്നാൽ മരം മുറിക്കുന്നതിന് വനംവകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന് തമിഴ്നാട് കോടതിയിൽ വ്യക്തമാക്കി. എന്നാൽ സർക്കാരിന്റെ അനുമതിയെന്നാൽ അതിൽ എല്ലാ വകുപ്പും ഉൾപ്പെടുന്നതായി കേരളം കോടതിയിൽ വ്യക്തമാക്കി.
അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മേൽനോട്ട സമിതി നിർദേശിച്ചതുപോലെ ആർഒവി (റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ) പഠനം നടത്തിയശേഷം മാത്രമേ അണക്കെട്ടിൽ ഗ്രൗട്ടിംഗ് നടത്താൻ കഴിയൂവെന്നും ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
വിവിധ പരിസ്ഥിതിപഠനത്തിന് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചു വെള്ളത്തിനടിയിലടക്കം നടത്താൻ സാധിക്കുന്ന പഠനമാണ് ആർഒവി. അണക്കെട്ട് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 23 മരങ്ങൾ മുറിക്കണമെന്നും ഗ്രൗട്ടിംഗ് നടത്തണമെന്നുമായിരുന്നു തമിഴ്നാട് സർക്കാരിന്റെ ആവശ്യം.
കന്യാസ്ത്രീമാരുടെ അറസ്റ്റ് അപലപനീയം: മലങ്കര കാത്തലിക് അസോസിയേഷൻ
ന്യൂഡൽഹി: ചത്തീസ്ഗഡിൽ മലയാളികളായ രണ്ട് സന്യാസിനിമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ്ചെയ്ത സംഭവത്തിൽ ഡൽഹി, ഗുഡ്ഗാവ് ഭദ്രാസനം മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) ശക്തമായ പ്രതിഷേധിച്ചു.
എല്ലാവർക്കുമുള്ള സ്വാതന്ത്ര്യം മതന്യൂനപക്ഷങ്ങൾക്കും കന്യാസ്ത്രീകൾക്കും ലഭിക്കണമെന്ന് എംസിഎ ആവശ്യപ്പെട്ടു. മതപരിവർത്തന വിരുദ്ധ നിയമത്തിന്റെ ദുരുപയോഗം രാജ്യവ്യാപകമായി നടന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ചത്തീസ്ഗഡ് സംഭവം.
രാജ്യത്ത് മതനിരപേക്ഷത കടുത്ത ഭീഷണി നേരിടുകയാണെന്നും സമിതി വിലയിരുത്തി.
ക്രൈസ്തവർക്കെതിരേ വർധിച്ചുവരുന്ന അക്രമസംഭവങ്ങൾ, ഗുഢലക്ഷ്യംവച്ചുള്ള ഉപദ്രവങ്ങൾ, ആരാധനാലയങ്ങൾക്കു നേരേയുള്ള അതിക്രമങ്ങൾ എന്നിവ കണക്കിലെടുത്ത് അടിയന്തരവും നിർണായകവുമായ നടപടികൾ സ്വീകരിക്കണമെന്നും മലങ്കര കാത്തലിക് അസോസിയേഷൻ ആവശ്യപ്പെട്ടു.
വോട്ടർപട്ടിക പരിഷ്കരണം: പാർലമെന്റ് സ്തംഭിച്ചു
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടികയിൽ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരേ "ഇന്ത്യ’ സഖ്യം നടത്തിയ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നലെയും നടപടികൾ പൂർത്തിയാക്കാതെ പിരിഞ്ഞു. ഇരുസഭകളിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയാണു പ്രതിഷേധിച്ചത്.
പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും അടക്കമുള്ള ചർച്ചകൾ നടന്ന ദിവസങ്ങൾ മാത്രമാണു വർഷകാല സമ്മേളനത്തിൽ സഭ പൂർണമായും പ്രവർത്തിച്ചത്. രാജ്യസഭയിൽ ബുധനാഴ്ചയും ലോക്സഭയിൽ ചൊവ്വാഴ്ചയും ചർച്ച അവസാനിച്ചിരുന്നു.
ഇന്നലെ സമ്മേളനം ആരംഭിക്കുന്നതിനുമുന്പ് പ്രതിപക്ഷ എംപിമാർ പാർലമെന്റ് കവാടത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിച്ചിരുന്നു. തുടർന്ന് സഭാനടപടികൾ ആരംഭിച്ചപ്പോൾ എസ്ഐആറിനെതിരേയും അമേരിക്കൻ തീരുവയ്ക്കെതിരേയും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
ഇതോടെ രാജ്യസഭ ഉച്ചയ്ക്ക് 12.30 വരെയും ലോക്സഭ വൈകുന്നേരം നാലുവരെയും നിർത്തിവച്ചു. പിന്നീട് ഇരുസഭകളും ചേർന്നെങ്കിലും പിരിയുകയായിരുന്നു. വർഷകാല സമ്മേളനം ആരംഭിച്ചതു മുതൽ എസ്ഐആർ വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധം പാർലമെന്റിനുള്ളിലും പുറത്തും തുടരുകയാണ്.
അടുത്തയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കു മാർച്ച് നടത്തി പ്രതിഷേധിക്കുന്നതിനും "ഇന്ത്യ' സഖ്യം ആലോചിക്കുന്നുണ്ട്. ഇന്നലെ രാവിലെ നടന്ന സഖ്യത്തിന്റെ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്തു. നടപ്പുസമ്മേളനത്തിൽ എസ്ഐആർ സംബന്ധിച്ച ചർച്ച വേണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.
കന്യാസ്ത്രീകൾക്കെതിരേയുള്ള കേസ് എൻഐഎ കോടതിയിലേക്ക്
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ കഴിഞ്ഞ ആറു ദിവസമായി ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളായ പ്രീതി മേരിയുടെയും വന്ദന ഫ്രാൻസിസിന്റെയും ജാമ്യാപേക്ഷ സെഷൻസ് കോടതി പരിഗണിച്ചില്ല.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 143 പ്രകാരമുള്ള കുറ്റം പരിഗണിക്കാൻ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സെഷൻസ് കോടതിയുടെ നടപടി. കേസിൽ ബിലാസ്പുരിലെ എൻഐഎ കോടതിയെ സമീപിക്കാനും നിർദേശിച്ചു.
ഇതോടെ കന്യാസ്ത്രീകൾ ഇന്നലെ ജാമ്യത്തിലിറങ്ങുമെന്നു പ്രതീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. കന്യാസ്ത്രീകൾക്ക് ഒരു കാരണവശാലും ജാമ്യം നൽകരുതെന്നും നിർബന്ധിത മതപരിവർത്തനം നടത്തുന്നു എന്നതിനടക്കമുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും കേസിലെ പരാതിക്കാരൻ രവി നിഗം കോടതിയിൽ പറഞ്ഞു.
മനുഷ്യക്കടത്ത് അടക്കമുള്ള ഗുരുതര കുറ്റങ്ങൾ എൻഐഎ കോടതികളാണു പരിഗണിക്കേണ്ടതെന്ന 2020ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ് എൻഐഎ കോടതിയിലേക്കു മാറ്റിയത്. എൻഐഎ കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടറെ കേട്ടശേഷം മാത്രമേ പ്രത്യേക ജഡ്ജിക്ക് വിധി പറയാൻ സാധിക്കൂ.
അതോടൊപ്പം പ്രഥമദൃഷ്ട്യാ ഈ കേസ് നിലനിൽക്കുന്നില്ല എന്നു തോന്നുന്നതായി ജഡ്ജി രേഖപ്പെടുത്തുകയും ചെയ്യണം. അങ്ങനെയെങ്കിൽ മാത്രമേ കന്യാസ്ത്രീകൾക്കു ജാമ്യത്തിൽ പുറത്തിറങ്ങാൻ സാധിക്കൂ.
ചൊവ്വാഴ്ച മജിസ്ട്രേറ്റ് കോടതി സമാന കാര്യം ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ പരിഗണിച്ചിരുന്നില്ല. എഫ്ഐആറിൽ ചുമത്തിയ മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ കുറ്റങ്ങൾ തങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെയും നടപടി.
എൻഐഎയുടെ പരിധിയിൽ വരുന്ന കുറ്റമാണ് കന്യാസ്ത്രീമാർക്കെതിരേയുള്ള എഫ്ഐആറിൽ ചുമത്തിയിരിക്കുന്നതെങ്കിൽ അനധികൃത കസ്റ്റഡിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് സിബിസിഐ വ്യക്തമാക്കി.
കന്യാസ്ത്രീകൾക്കെതിരേയുള്ള കേസ് ; പാർലമെന്റിൽ വൻ പ്രതിഷേധം
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന രണ്ടു മലയാളി കന്യാസ്ത്രീകളുടെ മോചനം എത്രയും വേഗം സാധ്യമാക്കാൻ കഴിയുന്ന പിന്തുണ നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബെഹനാൻ, കെ. ഫ്രാൻസിസ് ജോർജ് എന്നിവരാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ട് കന്യാസ്ത്രീകളുടെ മോചനത്തിനായി ഇടപെടൽ അഭ്യർഥിച്ചത്. വിഷയം മനസിലാക്കിയിട്ടുണ്ടെന്നും കന്യാസ്ത്രീകളോടു സഹതാപമുണ്ടെന്നും അമിത ഷാ പറഞ്ഞു.
അതേസമയം, ഇല്ലാത്ത കുറ്റം ചുമത്തി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാർലമെന്റിനു പുറത്തും പ്രതിപക്ഷ പ്രതിഷേധം ഇന്നലെയും ശക്തമായി. കന്യാസ്ത്രീകളെ വിട്ടയക്കുക, ഗുണ്ടകളെ അറസ്റ്റ് ചെയ്യുക എന്നെഴുതിയ പ്ലക്കാർഡുകളുമായാണു പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ആന്റോ ആന്റണി എന്നിവരുൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ പ്രതിഷേധിച്ചത്.
എന്നാൽ, കന്യാസ്ത്രീമാരുടെ അറസ്റ്റിനെ ന്യായീകരിച്ച് ഛത്തീസ്ഗഡിലെ ദുർഗിൽനിന്നുള്ള ബിജെപി എംപി വിജയ് ബാഗേൽ ലോക്സഭയിൽ പ്രസ്താവന നടത്തി. ഇതിനെതിരേയും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമുയർത്തി.
ബാഗേലിന്റെ പ്രസ്താവനയ്ക്കു മുന്‍പായി കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ് എന്നിവർ കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരേ ശക്തമായ വാദമുയർത്തി. ഇവർക്കു പുറമെ അടൂർ പ്രകാശ്, ബെന്നി ബെഹനാൻ തുടങ്ങിയവർ ലോക്സഭയിലും ഹാരിസ് ബീരാൻ എംപി രാജ്യസഭയിലും പ്രശ്നത്തിൽ നോട്ടീസ് നൽകിയിരുന്നു.
കന്യാസ്ത്രീകളെ നേരിൽ കാണാൻ ഛത്തീസ്ഗഡിലായതിനാലാണു രാജ്യസഭയിൽ ഇക്കാര്യം ഇന്നലെ ഉന്നയിക്കാൻ കഴിയാതെപോയതെന്നു ജോസ് കെ. മാണി പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഇന്നലെ പാർലമെന്റിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. കന്യാസ്ത്രീകളുടെ മോചനം വേഗത്തിലാക്കാൻ പ്രധാനമന്ത്രിയുടെ സഹായം രാജീവും പി.കെ. കൃഷ്ണദാസും അഭ്യർഥിച്ചു.
വിസി നിയമനം: രാഷ്ട്രീയം കളിക്കരുതെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: രാഷ്ട്രീയം കളിക്കാതെ വിദ്യാർഥികളുടെ താത്പര്യം മനസിൽ വച്ചുകൊണ്ട് സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനായി ഗവർണറും കേരള സർക്കാരും യോജിച്ചു പ്രവർത്തിക്കാൻ സുപ്രീംകോടതി.
പതിവ് വിസി നിയമനങ്ങൾ പൂർത്തിയാകുന്നതുവരെ നിലവിലുള്ള താത്കാലിക വിസിമാർ അവരുടെ തസ്തികകളിൽ തുടരുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനോ അല്ലെങ്കിൽ താത്കാലികാടിസ്ഥാനത്തിൽ പുതിയയാളെ നിയമിക്കുന്നതിനോ ചാൻസലറായ ഗവർണർക്കു സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
രണ്ടു സർവകലാശാലകളിലും സ്ഥിരം വിസിമാരെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുക എന്നതായിരിക്കണം ആദ്യപടിയെന്നും കോടതി നിർദേശിച്ചു.
സർവകലാശാലകളിൽ വിസിമാരില്ലെങ്കിൽ ആത്യന്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നത് വിദ്യാർഥികളാണ്. അവരെന്തിനു സഹിക്കണം. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിഷയങ്ങൾ കോടതിയിലെത്തരുതെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കേരള സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും താത്കാലിക വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്ത് ചാൻസലറായ ഗവർണർ നൽകിയ ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.
ജാമ്യത്തെ എതിർത്ത് ബിജെപി സർക്കാർ
ന്യൂഡൽഹി: കന്യാസ്ത്രീകൾക്കു ജാമ്യം നൽകുന്നതിനെ എതിർത്തു ഛത്തീസ്ഗഡ് സർക്കാർ സെഷൻസ് കോടതിയിൽ.
എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ കന്യാസ്ത്രീകളുടെ മേൽ ആരോപിച്ചിരിക്കുന്ന കുറ്റത്തിന് സെഷൻസ് കോടതിക്കു ജാമ്യം അനുവദിക്കാനാകില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സെഷൻസ് കോടതി മുന്‍പാകെ വ്യക്തമാക്കി.
ദേശീയ അന്വേഷണ ഏജൻസി നിയമം അനുസരിച്ച് എൻഐഎ കോടതികൾക്കു മാത്രമേ ഇത്തരം വിഷയം പരിഗണിക്കാൻ സാധിക്കൂവെന്നും ഛത്തീസ്ഗഡ് സർക്കാർ കോടതിയിൽ നിലപാട് സ്വീകരിച്ചു. ഇതോടെ വിഷയം എൻഐഎ കോടതിക്കു കൈമാറാൻ സെഷൻസ് ജഡ്ജി തീരുമാനിക്കുകയായിരുന്നു.
ബജരംഗ്ദളിനുവേണ്ടി അഞ്ച് അഭിഭാഷകരാണ് ജാമ്യത്തെ എതിർത്തുകൊണ്ട് കോടതിയിൽ ഹാജരായത്. മതസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന തരത്തിലുള്ള പ്രവൃത്തികളാണ് കന്യാസ്ത്രീകളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പെണ്‍കുട്ടികളെ മതം മാറ്റുന്നതിനായി കടത്തിക്കൊണ്ടുപോകാനുള്ള ശ്രമമാണുണ്ടായതെന്നും ബജരംഗ്ദളിന്റെ അഭിഭാഷകർ കോടതിയിൽ ആരോപിച്ചു.
ആഹ്ലാദ പ്രകടനവുമായി ബജ്രംഗ്ദൾ
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ മലയാളി കന്യാസ്ത്രീകൾക്കു ജാമ്യം നിഷേധിച്ചതോടെ സെഷൻസ് കോടതിക്കു പുറത്ത് ബജ്രംഗ്ദൾ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം.
ബജ്രംഗ്ദൾ നേതാവ് ജ്യോതി ശർമയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തകരുടെ ആഹ്ലാദപ്രകടനം. കോടതി നടപടികൾ പുരോഗമിക്കവെ കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന ആവശ്യവുമായി ബജ്രംഗ്ദൾ പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നുമുണ്ടായിരുന്നു.
കോടതിക്കു മുന്പിൽ ഇത്രയധികം പ്രവർത്തകർ തടിച്ചുകൂടി പ്രതിഷേധിച്ചിട്ടും ഇവരെ നിയന്ത്രിക്കാൻ പോലീസ് തയാറായില്ല. കോടതിനടപടികൾ പുരോഗമിക്കവെ കന്യാസ്ത്രീകൾക്കു ജാമ്യം ലഭിക്കില്ലെന്നു ബജ്രംഗ്ദൾ നേതാക്കൾ വ്യക്തമാക്കിയതും വിവാദമായിട്ടുണ്ട്.
നിസാര്‍ വിക്ഷേപണം വിജയം
ശ്രീഹരിക്കോട്ട: ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാര്‍ വിജയകരമായി വിക്ഷേപിച്ചു. ഇന്നലെ വൈകുന്നേരം 5.40നാണ് നിസാറിനെയും വഹിച്ച് ഇന്ത്യയുടെ ജിഎസ്എല്‍വി-എഫ് 16 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍നിന്നു കുതിച്ചുയർന്നത്.
നാസയും ഐഎസ്ആര്‍ഒയും വികസിപ്പിച്ച രണ്ടു വ്യത്യസ്ത ആവൃത്തികളില്‍ പ്രവര്‍ത്തിക്കുന്ന ഓരോ റഡാറുകളാണ് 2,392 കിലോഗ്രാം ഭാരമുള്ള നിസാറിന്റെ സവിശേഷത.
12 ദിവസത്തെ ഇടവേളകളില്‍ ഭൂമിയിലെ ഓരോ സ്ഥലത്തിന്റെയും ഏറ്റവും വ്യക്തമായ വിവരങ്ങള്‍ രാപകല്‍ ഭേദമന്യേ ശേഖരിക്കാന്‍ ഇതിനാവും. ഭൂമിയിലെ ചെറിയ കാര്യങ്ങള്‍ വരെ ഇതു കണ്ടെത്തും.
ഫ്രണ്ടിനു ട്രംപ് വക... ഇന്ത്യക്ക് 25 ശതമാനം തീരുവ ചുമത്തി യുഎസ്
വാഷിംഗ്ടൺ: ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ ചർച്ച തുടരുന്നതിനിടെ ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള ഇറക്കുമതിയിൽ 25 ശതമാനം തീരുവയും അധിക പിഴകളും ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
വെള്ളിയാഴ്ച മുതല്‍ ഇതു പ്രാബല്യത്തില്‍ വരുമെന്നും പ്രസിഡന്റിന്റെ സമൂഹമാധ്യമ കൂട്ടായ്മയായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യയുൾപ്പെടെ രാജ്യങ്ങൾക്ക് കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ട്രംപ് പ്രഖ്യാപിച്ച 26 ശതമാനം തീരുവ പിന്നീട് ഓഗസ്റ്റ് ഒന്നുവരെ മരവിപ്പിക്കുകയായിരുന്നു. ഇത്തവണ തീരുവയിൽ ഒരു ശതമാനം കുറച്ച് 25 ശതമാനം ആക്കിയിട്ടുണ്ടെന്നു മാത്രം.
റഷ്യയുടെ ഭൂരിഭാഗവും സൈനികോപകരണങ്ങളും എണ്ണയും വാങ്ങുന്നതിനാലാണ് 25 ശതമാനമോ അതിലേറെയോ തീരുവ ചുമത്തിയിരിക്കുന്നതെന്ന് ട്രംപ് ന്യായീകരിച്ചു. “റഷ്യയിൽനിന്ന് ഇന്ത്യ സൈനികോപകരണങ്ങളും ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്നു. യുഎസുമായുള്ള ദീർഘകാല വ്യാപാരബന്ധത്തിലാകട്ടെ ഒട്ടേറെ തടസങ്ങളും’’- ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും എന്നുപറഞ്ഞ് തുടങ്ങിയ പ്രഖ്യാപനത്തിൽ ആരോപിക്കുന്നു.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവകളും മറ്റേതൊരു രാജ്യത്തേക്കാളും കഠിനവും മോശവുമായ വ്യാപാരനിലപാടുകളാണ് ഇന്ത്യയിൽ. ഇതുമൂലം ഏതാനും വർഷമായി ഇന്ത്യയുമായുള്ള വ്യാപാരം കുറഞ്ഞതോതിലാണ് നടക്കുന്നത്- ട്രംപ് കുറ്റപ്പെടുത്തി.
ഉഭയകക്ഷി വ്യാപാരക്കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി യുഎസ് സംഘം അടുത്തമാസം ഇന്ത്യയില്‍ എത്താനിരിക്കെയാണു തീരുവ ചുമത്തുന്നതായി യുഎസ് പ്രസിഡന്റിന്റെ അറിയിപ്പ്.
പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദര്‍ശനത്തില്‍ വ്യാപാരക്കരാറിനുള്ള തീരുമാനമെടുത്തെങ്കിലും ഏകദേശ ധാരണ ഇതുവരെ രൂപപ്പെട്ടിട്ടില്ല. ഉദ്യോഗസ്ഥ തലത്തില്‍ അഞ്ചുതവണ ചർച്ച പൂർത്തിയായെന്നു മാത്രം. തുടർചർച്ചകൾക്കായി യുഎസ് സംഘം അടുത്തമാസം 25ന് ഇന്ത്യയിലെത്തുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
വ്യാപാരക്കരാർ കടലാസിൽ തുടരുന്നതിനാൽ ഇന്ത്യക്കെതിരേ 20 മുതല്‍ 25 ശതമാനം വരെ തീരുവ ചുമത്തുമെന്ന് കഴിഞ്ഞദിവസം ട്രംപ് സൂചന നല്‍കിയിരുന്നു. വ്യാപാരകരാറിൽ കൂടുതൽ ഒത്തുതീർപ്പുകൾ വേണ്ടിവരുമെന്നാണ് യുഎസ് നിലപാട്.
യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യൻ വിപണി തുറന്നുനല്‍കണം എന്നതുൾപ്പെടെ ആണിത്. എന്നാല്‍ കാര്‍ഷിക-ക്ഷീര മേഖലകളില്‍ തട്ടി ചർച്ചകൾ മുന്നോട്ടുപോകുന്നില്ല. ഈ മേഖല തുറന്നു നൽകുന്നതിൽ കേന്ദ്രം ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
ദേശീയതാത്പര്യം സംരക്ഷിക്കും: ഇന്ത്യ
ന്യൂഡല്‍ഹി: ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ പരിശോധിക്കുകയാണെന്നും ദേശീയതാത്പര്യം സംരക്ഷിക്കുന്ന നടപടികള്‍ ഉണ്ടാകുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം. യുഎസുമായി ഫലപ്രദമായൊരു വ്യാപാരകരാറാണു ലക്ഷ്യമെന്നും മന്ത്രാലയം പ്രതികരിച്ചു.
പ്രതിഷേധം തുടർന്ന് കേരള എംപിമാർ
ന്യൂഡൽഹി: രണ്ടു ദിവസമായി ഛത്തീസ്ഗഡിലുള്ള എൽഡിഎഫ് നേതാക്കളായ വൃന്ദ കാരാട്ട്, ജോസ് കെ. മാണി, കെ. രാധാകൃഷ്ണൻ, എ.എ. റഹീം, പി.പി. സുനീർ, ആനി രാജ എന്നിവർ ഇന്നലെ ദുർഗിലെ ജയിലിലെത്തി രണ്ടു കന്യാസ്ത്രീമാരെയും സന്ദർശിച്ച് പിന്തുണ അറിയിച്ചു.
മദർ തെരേസ ജീവിച്ചിരുന്നെങ്കിൽ അവരെയും കൈവിലങ്ങു വയ്ക്കുമായിരുന്നുവെന്ന് ജോസ് കെ. മാണി പറഞ്ഞു. ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്ന കന്യാസ്ത്രീമാർക്കെതിരേ മനുഷ്യക്കടത്തും മതപരിവർത്തനവും ഉൾപ്പെടെ തീവ്രവകുപ്പുകൾ ചുമത്തി കേസെടുത്തത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിരപരാധികളായ കന്യാസ്ത്രീമാർ ജയിലിൽ കഴിയുന്ന ഓരോ നിമിഷവും നമ്മുടെ ഭരണഘടനയ്ക്കെതിരായ ആക്രമണമാണെന്ന് കെ.സി. വേണുഗോപാലും കൊടിക്കുന്നിലും പറഞ്ഞു. വിദ്വേഷത്തിന്റെ ശക്തികൾക്ക് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ചവിട്ടിമെതിക്കാൻ കഴിയില്ലെന്ന് വേണുഗോപാൽ പറഞ്ഞു. ജോലിക്കുപോയതു കുറ്റകൃത്യമാക്കുന്ന നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. കന്യാസ്ത്രീമാരുടെ മോചനം കേന്ദ്രം ഉറപ്പാക്കണമെന്ന് എംപിമാരെല്ലാം ഒന്നടങ്കം ആവശ്യപ്പെട്ടു.
നിരപരാധികളായ രണ്ടു കന്യാസ്ത്രീമാർ യാതൊരു കാരണവുമില്ലാതെ ജയിലിലാണ്. എന്തൊരു ക്രൂരതയാണിതെന്ന് ലോക്സഭയിലെ ശൂന്യവേളയിൽ വേണുഗോപാൽ ചോദിച്ചു. രാജ്യം ബനാന റിപ്പബ്ലിക്കാണോ? ബജ്രംഗ്ദളിന്റെ അതേ രീതിയിലാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു സായ് പ്രവർത്തിക്കുന്നത്. എന്തൊരു നാണക്കേടാണിത്- വേണുഗോപാൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ ഷെയിം, ഷെയിം വിളിച്ച് വേണുഗോപാലിനു പിന്തുണ നൽകി.
തന്റെ മണ്ഡലത്തിൽപ്പെട്ട ചേർത്തലയിലെ മഠത്തിൽനിന്നുള്ളവരാണ് അറസ്റ്റിലായ കന്യാസ്ത്രീമാരെന്നു വേണുഗോപാൽ പറഞ്ഞു. മരണാസന്നരായ കാൻസർ രോഗികളെ പരിചരിക്കുന്നവരാണ് ഈ സിസ്റ്റർമാർ. ഇവരെയാണു ബജ്രംഗ്ദൾ ആക്രമിക്കുകയും മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തുകയും ചെയ്തത്. ഞെട്ടിക്കുന്നതും അസ്വസ്ഥമാക്കുന്നതുമാണീ നടപടി. കേന്ദ്രം ഇടപെട്ട് കന്യാസ്ത്രീമാരുടെ മോചനം ഉടൻ ഉറപ്പാക്കണമെന്നും വേണുഗോപാൽ ലോക്സഭയിൽ ആവശ്യപ്പെട്ടു.
ന്യായീകരിച്ച് ബിജെപി എംപി
സാമുദായിക ഐക്യം തകർക്കാൻ കോണ്‍ഗ്രസ് എംപിമാർ ഗൂഢാലോചന നടത്തുകയാണെന്ന് ഛത്തീസ്ഗഡിലെ ദുർഗിൽനിന്നുള്ള ബിജെപി എംപി വിജയ് ബാഗേൽ ആരോപിച്ചു. "മതപരിവർത്തനവും മനുഷ്യക്കടത്തും' നടത്താൻ ശ്രമിച്ച കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത ഛത്തീസ്ഗഡ് സർക്കാരിനെ പിന്തുണയ്ക്കാനും ബിജെപി എംപി മറന്നില്ല.
ഛത്തീസ്ഗഡിൽ നല്ല ഭരണം നടത്തുന്ന സർക്കാരിന്റെ പ്രതിച്ഛായ അപകീർത്തിപ്പെടുത്താനും രണ്ടു മതങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കാനുമുള്ള ഗൂഢാലോചനയാണിത്. ഛത്തീസ്ഗഡിലെ നമ്മുടെ പെണ്മക്കളെ സംരക്ഷിക്കേണ്ടതല്ലേയെന്നും ബാഗേൽ ചോദിച്ചു.
""രാവിലെ 8. 30ഓടെ പെണ്‍കുട്ടികളിൽ ഒരാൾ കരയുന്നതുകണ്ടു. ഉത്തരവാദപ്പെട്ട ചില പൗരന്മാരുടെ ശ്രദ്ധ ഇതാകർഷിച്ചു. തന്നെ ബലമായി അവിടെ കൊണ്ടുവന്നതാണെന്നും വീട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.
സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ വിവരമറിഞ്ഞ ബജ്രംഗ്ദൾ അംഗങ്ങളും പോലീസും ഉൾപ്പെടെ ഒരു ജനക്കൂട്ടം അവിടെയെത്തി. ബജ്രംഗ്ദൾ പ്രവർത്തകൻ രവി നിഗത്തിന്റെ പരാതിയെത്തുടർന്നാണ് കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തത്'' ബാഗേൽ വിശദീകരിച്ചു. എന്നാൽ, കള്ളപ്രചാരണമാണു ബാഗേലിന്റെ പ്രസ്താവനയെന്ന് ചൂണ്ടിക്കാട്ടി പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.
തെറ്റായ പ്രചാരണം: പെണ്‍കുട്ടികളുടെ സഹോദരിമാർ
നിർബന്ധിത മതപരിവർത്തനമെന്ന അവകാശവാദങ്ങൾ തെറ്റാണെന്നും ജോലിക്കായി ആഗ്രയിലേക്ക് കൊണ്ടുപോകാൻ പെണ്‍കുട്ടികൾ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും കന്യാസ്ത്രീമാർക്ക് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളുടെ സഹോദരിമാർ ഇന്നലെ പത്രലേഖരോട് പറഞ്ഞു.
മനുഷ്യക്കടത്തും മതപരിവർത്തനവും തെറ്റായ ആരോപണമാണ്. കന്യാസ്ത്രീമാരുടെ സഹായത്തിൽ പെണ്‍കുട്ടികളെ ആഗ്രയിലേക്കു കൊണ്ടുപോയതിൽ കുടുംബാംഗങ്ങൾക്ക് എതിർപ്പില്ലെന്നും സഹോദരിമാർ പറഞ്ഞതായി "ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തു.
കന്യാസ്ത്രീമാരുടെ മോചനം; കേന്ദ്ര ഇടപെടൽ ഉണ്ടാകണമെന്ന് ലോക്സഭയിൽ വേണുഗോപാൽ
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ രണ്ടു മലയാളി കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത വിഷയം ലോക്സഭയിലുയർത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെട്ട് കന്യാസ്ത്രീമാരുടെ മോചനം സാധ്യമാക്കണമെന്ന് ലോക്സഭയിലെ ശൂന്യവേളയിൽ അദ്ദേഹം ആവശ്യപ്പെട്ടു.
അറസ്റ്റിലായ കന്യാസ്ത്രീമാർ കാൻസർ രോഗികളെ ശുശ്രൂഷിക്കുന്നവരും പാലിയേറ്റീവ് സേവനങ്ങൾ നൽകിവരുന്നവരുമാണ്. ഒരു കാരണവുമില്ലാതെയാണ് അവരെ ജയിലിലടച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയത്തിൽ പരിഹാരത്തിനായി യുഡിഎഫ് എംപിമാർ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്നും പക്ഷേ അദ്ദേഹവും ബജ്രംഗ്ദളിന്റെ അതേ വാദങ്ങളാണ് ഉയർത്തിയതെന്നും വേണുഗോപാൽ വിമർശിച്ചു.
കഴിഞ്ഞ ക്രിസ്മസിന് പ്രധാനമന്ത്രി സിബിസിഐ ആസ്ഥാനം സന്ദർശിക്കുകയും ക്രൈസ്തവരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ പൂർണമായി സംരക്ഷിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തുവെന്ന് വേണുഗോപാൽ ഓർമിപ്പിച്ചു. വിഷയത്തിൽ സർക്കാർ ഇടപെടൽ അടിയന്തരമായി ഉണ്ടായില്ലെങ്കിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
ന്യൂനപക്ഷാവകാശങ്ങൾക്കുനേരേ ആക്രമണം: കൊടിക്കുന്നിൽ സുരേഷ്
ന്യൂഡൽഹി: ഛത്തീസ്ഗഡ് ദുർഗിൽ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതു ഭരണഘടനാവിരുദ്ധമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
അറസ്റ്റ് മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങൾക്കുമെതിരേ നേരിട്ടുള്ള ആക്രമണമാണെന്നും ലോക്സഭയിൽ ശൂന്യവേളയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമപരമായ തെളിവുകളോ തെളിയിക്കപ്പെട്ട കുറ്റങ്ങളോ ഇല്ലാതെ കന്യാസ്ത്രീകളെ ജയിലിൽ പാർപ്പിക്കുന്നത് സാമൂഹികനീതിക്കെതിരാണ്. അറസ്റ്റ് നിയമവിരുദ്ധമാണ്.
സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് അടിയന്തരമായി അന്വേഷണം നടത്തണം. നിരപരാധികളായ കന്യാസ്ത്രീകളെ ഉടൻ വിട്ടയയ്ക്കണം.
ആഭ്യന്തരമന്ത്രിക്കുപുറമേ ന്യൂനപക്ഷ വകുപ്പു മന്ത്രിയും സഭയിൽ വിശദീകരണം നൽകണം. നിയമവും നീതിയും മറികടന്നുള്ള നടപടി രാജ്യത്തെ ജനാധിപത്യമൂല്യങ്ങളെ ചോദ്യം ചെയ്യുന്നതാണ്.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ട സമയത്ത് ഇത്തരമൊരു പോലീസ് നടപടിക്കെതിരേ പാർലമെന്റിൽ ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റ് രാഷ്ട്രീയ വിരോധം തീർക്കാൻ: ഹൈബി ഈഡൻ
ന്യൂഡൽഹി:കന്യാസ്ത്രീമാരെ ഛത്തീസ്ഗഡ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് അന്യായമായി ജയിലിൽ പാർപ്പിച്ചിരിക്കുന്നത് രാഷ്ട്രീയവിരോധം തീർക്കാനാണെന്ന് ഹൈബി ഈഡൻ എംപി ലോക്സഭയിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാനസർക്കാരിനെ ബജ്രംഗ്ദൾ സ്വാധീനിച്ചപ്പോഴാണ് ഈ കള്ളക്കേസ് രൂപപ്പെട്ടത്. വിദ്യാഭ്യാസ, ആരോഗ്യമേഖലകളിൽ സമൂഹത്തിന് മഹത്തായ സേവനം നൽകിവന്നിരുന്നവരാണ് ജയിലിലടയ്ക്കപ്പെട്ടതെന്നും ഹൈബി ഈഡൻ പറഞ്ഞു.
കന്യാസ്ത്രീമാരെ ജ്യോതി ശർമ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്
റായ്പുർ: ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റിലാകുന്നതിനുമുമ്പ് മലയാളി കന്യാസ്ത്രീമാരെ ബജ്രംഗ്ദള് പ്രാദേശിക നേതാവ് ജ്യോതി ശര്‍മ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഭീഷണിപ്പെടുത്തുന്ന സമയത്ത് ചുറ്റും പോലീസ് നില്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
മിണ്ടരുത്, മിണ്ടിയാല്‍ മുഖമടിച്ചുപൊളിക്കുമെന്നാണ് ജ്യോതി ശര്‍മ പറയുന്നത്. യുട്യൂബ് വീഡിയോ ഷൂട്ട് ചെയ്യാനായി വയര്‍ലസ് മൈക്കും ജ്യോതി വസ്ത്രത്തില്‍ ധരിച്ചിരിക്കുന്നതു കാണാം. കന്യാസ്ത്രീമാരെയും ഒപ്പമുള്ള പെണ്‍കുട്ടിയെയും സഹോദരനെയും ഇവര്‍ ഭീഷണിപ്പെടുത്തുണ്ട്.
കന്യാസ്ത്രീമാർക്കൊപ്പം ജോലിക്കു പോകാനിരുന്ന മൂന്നു യുവതികളില്‍ ഒരാളുടെ സഹോദരനെയാണ് ആദ്യം ഭീഷണിപ്പെടുത്തുന്നത്. യുവതികളെ കടത്തിയതിന് എത്ര രൂപ കിട്ടിയെന്നായിരുന്നു ജ്യോതി ശര്‍മയുടെ ചോദ്യം. യുവതികള്‍ മാതാപിതാക്കളുടെ സമ്മതത്തോടെയാണു ജോലിക്കു പോകുന്നതെന്ന് മറുപടി പറയുന്നുണ്ട്.
""ഒരെണ്ണം വച്ചുതരട്ടേ നിനക്ക്?''എന്ന് ജ്യോതി ശര്‍മ കയര്‍ത്തു സംസാരിക്കുന്നതു കേള്‍ക്കാം. ഭക്ഷണമുണ്ടാക്കാനായി ആഗ്രയില്‍ ആരേയും കിട്ടിയില്ലേയെന്നും ചോദിക്കുന്നുണ്ട്. ഞാന്‍ ആളെ വിടണോ എന്നു ചോദിച്ചതിന് മറുപടി പറയാനായി വന്നപ്പോഴാണ് മുഖമടിച്ചുപൊളിക്കുമെന്ന് ഒരു കന്യാസ്ത്രീയോടു പറഞ്ഞത്. യുവതിയുടെ സഹോദരനോട് ""നീ ഇവരെ ഡ്രോപ് ചെയ്യാനല്ല, വില്‍ക്കാനാണു വന്നതെന്ന് നന്നായി അറിയാം''എന്നും ജ്യോതി പറയുന്നുണ്ട്.
ട്രംപിനെ തള്ളിപ്പറയാൻ മോദിക്കു കഴിയില്ല: രാഹുൽ
ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ധാരണയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന അവകാശവാദങ്ങൾ തള്ളിപ്പറയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കഴിയില്ലെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ട്രംപ് പരസ്യമായി സത്യം വിളിച്ചുപറയുമെന്നതിനാലാണ് അദ്ദേഹത്തിന്റെ വാദങ്ങൾ കള്ളമാണെന്നു പറയാൻ മോദിക്കു കഴിയാത്തതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
എന്താണു യഥാർഥത്തിൽ സംഭവിച്ചതെന്ന് എല്ലാവർക്കുമറിയാമെന്നും എന്നാൽ അതു പുറത്തുപറയാൻ മോദിക്കു കഴിയില്ലെന്നതാണു യാഥാർഥ്യമെന്നും രാഹുൽ പറഞ്ഞു. ട്രംപ് കള്ളം പറയുകയാണെന്ന് മോദി പാർലമെന്റിൽ പറയണമെന്ന് പ്രിയങ്ക ഗാന്ധി എംപിയും ആവശ്യപ്പെട്ടു.
ട്രംപ് കള്ളം പറയുകയാണെന്നു പറയാനുള്ള ധൈര്യം പ്രധാനമന്ത്രിക്കില്ലെന്നും സംശയാസ്പദമായി എന്തോ ഉണ്ടെന്നുമായിരുന്നു രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം. കാഷ്മീർ വിഷയത്തിൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഒരിക്കലും സ്വീകരിക്കില്ല എന്നതാണ് ഇന്ത്യയുടെ നയമെന്നും എന്നിട്ടും എന്തുകൊണ്ടാണു കേന്ദ്രസർക്കാർ അമേരിക്കയുടെ ഇടപെടലുകൾക്ക് സമ്മതം നൽകിയതെന്നും അതിന്റെ കാരണങ്ങൾ രാജ്യത്തോട് തുറന്നുപറയണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
വെടിനിർത്തലിനെക്കുറിച്ചുള്ള ട്രംപിന്റെ അവകാശവാദങ്ങൾ കള്ളമാണെന്ന് പാർലമെന്റിൽ തുറന്നുപറയാൻ മോദിക്കു ധൈര്യമുണ്ടോയെന്ന് രാഹുൽ കഴിഞ്ഞ ദിവസം ലോക്സഭയിൽ വെല്ലുവിളിച്ചിരുന്നു. ഇതിനുപിന്നാലെ ഓപ്പറേഷൻ സിന്ദൂർ നിർത്താൻ ഒരു രാജ്യവും പറഞ്ഞിട്ടില്ലെന്ന് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചു നടന്ന പ്രത്യേക ചർച്ചയിൽ സംസാരിക്കവേ പ്രധാനമന്ത്രി വ്യക്തമാക്കി.
എന്നാൽ ട്രംപിന്റെ അവകാശവാദത്തെ അദ്ദേഹത്തിന്റെ പേരെടുത്തു പറയാതെ തള്ളിയ മോദിയുടെ നിലപാടിനെയാണ് പ്രതിപക്ഷം വീണ്ടും ചോദ്യം ചെയ്യുന്നത്.
വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്ന് പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്നു കേന്ദ്രസർക്കാരിനോട് മണ്ഡലം എംപി പ്രിയങ്ക ഗാന്ധി.
ലോക്സഭയിൽ ശൂന്യവേളയിലാണ് പ്രിയങ്ക ഈ ആവശ്യമു ന്നയിച്ചത്. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കേന്ദ്രത്തിൽനിന്നു മതിയായ ഫണ്ട് ലഭിച്ചിട്ടില്ല. ഉരുൾപൊട്ടലുണ്ടായി ഒരു വർഷം പൂർത്തിയായിട്ടും ദുരന്തബാധിതരുടെ പ്രതിസന്ധികൾ തുടരുകയാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
ദുരന്തബാധിത കുടുംബങ്ങളുടെ വായ്പകൾ എഴുതിത്തള്ളാനുള്ള അധികാരം കേന്ദ്രത്തിനുണ്ടെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം പ്രിയങ്ക സഭയിൽ ചൂണ്ടിക്കാട്ടി. ദുരന്തബാധിത കർഷകരുടെ വ്യക്തിഗത വായ്പകൾ 90 കോടി രൂപയ്ക്കടുത്തും കാർഷിക സഹകരണ ബാങ്കുകളിൽനിന്നുള്ള വായ്പകൾ 36 കോടി രൂപയ്ക്കടുത്തും വരുമെന്നും കേന്ദ്രത്തിനു ഇത് ചെറിയൊരു തുകയാണെന്നും പ്രിയങ്ക പറഞ്ഞു.
കേന്ദ്രഫണ്ടുകളുടെ അപര്യാപ്തത മൂലം ദുരന്തബാധിതരുടെ പുനരധിവാസം പൂർണമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ഒരു വർഷമായി തുടർച്ചയായി ആവശ്യപ്പെട്ടിട്ടും സഭയിൽ പലതവണ വിഷയങ്ങൾ ഉയർത്തിക്കാട്ടിയിട്ടും ആഭ്യന്തരമന്ത്രിയെ സന്ദർശിച്ചിട്ടും ആവശ്യമായ ഫണ്ടുകൾ ലഭിച്ചിട്ടില്ല. അനുവദിച്ച തുകകൾ ലോണ്‍ രൂപത്തിലാണു ലഭിച്ചതെന്നും ഇത് അഭൂതപൂർവമായ നടപടിയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
ബിജെപി മണിപ്പുരിനെ രക്തഭൂമിയാക്കി: ആന്റോ ആന്റണി
ന്യൂഡൽഹി: ബിജെപിയുടെ രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മയുടെയും ഭരണപരമായ കാര്യക്ഷമതയില്ലായ്മയുടെയും പ്രതിഫലനമാണ് മണിപ്പുരിലെ അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും കാരണമെന്ന് ആന്റോ ആന്റണി.
ലോക്സഭയിൽ മണിപ്പുരിലെ രാഷ്ട്രപതിഭരണം നീട്ടുന്നതിനും, 2025-26 വർഷത്തേക്കുള്ള ധനവിനിയോഗ- അനുബന്ധ ധനവിനിയോഗ ബില്ലിന്മേലുമുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പുർ എന്ന"രത്നഭൂമി' ഇന്നു ചാരമായി മാറിയിരിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കാര്യക്ഷമതയില്ലായ്മ, നിസംഗത, പരാജയം എന്നിവയാൽ ഉണ്ടായ മനുഷ്യനിർമിത ദുരന്തമാണിത്. ദീപികയുടെ ജോർജ് കള്ളിവയലിൽ എഴുതിയ "മണിപ്പുർ എഫ് ഐആറി'ൽ ഇക്കാര്യങ്ങൾ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്.
മെയ്തി സമൂഹത്തിനു പട്ടികവർഗ പദവി പരിഗണിക്കണമെന്ന ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്ന് 2023 ലാണ് മണിപ്പുരിൽ അക്രമം ആരംഭിച്ചത്. മണിപ്പൂർ സർക്കാർ, ജനങ്ങളെ ദ്രോഹിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.
മണിപ്പുരിലെ രാഷ്ട്രപതി ഭരണം: ലോക്സഭയിൽ പ്രമേയം
ന്യൂഡൽഹി: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്കുകൂടി ദീർഘിപ്പിക്കുന്നതിനുള്ള പ്രമേയം ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു.
കഴിഞ്ഞ ഫെബ്രുവരി 13 നാണു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതെന്നും ഏപ്രിൽ രണ്ടിന് ലോക്സഭ അംഗീകരിക്കുകയുമായിരുന്നുവെന്നും സ്പീക്കർ ഓം ബിർള അറിയിച്ചു.
രാഷ്ട്രപതി ഭരണത്തിനുള്ള ലോക്സഭയുടെ അനുമതിക്ക് ആറുമാസമാണു കാലാവധി. അടുത്ത ആറുമാസത്തേക്കുകൂടി നീട്ടുന്നതിന് ഇരുസഭകളും പ്രമേയം അംഗീകരിക്കേണ്ടതുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.
ലഡാക്കിൽ അപകടത്തിൽ ലഫ്. കേണൽ ഉൾപ്പെടെ രണ്ട് സൈനികർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ലഡാക്കിൽ സൈനികവാഹനവ്യൂഹത്തിലേക്ക് കൂറ്റൻ പാറ വീണ് ലഫ്റ്റനന്റ് കേണൽ ഉൾപ്പെടെ രണ്ട് സൈനികർക്കു ജീവഹാനി.
ലഫ് കേണൽ ഭാനു പ്രതാപ് സിംഗ്, ലാൻസ് ഡഫേദാർ ദൽജീത് സിംഗ് എന്നിവരാണു മരിച്ചത്. പർവത മേഖലയിലെ പരിശീലനത്തിന്റെ ഭാഗമായി ദർബുക്കിൽനിന്ന് ചോങ്താഷിലേക്കു പോവുകയായിരുന്ന സൈനികവാഹനത്തിൽ ഇന്നലെ ഉച്ചയ്ക്ക് 11.30 നാണ് പാറ വീണത്. വാഹനത്തിൽ ലഫ്.കേണൽ ഉൾപ്പെടെ നാല് സൈനികരാണുണ്ടായിരുന്നത്.
നിതാരി കൂട്ടക്കൊല: അപ്പീലുകൾ തള്ളി
ന്യൂഡൽഹി: 2006ലെ നിതാരി കൂട്ടക്കൊലപാതകക്കേസിലെ പ്രതി സുരേന്ദ്ര കോലിയെ കുറ്റവിമുക്തനാക്കിയതിനെതിരേ ഫയൽ ചെയ്ത അപ്പീലുകൾ സുപ്രീം കോടതി തള്ളി.
സുരേന്ദ്ര കോലിയെ വെറുതെ വിട്ട അലഹബാദ് ഹൈക്കോടതിയുടെ നീക്കത്തിൽ അസ്വാഭാവികതയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ജസ്റ്റീസുമാരായ സതീഷ് ചന്ദ്ര ശർമ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഇരകളുടെ തലയോട്ടികളും മറ്റ് വസ്തുവകകളും ഓടയിൽനിന്നും കണ്ടെടുത്ത നടപടി കോലിയുടെ മൊഴിയെടുത്തതിനു ശേഷമല്ല നടന്നിട്ടുള്ളത്. കുറ്റാരോപിതന്റെ മൊഴി രേഖപ്പെടുത്താതെ കണ്ടെടുത്ത വസ്തുക്കൾ, തെളിവെടുപ്പു നിയമം അനുസരിച്ച്, കോടതിയിൽ തെളിവായി പരിഗണിക്കപ്പെടില്ല.
കോലിയെ കുറ്റവിമുക്തനാക്കിയ അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരേ സിബിഐ, ഉത്തർ പ്രദേശ് സർക്കാർ, ഇരയായ വ്യക്തിയുടെ പിതാവ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പ്രകാശ് രാജിനെ ഇഡി ചോദ്യംചെയ്തു
ഹൈദരാബാദ്: ഓൺലൈൻ ബെറ്റിംഗ് ആപ്പുകളുമായി ബന്ധപ്പെട്ട കേസിൽ നടൻ പ്രകാശ് രാജ് ചോദ്യം ചെയ്യലിനായി ഇഡിയുടെ മുന്നിൽ ഹാജരായി. സൈബറാബാദിലെ സോണൽ ഓഫീസിൽ എത്തിച്ചേർന്ന അദ്ദേഹത്തെ നാല് മണിക്കൂറോളം ചോദ്യം ചെയ്തു.
2016ൽ താൻ ചെയ്ത പ്രവൃത്തിയാണെങ്കിലും ധാർമിക മാനങ്ങൾ പരിഗണിച്ച് പ്രതിഫലം വാങ്ങിയില്ലെന്നും പിന്നീടുള്ള വർഷങ്ങളിൽ ആപ്പുകൾ പ്രമോട്ട് ചെയ്യുന്നതിൽനിന്ന് പിന്മാറിയിരുന്നെന്നും പ്രകാശ് രാജ് മാധ്യമങ്ങളോടു പറഞ്ഞു.
വീണ്ടും ഹാജരാകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടില്ല. പ്രകാശ് രാജിനു പുറമേ, റാണ ദഗ്ഗുബാട്ടി, വിജയ് ദേവരകൊണ്ട, ലക്ഷ്മി മഞ്ജു എന്നീ സിനിമാതാരങ്ങളെയും ഇഡി വിളിച്ചുവരുത്തിയിരുന്നു.
തമിഴ്നാട്ടിലെ ദുരഭിമാനക്കൊലയിൽ ക്രൈംബ്രാഞ്ച് അന്വേഷണം
ചെന്നൈ: ചെന്നൈയിൽ സോഫ്റ്റ്വേർ എൻജിനിയറായിരുന്ന സി. കവിന് സെല്‍വ ഗണേഷിനെ (27) കാമുകിയുടെ സഹോദരൻ കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. പ്രതി സുജിത്തിനെതിരേ ഗുണ്ടാ ആക്ട് പ്രകാരം കൊലക്കുറ്റത്തിനു കേസെടുത്തു.
പ്രതിയുടെ മാതാപിതാക്കളും സബ് ഇൻസ്പെക്ടർമാരുമായ ശരവണൻ, കൃഷ്ണകുമാരി എന്നിവരെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു. ഇവർക്കെതിരേ പട്ടികജാതി പട്ടികവർഗങ്ങൾക്കെതിരേയുള്ള അതിക്രമം തടയൽ നിയമപ്രകാരം കേസെടുത്തു.
വിവാഹക്കാര്യം ചർച്ച ചെയ്യാനെന്ന വ്യാജേന കവിനെ സുജിത് വിളിച്ചുവരുത്തി. കവിനെ വിജനമായ പ്രദേശത്തെത്തിയപ്പോൾ അരിവാളിന് ആക്രമിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്തുടർന്ന് വീണ്ടും വെട്ടിവീഴ്ത്തി മരണം ഉറപ്പുവരുത്തിയശേഷമാണ് സുജിത് മടങ്ങിയതെന്ന് എഫ്ഐആറിൽ പറയുന്നു.
ബാഗ്മതി എക്സ്പ്രസ് അപകടം അട്ടിമറി
ന്യൂഡൽഹി: കഴിഞ്ഞ ഒക്ടോബറിൽ ചെന്നൈ കവരപേട്ടെയിൽ മൈസുരു-ദർഭംഗ ബാഗ്മതി എക്സ്പ്രസ് അപകടത്തിൽപെട്ടത് അട്ടിമറി മൂലമെന്നു സിആർഎസ് (കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റി) അന്വേഷണത്തിൽ കണ്ടെത്തി. സാമൂഹ്യവിരുദ്ധർ ട്രാക്ക് ഇന്റ്ർലോക്ക് അഴിച്ചുമാറ്റിയതാണ് അപകടത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ ഒക്ടോബർ 11 നുണ്ടായ അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു. ട്രെയിനിന്റെ 12 കോച്ചുകളാണ് പാളം തെറ്റിയത്. ട്രെയിൻ ചരക്ക് വണ്ടിയിൽ ഇടിച്ചത് അപ്രതീക്ഷിതമായുണ്ടായ തകരാർ മൂലമല്ലെന്ന് ദക്ഷിണ മേഖല സിആർഎസ് എ.എം. ചൗധരി പറഞ്ഞു.
അസാമാന്യ മനസാന്നിധ്യം പ്രകടിപ്പിക്കുകയും എമർജൻസി ബ്രേക്ക് തക്കസമയത്ത് ഉപയോഗിച്ച് ഇടിയുടെ ആഘാതം കുറയ്ക്കുകയും ചെയ്ത ലോക്കോ പൈലറ്റിനെയും അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതിവിശിഷ്ട റെയിൽ സേവാ പുരസ്കാരത്തിന് ലോക്കോ പൈലറ്റ് ജി. സുബ്രമണിയെ നാമനിർദേശം ചെയ്തിട്ടുണ്ടെന്ന് നേരത്തേ റെയിൽവേ മന്ത്രാലയം അറിയിച്ചിരുന്നു.
കന്യാസ്ത്രീകൾക്ക് എതിരേയുള്ള കേസ് എൻഐഎക്കു വിട്ട നടപടി ഗുരുതര പ്രശ്നമെന്നു ഫ്രാൻസിസ് ജോർജ്
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ചു അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് എതിരേയുള്ള കേസ് എൻഐഎക്കു വിട്ട നടപടി ഗുരുതര പ്രശ്നമെന്ന് ഫ്രാൻസിസ് ജോർജ് എംപി.
എൻഐഎക്കു വിട്ടതിനാൽത്തന്നെ ഇനി ജാമ്യം ലഭിക്കാൻ കൂടുതൽ സമയമെടുക്കുമെന്നും ഇക്കാര്യത്തിൽ ഛത്തീസ്ഗഡ് സർക്കാരിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ലോക്സഭയുടെ ശൂന്യവേളയിൽ അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീകളെ സന്ദർശിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തെന്നും അവർക്കുണ്ടായ പ്രയാസങ്ങൾ എംപിമാരായ തങ്ങളോടു വിവരിക്കുകയും ചെയ്തെന്നും ഫ്രാൻസിസ് ജോർജ് സഭയെ അറിയിച്ചു.
നിയമപരമായ എല്ലാ രേഖകളോടുംകൂടിയാണ് അവർ യാത്ര ചെയ്തത്. ബജ്രംഗ്ദൾ പ്രവർത്തകരുടെ സമ്മർദത്തെത്തുടർന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ജോലി തേടി പോകുന്നതും ജോലിക്കായി ആളുകളെ കൊണ്ടുപോകുന്നതും ഒരുതരത്തിലും കുറ്റമായി കാണാൻ കഴിയില്ല.
നമ്മുടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ള ആളുകൾ വിവിധ സ്ഥലങ്ങളിലേക്ക് ജോലി തേടി യാത്ര ചെയ്യാറുണ്ട്. ഇങ്ങനെ പോകുന്നവരെ ആരും തടയാറില്ല. കേരളത്തിൽ25 ലക്ഷത്തിലധികം ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്.
അവരാരും മനുഷ്യക്കടത്തിന്റെ ഭാഗമായി എത്തിയതായി ആക്ഷേപമില്ല. കേന്ദ്രസർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും ജാമ്യം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളി
സനു സിറിയക്
ന്യൂഡൽഹി: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റിലായ രണ്ടു മലയാളി കന്യാസ്ത്രീകൾക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു.
കീഴ്ക്കോടതിക്ക് ജാമ്യം അനുവദിക്കാൻ കഴിയാത്ത വകുപ്പുകൾ എഫ്ഐആറിൽ കൂട്ടിച്ചേർത്തിട്ടുണ്ട് എന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിക്കാതിരുന്നത്. സിസ്റ്റർമാരുടെ ജാമ്യാപേക്ഷ ഇന്ന് സെഷൻസ് കോടതിയിലെത്തുമെന്നും ഇവിടെനിന്ന് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്നുമാണ് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കുന്നത്.
തങ്ങളുടെ അനുമതിയോടെയാണ് കുട്ടികൾ സിസ്റ്റർമാർക്കൊപ്പം ആഗ്രയിലേക്ക് ജോലിക്കായി പോയതെന്ന മാതാപിതാക്കളുടെ സത്യവാങ്മൂലവും സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷയ്ക്കൊപ്പം സമർപ്പിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. മാതാപിതാക്കളുടെ സത്യവാങ്മൂലം ജാമ്യനടപടികൾ എളുപ്പമാക്കും.
കുട്ടികളുടെ പ്രായപൂർത്തി തെളിയിക്കുന്ന രേഖകളും മാതാപിതാക്കളുടെ സമ്മതപത്രവും ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) പുറത്തുവിട്ടിരുന്നു.
ഛത്തീസ്ഗഡിലെ മതസ്വാതന്ത്ര്യനിയമത്തിലെ നാലാംവകുപ്പ് സിസ്റ്റർമാർക്കെതിരേയുള്ള എഫ്ഐആറിൽ പോലീസ് രണ്ടാമത് ചേർത്തിട്ടുണ്ട്. നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട നിയമമാണിത്. ഈ വകുപ്പാണ് കീഴ്ക്കോടതിയിൽ ജാമ്യം ലഭിക്കാൻ തടസമായത്.
മൂന്ന് പെണ്‍കുട്ടികളെ ജോലിക്കായി ആഗ്രയിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നതിനെത്തിയ, ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്യാസസഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ ദുർഗ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മതപരിവർത്തനം നടത്തി പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുകയാണെന്ന ബജ്രംഗ്ദൾ പ്രവർത്തകരുടെ വാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സിസ്റ്റർമാർക്കെതിരായ നടപടി.
രാജ്യസഭ സ്തംഭിച്ചു
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം കടുക്കുന്നു. പഹൽഗാം ഭീകരാക്രമണത്തെപ്പറ്റിയുള്ള ചർച്ചയ്ക്കു മുന്‍പ് കേരള എംപിമാർ ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ രാജ്യസഭയിൽ വിഷയം ഉന്നയിച്ചു.
സഭ നിർത്തിവച്ച് വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലും ലോക്സഭയിലും എംപിമാർ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. രാജ്യസഭ പ്രമേയം തള്ളിയതിനെത്തുടർന്ന് പ്രതിപക്ഷ എംപിമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. തുടർന്നു രണ്ടുമണിവരെ സഭ നിർത്തിവച്ചു. പിന്നീടാണ് ഓപ്പറേഷൻ സിന്ദൂർ ചർച്ച രാജ്യസഭയിൽ ആരംഭിച്ചത്.
സിസ്റ്റർമാരുടെ മോചനം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ, കെ. സുധാകരൻ, ഹൈബി ഈഡൻ, എം.കെ. രാഘവൻ, ശശി തരൂർ, വി.കെ. ശ്രീകണ്ഠൻ, അബ്ദുൽ സമദ് സമദാനി, ഡീൻ കുര്യാക്കോസ് എന്നിവർ പാർലമെന്റിനു മുന്നിൽ പോസ്റ്ററുകൾ ഉയർത്തി പ്രതിഷേധിച്ചു.
ഇടത് എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എ.എ. റഹിം, പി.സന്തോഷ് കുമാർ, മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാൻ, കോണ്‍ഗ്രസിന്റെ ജെബി മേത്തർ തുടങ്ങിയവർ രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
സിസ്റ്റർമാർക്കു പിന്തുണയുമായി എംപിമാർ ദുർഗിൽ
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ടു കന്യാസ്ത്രീകൾക്കു പിന്തുണയുമായി എൽഡിഎഫ്, യുഡിഎഫ് എംപിമാരും ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും ദുർഗിൽ.
റെയിൽവേ സ്റ്റേഷനിൽ മൂന്ന് കുട്ടികളെ കാത്തുനിൽക്കുന്പോൾ യാതൊരു പ്രകോപനവുമില്ലാതെയാണ് ബജ്രംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളോട് അപമര്യാദയായി പെരുമാറിയതെന്ന് എംപിമാർ സിസ്റ്റർമാരെ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു പറഞ്ഞു.
യുഡിഎഫ് എംപിമാരായ ബെന്നി ബെഹനാൻ, എൻ.കെ. പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, സപ്തഗിരി, എംഎൽഎ റോജി എം. ജോണ്‍ തുടങ്ങിയവരാണ് സിസ്റ്റർമാരെ ജയിലിൽ എത്തി സന്ദർശിച്ചത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയെയും യുഡിഎഫ് പ്രതിനിധികൾ സന്ദർശിച്ചു.
കന്യാസ്ത്രീകളുടെ അറസ്റ്റ് സംബന്ധിച്ച വിഷയം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. എന്നാൽ മതപരിവർത്തനം നടക്കുന്നുണ്ടെന്നും 150 ഓളം കുട്ടികളെ കാണാനില്ലെന്ന റിപ്പോർട്ടുണ്ടെന്നും അദ്ദേഹം തങ്ങളോട് പറഞ്ഞതായി എംപിമാർ ദീപികയോട് പറഞ്ഞു. സിസ്റ്റർമാരിൽ ഒരാളുടെ സഹോദരൻ എം.വി. ബൈജുവും യുഡിഎഫ് സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
എൽഡിഎഫ് പ്രതിനിധികളും എംപിമാരുമായ ജോസ് കെ. മാണി, കെ. രാധാകൃഷ്ണൻ, എ.എ. റഹിം, പി.പി. സുനീർ, നേതാക്കളായ ആനി രാജ, വൃന്ദ കാരാട്ട് തുടങ്ങിയവർ ജയിലിൽ എത്തിയെങ്കിലും സന്ദർശനസമയം കഴിഞ്ഞു എന്ന കാരണം ചൂണ്ടിക്കാട്ടി പോലീസ് അനുമതി നൽകിയില്ല.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്, ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ വിജയ് ശർമ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജയിലിലെത്തി സന്ദർശിച്ചത്.
മതപരിവർത്തന ആരോപണം അടിസ്ഥാനരഹിതം: രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്കെതിരേ ഉയർന്ന നിർബന്ധിത മതപരിവർത്തന ശ്രമമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
വിഷയം ഛത്തീസ്ഗഡ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അവിടത്തെ ആഭ്യന്തരമന്ത്രിയുമായി നേരിട്ട് വിഷയങ്ങൾ ചർച്ച ചെയ്തു. പാർട്ടി അധ്യക്ഷനുമായും ആശയവിനിമയം നടത്തി. നീതിയുക്തമായി കാര്യങ്ങൾ നടക്കുമെന്ന് ഉറപ്പുലഭിച്ചതായി അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ നിർത്താൻ ഒരു രാജ്യവും പറഞ്ഞില്ല: മോദി
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ നിർത്താൻ ലോകത്തിലെ ഒരു രാജ്യവും പറഞ്ഞിട്ടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വലിയ നഷ്ടങ്ങൾ നേരിട്ടതിനുശേഷം, പാകിസ്ഥാന്റെ ഡിജിഎംഒ അഭ്യർഥിച്ചു. ഇനി ഞങ്ങളെ അടിക്കരുത്. ഞങ്ങൾക്കിനി സഹിക്കാൻ കഴിയില്ലെന്നു പറഞ്ഞു.
ഇന്ത്യ- പാക്കിസ്ഥാൻ സംഘർഷത്തിന് അറുതി വരുത്താൻ മാധ്യസ്ഥ്യം വഹിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അവകാശവാദം അദ്ദേഹത്തിന്റെ പേരു പരാമർശിക്കാതെ മോദി തള്ളി.
പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും ലോക്സഭയിൽ നടന്ന രണ്ടു ദിവസത്തെ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മോദി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, എസ്. ജയശങ്കർ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ഗൗരവ് ഗൊഗോയി തുടങ്ങിയ പ്രമുഖരെല്ലാം ചൂടേറിയ ചർച്ചയിൽ പങ്കെടുത്തു.
പ്രസംഗിക്കാതെ ശ്രദ്ധേയനായ ശശി തരൂരിനെ പരാമർശിച്ച്, ചിലരെ പ്രസംഗിക്കുന്നതിൽ നിന്നു കോണ്‍ഗ്രസ് വിലക്കിയെന്നും രണ്ടു മണിക്കൂറിലേറെ നീണ്ട മറുപടി പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മുതലുള്ള കോണ്‍ഗ്രസ് സർക്കാരുകളെ വീണ്ടും വിമർശിക്കാനും മോദി മറന്നില്ല. സിന്ധു നദീജല കരാർ രാജ്യത്തോടുള്ള വഞ്ചനയായിരുന്നു. ഈ ഉടന്പടി ഒപ്പുവച്ചില്ലെങ്കിൽ, പടിഞ്ഞാറൻ നദിയിൽ പ്രധാന പദ്ധതികൾ ഉണ്ടാകുമായിരുന്നു.
പാക് അധിനിവേശ കാഷ്മീർ എന്തുകൊണ്ട് തിരിച്ചുപിടിച്ചില്ല എന്നു തന്നോടു ചോദിക്കുന്നവരുണ്ട്. അധിനിവേശ കാഷ്മീർ പിടിച്ചെടുക്കാൻ പാക്കിസ്ഥാനെ അനുവദിച്ചത് ആരുടെ സർക്കാരാണെന്ന് അവരോട് ചോദിക്കാൻ ആഗ്രഹിക്കുന്നു.
ഐക്യരാഷ്ട്രസഭയിൽ മൂന്നു രാജ്യങ്ങൾ മാത്രമാണു പാക്കിസ്ഥാനെ അനുകൂലിച്ചു സംസാരിച്ചതെന്നു പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിനുശേഷം ഭീകരതയുടെ യജമാനന്മാർക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്ന് മോദി പറഞ്ഞു. അവരെ കണ്ടെത്തി കൊല്ലുമെന്ന് അവർക്കറിയാം. ഇതാണ് ഇന്ത്യയുടെ പുതിയ സാധാരണത്വം (ന്യൂ നോർമൽ).
പാക്കിസ്ഥാനെതിരായ വിജയത്തിന്റെ ആഘോഷമാണു പാർലമെന്റ് സമ്മേളനം. ഓപ്പറേഷൻ സിന്ദൂറിൽ പ്രതിരോധ സേനയ്ക്ക് പൂർണ സ്വാതന്ത്ര്യം നൽകി. പ്രതിപക്ഷ നേതാക്കൾക്കു മാധ്യമങ്ങളിൽ തലക്കെട്ടു നേടാനേ കഴിയൂ. പക്ഷേ ജനങ്ങളുടെ ഹൃദയം കീഴടക്കാൻ കഴിയില്ല.-മോദി പറഞ്ഞു.
പാക്കിസ്ഥാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുന്നില്ലെന്ന് അവരെ വിളിച്ചറിയിച്ചതും അവരുടെ സൈനിക, വ്യോമ പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കരുതെന്നും ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം നൽകിയ നിയന്ത്രണം മൂലമാണു വിമാനങ്ങൾ നഷ്ടപ്പെട്ടതെന്നും രാഹുൽ ഇന്നലെ ലോക്സഭയിൽ കുറ്റപ്പെടുത്തിയിരുന്നു.
എന്നാൽ, രാഷ്ട്രീയ നേട്ടങ്ങൾക്കായി കോണ്‍ഗ്രസ് നേതാക്കൾ തന്നെ ലക്ഷ്യം വച്ചെന്നു മോദി ആരോപിച്ചു. അവരുടെ നിസാരമായ പ്രസ്താവനകൾ നമ്മുടെ ധീരസൈനികരെ നിരുത്സാഹപ്പെടുത്തുന്നതിൽ കലാശിച്ചുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് ഇപ്പോൾ പാകിസ്ഥാന്റെ റിമോട്ട് കണ്ട്രോൾ വഴിയാണു പ്രവർത്തിക്കുന്നതെന്നു മോദി ആരോപിച്ചു.
പഹൽഗാമിലെ മൂന്നു ഭീകരരെ വധിച്ചു; കോണ്‍ഗ്രസിനു സന്തോഷമില്ല: അമിത് ഷാ
ന്യൂഡൽഹി: പഹൽഹാമിൽ നിഷ്കളങ്കരായ 26 പേരുടെ ജീവനെടുത്ത മൂന്നു ഭീകരരും കൊല്ലപ്പെട്ടുവെന്നും എന്നാൽ കോണ്‍ഗ്രസുകാർക്കു മാത്രം അതിൽ സന്തോഷമുള്ളതായി തോന്നുന്നില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാർക്ക് ഓപ്പറേഷൻ സിന്ദൂറിലൂടെ പ്രധാനമന്ത്രി മോദി ഉചിതമായ മറുപടി നൽകിയെന്നും ലോക്സഭയിൽ ഇന്നലെ പഹൽഗാം, സിന്ദൂർ ചർച്ചയിൽ ഷാ പറഞ്ഞു.
ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാമിൽ ആക്രമണം നടത്തിയ മൂന്നു ഭീകരരെയും വധിച്ചു. സുലൈമാൻ എന്ന ഫൈസൽ ജാട്ട്, അഫ്ഗാൻ, ജിബ്രാൻ എന്നീ ഭീകരരെയാണു വധിച്ചത്. ലഷ്കർ-ഇ-തൊയ്ബയുടെ എ ഗ്രേഡ് തീവ്രവാദികളായിരുന്നു മൂവരും.
പഹൽഗാം ഭീകരാക്രമണത്തിലും മറ്റു ഭീകരാക്രമണങ്ങളിലും സുലൈമാൻ ഉൾപ്പെട്ടിട്ടുണ്ടെന്നതിനു തെളിവു കിട്ടിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി പാർലമെന്റിൽ അറിയിച്ചു. പഹൽഗാമിൽ കൊല്ലപ്പെട്ട സാധാരണക്കാർക്കു വേണ്ടി പ്രതികാരം ചെയ്യുന്നതിനായാണു മൂന്നു തീവ്രവാദികളെയും വധിച്ചത്.
തീവ്രവാദികൾക്ക് ബഷീർ, പർവേസ് എന്നിവർ അഭയം നൽകിയിരുന്നു. ഇവരോടൊപ്പം ഭീകരർ താമസിച്ചു. പിന്നീട് എകെ -47, എംഐ -9 കാർബൈഡ് തോക്കുകളുമായി ഭീകരർ കാൽനടയായി ബൈസരനിലേക്കു പോയതായി കണ്ടെത്തി. ഇപ്പോൾ മൂന്നു ഭീകരരെയും വധിക്കുകയും അവർക്ക് അഭയം നൽകിയ നാട്ടുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
എൻഐഎ കസ്റ്റഡിയിലുള്ള നാലുപേരെ കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹം സ്ഥിരീകരിക്കുന്നതിനായി കാണിച്ചു.
പഹൽഗാമിലെ പുൽമേട്ടിൽ ഉണ്ടായിരുന്നത് ഈ മൂന്നു പേരാണെന്ന് അവർ സ്ഥിരീകരിച്ചു. പഹൽഗാമിൽനിന്നുള്ള ഫോറൻസിക് ബാലിസ്റ്റിക് റിപ്പോർട്ടുകളും തത്സമയ വെടിമരുന്നു പരിശോധനകളും ഉപയോഗിച്ചു തീവ്രവാദികളിൽനിന്നു കണ്ടെത്തിയ ആയുധങ്ങൾ ഒന്നുതന്നെയാണെന്നു സ്ഥിരീകരിച്ചു.
2025 മേയ് 22ന് കൊലപാതകം നടന്ന രാത്രിയിലാണ് ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചത്. ആക്രമണം നടന്ന ദിവസം ശ്രീനഗറിൽ ഉണ്ടായിരുന്നു. മേയ് 30ന് സുരക്ഷായോഗം ചേർന്നു.
രാജ്യത്തുനിന്നു രക്ഷപ്പെടാൻ ഭീകരരെ അനുവദിക്കില്ലെന്നു തീരുമാനിച്ചു. മേയ് 22നും ജൂലൈ 22നുമിടയിൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച്, സെൻസറുകളുടെ സിഗ്നലുകൾ പിടിച്ചെടുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ കുന്നുകളിലൂടെ നടന്നു. ജൂലൈ 22ന് ഭീകരസാന്നിധ്യം സ്ഥിരീകരിച്ചുവെന്നും അമിത് ഷാ വിശദീകരിച്ചു.
പഹൽഗാം ആക്രമണത്തിനുശേഷം 1055ലധികം സാക്ഷികളെ എൻഐഎ ചോദ്യം ചെയ്തു. ജമ്മു കാഷ്മീർ പോലീസും സൈന്യവും സിആർപിഎഫും സംയുക്തമായാണു ഓപ്പറേഷൻ നടത്തിയത്. നാട്ടുകാരായ അഞ്ചുപേരുടെ സഹായവുമുണ്ടായിരുന്നു.
ഭീകരരുടെ പാക്കിസ്ഥാനിലെ വോട്ടർ ഐഡി, തോക്ക് ലൈസൻസുകൾ, പാക്കിസ്ഥാൻ നിർമിത ചോക്ലേറ്റുകൾ എന്നിവ സർക്കാരിന്റെ കൈവശമുണ്ട്. പക്ഷേ തെളിവില്ലാതെ എന്തിനാണു പാക്കിസ്ഥാനെ ആക്രമിച്ചതെന്ന് പി. ചിദംബരം ചോദിക്കുന്നു.
മുൻ ആഭ്യന്തരമന്ത്രി പാക്കിസ്ഥാന് ക്ലീൻ ചിറ്റ് നൽകുകയും ചെയ്യുന്നു. ഇന്ത്യയിലെ 130 കോടി പൗരന്മാരും നിങ്ങളോടു ക്ഷമിക്കില്ലെന്ന് ഷാ പറഞ്ഞു.
സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്വം അമിത് ഷാ ഏറ്റെടുക്കണമെന്ന് ഖാർഗെ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനിടയായ സുരക്ഷാവീഴ്ചകളുടെ ഉത്തരവാദിത്വം ആഭ്യന്തരമന്ത്രി അമിത് ഷാ ഏറ്റെടുക്കണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ.
പഹൽഗാമിൽ സുരക്ഷാവീഴ്ചകളുണ്ടെന്ന് ജമ്മു കാഷ്മീരിലെ ലഫ്റ്റനന്റ് ഗവർണറായിരുന്ന മനോജ് സിൻഹ സമ്മതിച്ചിട്ടുണ്ടെന്നും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഗവർണറല്ല, ആഭ്യന്തരമന്ത്രിയാണ് ഏറ്റെടുക്കേണ്ടതെന്ന് ഖാർഗെ പറഞ്ഞത്.
പാർലമെന്റിൽ ഓപ്പറേഷൻ സിന്ദൂറിന്റെ പ്രത്യേക ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഖാർഗെ. പഹൽഗാം ഭീകരാക്രമണത്തിനു മുന്നോടിയായി ഇന്ത്യക്ക് രഹസ്യാന്വേഷണവിവരം ലഭിച്ചിരുന്നോയെന്ന് ഖാർഗെ ചോദിച്ചു.
പഹൽഗാമിൽ ഭീകരാക്രമണമുണ്ടാകുന്നതിനു മൂന്നു ദിവസംമുന്പ് നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രിയുടെ കാഷ്മീർ സന്ദർശനം റദ്ദാക്കിയത് സൂചിപ്പിച്ചായിരുന്നു ഖാർഗെയുടെ ചോദ്യം.
അമിത് ഷാ ഏപ്രിൽ ഏഴിനും എട്ടിനും കാഷ്മീർ സന്ദർശിച്ചിരുന്നുവെന്നും മോദിക്കു കീഴിൽ തീവ്രവാദ വിരുദ്ധ സംവിധാനം മൂന്നിരട്ടിയായെന്ന് അവകാശപ്പെട്ടിരുന്നെന്നും എന്നിട്ടുമെങ്ങനെയാണ് ഭീകരവാദികൾ പഹൽഗാമിലെത്തിയതെന്നും ഖാർഗെ ചോദിച്ചു.
വ്യോമസേനയുടെ കരങ്ങൾ ബന്ധിച്ചിരുന്നു: രാഹുൽ
ന്യൂഡൽഹി: 'ഓപ്പറേഷൻ സിന്ദൂറി'നിടെ സൈന്യത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങൾ പാക്കിസ്ഥാനു കൈമാറിയെന്നാരോപിച്ചു കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
പാർലമെന്റിൽ ഓപ്പറേഷൻ സിന്ദൂറിന്റെ പ്രത്യേക ചർച്ചയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നടത്തിയ പ്രസ്താവനകളെ ആയുധമാക്കിയായിരുന്നു കേന്ദ്രത്തെ രാഹുൽ കടന്നാക്രമിച്ചത്.
ഓപ്പറേഷൻ സിന്ദൂർ പുലർച്ചെ 1.05ന് ആരംഭിച്ചെന്നും 22 മിനിറ്റ് നീണ്ടുനിന്ന ആക്രമണങ്ങൾക്കുശേഷം 1.35ന് ഇന്ത്യ പാക്കിസ്ഥാനെ വിളിച്ചുവെന്നും രാജ്നാഥ് പാർലമെന്റിൽ പറഞ്ഞുവെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
സൈനിക കേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും സംഘർഷം രൂക്ഷമാകരുതെന്നും ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചതായി പ്രതിരോധമന്ത്രി പറഞ്ഞത് രാഹുൽ സഭയിൽ സൂചിപ്പിച്ചു.
ആക്രമണത്തിൽ ഇന്ത്യ എന്താണു ചെയ്യുന്നതെന്ന് കൃത്യമായി അന്നേ രാത്രിതന്നെ മനസിലാക്കാൻ ഇതിലൂടെ പാക്കിസ്ഥാനു കഴിഞ്ഞുവെന്നും അവരുടെ സൈനികകേന്ദ്രങ്ങളെയും വ്യോമപ്രതിരോധ സംവിധാനങ്ങളെയും ആക്രമിക്കില്ലെന്നു നാം മുൻകൂട്ടി അറിയിച്ചതുകൊണ്ടാണ് ഇന്ത്യക്ക് ഫൈറ്റർ വിമാനങ്ങൾ നഷ്ടമായത്.
അവരുടെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന നിർദേശം നൽകിയതിലൂടെ വ്യോമസേനാ പൈലറ്റുമാരുടെ കരങ്ങൾ ബന്ധിക്കപ്പെട്ടുവെന്നും ഇതിനാൽ ഇന്ത്യക്ക് സൈനിക വിമാനങ്ങൾ നഷ്ടമായെന്നും രാഹുൽ കുറ്റപ്പെടുത്തി.
പത്തുവർഷത്തിനിടെ 1,525 ഭീകരാക്രമണങ്ങൾ
ന്യൂഡൽഹി: 2015 മുതൽ 2025 വരെയുള്ള കാലയളവിൽ 1,525 ഭീകരാക്രമണങ്ങൾ ഇന്ത്യയിലുണ്ടായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇവയിൽ 324 സാധാരണക്കാരും 542 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
2004-2014 കാലയളവിൽ 7,200 ഭീകരാക്രമണ സംഭവങ്ങൾ ഉണ്ടായെന്നും ഇവയിൽ 714 സാധാരണക്കാരും 1,068 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്നും അദ്ദേഹം ലോക്സഭയിൽ വ്യക്തമാക്കി.
മോദി സർക്കാരിന്റെ കാലത്ത് കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം 162 ശതമാനം വർധിച്ചു. ഭീകരർ ഇന്ത്യക്കാർ അല്ലെന്നതാണ് യുപിഎ കാലവുമായുള്ള വ്യത്യാസം. ജമ്മു കാഷ്മീരിൽ ഒരു ഭീകരനും അവശേഷിക്കുന്നില്ല.
അനുച്ഛേദം 370 റദ്ദാക്കിയതിനു ശേഷം ജമ്മു കാഷ്മീരിലെ ഭീകര അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിച്ചു. ഭീകര സംഘടന ആയതിനാൽ ഹുറിയത്തുമായി ചർച്ച നടത്തില്ലെന്ന് ഷാ പറഞ്ഞു.
ഏപ്രിൽ 30നു സിന്ധുജല കരാർ റദ്ദാക്കാൻ തീരുമാനിച്ചു. മേയ് ഒന്‍പതിന് പാക്കിസ്ഥാനു മറുപടി നൽകാൻ സൈന്യത്തിന് ഉത്തരവു നൽകി. 11 വ്യോമതാവളങ്ങൾ നശിപ്പിക്കപ്പെട്ടു - നൂർ ഖാൻ ചക്ലാല, മുരിദ്, സുഗുർദ, റഫീഖി, റഹിം ഖാൻ, ജേക്കബാബാദ്, സുക്കൂർ, ബൊളാരി എന്നിവ നശിപ്പിക്കപ്പെട്ടു.
ആറ് റഡാർ സംവിധാനങ്ങൾ നശിപ്പിക്കപ്പെട്ടു. ഇന്ത്യയുടെ സിവിലിയൻ പ്രദേശങ്ങൾ ആക്രമിക്കാൻ പാക്കിസ്ഥാൻ ശ്രമിച്ചെങ്കിലും അവരുടെ വ്യോമതാവളങ്ങളെയും ആയുധങ്ങളെയും ഇന്ത്യ ലക്ഷ്യം വച്ചില്ല.
പാക്കിസ്ഥാന്റെ എല്ലാ ആക്രമണ ശേഷിയും നശിപ്പിക്കപ്പെട്ടതിനാൽ, കീഴടങ്ങുകയല്ലാതെ അവർക്കു മറ്റു മാർഗമില്ലായിരുന്നുവെന്ന് ഷാ പറഞ്ഞു.
മേയ് 10ന് പാക്കിസ്ഥാൻ ഡിജിഎംഒ വിളിച്ചു, വൈകുന്നേരം അഞ്ചിന് ഇന്ത്യ ആക്രമണം നിർത്തി. ഇത്രയും മുൻതൂക്കമുണ്ടായിട്ടും എന്തുകൊണ്ട് ആക്രമണം നടത്തിയില്ല എന്നവർ ചോദിക്കുന്നു.
എല്ലാ യുദ്ധത്തിനും സിവിലിയൻ ചെലവുണ്ടെന്ന് 1951ലെയും 1971ലെയും യുദ്ധത്തെയും ഉദ്ധരിച്ച് ഷാ പറഞ്ഞു. പാക് അധിനിവേശ കാഷ്മീർ ജവഹർലാൽ നെഹ്റു വിട്ടുകൊടുത്തതാണെന്നും ഷിംല കരാറിൽ ആവശ്യപ്പെട്ടിട്ടില്ലെന്നും അമിത് ഷാ ആരോപിച്ചു.
ഖാർഗെയോട് ക്ഷമാപണം നടത്തി നഡ്ഡ
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ടെന്ന പ്രസ്താവന പിൻവലിച്ചു മാപ്പു പറഞ്ഞ് രാജ്യസഭാ നേതാവും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ.
പ്രതിപക്ഷ നേതാവിനെതിരേ നഡ്ഡ നടത്തിയ പരാമർശത്തിനെതിരേ കോണ്‍ഗ്രസ് അംഗങ്ങൾ ഒന്നടങ്കം നടുത്തളത്തിനടുത്തെത്തി പ്രതിഷേധിച്ചതോടെ, പരാമർശം പിൻവലിച്ചതായി മന്ത്രി അറിയിച്ചു.
എന്നാൽ, പ്രസ്താവനയിൽ ക്ഷമാപണം നടത്തിയേ മതിയാകൂവെന്ന് ഖാർഗെ ആവശ്യപ്പെട്ടതോടെ, ""ഞാനെന്റെ വാക്കുകൾ പിൻവലിച്ചു. നിങ്ങൾക്കു വേദനിച്ചെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു’’-എന്ന് നഡ്ഡ പറഞ്ഞു. ഇതോടെ ബഹളം അവസാനിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഖാർഗെ നടത്തിയ രൂക്ഷവിമർശനങ്ങളോടു പ്രതികരിക്കവേയാണു ഖാർഗെയ്ക്കെതിരേ നഡ്ഡയുടെ വിവാദ പരാമർശം. പഹൽഗാം ഭീകരാക്രമണം ചർച്ച ചെയ്ത സർവകക്ഷിയോഗത്തിൽ പങ്കെടുക്കാതെ ബിഹാറിൽ തെരഞ്ഞെടുപ്പു റാലിക്കു പോയ പ്രധാനമന്ത്രിയുടെ നടപടി നിരുത്തരവാദപരവും തെറ്റുമാണെ ന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
""ഇതാണോ മോദിയുടെ ദേശഭക്തി? പാർലമെന്റിലെ പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ ചർച്ചയ്ക്കായി പോലും പ്രധാനമന്ത്രി സഭയിലെത്തിയില്ല. പ്രതിപക്ഷം പറയുന്നതു കേൾക്കാൻ പോലും ധൈര്യമില്ലാത്ത പ്രധാനമന്ത്രി ആ പദവി വഹിക്കാൻ അർഹനല്ല-'' ഖാർഗെ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതിൽ വളരെയധികം വേദനയുണ്ടെന്നുമായിരുന്നു നഡ്ഡയുടെ വിവാദ പരാമർശം.
അമിത് ഷാ ആഭ്യന്തരമന്ത്രിയായി തുടരരുതെന്ന് പ്രിയങ്ക
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി എംപി. ഭീകരാക്രമണമുണ്ടാകാനിടയായ സുരക്ഷാവീഴ്ച ഉയർത്തിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേയും കേന്ദ്ര സർക്കാരിനെതിരേയും രൂക്ഷവിമർശനമാണ് ലോക്സഭയിൽ പ്രിയങ്ക നടത്തിയത്.
ഓപ്പറേഷൻ സിന്ദൂറിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ നമ്മുടെ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്നും എന്നാൽ ക്രെഡിറ്റ് മാത്രം ഏറ്റെടുത്താൽ പോരാ, സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്വംകൂടി ഏറ്റെടുക്കണമെന്നും വയനാട് എംപി പറഞ്ഞു.
ബൈസരൻ താഴ്വരയിൽ ഭീകരാക്രമണമുണ്ടായപ്പോൾ ഒരു മണിക്കൂർ നേരത്തേക്കു സുരക്ഷാ സേനയിലെ ആരും അവിടെ എത്തിയില്ല. പരിക്കേറ്റവർക്കു പ്രാഥമിക ശുശ്രൂഷ നൽകാൻ കഴിഞ്ഞില്ലെന്നും പ്രിയങ്ക പറഞ്ഞു.
ഭീകരാക്രമണത്തിനു രണ്ടാഴ്ച മുന്‍പാണ് കാഷ്മീരിലെ സുരക്ഷാ സംവിധാനം വിലയിരുത്തിയ അമിത് ഷാ, കാഷ്മീരിലെ തീവ്രവാദം വിജയകരമായി അവസാനിപ്പിച്ചുവെന്നു പ്രസ്താവന നടത്തിയത്.
പഹൽഗാം ഭീകരാക്രമണത്തിനു കാരണമായ ടിആർഎഫ് സംഘടന 2020 മുതൽ 2025 വരേയുള്ള അഞ്ച് വർഷത്തിനുള്ളിൽ സൈനികോദ്യോഗസ്ഥർക്കെതിരെയും പോലീസിനെതിരേയും സാധാരണക്കാർക്കുനേരേയും ഇരുപത്തഞ്ചോളം ആക്രമണങ്ങൾ നടത്തി. ഇതൊക്കെ തടയാൻ നമ്മുടെ രഹസ്യാന്വേഷണ ഏജൻസിക്ക് കഴിഞ്ഞില്ലെന്നും ഇത് ആരുടെ ഉത്തരവാദിത്വമാണെന്നും പ്രിയങ്ക ചോദിച്ചു.
നേട്ടങ്ങൾക്കൊപ്പം വീഴ്ചകളും ചർച്ച ചെയ്യണം: എൻ. കെ. പ്രേമചന്ദ്രൻ
ന്യൂഡൽഹി: പഹൽഗാമിലെ തീവ്രവാദ ആക്രമണത്തെ അപലപിച്ചും ഇന്ത്യൻ പ്രതിരോധ സേന സിന്ദൂർ ഓപ്പറേഷനിൽ കൈവരിച്ച നേട്ടത്തെ അഭിനന്ദിച്ചും കേന്ദ്ര സർക്കാരിന്റെ വികലമായ വിദേശനയങ്ങളെ വിമർശിച്ചും എൻ. കെ. പ്രേമചന്ദ്രൻ എംപി.
തീവ്രവാദത്തോട് സന്ധിയില്ല എന്ന പ്രഖ്യാപനത്തോടെ ഇന്ത്യൻ പ്രതിരോധ സേന പാക്കിസ്ഥാനെതിരെ സ്വീകരിച്ച നടപടികളിൽ രാജ്യം അഭിമാനിക്കുന്നു. എന്നാൽ നേട്ടങ്ങളിൽ അഭിമാനിക്കുന്പോൾ വീഴ്ചകളും ചർച്ച ചെയ്യണം.
രാജ്യത്തെയും കാഷ്മീരിലേയും രഹസ്യാന്വേഷണ വിഭാഗം ഈ വിഷയത്തിൽ തികഞ്ഞ പരാജയമാണ്. മിലിട്ടറി ഇന്റലിജൻസിന്റെയും സംസ്ഥാന ഇന്റലിജൻസിന്റെയും ദയനീയ പരാജയമാണ് പഹൽഗാം ആക്രമണം മുൻകൂട്ടി കാണാൻ കഴിയാതെ പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രസിഡൻഷൽ റഫറൻസ് ഓഗസ്റ്റ് 19ന് വാദം ആരംഭിക്കും
ന്യൂഡൽഹി: സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾ പരിഗണിക്കുന്പോൾ രാഷ്ട്രപതിക്കും സംസ്ഥാന ഗവർണർമാർക്കുമുള്ള സമയപരിധിയും നടപടിക്രമങ്ങളുംസംബന്ധിച്ച പ്രസിഡൻഷൽ റഫൻസിൽ ഓഗസ്റ്റ് 12നകം എല്ലാ കക്ഷികളും രേഖാമൂലമുള്ള വാദങ്ങൾ സമർപ്പിക്കാൻ നിർദേശിച്ച് സുപ്രീംകോടതി.
അടുത്ത മാസം 19ന് ഭരണഘടനാ ബെഞ്ച് വിഷയത്തിൽ വാദം ആരംഭിക്കും. റഫറൻസിനെ എതിർക്കുന്ന കക്ഷികൾക്കുവേണ്ടി അഭിഭാഷക മിഷ രോഹ്തഗിയെ നിയമിക്കുന്നതായി കോടതി വ്യക്തമാക്കി. അമൻ മേത്ത കേന്ദ്ര സർക്കാരിനെയും പ്രതിനിധീകരിക്കും
കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ. കെ. വേണുഗോപാൽ രാഷ്ട്രപതി പരാമർശത്തിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്തു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലും രാഷ്ട്രപതിപരാമർശത്തിന് മറുപടി കൊടുക്കുന്നതിനെ എതിർത്തു.
പരാമർശത്തെ എതിർക്കുന്നവരുടെ വാദം ഓഗസ്റ്റ് 19, 20, 21, 26 തീയതികളിലും പിന്തുണയ്ക്കുന്നവരുടെ വാദം ഓഗസ്റ്റ് 20, സെപ്റ്റംബർ 2, 3, 9 തീയതികളിലും കേൾക്കുമെന്നും സമയക്രമം കൃത്യമായി പാലിക്കുമെന്നും കോടതി വ്യക്തമാക്കി.
ദുരഭിമാനക്കൊല; തമിഴ്നാട്ടിൽ യുവാവിനെ വെട്ടിക്കൊന്നു
തിരുനൽവേലി: തമിഴ്നാട്ടിൽ യുവ ഐടി എൻജിനിയറെ കാമുകിയുടെ സഹോദരൻ വെട്ടിക്കൊന്നു. ചെന്നൈയിൽ സോഫ്റ്റ്വേർ എൻജിനിയറായ സി. കവിന് സെല്‍വ ഗണേഷ് എന്ന 27കാരനെ കാമുകിയുടെ സഹോദരൻ സുർജിത് കൊലപ്പെടുത്തുകയായിരുന്നു.
ദളിത് സമുദായക്കാരനായ കവിനുമായുള്ള ബന്ധത്തെ വ്യത്യസ്ത മതത്തിൽപ്പെട്ട യുവതിയുടെ മാതാപിതാക്കൾ എതിർത്തിരുന്നു.
മുത്തച്ഛന്റെ ആരോഗ്യവിവരങ്ങൾ പങ്കുവയ്ക്കാനാണ് കുടുംബാംഗങ്ങള്‍ക്കൊപ്പം സിദ്ധ ഡോക്ടറായ കാമുകിയുടെ പാളയങ്കോട്ടയിലുള്ള ക്ലിനിക്കില്‍ കവിൻ എത്തിയത്. ഇതിനിടെ എത്തിയ സുർജിത് വിവാഹക്കാര്യം സംസാരിക്കാമെന്നു തെറ്റിദ്ധരിപ്പിച്ച് കവിനെ വീട്ടിലേക്ക് ക്ഷണിച്ചു. കവിൻ സമ്മതിക്കുകയും ചെയ്തു.
യാത്രാമധ്യേ ബൈക്ക് നിർത്തിയ സുർജിത് കൈവശം സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് കവിനെ ആക്രമിക്കുകയായിരുന്നു. സഹോദരിയെ കാണരുതെന്ന് മുന്നറിയിപ്പു നൽകിയിട്ടും കവിന് അനുസരിക്കാത്തതാണ് ആക്രമണത്തിനു കാരണമെന്നു പിന്നീട് സുർജിത് പോലീസിനോടു പറഞ്ഞു. പ്രതിയുടെ മാതാപിതാക്കളും പോലീസ് ഓഫീസർമാരാണ്. ഇവർക്കെതിരേയും കേസെടുത്തു.
കൗണ്ട്ഡൗൺ തുടങ്ങി നിസാർ വിക്ഷേപണം ഇന്ന്
ശ്രീഹരിക്കോട്ട: ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാര്‍ ഇന്നു വിക്ഷേപിക്കും. വൈകുന്നേരം 5.40നാണ് നിസാറിനെയും വഹിച്ച് ഇന്ത്യയുടെ ജിഎസ്എല്‍വി-എഫ് 16 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍നിന്നു കുതിക്കുക.
ഇന്നലെ ഉച്ചകഴിഞ്ഞു 2.10ന് നിസാർ ദൗത്യവിക്ഷേപണത്തിനായുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും കഴിഞ്ഞ ഫെബ്രുവരിയിൽ വാഷിംഗ്ടൺ ഡിസിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയുണ്ടായ ചർച്ചയെത്തുടർന്നാണ് ദൗത്യത്തിനു വേഗം കൈവന്നത്.
നാസയും ഐഎസ്ആര്‍ഒയും വികസിപ്പിച്ച രണ്ടു വ്യത്യസ്ത ആവൃത്തികളില്‍ പ്രവര്‍ത്തിക്കുന്ന ഓരോ റഡാറുകളാണ് 2,392 കിലോഗ്രാം ഭാരമുള്ള നിസാറിന്റെ സവിശേഷത. 12 ദിവസത്തെ ഇടവേളകളില്‍ ഭൂമിയിലെ ഓരോ സ്ഥലത്തിന്റെയും ഏറ്റവും വ്യക്തമായ വിവരങ്ങള്‍ രാപകല്‍ ഭേദമന്യേ ശേഖരിക്കാന്‍ ഇതിനാവും. ഭൂമിയിലെ ചെറിയ കാര്യങ്ങള്‍ വരെ ഇതു കണ്ടെത്തും.
മഞ്ഞുപാളികളുടെ ചലനം, കപ്പല്‍ കണ്ടെത്തല്‍, തീരദേശ നിരീക്ഷണം, കൊടുങ്കാറ്റുകളുടെ സ്വഭാവം, മണ്ണിന്റെ ഈര്‍പ്പം മാറ്റങ്ങള്‍, ഉപരിതല ജലസ്രോതസുകളുടെ മാപ്പിംഗ് നിരീക്ഷണം, പ്രകൃതിദുരന്ത സാധ്യതകള്‍ കണ്ടെത്താനും കാരണങ്ങള്‍ വിലയിരുത്താനും വേണ്ട വിലപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടെ ലഭിക്കും. ഏകദേശം 1.5 ബില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മിച്ച നിസാറിന്റെ ദൗത്യ ആയുസ് അഞ്ചു വര്‍ഷമാണ്.
വ്യാപാരക്കരാർ: യുഎസ് സംഘം ഓഗസ്റ്റ് 25 ന് ഇന്ത്യയിൽ
ന്യൂഡൽഹി: ഇന്ത്യയുമായുള്ള വ്യാപാരക്കരാറിലെ തുടർനടപടികൾക്കായി യുഎസ് സംഘം അടുത്തമാസം 25ന് ഇന്ത്യയിലെത്തും. എന്നാൽ, കരാറിലെ തുടർനടപടികളെക്കുറിച്ചുള്ള ചർച്ചകൾ വെള്ളിയാഴ്ച മുതൽ തുടങ്ങുമെന്നും കേന്ദ്രസർക്കാർ വ്യത്തങ്ങൾ അറിയിച്ചു.
ഇന്ത്യയുൾപ്പെടെ രാജ്യങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് 26 ശതമാനം അധികച്ചുങ്കം ചുമത്തിയ തീരുമാനം പിന്നീട് ഓഗസ്റ്റ് ഒന്നുവരെ മരവിപ്പിക്കുകയായിരുന്നു.
വ്യാപാരക്കരാറിൽ കൂടുതൽ ഒത്തുതീർപ്പുകൾ വേണ്ടിവരുമെന്നാണ് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ പറഞ്ഞത്. ഈ സാഹചര്യത്തിൽ ഇടക്കാല കരാറിനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.
അതേസമയം അപ്രതീക്ഷിത വഴിത്തിരിവിനും സാധ്യത തള്ളിക്കളയാനാകില്ല. ഇന്ത്യൻ പ്രതിനിധികളുമായി സംസാരിക്കുന്നത് തുടരുകയാണെന്നും എല്ലാ ഘട്ടത്തിലും ക്രിയാത്മക ചർച്ചകളാണു നടന്നിരുന്നതെന്നും ഗ്രീർ തിങ്കളാഴ്ച സിഎൻബിസി ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഓഗസ്റ്റ് ഒന്ന് എന്ന സമയപരിധി കൂടുതൽ നീട്ടുകയോ ഇരു രാജ്യങ്ങളും തമ്മിൽ ഒരു ഇടക്കാല കരാറിൽ എത്തുകയോ ചെയ്തില്ലെങ്കിൽ, നിലവിലുള്ള 10 ശതമാനത്തിനു പുറമേ, ഇന്ത്യൻ കയറ്റുമതിക്കാർക്ക് 16 ശതമാനം അധിക തീരുവ നൽകേണ്ടിവന്നേക്കാം.
ഇരു രാജ്യങ്ങളും തമ്മിലുള്ള അഞ്ചാംഘട്ട ചർച്ച കഴിഞ്ഞയാഴ്ച വാഷിംഗ്ടണിൽ പൂർത്തിയായിരുന്നു. വാണിജ്യ വകുപ്പ് സ്പെഷൽ സെക്രട്ടറി രാജേഷ് അഗർവാളും യുഎസ് വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ചുമായിരുന്നു ചർച്ച നയിച്ചത്.
മിസ് നോർത്ത് അമേരിക്കയിൽ റണ്ണറപ്പാകുന്ന ആദ്യ മലയാളിയായി ചിത്ര
ന്യൂഡൽഹി: മിസ് നോർത്ത് അമേരിക്കയിൽ റണ്ണറപ്പാകുന്ന ആദ്യ മലയാളിയായി ചരിത്രം കുറിച്ച് കോഴിക്കോട് സ്വദേശിയായ ചിത്ര കെ. മേനോൻ.
കാനഡയിലെ മോണ്ട്രിയലിൽ നടന്ന മിസ് നോർത്ത് അമേരിക്ക 2025 മത്സരത്തിലാണ് ടോറേന്റോയിലെ പത്രപ്രവർത്തകയും കമ്യൂണിറ്റി അഭിഭാഷകയുമായ ചിത്ര കെ. മേനോൻ ഒന്നാം റണ്ണറപ്പായി ചരിത്രത്തിലിടം നേടിയത്.
മിസിസ് കാനഡ ഇൻകോർപറേറ്റഡ് ആതിഥേയത്വം വഹിച്ച മത്സരത്തിൽ 37 ശ്രദ്ധേയരായ സ്ത്രീകൾ മത്സരിച്ചു. ജമൈക്കൻ-കനേഡിയൻ വംശജയായ ടീഷ ലീ മിസ് നോർത്ത് അമേരിക്ക 2025 കിരീടവും അഫ്ഗാൻ-കനേഡിയൻ വംശജയായ സുരയ്യ തബേഷ് രണ്ടാം റണ്ണർ അപ്പുമായി തെരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട്ടുനിന്ന് എട്ടുവർഷം മുന്‍പു കാനഡയിലേക്ക് കുടിയേറിയ ചിത്ര, സ്പോണ്‍സർമാരില്ലാതെയാണ് മത്സരത്തിലേക്കു വന്നത്.
മിസിസ് കാനഡ ഇൻകോർപറേറ്റഡിന്റെ മിസിസ് കാനഡ 2024 മത്സരത്തിൽ രണ്ടാം റണ്ണറപ്പ് സ്ഥാനവും ചിത്ര നേടിയിരുന്നു.