പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കാനഡയും; ഭീഷണി മുഴക്കി ട്രംപ്
ഒട്ടാവ: പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുമെന്നു പ്രഖ്യാപിച്ച കാനഡയ്ക്കെതിരേ വ്യാപാരചർച്ചയുടെ പേരിൽ ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
സെപ്റ്റംബറിൽ ചേരുന്ന ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിൽ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുമെന്നാണു കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ബുധനാഴ്ച അറിയിച്ചത്. ഇതോടെ കാനഡയുമായി വ്യാപരക്കരാർ ഉണ്ടാക്കുന്ന കാര്യം ബുദ്ധിമുട്ടാകുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു.
യുഎസുമായി വ്യാപാരക്കരാറുണ്ടാക്കാൻ കാനഡയ്ക്ക് ട്രംപ് അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കേയാണ് പുതിയ സംഭവവികാസങ്ങൾ. അമേരിക്കയുമായുള്ള ചർച്ചകൾ നല്ലരീതിയിൽ മുന്നോട്ടു പോകുന്നുണ്ടെങ്കിലും അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ കരാർ ഉണ്ടാവില്ലെന്ന് മാർക്ക് കാർണി നേരത്തേ സൂചിപ്പിച്ചിരുന്നു.
ഓഗസ്റ്റ് ഒന്നിനുള്ളിൽ കരാറുണ്ടായില്ലെങ്കിൽ യുഎസ്-മെക്സിക്കോ-കാനഡ വ്യാപാര ഉടന്പടിയിൽ ഉൾപ്പെടാത്ത എല്ലാ കനേഡിയൻ ഉത്പന്നങ്ങൾക്കും 35 ശതമാനം വച്ച് ചുങ്കം ചുമത്തുമെന്നാണു ട്രംപ് നേരത്തേ അറിയിച്ചിട്ടുള്ളത്. മെക്സിക്കോ കഴിഞ്ഞാൽ അമേരിക്കയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണു കാനഡ.
അമേരിക്കയിലെ ആമസോൺ പോലുള്ള ടെക് കന്പനികൾക്കു പ്രത്യേക നികുതി ചുമത്താൻ കാനഡ നേരത്തേ നീക്കം നടത്തിയിരുന്നു. വ്യാപാരബന്ധം അവതാളത്തിലാകുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതോടെ നികുതിനീക്കം കാനഡ പിൻവലിക്കുകയാണുണ്ടായത്.
ബ്രിട്ടനും ഫ്രാൻസിനും പിന്നാലെ
ബ്രിട്ടനും ഫ്രാൻസിനും പിന്നാലെ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുമെന്ന് അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ ജി-7 രാജ്യമാണു കാനഡ. ഗാസാ ജനത തീരാദുരിതം അനുഭവിക്കുന്ന പശ്ചാത്തലത്തിലാണ് ഇസ്രയേലിന്റെ അടുത്ത മിത്രങ്ങളായിരുന്ന ഈ രാജ്യങ്ങൾക്കു മനംമാറ്റമുണ്ടായത്.
കാനഡയുടെ തീരുമാനത്തെ ഇസ്രയേലും അമേരിക്കയും വിമർശിച്ചു. പലസ്തീൻ രാഷ്ട്രപദവി ഹമാസിനുള്ള പാരിതോഷികമാണെന്ന് ഇസ്രേലി വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
മഴ: ചൈനയിൽ 60 പേർ മരിച്ചു
ബെയ്ജിംഗ്: വടക്കൻ ചൈനയിൽ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ 60 പേർ മരിച്ചു. ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്.
തലസ്ഥാനമായ ബെയ്ജിംഗിൽ മാത്രം 44 പേർ മരിക്കുകയും ഒന്‍പതു പേരെ കാണാതാവുകയും ചെയ്തു. ഇതിൽത്തന്നെ 31 പേർ മരിച്ചത് ഒരു വയോജനകേന്ദ്രത്തിലാണ്.
ശനിയാഴ്ച ആരംഭിച്ച മഴ തിങ്കളാഴ്ചയോടെ കനത്തു. ബെയ്ജിംഗ് പ്രാന്തത്തിലെ മിയുൻ പ്രദേശത്ത് 57 സെന്റിമീറ്റർ മഴ ലഭിച്ചുവെന്നാണു റിപ്പോർട്ട്. റോഡുകളും വൈദ്യുതിവിതരണ സംവിധാനങ്ങളും നശിച്ചു.
ബെയ്ജിംഗിൽനിന്നു മാത്രം 80,000 പേരെ മാറ്റിപ്പാർപ്പിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ അതിവേഗം നടപ്പാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഉത്തരവിട്ടു.
കീവിൽ റഷ്യൻ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ സേന നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ആറു വയസുകാരനടക്കം 11 പേർ കൊല്ലപ്പെട്ടു; 124 പേർക്കു പരിക്കേറ്റു.
ബുധനാഴ്ച അർധരാത്രി മുതൽ മൂന്നൂറിലധികം ഡ്രോണുകളും എട്ടു മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചതെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. പരിക്കേറ്റവരിൽ ഒന്‍പതു കുട്ടികളും ഉൾപ്പെടുന്നു. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ ഒട്ടേറെപ്പേർ കുടുങ്ങിയിട്ടുണ്ടെന്നാണു യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചത്.
പാർപ്പിട സമുച്ചയം, സ്കൂൾ, ആശുപത്രി എന്നിവ അടക്കം കീവിലെ 27 സ്ഥലങ്ങൾ ആക്രമിക്കപ്പെട്ടു. എന്നാൽ, യുക്രെയ്ൻ സേനയുടെ ആസ്ഥാനങ്ങൾ, ആയുധ ഡിപ്പോകൾ എന്നിവടങ്ങളിലാണ് ആക്രമണം നടത്തിയതെന്നു റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ പത്തു ദിവസത്തിനുള്ളിൽ ഉണ്ടായില്ലെങ്കിൽ റഷ്യക്കും അവരുടെ ഉത്പന്നങ്ങൾ വാങ്ങുന്നവർക്കും എതിരേ ചുങ്കം ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൊവ്വാഴ്ച മുന്നറിയിപ്പു നല്‍കിയിരുന്നു.
മ്യാൻമറിൽ പട്ടാളമേധാവിയുടെ കീഴിൽ ഇടക്കാല സിവിലിയൻ സർക്കാർ
യാങ്കോൺ: മ്യാൻമറിലെ പട്ടാള ഭരണകൂടം പേരിനുവേണ്ടി ഇടക്കാല സിവിലിയൻ സർക്കാർ രൂപവത്കരിച്ച് അധികാരം കൈമാറി.
ആക്ടിംഗ് പ്രസിഡന്റായി പട്ടാളമേധാവി ജനറൽ മിൻ ആംഗ് ലെയിംഗ് തുടരും. അധികാരങ്ങളെല്ലാം അദ്ദേഹത്തിൽ നിക്ഷിപ്തമെന്നാണു റിപ്പോർട്ട്.
ഡിസംബറിൽ തെരഞ്ഞെടുപ്പു നടത്താൻ ഉദ്ദേശിച്ചാണ് പുതിയ നീക്കങ്ങൾ. തെരഞ്ഞെടുപ്പിനായി പ്രത്യേക കമ്മീഷൻ രൂപവത്കരിച്ചതായി സർക്കാർ വക്താവ് ഇന്നലെ അറിയിച്ചു.
2021ലെ അട്ടിമറിക്കു പിന്നാലെ സൈന്യത്തിനു ഭരണം കൈമാറിക്കൊണ്ടു പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കി. പട്ടാളഭരണത്തിൽ പ്രാബല്യത്തിലുണ്ടായിരുന്ന അടിയന്തരാവസ്ഥ ഇന്നലെ അവസാനിച്ചു.
അതേസമയം, പട്ടാളത്തിന്റെ അധികാരം അരക്കിട്ടുറപ്പിക്കാൻ വേണ്ടിയാണ് ഡിസംബറിൽ തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
196 ഇമ്രാൻ അനുയായികൾക്ക് പത്തു വർഷം തടവ്
ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അനുയായികളായ 196 പേർക്ക് പാക്കിസ്ഥാൻ കോടതി പത്തു വർഷം വച്ച് തടവുശിക്ഷ വിധിച്ചു.
ദേശീയ പ്രതിപക്ഷ നേതാവ് ഒമർ അയൂബ് ഖാൻ അടക്കമുള്ളവരാണ് ശിക്ഷിക്കപ്പെട്ടത്. 2023 മേയിൽ ഇമ്രാൻ അറസ്റ്റിലായതിനു പിന്നാലെ ദേശവ്യാപകമായി നടന്ന കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണിത്.
പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിപക്ഷ നേതാവ് അടക്കം ആറ് ദേശീയ അസംബ്ലി അംഗങ്ങളും ഒരു സെനറ്ററും ശിക്ഷിക്കപ്പെട്ടതിൽ ഉൾപ്പെടുന്നു.
ഷെഹ്ബാസ് ഷെരീഫ് സർക്കാർ ചുമത്തിയ അഴിമതിക്കേസിൽ ഇമ്രാൻ ഖാൻ അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹത്തിന്റെ അനുയായികൾ നടത്തിയ കലാപത്തിൽ പാക്കിസ്ഥാനിലെ പട്ടാള ഓഫീസുകളും ഗവൺമെന്റ് കെട്ടിടങ്ങളും ആക്രമിക്കപ്പെട്ടിരുന്നു.
ഇന്ത്യക്കും റഷ്യക്കും നിർജീവ സന്പദ്ഘടനയെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യയും റഷ്യയും തമ്മിലുള്ള അടുത്ത ബന്ധത്തെ രൂക്ഷമായി വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പുതിയ ഇന്ത്യ മോസ്കോയുമായി എന്തെങ്കിലും ചെയ്യട്ടേയെന്നും അതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.
""അവർ ഇരുവരും ചേർന്ന് സ്വന്തം രാജ്യങ്ങളുടെ നിർജീവമായ സാന്പത്തിക രംഗങ്ങളെ പടുകുഴിയിലേക്ക് വലിച്ചുകൊണ്ടുപോകട്ടെ. ഇന്ത്യയുമായി വളരെക്കുറച്ച് വ്യാപാരം മാത്രമാണുള്ളത്.
ലോകത്തിലെ ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ’’- ട്രംപ് സമൂഹമാധ്യമത്തിലെ പോസ്റ്റിൽ കുറിച്ചു. ഇന്ത്യയിൽനിന്നുള്ള കയറ്റുമതികൾക്ക് 25 ശതമാനം തീരുവ ചുമത്തി മണിക്കൂറുകൾക്കുശേഷമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ വേദപാരംഗതരുടെ ഗണത്തിലേക്ക്
വത്തിക്കാൻ സിറ്റി: സാർവത്രികസഭയിലെ ആധുനിക ചിന്തകരിൽ പ്രധാനിയും വിശ്രുത ഗ്രന്ഥകാരനും 19-ാം നൂറ്റാണ്ടിലെ ലോകപ്രശസ്ത ദൈവശാസ്ത്രജ്ഞനുമായിരുന്ന വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ വേദപാരംഗതരുടെ ഗണത്തിലേക്ക്.
ഇതുസംബന്ധിച്ച് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ വിഭാഗം നൽകിയ ശിപാർശ ലെയോ പതിനാലാമൻ മാർപാപ്പ അംഗീകരിച്ചതായും പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. ഇതോടെ സാർവത്രികസഭയിലെ വേദപാരംഗതരുടെ എണ്ണം 38 ആകും.
ഏറ്റവുമൊടുവിൽ വേദപാരംഗതരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടത് രണ്ടാം നൂറ്റാണ്ടിലെ ബിഷപ്പായിരുന്ന ലിയോൺസിലെ ഐറേനിയസാണ്. 2022 ജനുവരി 21ന് ഫ്രാൻസിസ് മാർപാപ്പയാണ് ഈ വിശുദ്ധനെ വേദപാരംഗതനായി പ്രഖ്യാപിച്ചത്. 1899ൽ വേദപാരംഗതരുടെ ഗണത്തിലേക്ക് ഉയർത്തിയ വിശുദ്ധ ബീഡിനുശേഷം ഈ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന ഇംഗ്ലണ്ടിൽനിന്നുള്ള രണ്ടാമത്തെ വിശുദ്ധനാണ് ഹെൻറി ന്യൂമാൻ.
1801ൽ ബ്രിട്ടനിൽ ജനിച്ച കർദിനാൾ ന്യൂമാൻ ആദ്യം ആംഗ്ലിക്കൻ സഭാ വൈദികനായിരുന്നു. 1845ൽ കത്തോലിക്കാ സഭയിൽ ചേർന്നു. പിന്നീട് വൈദികനും കർദിനാളുമായി. 1890 ലാണ് ദിവംഗതനായത്. കർദിനാൾ ന്യൂമാനെ 2010ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായും 2019ൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു.
ലണ്ടനിലെ ഓക്സ്ഫഡ് കോളജിൽ പഠിച്ച കർദിനാൾ ന്യൂമാൻ വിദ്യാഭ്യാസരംഗത്ത് വലിയ പണ്ഡിതനായിരുന്നു. ‘ലീഡ് കൈൻഡ്ലി ലൈറ്റ് എമിഡ് ദ എൻസർക്കിളിംഗ് ഗ്ലൂം’ എന്നുതുടങ്ങുന്ന പ്രശസ്തമായ പ്രാർഥനാഗീതം ഉൾപ്പെടെ ന്യൂമാന്റെ സാഹിത്യസംഭാവനകളും ഏറെ ശ്രദ്ധേയമാണ്.
അദ്ദേഹത്തിന്റെ ആത്മകഥയായ അപ്പോളോജിയ പ്രോ വീത്താ സുവാ, ദി ഐഡിയ ഓഫ് എ യൂണിവേഴ്സിറ്റി, ദി ഗ്രാമർ ഓഫ് അസെന്റ് എന്നീ ഗ്രന്ഥങ്ങൾ അതിപ്രസിദ്ധമാണ്. ലിട്ടൺ സ്ട്രേച്ചിയുടെ എമിനന്റ് വിക്ടോറിയൻസിൽ ഒരാളുമാണ് അദ്ദേഹം.
ഇസ്രയേൽ-പലസ്തീൻ സമാധാനത്തിന് ദ്വിരാഷ്ട്ര പരിഹാരം ഏക മാർഗം: വത്തിക്കാൻ
ന്യൂയോർക്ക്: മധ്യപൂർവദേശത്തു സമാധാനത്തിനുള്ള പ്രായോഗികവും ഉചിതവുമായ ഏകമാർഗം ഇസ്രയേലിന്റെയും പലസ്തീന്റെയും സുരക്ഷിതവും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടതുമായ അതിർത്തികളെ അടിസ്ഥാനമാക്കിയുള്ള ദ്വിരാഷ്ട്ര പരിഹാരമാണെന്ന് യുഎന്നിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് ഗബ്രിയേല ജിയോർദാനോ കാസിയ.
ഇസ്രയേൽ- പലസ്തീൻ പ്രശ്നത്തിൽ സമാധാനപരമായ പരിഹാരവുമായി ബന്ധപ്പെട്ടു ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്തു നടന്ന പൊതുചർച്ചയിൽ പ്രസംഗിക്കവെയാണു വത്തിക്കാൻ പ്രതിനിധി നിലപാട് വ്യക്തമാക്കിയത്.
സ്വയം നിർണയാവകാശം ഉൾപ്പെടെയുള്ള പലസ്തീൻ ജനതയുടെ അനിഷേധ്യമായ അവകാശങ്ങൾ പരിശുദ്ധസിംഹാസനം ഉയർത്തിപ്പിടിക്കുന്നുവെന്നും സ്വതന്ത്രവും പരമാധികാരവുമായ ഒരു രാഷ്ട്രത്തിനുള്ളിൽ സ്വാതന്ത്ര്യത്തിലും സുരക്ഷയിലും അന്തസിലും ജീവിക്കാനുള്ള അവരുടെ ന്യായമായ അഭിലാഷങ്ങളെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ ഏഴ് ഭീകരാക്രമണത്തെ പരിശുദ്ധ സിംഹാസനം ശക്തമായി അപലപിച്ചത് അനുസ്മരിച്ച അദ്ദേഹം ഭീകരപ്രവർത്തനത്തിന് ഒരിക്കലും ന്യായീകരണമില്ലെന്നും വ്യക്തമാക്കി.
ട്രംപിന് ഇനി പാക് ഫ്രണ്ട്
ന്യൂയോർക്ക്/ഇസ്ലാമബാദ്: പാക്കിസ്ഥാനുമായി വ്യാപാരക്കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
പാക്കിസ്ഥാന്റെ എണ്ണശേഖരം വികസിപ്പിക്കാൻ യുഎസ് കൈകോർക്കുമെന്നാണു വിവരം.
വ്യാപാരക്കരാർ ചരിത്രപരമാണെന്നും ട്രംപിന് നന്ദിയർപ്പിക്കുന്നെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും പറഞ്ഞു.
പാക്കിസ്ഥാൻ ധനകാര്യ മന്ത്രി മുഹമ്മദ് ഔറംഗസേബ്, യുഎസ് കോമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുട്ട്നിക്, യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് അംബാസഡർ ജാമീസൺ ഗ്രീർ എന്നിവർ നടത്തിയ കൂടിക്കാഴ്ചയാണു നിർണായക കരാറിലേക്ക് നയിച്ചത്.
ഇതോടെ, പാക്കിസ്ഥാൻ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന സാധനങ്ങൾക്ക് മേലുള്ള പകരച്ചുങ്കം കുറയാനും ഊർജം, ഖനനം, ധാതുക്കൾ, ഐടി, ക്രിപ്റ്റോകറൻസി തുടങ്ങിയ മേഖലകളിൽ സാന്പത്തിക സഹകരണം വർധിക്കാനും ഇടയാകും.
യുവജന ജൂബിലി ആഘോഷങ്ങൾക്കു തുടക്കം
വത്തിക്കാൻ സിറ്റി: 2025 പ്രത്യാശയുടെ ജൂബിലിവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷത്തിന് വത്തിക്കാനിൽ തുടക്കമായി.
സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ജൂബിലിയാഘോഷത്തിന്റെ മുഖ്യ സംഘാടകനും സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രീഫെക്ടുമായ ആർച്ച്ബിഷപ് റിനോ ഫിസിഷെല്ലയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണു ആഘോഷപരിപാടികൾക്കു തുടക്കമായത്.
വിശുദ്ധ കുർബാനയ്ക്കുശേഷം അപ്രതീക്ഷിതമായി ലെയോ പതിനാലാമൻ മാർപാപ്പ ചത്വരത്തിലേക്ക് പോപ്പ്മൊബീലിൽ കടന്നുവരികയും യുവജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു.
നീണ്ട കരഘോഷത്തോടെയാണു യുവജനങ്ങൾ മാർപാപ്പയെ എതിരേറ്റത്. യേശുക്രിസ്തുവിനുവേണ്ടിയുള്ള നിങ്ങളുടെ ശബ്ദങ്ങളും ഉത്സാഹവും നിലവിളികളും ഭൂമിയുടെ അറ്റംവരെ കേൾക്കുമെന്ന് മാർപാപ്പ യുവജനങ്ങളോടു പറഞ്ഞു.
ലോകത്തിന് ഇന്ന് പ്രത്യാശയുടെ സന്ദേശമാണ് ആവശ്യം. ഈ സന്ദേശങ്ങൾ എല്ലാവർക്കും പ്രദാനം ചെയ്യുന്നതിന് ഈ ജൂബിലിദിവസങ്ങൾ സഹായകരമാകട്ടെ. നിങ്ങളെല്ലാവരും ലോകത്തിൽ എല്ലായ്പ്പോഴും പ്രത്യാശയുടെ അടയാളങ്ങളായിരിക്കുമെന്നതാണ് തങ്ങളുടെ പ്രതീക്ഷ.
യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ഒരുമിച്ചു നടക്കാം. ഈ ലോകത്ത് സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സാക്ഷികളാകുവാനും മാർപാപ്പ ഏവരെയും ക്ഷണിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 1,20,000 യുവജനങ്ങൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി വിവിധ ചത്വരങ്ങളിലും സ്റ്റേഡിയങ്ങളിലും കുരിശിന്റെ വഴി, ദിവ്യകാരുണ്യ പ്രദക്ഷിണം, പൊതു കുന്പസാരം, സംവാദങ്ങൾ, സംഗീതപരിപാടികൾ, പ്രഭാഷണങ്ങൾ എന്നിവ നടക്കും.
റോമിലെ തൊർ വേഗാത്ത യൂണിവേഴ്സിറ്റി കാന്പസിൽ ഓഗസ്റ്റ് രണ്ടിന് മാർപാപ്പയുടെ നേതൃത്വത്തിൽ നിശാ ജാഗരണ പ്രാർഥനയും മൂന്നിന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അഞ്ചു ലക്ഷത്തോളം യുവജനങ്ങളാണ് ആഘോഷപരിപാടികളിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കുട്ടികൾക്ക് യുട്യൂബ് അക്കൗണ്ടും നിരോധിക്കാൻ ഓസ്ട്രേലിയ
സിഡ്നി: പതിനാറ് വയസിൽ താഴെയുള്ള കുട്ടികൾക്ക് യുട്യൂബ് അക്കൗണ്ടും നിരോധിക്കാൻ ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചു. ഈവർഷം ഡിസംബറോടെ നിരോധനം പ്രാബല്യത്തിൽ വരും.
നേരത്തേ ടിക് ടോക്, സ്നാപ്ചാറ്റ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ നിരോധിച്ചിരുന്നു. രാജ്യത്തെ ഇ-സുരക്ഷാ കമ്മീഷണർ നൽകിയ റിപ്പോർട്ടിനെത്തുടർന്നാണു യുട്യൂബും നിരോധിക്കാൻ തീരുമാനിച്ചത്.
നിരോധനമേർപ്പെടുത്തിയെങ്കിലും അധ്യാപകർക്ക് ക്ലാസ് റൂമിൽ യുട്യൂബിലെ പഠനസംബന്ധിയായ വീഡിയോകൾ കുട്ടികളെ കാണിക്കാം.
ഇറാനിൽ വരൾച്ച രൂക്ഷം, ജലസ്രോതസുകൾ വറ്റിവരണ്ടു
ടെഹ്റാൻ: അഞ്ചു വർഷമായി തുടരുന്ന കടുത്ത വരൾച്ചയെത്തുടർന്ന് ഇറാൻ അതീവഗുരുതര പ്രതിസന്ധിയിലേക്കെന്നു റിപ്പോർട്ട്.
ജലസ്രോതസുകളെല്ലാം വറ്റിവരണ്ടതിനെത്തുടർന്ന് തലസ്ഥാനമായ ടെഹ്റാനിലടക്കം കുടിവെള്ളക്ഷാമം രൂക്ഷമാണ്.
ജലദൗർലഭ്യം ഇതിനെ ആശ്രയിച്ചുള്ള വൈദ്യുത പദ്ധതികളെയും കൃഷിയെയുമെല്ലാം ബാധിച്ചതായി റിപ്പോർട്ടുണ്ട്. രാജ്യത്തെ 31 പ്രവിശ്യകളിലും കടുത്ത ജലദൗർലഭ്യം നേരിടുന്നുണ്ട്.
ലോകത്തെ വിറപ്പിച്ച് ഭൂകന്പവും സുനാമിയും
ടോക്കിയോ: ചരിത്രത്തിൽ രേഖപ്പെടുത്തിയതിൽവച്ച് ഏറ്റവും ശക്തമായ ഭൂകന്പങ്ങളിലൊന്ന് റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായതിനെത്തുടർന്ന് പസഫിക് സമുദ്രത്തിന്റെ തീരത്തുടനീളം സുനാമി മുന്നറിയിപ്പു പുറപ്പെടുവിക്കുകയും ജനങ്ങളെ ഒഴിപ്പിച്ചു മാറ്റുകയും ചെയ്യേണ്ടിവന്നു. റഷ്യയിലെ കാംചട്ക പ്രദേശത്ത് ഇന്നലെ ഉച്ചയ്ക്ക് 11.25നുണ്ടായ ഭൂകന്പം റിക്ടർ സ്കെയിലിൽ 8.8 തീവ്രതയാണു രേഖപ്പെടുത്തിയത്.
റഷ്യ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ സുനാമി അനുഭവപ്പെട്ടെങ്കിലും വ്യാപകമായ നാശനഷ്ടമുണ്ടായില്ല. റഷ്യയിൽ കുറച്ചുപേർക്കു പരിക്കേറ്റിട്ടുണ്ട്. പരിഭ്രാന്തി മൂലമാണ് പലർക്കും പരിക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ. ജപ്പാനിൽ സുനാമി മുന്നറിയിപ്പു പ്രദേശത്തുനിന്ന് കാറിൽ രക്ഷപ്പെടാൻ ശ്രമിക്കവേ ഒരു അന്‍പത്തിയെട്ടുകാരി മരിച്ചതൊഴിച്ചാൽ മറ്റ് ആളപായമില്ല.
കംചട്ക പ്രദേശത്ത് പെട്രോപാവ്ലോവ്സ്ക്-കാംചട്സ്കി നഗരത്തിൽനിന്ന് 119 കിലോമീറ്റർ അകലെ സമുദ്രത്തിൽ 19.3 കിലോമീറ്റർ ആഴത്തിലാണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. രേഖപ്പെടുത്തപ്പെട്ടതിൽവച്ച് ലോകത്തുണ്ടാകുന്ന ആറാമത്തെ ശക്തിയേറിയ ഭൂകന്പമാണിത്.
റഷ്യ, ജപ്പാൻ, യുഎസിന്റെ പടിഞ്ഞാറൻ തീരപ്രദേശം, ഹവായ് (യുഎസ്), അലാസ്ക (യുഎസ്), ഗുവാം (യുഎസ്), മൈക്രോനേഷ്യ, ഫിലിപ്പീൻസ്, ഇക്വഡോർ, കൊളംബിയ, ചിലി, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ അഞ്ചു മീറ്റർ വരെ ഉയരമുള്ള സുനാമി ഉണ്ടാകാമെന്നായിരുന്നു ഇന്നലത്തെ മുന്നറിയിപ്പ്.
ജപ്പാനിലെ ഹൊക്കെയ്ഡോയിൽ 60 സെന്റിമീറ്ററും കുജി തുറമുഖത്ത് 1.3 മീറ്ററും ഉയരമുള്ള തിരകളുണ്ടായി. അമേരിക്കയിലെ ഹാവായിയിൽ 1.8 മീറ്റർ, കലിഫോർണിയയിൽ അര മീറ്റർ, അലാസ്കയിൽ 30 സെന്റിമീറ്റർ എന്നിങ്ങനെ ഉയരത്തിൽ തിരകളുണ്ടായി. ഫ്രഞ്ച് പോളിനേഷ്യയിൽ 1.1 മീറ്റർ ഉരമുള്ള സുനാമിയും രേഖപ്പെടുത്തി. പല രാജ്യങ്ങളും പിന്നീട് സുനാമി മുന്നറിയിപ്പ് പിൻവലിക്കുകയുണ്ടായി.
നാശനഷ്ടം പരിമിതം
റഷ്യയിൽ കംചട്ക പ്രദേശത്ത് കുറിൾ ദ്വീപുകളിൽ നാലു മീറ്റർ ഉയരമുള്ള സുനാമിത്തിരകളുണ്ടായി. ഇവിടത്തെ സെവ്റോ-കുറിൾസ് പട്ടണത്തിന്റെ 400 മീറ്റർ ഉള്ളിലേക്ക് കടൽ കയറിവന്നു. തീരപ്രദേശത്തെ ഉയരം കുറഞ്ഞ കെട്ടിടങ്ങൾ മുങ്ങിപ്പോയി. കംചട്കയിലെ തുറമുഖവും വെള്ളത്തിലായി. ചെറിയ കപ്പലുകൾ ഒഴുകിപ്പോയി. പെട്രോപാവ്ലോവ്സ്ക്-കാംചട്സ്കി നഗരത്തിലെ കിന്റർഗാർട്ടൻ നശിച്ചു. ആശയവിനിമയ സംവിധാനങ്ങൾ ചെറിയ തോതിൽ നശിച്ചു. കുറിൽ ദ്വീപുകളുടെ വടക്കുഭാഗത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെയെല്ലാം ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് റഷ്യൻ വൃത്തങ്ങൾ അറിയിച്ചത്.
മുൻകരുതലെടുത്ത് ജപ്പാൻ
2011ലെ സുനാമി ദുരന്തത്തിന്റെ ഓർമ പേറുന്ന ജപ്പാനിൽ വലിയ തോതിലുള്ള മുന്നൊരുക്കങ്ങളുണ്ടായി. തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പു സൈറണുകൾ മുഴങ്ങി. സർക്കാർ നിർദേശം അനുസരിച്ച് തീരപ്രദേശങ്ങളിലെ ലക്ഷക്കണക്കിനു പേർ ഒഴിഞ്ഞുപോയി. സുനാമി വരുമെന്നു പേടിച്ച് ജനം കെട്ടിടങ്ങളുടെ മേൽക്കൂരയിൽ കയറി നിൽക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചു.
ഫുക്കുഷിമ അണുശക്തി നിലയത്തിലുള്ള 4000 ജീവനക്കാരെ ആദ്യമേ ഒഴിപ്പിച്ചുമാറ്റി. 2011 മാർച്ചിലെ ഭൂകന്പത്തിലും സുനാമിയിലും നിലയത്തിനു വലിയ തകരാറുണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ ആണവദുരന്തങ്ങളിലൊന്നായിരുന്നു.
ഗാസാ ഭരണം ഹമാസ് ഉപേക്ഷിക്കണം; ആവശ്യത്തിൽ പങ്കുചേർന്ന് അറബ് ലീഗ്
ന്യൂയോർക്ക്: പലസ്തീൻ രാഷ്ട്രരൂപീകരണമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനായി ഹമാസ് ആയുധം താഴെവച്ച് ഗാസയുടെ ഭരണം വെടിയണമെന്ന ആവശ്യത്തിൽ പങ്കുചേർന്ന് അറബ് രാജ്യങ്ങളും.
പലസ്തീൻ രാഷ്ട്രരൂപീകരണം ലക്ഷ്യമിട്ട് ന്യൂയോർക്കിൽ നടന്ന യുഎൻ ഉച്ചകോടിയിൽ യൂറോപ്യൻ യൂണിയനും മറ്റ് പതിനേഴ് രാജ്യങ്ങൾക്കുമൊപ്പമാണ് അറബ് ലീഗും ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇവരെല്ലാം ചേർന്ന് പുറത്തിറക്കിയ ഏഴ് പേജ് പ്രസ്താവനയിൽ, ഹമാസ് ഭീകരർ ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണത്തെ അപലപിക്കാനും അറബ് ലീഗ് തയാറായി. സൗദിയും ഖത്തറും ഈജിപ്തും ഉൾപ്പെടുന്ന അറബ് ലീഗിൽനിന്ന് ഇത്തരമൊരു നീക്കമുണ്ടാകുന്നത് ഇതാദ്യമാണ്.
ഹമാസ് ഗാസയുടെ ഭരണം അവസാനിപ്പിച്ച് ആയുധങ്ങൾ പലസ്തീൻ അഥോറിറ്റിക്കു കൈമാറാനാണ് നിർദേശിച്ചിരിക്കുന്നത്. യുദ്ധം അവസാനിച്ചശേഷം സമാധാനം ഉറപ്പുവരുത്താനായി ഗാസയിൽ വിദേശസേനയെ വിന്യസിക്കാനുള്ള സാധ്യത ആരായണമെന്നും നിർദേശിക്കുന്നു.
ഫ്രാൻസും സൗദിയും സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്. ബ്രിട്ടനും കാനഡയും പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്. ഇസ്രയേലും അമേരിക്കയും ഉച്ചകോടിയിൽ പങ്കെടുത്തില്ല.
പലസ്തീൻ രാഷ്ട്രപദവി ഹമാസിനുള്ള പാരിതോഷികമല്ല: ബ്രിട്ടൻ
ലണ്ടൻ: പലസ്തീൻ രാഷ്ട്രപദവി അംഗീകരിക്കാനുള്ള നീക്കം ഹമാസിനുള്ള പാരിതോഷികമാണെന്ന വിമർശനം തള്ളിക്കളഞ്ഞ് ബ്രിട്ടൻ.
ഗാസയിലെ ദാരുണാവസ്ഥ അവസാനിപ്പിക്കാൻ നടപടികളുണ്ടായില്ലെങ്കിൽ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ ചൊവ്വാഴ്ച ഇസ്രയേലിനു മുന്നറിയിപ്പു നല്‍കിയിരുന്നു.
വെടിനിർത്തലിനു സമ്മതിക്കുക, ദ്വിരാഷ്ട്ര രൂപീകണത്തിലൂടെ ദീർഘകാല സമാധാനം ഉറപ്പാക്കാൻ നടപടികളെടുക്കുക എന്നീ കാര്യങ്ങൾക്കും ഇസ്രയേൽ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2023ലെ ഭീകരാക്രമണത്തിന്റെ ഇരകൾക്കുള്ള ശിക്ഷയും ഹമാസിനുള്ള പാരിതോഷികവുമാണ് സ്റ്റാർമർ നല്‍കുന്നതെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഹമാസിന് ഇത്തരമൊരു സമ്മാനം നല്‍കരുതെന്ന് യുഎസ് പ്രസിഡന്റ് ട്രംപും പറഞ്ഞു.
എന്നാൽ ഗാസയിൽ പട്ടിണി കിടന്നു മരിക്കുന്ന കുട്ടികളെപ്രതിയാണ് ബ്രിട്ടന്റെ തീരുമാനമെന്ന് ഗതാഗത മന്ത്രി ഹെയ്ഡി അലക്സാണ്ടർ ഇന്നലെ മറുപടി നല്കി. ഗാസയിൽ സഹായവിതരണം പുനഃസ്ഥാപിക്കാൻ ഇസ്രയേലിനുമേൽ സമ്മർദം വർധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടു
കീവ്: യുക്രെയ്ൻസേനയുടെ പരിശീലന കേന്ദ്രത്തിൽ റഷ്യൻ മിസൈൽ ആക്രമണം. ചൊവ്വാഴ്ചയുണ്ടായ സംഭവത്തിൽ മൂന്നു പട്ടാളക്കാർ കൊല്ലപ്പെടുകയും 18 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ സേന അറിയിച്ചു.
കീവിനു വടക്ക് റഷ്യ, ബലാറൂസ് അതിർത്തിയോടു ചേർന്ന ചെർണിഹീവാണ് സ്ഥലമെന്ന് ചില മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന്റേതെന്നു പറയുന്ന വീഡിയോ റഷ്യൻ പ്രതിരോധമന്ത്രാലയം പുറത്തുവിട്ടു. യുക്രെയ്ൻ സേന സമ്മതിച്ചതിനേക്കാൾ കൂടുതൽ ആൾനാശം ആക്രമണത്തിലുണ്ടായി എന്നാണ് റഷ്യ അവകാശപ്പെട്ടത്.
തീരുവ ഭീഷണി ഏശിയില്ല; യുക്രെയ്നിൽ ഗ്ലൈഡ് ബോംബുവർഷം, 22 പേർ കൊല്ലപ്പെട്ടു
കീവ്: അമേരിക്കൻ തീരുവഭീഷണി വകവയ്ക്കാതെ യുക്രെയ്നിൽ ശക്തമായ ആക്രമണം തുടർന്ന് റഷ്യ. ഗ്ലൈഡ് ബോംബുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചു നടന്ന ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തുമെന്നു ട്രംപ് കഴിഞ്ഞ ദിവസം ഭീഷണിമുഴക്കിയിരുന്നു.
തെക്കുകിഴക്കൻ സാപ്പോറീഷ മേഖലയിലെ ജയിലിലും മധ്യ യുക്രെയ്നിലെ നിപ്രോ മേഖലയിലെ ആശുപത്രിയിലും സിനെൽനികിവ്സ്കി ജില്ലയിലുമാണ് ആക്രമണമുണ്ടായത്. സാപ്പോറീഷയിൽ ഗ്ലൈഡ് ബോംബുകളാണ് റഷ്യ പ്രയോഗിച്ചത്. ആക്രമണത്തിൽ 17 തടവുകാർ കൊല്ലപ്പെട്ടു.
80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ തടവുകാരിൽ 42 പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിൽ ഡൈനിംഗ് ഹാൾ തകർന്നു. അഡ്മിനിസ്ട്രേറ്റീവ്, ക്വാറന്റൈൻ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. എന്നാൽ തടവുകാർ ജയിലിൽനിന്നു രക്ഷപ്പെട്ടതായി റിപ്പോർട്ടില്ല.
നിപ്രോയിൽ റഷ്യൻ മിസൈലുകൾ മൂന്നു നില കെട്ടിടവും രണ്ട് ആശുപത്രികെട്ടിടങ്ങളും തകർത്തു. ആക്രമണത്തിൽ ഗർഭിണിയുൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിനെൽനികിവ്സ്കി ജില്ലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടു പേർക്കു പരിക്കേറ്റു.
ആസൂത്രിതവും ബോധപൂർവവുമായ ആക്രമണമാണിതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കി പറഞ്ഞു. യുദ്ധം 12 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യയോടു ആവശ്യപ്പെട്ടു. നേരത്തേ 50 ദിവസത്തെ ഡെഡ്ലൈനാണ് പുടിന് ട്രംപ് നൽകിയിരുന്നത്.
പുടിന്റെ കാര്യത്തിൽ താൻ നിരാശനാണെന്നു ട്രംപ് വീണ്ടും പറഞ്ഞു. സ്കോട്ലൻഡ് സന്ദർശനത്തിനിടെയായിരുന്നു ട്രംപിന്റെ പരാമർശം. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നടപടിയെ സെലൻസ്കി സ്വാഗതം ചെയ്തു. ഇതിനിടെ അമേരിക്കൻ അന്ത്യശാസനത്തിനെതിരേ റഷ്യ രംഗത്തുവന്നു.
റഷ്യ, ഇസ്രയേലോ ഇറാനോ അല്ലെന്ന് മുൻ പ്രസിഡന്റും സുരക്ഷാ കൗൺസിൽ ഉപമേധാവിയുമായ ദിമിത്രി മെദ്വദേവ് പറഞ്ഞു. യുക്രെയ്നെ പാശ്ചാത്യരാജ്യങ്ങൾ പിന്തുണച്ചാൽ നാറ്റോ രാജ്യങ്ങളിലേക്കും യുദ്ധം വ്യാപിപ്പിക്കാൻ കാരണമാകുമെന്നും റഷ്യ മുന്നറിയിപ്പ് നൽകി.
74 യുക്രെയ്ൻ ഡ്രോണുകൾ തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. സാൽസ്ക് റെയിൽവെ സ്റ്റേഷനിലുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചരക്ക് ട്രെയിനു തീപിടിക്കുകയും പാസഞ്ചർ ട്രെയ്ന്റെ ജനൽചില്ലുകൾ തകരുകയും ചെയ്തു. ഉടനെ യാത്രക്കാരെ ഒഴിപ്പിച്ചു. സാൽസ്ക് വഴിയുള്ള ട്രെയിൻ ഗതാഗതം റദ്ദാക്കി.
പലസ്തീൻ തീവ്രവാദികൾ പാരീസിൽ വിശുദ്ധ കുർബാന തടസപ്പെടുത്തി
പാരീസ്: പാരീസിലെ സുപ്രസിദ്ധമായ വിശുദ്ധ മേരി മഗ്ദലേന കത്തോലിക്കാ പള്ളിയിലെ വിശുദ്ധ കുർബാനയർപ്പണം പലസ്തീൻ തീവ്രവാദികൾ തടസപ്പെടുത്തി.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വിശുദ്ധ കുർബാന ആരംഭിച്ചപ്പോൾത്തന്നെ തീവ്രവാദികൾ പള്ളിമുറ്റത്തു തടിച്ചുകൂടിയിരുന്നു. വിശുദ്ധ കുർബാന സ്വീകരണത്തിന്റെ സമയമായപ്പോൾ അവർ ഉച്ചത്തിൽ ബഹളം വയ്ക്കാനും മുദ്രാവാക്യങ്ങൾ മുഴക്കാനും തുടങ്ങി.
തിരുക്കർമങ്ങൾ തടസപ്പെടുത്തിയതിനെതിരേ പോലീസിൽ പരാതി നല്‍കുമെന്ന് വികാരി മോൺ. പാട്രിക് ഷോവെ പറഞ്ഞു. “മഗ്ദലേന പള്ളിയെ പാരീസിലെ മറ്റു ചില സുപ്രധാന ചരിത്രസ്മാരകങ്ങളെപ്പോലെ പലസ്തീൻ തീവ്രവാദ കേന്ദ്രമാക്കുകയാണ് അവരുടെ ലക്ഷ്യം. ഇപ്പോഴും ഹമാസ് ഭീകരരുടെ തടങ്കലിലുള്ള 50 ബന്ദികളെക്കുറിച്ചോ നൈജീരിയയിൽ ദിവസേന കൊല്ലപ്പെടുന്ന നൂറുകണക്കിനു ക്രൈസ്തവരെക്കുറിച്ചോ അവർ ഒരക്ഷരം മിണ്ടാറില്ല”-അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാധാനത്തിന്റെ സന്ദേശം തരികയല്ല അവരുടെ ലക്ഷ്യം. പ്രാർഥന തടസപ്പെടുത്തി അവരുടെ അജൻഡ അടിച്ചേൽപ്പിക്കുകയാണ്. ഹമാസിന്റെ ഏകാധിപത്യപ്രവണതയാണ് ഈ സംഭവത്തിൽ പുറത്തുവരുന്നതെന്ന് ല്‍ ഫിഗാറോ പത്രം ചൂണ്ടിക്കാട്ടി.
മതത്തെയും സ്ഥാപനങ്ങളെയും വരുതിയിലാക്കാൻ ശ്രമിക്കുന്ന തീവ്രവാദികൾ ഇസ്ലാമിസ്റ്റുകൾ ചെയ്യുന്ന ക്രൂരതകളെ കണ്ടില്ലെന്നു നടിക്കുകയാണ്. നഗോർണോ-കരാബാക്കിലെ അർമീനിയൻ ക്രൈസ്തവരുടെ സഹനം നിശബ്ദമായിരിക്കുന്നത് അവർ ആരെയും ഭീഷണിപ്പെടുത്താത്തതുകൊണ്ടാണ്-പത്രം പറയുന്നു.
ന്യൂയോർക്ക് വെടിവയ്പ് ; അക്രമിയുടെ ലക്ഷ്യം എൻഎഫ്എൽ ആസ്ഥാനമെന്ന്
ന്യൂയോർക്ക്: മാൻഹാട്ടനിലെ കെട്ടിടത്തിൽ നാലു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ തോക്കുധാരിയുടെ ലക്ഷ്യം നാഷണൽ ഫുട്ബോൾ ലീഗിന്റെ (എൻഎഫ്എൽ) ആസ്ഥാനമായിരുന്നുവെന്ന് ന്യൂയോർക്ക് മേയർ എറിക് ആഡംസ് പറഞ്ഞു.
ഷെയ്ൻ തമുറ എന്ന അക്രമി കെട്ടിടത്തിന്റെ ലോബിയിൽ വച്ച് നിരവധി പേരെ വെടിവെച്ചതിനു ശേഷം എൻഎഫ്എൽ ഓഫീസിലേക്ക് കടക്കാൻ ശ്രമിക്കവേ അപ്രതീക്ഷിതമായി തെറ്റായ എലിവേറ്ററിൽ കയറുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോസ്ഥർ കരുതുന്നു.
ന്യൂയോർക്ക് സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. തമുറ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും പോലീസ് പറയുന്നു. തലച്ചോറിനെ ബാധിക്കുന്ന എൻസെഫലോപതി എന്ന അവസ്ഥയിലൂടെ ഇയാൾ കടന്നുപോയിരുന്നിരുന്നതായി ശരീരത്തിൽനിന്നു കിട്ടിയ കുറിപ്പിൽ പറയുന്നു.
ഇയാൾ തന്റെ സ്കൂൾ കാലഘട്ടത്തിൽ ഫുട്ബോൾ കളിച്ചിരുന്നു. ഫുട്ബോൾ കളിക്കാരുടെ തലകൾ തമ്മിൽ കൂട്ടിയിടിക്കുന്നതിൽനിന്ന് രൂപപ്പെടുന്ന ക്രോണിക് ട്രൊമാറ്റിക് എൻസെഫലോപതി എന്ന അവസ്ഥയിലൂടെയും കടന്നുപോയിരുന്നു.
“അയാൾ എൻഎഫ്എല്ലിനെ കുറ്റപ്പെടുത്തിയതായും കാണുന്നു’’, മേയർ പറഞ്ഞു. തിങ്കളാഴ്ച നടന്ന വെടിവെയ്പിന് ശേഷം അക്രമി സ്വയം വെടിയുതിർത്തു ജീവനൊടുക്കുകയായിരുന്നു.
കംബോഡിയ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് തായ്ലൻഡ്
ബാങ്കോക്ക്: വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കംബോഡിയ അത് ലംഘിച്ചുവെന്ന് തായ്ലൻഡ് ഇന്നലെ ആരോപിച്ചു. കരാറിനു സാക്ഷികളായ മലേഷ്യ, യുഎസ്, ചൈന എന്നീ രാജ്യങ്ങളെ വിവരം ധരിപ്പിച്ചതായും തായ് ആക്ടിംഗ് പ്രധാനമന്ത്രി ഫുംതം വെചായാചൈ അറിയിച്ചു.
“വലിയ തോതിൽ ക്രമാനുഗതമായ രീതിയിലാണു ലംഘനങ്ങൾ അരങ്ങേറുന്നത്’’-അദ്ദേഹം പറഞ്ഞു. അഭയാർഥി ക്യാന്പുകൾ വിട്ട് അതിർത്തി മേഖലയിലുള്ള സ്വന്തം വീടുകളിലേക്കു മടങ്ങരുതെന്നും വെചായാചൈ തായ് പൗരന്മാർക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ, ആരോപണം കംബോഡിയൻ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. അർധരാത്രിയിൽ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ കംബോഡിയൻ സൈന്യം കർശനമായി നടപ്പിലാക്കിയിട്ടുണ്ടെന്നും അത് തുടരുമെന്നും പ്രതിരോധ വക്താവ് ഒരു ദിനപത്രത്തോടു പ്രതികരിച്ചു.
അതിർത്തിയിലെ തർക്കമേഖലയായ താ മ്വാൺ തോം ക്ഷേത്രത്തിന്റെ സമീപത്തായി കുഴിബോംബ് പൊട്ടിത്തെറിച്ച് അഞ്ച് തായ് സൈനികർക്ക് പരിക്കേറ്റ സംഭവമാണ് ഇരുരാജ്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്. സംഘർഷത്തിന്റെ അഞ്ചാം ദിനമാണ് വെടിനിർത്തലിന് ധാരണയായത്.
ചൈനയിലെ കനത്ത മഴയിൽ 30 മരണം
ബെയ്ജിംഗ്: ചൈനയിൽ കനത്ത മഴയെത്തുടർന്ന് 30 പേർ മരിച്ചു. നിരവധി റോഡുകൾ തകരുകയും വൈദ്യുതി നിലയ്ക്കുകയും ജനങ്ങൾ അഭയാർഥി ക്യാംപുകളിലേക്കു മാറുകയും ചെയ്തിട്ടുണ്ട്.
ബെയ്ജിംഗിന്റെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പർവതപ്രദേശങ്ങളിലാണ് മരണങ്ങൾ സംഭവിച്ചതെന്നാണു വിവരം. പ്രളയത്തിലും മണ്ണിടിച്ചിലിലും കാണാതായവരെ എത്രയും വേഗം സഹായിക്കണമെന്നു പ്രസിഡന്റ് ഷീ ജിൻപിംഗ് ഉത്തരവിട്ടതിനു പിന്നാലെ 80,000 പേരെയാണ് മാറ്റിപ്പാർപ്പിച്ചതെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
136 ഗ്രാമങ്ങൾ ഇരുട്ടിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച രാത്രിയാണ് കനത്ത മഴ പെയ്യാനാരംഭിച്ചത്. മിയുൻ, യാൻഖ്വിംഗ് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. തിങ്കളാഴ്ചയുണ്ടായ മഴയിൽ ഹെബൈ പ്രവിശ്യയിൽ നാല് പേർ മരിച്ചു. ഇന്നലെ ചില ട്രെയിനുകൾ താത്കാലികമായി സർവീസ് നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.
ബംഗ്ലാദേശിൽ ഹിന്ദുക്കളുടെ വീടുകൾ തകർത്തു
ധാക്ക: വടക്കുപടിഞ്ഞാറൻ ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷ വിഭാഗക്കാരുടെ 12 വീടുകൾ അക്രമികൾ തകർത്തു. കഴിഞ്ഞ ശനിയാഴ്ച രംഗപുരിലെ ഗംഗാചരയിലായിരുന്നു സംഭവം.
അക്രമികൾ തകർത്ത വീടുകളുടെ അറ്റകുറ്റപ്പണി നടത്താൻ ബംഗ്ലാദേശ് സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ് ഉത്തരവിട്ടു. ഇന്നലെ വീടുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചു.
ഹിന്ദുവായ പതിനേഴുകാരൻ സമൂഹമാധ്യമത്തി ൽപ്രവാചകനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്നതിന്റെ പേരിലായിരുന്നു ജനക്കൂട്ടത്തിന്റെ അതിക്രമം.
പാരീസിലെ പള്ളിയിൽ തീപിടിത്തം
പാരീസ്: നഗരപ്രാന്തത്തിലെ മോപർനാസ് ഭാഗത്തുള്ള ഔർ ലേഡി ഓഫ് ഫീൽഡ്സ് (നോത്ര് ദാം ദെഷാംസ്) കത്തോലിക്കാ പള്ളിയിൽ 24 മണിക്കൂറിനകം രണ്ടു തവണ തീപിടിത്തമുണ്ടായത് ആശങ്കയുളവാക്കി.
ജൂലൈ 23നു രാവിലെയുണ്ടായ തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നു കണ്ടെത്തിയിരുന്നു. പള്ളിയിലെ ശബ്ദസംവിധാനവും പിയാനോയും ആ അഗ്നിബാധയിൽ കത്തിനശിച്ചിരുന്നു.
പിറ്റേന്ന് പള്ളിയകത്തെ വിശുദ്ധ യൗസേപ്പിതാവിന്റെ കപ്പേളയിലുണ്ടായ അഗ്നിബാധയ്ക്കു കാരണം ആരോ മനഃപൂർവം ചെയ്ത പ്രവൃത്തിയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.അൾത്താരഭിത്തിയിലെ മരംകൊണ്ടുള്ള പാനലിംഗിന് ആരോ തീവയ്ക്കുകയായിരുന്നു.
അടുത്തയിടെ നവീകരിച്ച പാനലിംഗും മേൽക്കട്ടിയും വിശുദ്ധ യൗസേപ്പിതാവിന്റെ ദാരുശില്പവും കത്തിനശിച്ചു. പള്ളിയുടെ നവീകരണം തീരുന്നതുവരെ അടച്ചിടുമെന്ന് വികാരി ഫാ. കമിൽ മിയ്യൂർ അറിയിച്ചു.
2026ൽ പള്ളിയുടെ ശതോത്തര സുവർണജൂബിലി ആഘോഷിക്കാനിരിക്കേയാണ് ഈ ദുരന്തം.
അടിയന്തര വെടിനിർത്തൽ അംഗീകരിച്ച് തായ് ലൻഡും കംബോഡിയയും
പുത്രജയ് (മലേഷ്യ): സംഘർഷത്തിന്റെ അഞ്ചാം ദിനം തായ് ലൻഡും കംബോഡിയയും തമ്മിൽ വെടിനിർത്തലിനു ധാരണയായി. ഉപാധിരഹിതവും അടിയന്തരവുമായ വെടിനിർത്തൽ പ്രഖ്യാപിച്ചതായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം അറിയിച്ചു.
തന്റെ നേതൃത്വത്തിൽ തുറന്ന ചർച്ചയിലാണു സമാധാനപാതയിലേക്കു നീങ്ങാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഇരുവിഭാഗങ്ങളിൽനിന്നുമുള്ള സൈനിക ഉദ്യോഗസ്ഥർ തുടർചർച്ചകളിൽ ഏർപ്പെടും.
മലേഷ്യ, കംബോഡിയ, തായ് ലൻഡ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ, പ്രതിരോധ മന്ത്രിമാരും ശാശ്വത സമാധാനം ഉറപ്പുവരുത്താനുള്ള വിശദമായ നടപടിക്രമങ്ങൾ രൂപകൽപന ചെയ്യും. രണ്ടു പക്ഷത്തു നിന്നും കുടിയൊഴിപ്പിക്കപ്പെട്ട 300,000 ഗ്രാമീണർക്ക് ഉടൻ തിരികെയെത്താൻ കഴിയട്ടെയെന്ന് ആശിക്കുന്നതായി കംബോഡിയ പ്രധാനമന്ത്രി ഹുൻ മാനെറ്റ് പ്രതികരിച്ചു.
യോഗത്തിന്റെ തീരുമാനങ്ങളിൽ സന്തോഷമുണ്ടെന്ന് അറിയിച്ച തായ് ലൻഡ് ആക്ടിംഗ് പ്രധാനമന്ത്രി ഫുംതം വെചായാചൈയും കൈകൊടുത്താണു പിരിഞ്ഞത്. സംഘർഷം എത്രയും വേഗം അവസാനിപ്പിച്ചില്ലെങ്കിൽ ഇരുരാജ്യങ്ങളുമായുള്ള വ്യാപാരക്കരാറുകൾ പുനഃപരിശോധിക്കേണ്ടി വരുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പും ഇപ്പോഴത്തെ വെടിനിർത്തലിനു കാരണമായിട്ടുണ്ടെന്നു വ്യാഖ്യാനിക്കപ്പെടുന്നു. കഴിഞ്ഞ നാല് ദിവസമായി തുടരുന്ന സംഘർഷത്തിൽ ഇരുരാജ്യങ്ങളിലുമായി മുപ്പതിലേറെ പേർ കൊല്ലപ്പെട്ടു.
അതിർത്തിയിൽ വെടിവെയ്പും റോക്കറ്റാക്രമണവും നടന്നു. അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തർക്കപ്രദേശമായ താ മ്വാൺ തോം ക്ഷേത്രത്തിന്റെ സമീപത്തായി കുഴിബോംബ് പൊട്ടിത്തെറിക്കുകയും അഞ്ച് തായ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തതാണ് ഏറ്റുമുട്ടലിലേക്കു വഴിതെളിച്ചത്.
ജർമനിയിൽ ട്രെയിൻ പാളം തെറ്റി മൂന്നു മരണം
മ്യൂണിക്ക്: തെക്കൻ ജർമനിയിൽ ട്രെയിൻ പാളംതെറ്റി മൂന്നു പേർ മരിച്ചു. 41 പേർക്കു പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മ്യൂണിക്കിന് 158 കിലോമീറ്റർ അകലെയായിരുന്നു അപകടം.
സിഗ്മാരിൻഗനിൽനിന്ന് ഉലം പട്ടണത്തിലേക്കു പോയ ട്രെയിനാണ് ജർമൻ സമയം ഞായറാഴ്ച വൈകുന്നേരം 6.10ന് അപകടത്തിൽപ്പെട്ടത്. രണ്ടു ബോഗികളാണു പാളംതെറ്റിയത്. 100 പേരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണതാണ് അപകടകാരണം.
ദിലീപ്കുമാറിന്റെയും രാജ് കപൂറിന്റെയും വീടുകളുടെ നവീകരണം പാക്കിസ്ഥാനിൽ തുടങ്ങി
പെഷവാര്‍: വിഖ്യാതതാരങ്ങളായ ദിലീപ് കുമാറിന്റെയും രാജ് കപൂറിന്റെയും പൂര്‍വിക വീടുകളുടെ നവീകരണം പാക്കിസ്ഥാനിലെ പെഷവാറില്‍ ആരംഭിച്ചതായി പുരാവസ്തു ഡയറക്ടര്‍ ഡോ. അബ്ദുസ് സമദ്.
2014ല്‍ മുന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഈ വീടുകളെ ദേശീയ പൈതൃക സ്ഥലമായി പ്രഖ്യാപിച്ചിരുന്നു. പൈതൃക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രവിശ്യയുടെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമെന്ന് ഡോ. സമദ് പറഞ്ഞു.
70 മില്യൺ രൂപ ചെലവ് കണക്കാക്കുന്ന ഈ പദ്ധതി രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും.
യുഎൻ ആണവ നിരീക്ഷണ ഏജൻസി സംഘം ഇറാനിലെത്തും
വിയന്ന/ടെഹ്റാൻ: ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസി (ഐഎഇഎ) യുടെ സംഘം രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യം സന്ദർശിക്കുമെന്നു ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് എസ്മായിൽ ബാഗെയ് പറഞ്ഞു.
ഏജൻസിയുമായി ഇറാന്റെ സഹകരണം സംബന്ധിച്ചുള്ള മാന്വൽ സന്ദർശനവേളയിൽ അവർക്ക് നൽകും. അത്തരത്തിലുള്ള സഹകരണത്തിനുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ബിൽ അടുത്തിടെ ഇറാൻ പാർലമെന്റിൽ പാസാക്കിയിരുന്നു. ഏജൻസിക്ക് രാഷ്ട്രീയ പക്ഷപാതമാണെന്നും ഇറാന്റെ ആണവപരിപാടിയുടെ വിവരങ്ങൾ ഇസ്രയേലിന് എത്തിച്ചുകൊടുക്കുകയാണെന്നും ആരോപിച്ചായിരുന്നു ബിൽ പാസാക്കിയത്.
എന്നിരുന്നാലും, ചർച്ചകൾക്കുള്ള സാഹചര്യം പിന്നീട് ഉരുത്തിരിഞ്ഞു വരികയായിരുന്നു. സാങ്കേതിക ചർച്ചകൾക്കായി ഒരു സംഘത്തെ രാജ്യത്ത് പ്രവേശിപ്പിക്കാമെന്നും, എന്നാൽ പരിശോധനകൾ അനുവദിക്കില്ലെന്നുമാണ് ഇറാന്റെ ഇപ്പോഴത്തെ നിലപാട്. ഏജൻസി തലവൻ റാഫേൽ ഗ്രോസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കോംഗോയിൽ കത്തോലിക്കാ പള്ളിയിൽ ഭീകരാക്രമണം; 34 പേർ കൊല്ലപ്പെട്ടു
കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ കത്തോലിക്കാ പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) പിന്തുണയുള്ള ഭീകരർ നടത്തിയ ആക്രമണത്തിൽ 34 പേർ കൊല്ലപ്പെട്ടു. കിഴക്കൻ കോംഗോയിലെ കൊമാൻഡയിൽ ഞായറാഴ്ച പുലർച്ചെ ഒന്നിനായിരുന്നു ആക്രമണം. സമീപത്തുള്ള നിരവധി വീടുകളും കടകളും ഭീകരർ തീവച്ചു നശിപ്പിച്ചു.
അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) ആണ് നിഷ്ഠുര ആക്രമണം നടത്തിയത്. പള്ളിയിലും പുറത്തും ഉണ്ടായിരുന്നവരെ ഭീകരർ വെടിവച്ചു കൊല്ലുകയായിരുന്നു. മൃതദേഹങ്ങൾ ആക്രമണസ്ഥലത്തുനിന്ന് മാറ്റിയിട്ടില്ല. നാൽപ്പതിലധികം പേർ കൊല്ലപ്പെട്ടുവെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പത്തു പേർ കൊല്ലപ്പെട്ടെന്നാണു സൈന്യം പറയുന്നത്. സുരക്ഷാസൈനികരെത്തും മുന്‍പ് ഭീകരർ രക്ഷപ്പെട്ടു.
ഇന്നലെ തൊട്ടടുത്ത ഗ്രാമമായ മാചോംഗാനിയിൽ ഭീകരരുടെ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഈ മാസം ആദ്യം ഇടുരി പ്രവിശ്യയിൽ എഡിഎഫ് ഭീകരർ നിരവധി പേരെ കൊലപ്പെടുത്തിയിരുന്നു. കൊമാൻഡ സ്ഥിതിചെയ്യുന്നത് ഇടുരി പ്രവിശ്യയിലാണ്.
കോംഗോ-ഉഗാണ്ട അതിർത്തിയാണ് എഡിഎഫിന്റെ ശക്തികേന്ദ്രം. 1990കളുടെ അവസാനം ഉഗാണ്ടയിൽ സ്ഥാപിതമായ ഭീകരസംഘടന കോംഗോയിൽ നിരന്തരം ആക്രമണം നടത്തിവരികയാണ്. ഉഗാണ്ടൻ സൈന്യത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ എഡിഎഫ് ഭീകരർ കോംഗോയിലേക്കു താവളം മാറ്റുകയായിരുന്നു. 2019ലാണ് ഇസ്ലാമിക് സ്റ്റേറ്റുമായി സഹകരിച്ചു തുടങ്ങിയത്.
ട്രംപ് വടിയെടുത്തു; വെടിനിർത്തലിനു തായ്ലൻഡും കംബോഡിയയും
ബാങ്കോക്ക്: തായ്ലൻഡ്-കംബോഡിയ സംഘർഷത്തിന് അയവ്. വെടിനിർത്തൽ ചർച്ചകൾക്കായി ഇരു രാജ്യങ്ങളുടെയും നേതാക്കൾ മലേഷ്യയിൽ കൂടിക്കാഴ്ച നടത്തും. തായ് പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദത്തെത്തുടർന്നാണ് ഇരു രാജ്യങ്ങളും വെടിനിർത്തലിനു തയാറായത്. മലേഷ്യയിൽ ഇന്നു നടക്കുന്ന സമാധാന ചർച്ചയിൽ തായ് ആക്ടിംഗ് പ്രധാനമന്ത്രി ഫുംതാം വെചയാചായി പങ്കെടുക്കും.
തായ് പ്രധാനമന്ത്രിയുടെ വക്താവ് ജിരായു ഹുവാംഗ്സാപാണ് ഇക്കാര്യം അറിയിച്ചത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമാണു ചർച്ചകൾക്ക് ഇരു രാ ജ്യങ്ങളെയും ക്ഷണിച്ചത്. കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെതും ചർച്ചയിൽ പങ്കെടുക്കുമെന്ന് ജിരായു പറഞ്ഞു. എന്നാൽ കംബോഡിയ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആസിയാൻ കൂട്ടായ്മയുടെ അധ്യക്ഷൻ എന്ന നിലയിലാണ് മലേഷ്യൻ പ്രധാനമന്ത്രി ചർച്ചകൾക്കു മുൻകൈ എടുത്തതെന്നും ജിരായു കൂട്ടിച്ചേർത്തു.
തായ്ലൻഡിലെയും കംബോഡിയയിലെയും നേതാക്കളുമായി സംസാരിച്ചതായി ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. സംഘർഷം തുടർന്നാൽ വ്യാപരക്കരാറുകളുമായി മുന്നോട്ടുപോകില്ലെന്ന് ഇരു രാജ്യങ്ങളെയും അറിയിച്ചു. ഇതോടെ വെടിനിർത്തൽ ചർച്ചകൾക്കായി ഇരുപക്ഷവും സമ്മതിച്ചതായി ട്രംപ് പറഞ്ഞു.
നിരുപാധിക വെടിനിർത്തലിനു തയാറാണെന്നു കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെത് പറഞ്ഞു. തായ് ആക്ടിംഗ് പ്രധാനമന്ത്രി ഫുംതാം വെചയാചായിയുമായി സംസാരിച്ചതായും അദ്ദേഹം സമാധാന ചർച്ചകൾക്ക് സമ്മതിച്ചതായും ട്രംപ് തന്നോട് പറഞ്ഞതായി ഹുൻ മാനെത് അറിയിച്ചു.
ഇരു രാജ്യങ്ങളിലെയും സൈനികർക്കും ജനങ്ങൾക്കും നല്ല വാർത്തയാണിതെന്ന് മാനെത് പ്രസ്താവനയിൽ പറഞ്ഞു. യുഎസ് ആഭ്യന്തര സെക്രട്ടറി മാർകോ റൂബിയോയുമായി ചേർന്ന് അടുത്ത ഘട്ടം ഏകോപിപ്പിക്കാനും വെടിനിർത്തൽ നടപ്പാക്കാൻ തായ് വിദേശകാര്യമന്ത്രിയുമായി നേരിട്ട് ബന്ധപ്പെടാനും വിദേശകാര്യമന്ത്രി പ്രാക് സൊഖോനെ ചുമതലപ്പെടുത്തിയതായും മാനെത് കൂട്ടിച്ചേർത്തു.
എന്നാൽ, നയതന്ത്ര ശ്രമങ്ങൾക്കിടയിലും, ഇന്നലെ അതിർത്തിയിൽ ഇരു രാജ്യങ്ങളും ആക്രമണം നടത്തി. ഇന്നലെ പുലർച്ചെ കംബോഡിയൻ സൈന്യം സുരിൻ പ്രവിശ്യയിലേക്കു കനത്ത പീരങ്കി ആക്രമണം നടത്തിയതായി തായ് സൈന്യം ആരോപിച്ചു. തങ്ങളുടെ റോക്കറ്റ് ലോഞ്ചറുകളെ തായ് സൈന്യം ലക്ഷ്യമിട്ടതായി കംബോഡിയയും ആരോപിച്ചു.
ഗാസയിലെ മൂന്നിടങ്ങളിൽ 10 മണിക്കൂർ വെടിനിർത്തൽ
ഗാസ: ഗാസയിലെ മൂന്ന് പ്രദേശങ്ങളിൽ ദിവസേന 10 മണിക്കൂർ വീതം ആക്രമണം നിർത്തിവയ്ക്കുമെന്ന് ഇസ്രയേൽ. പ്രദേശത്ത് പട്ടിണി വർധിച്ചതോടെ അന്തരാഷ്ട്ര വിമർശനം രൂക്ഷമായതിനു പിന്നാലെയാണു പരിമിതമായ വെടിനിർത്തലിന് ഇസ്രയേൽ തയാറായിരിക്കുന്നത്. ഗാസ സിറ്റി, ദെയ്ർ അൽ-ബലാഹ്, മുവാസി എന്നിവിടങ്ങളിൽ തന്ത്രപരമായ താത്കാലിക വെടിനിർത്തൽ നടപ്പാക്കുമെന്നു സൈന്യം അറിയിച്ചു. സഹായ വിതരണത്തിനാണ് ആക്രമണം നിർത്തുന്നത്. രാവിലെ 10 മുതൽ രാത്രി എട്ടുവരെ ആക്രമണമുണ്ടാകില്ലെന്നാണ് അറിയിപ്പ്.
മാവ്, പഞ്ചസാര, ടിന്നിലടച്ച ഭക്ഷണം എന്നിവയുൾപ്പെടെ ഗാസയിലേക്കു വ്യോമമാർഗം ഇട്ടുകൊടുത്തതായും സൈന്യം അറിയിച്ചു. സഹായ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികളെ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ ഏജൻസി സ്വാഗതം ചെയ്തു. എന്നാൽ ഗാസയിലെ എല്ലാവർക്കും ഭക്ഷ്യസാധനങ്ങൾ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിശാലമായ വെടിനിർത്തൽ വേണമെന്നും യുഎൻ ഏജൻസി ആവശ്യപ്പെട്ടു. ഗാസയിലെ ഏകദേശം രണ്ട് ദശലക്ഷം ജനസംഖ്യയിൽ മൂന്നിലൊന്ന് പേർ ദിവസങ്ങളായി ഭക്ഷണം കഴിക്കുന്നില്ലെന്നും അഞ്ചു ലക്ഷത്തോളം പേർ ക്ഷാമത്തിലാണെന്നും വേൾഡ് ഫുഡ് പ്രോഗ്രാം പ്രസ്താവനയിൽ പറഞ്ഞു.
താത്കാലിക വെടിനിർത്തലിന് മുമ്പ്, വ്യത്യസ്ത ആക്രമണങ്ങളിൽ 27 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. മധ്യ ഗാസയിൽ ഭക്ഷണവിതരണ കേന്ദ്രത്തിലേക്കു പോകുകയായിരുന്ന ആളുകളുടെ നേർക്കുണ്ടായ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. 101 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തെക്കൻ നഗരമായ ഖാൻ യൂനിസിന്റെ വടക്കുപടിഞ്ഞാറുള്ള അസ്ദ പ്രദേശത്ത് അഭയാർഥി കുടുംബം താമസിച്ചിരുന്ന ടെന്റിനു നേർക്കുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽ, ശനിയാഴ്ച വൈകുന്നേരം പാർപ്പിടസമുച്ചയത്തിലുണ്ടായ ആക്രമണത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെ, ദെയ്ർ-അൽ-ബലായിൽ, ടെന്റിലുണ്ടായ ആക്രമണത്തിൽ ദമ്പതികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടു.
ഗാസയ്ക്കുള്ള മരുന്നും ഭക്ഷണവും തടഞ്ഞ് ഇസ്രയേൽ
ടെൽ അവീവ്: ഗാസയ്ക്കു സഹായവുമായെത്തിയ കപ്പൽ തടഞ്ഞ് ഇസ്രയേൽ. ഗാസയിലേക്ക് ഭക്ഷണവും മരുന്നുമായെത്തിയ കപ്പലാണ് ഇസ്രയേൽ സൈന്യം തടഞ്ഞത്. കപ്പലിലുണ്ടായിരുന്ന മനുഷ്യാവകാശപ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും സൈന്യം കസ്റ്റഡിയിലെടുത്തു.
21 പേരെയാണ് കസ്റ്റഡിയിലെടുത്തത്. കപ്പലിലെ എല്ലാ സാധനങ്ങളും സൈന്യം പിടിച്ചെടുത്തതായി ഫ്രീഡം ഫ്ലോട്ടില്ല കോയലിഷൻ സംഘടന പറഞ്ഞു. ഗാസ കൊടിയ പട്ടിണിയിലാണെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് പുറത്തുനിന്നുള്ള സഹായം ഇസ്രയേൽ വീണ്ടും തടയുന്നത്.
ഓസ്ട്രേലിയയിൽ ഇന്ത്യന്‍ വംശജനെ കുത്തിപ്പരിക്കേൽപ്പിച്ചു
മെല്‍ബണ്‍: ഓസ്ട്രേലിയയിൽ ഇന്ത്യന്‍ വംശജനെ കൗമാരക്കാരായ ഒരു സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. തോളിലും പുറത്തും കുത്തേറ്റ സൗരഭ് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. കഴിഞ്ഞ 19നായിരുന്നു സംഭവം.
മെല്‍ബണിലെ അല്റ്റോണ മെഡോസ് സബര്‍ബിലുള്ള ഒരു ഷോപ്പിംഗ് സെന്ററിനു പുറത്തുവച്ചായിരുന്നു ആക്രമണം. മരുന്ന് വാങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. മോഷണത്തിനിടെയുള്ള ആക്രമണമാണെന്നാണ് റിപ്പോർട്ട്.
അക്രമികൾ സൗരഭിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
അമേരിക്കയിൽ കത്തിയാക്രമണം; 11 പേർക്കു പരിക്ക്
മിഷിഗൺ: അമേരിക്കയിലെ ട്രാവേഴ്സ് സിറ്റിയിലുള്ള വാള്‍മാര്‍ട്ട് സ്റ്റോറില്‍ നടന്ന കത്തിയാക്രമണത്തിൽ 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറു പേര് ഗുരുതരാവസ്ഥയിലാണ്.
നാൽപ്പത്തിരണ്ടുകാരനായ അക്രമിയെ പോലീസ് പിടികൂടിയെന്നു ഗ്രാന്‍ഡ് ട്രാവേഴ്സ് കൗണ്ടി ഷെരീഫ് മൈക്കിള്‍ ഡി. ഷിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അങ്കാറ: തെക്കുകിഴക്കൻ തുർക്കിയിൽ ഇന്നലെ രേഖപ്പെടുത്തിയ താപനില 50.5 ഡിഗ്രി സെൽഷസ്. രാജ്യത്തെ റിക്കാർഡാണിത്. 49.5 ആണ് മുൻ റിക്കാർഡ്.
ഇറാക്ക്, സിറിയ അതിർത്തിയിൽനിന്ന് 10 കിലോമീറ്റർ അകലെയുള്ള സിലോപിയിലാണ് താപനില 50 ഡിഗ്രി കടന്നത്. തുർക്കിയുടെ വടക്കുപടിഞ്ഞാറൻ, വടക്ക് പ്രദേശങ്ങളിൽ ഇന്നലെ കാട്ടുതീ വ്യാപകമായി. ആയിരക്കണക്കിനു പേരെ ഒഴിപ്പിച്ചു.
അയവില്ലാതെ തായ്ലൻഡ്-കംബോഡിയ സംഘർഷം
സുരിൻ: തായ്ലൻഡ്-കംബോഡിയ അതിർത്തിസംഘർഷം രൂക്ഷമാകുന്നു. ഇരുഭാഗത്തുമായി ഇതുവരെ 33 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേറ്റു. 168,000 പേർ പലായനം ചെയ്തു.
വെടിനിർത്തലിനു തയാറാകാൻ ഇരുപക്ഷത്തും രാജ്യാന്തര സമ്മർദം ശക്തമാണ്. ശനിയാഴ്ച അതിർത്തിഗ്രാമങ്ങളിൽ പീരങ്കിയാക്രമണങ്ങളും വെടിവയ്പും റിപ്പോർട്ട് ചെയ്തു. കുഴിബോംബ് ആക്രമണത്തിൽ അഞ്ച് തായ് സൈനികർക്ക് പരിക്കേറ്റതിനെത്തുടർന്ന് സംഘർഷം വീണ്ടും രൂക്ഷമായി.
തങ്ങളെ ആക്രമിച്ചതിനുള്ള തിരിച്ചടിയാണെന്നാണു കംബോഡിയൻ, തായ്ലൻഡ് അധികൃതർ അവകാശപ്പെടുന്നത്. ഇരു രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര പ്രതിനിധിമാരെ തിരിച്ചു വിളിച്ചു.
കംബോഡിയയുമായുള്ള വടക്കുകിഴക്കൻ അതിർത്തി ക്രോസിംഗുകൾ തായ്ലൻഡ് അടച്ചു. ശനിയാഴ്ച 12 മരണംകൂടി കംബോഡിയ സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 13 ആയി. ഒരു സൈനികൻ കൊല്ലപ്പെട്ടതായി തായ്ലൻഡും അറിയിച്ചു.
തായ്ലൻഡിൽ മരണസംഖ്യ 20 ആയി ഉയർന്നു. ഇതിൽ ഭൂരിപക്ഷവും സിവിലിയന്മാരാണ്. വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ അടിയന്തരയോഗം ചേർന്ന് സംഘർഷം ലഘൂകരിക്കാൻ ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ ആസിയാനോട് ആവശ്യപ്പെടുകയും ചെയ്തു.
മൂന്ന് അതിർത്തി പ്രവിശ്യകളിലായി 37,635 ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിയെന്ന് കംബോഡിയയുടെ ഇൻഫർമേഷൻ മന്ത്രി നെത് ഫീക്ട്ര പറഞ്ഞു.
അതേസമയം, 1,31,000 പേർ തങ്ങളുടെ അതിർത്തി ഗ്രാമങ്ങളിൽനിന്ന് പലായനം ചെയ്തതായി തായ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണു തായ്ലൻഡ്-കംബോഡിയ അതിർത്തി തർക്കം.
817 കിലോമീറ്റർ അതിർത്തിയാണ് ഇരു രാജ്യങ്ങളും പങ്കിടുന്നത്. കംബോഡിയൻ അതിർത്തിയിലെ ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുൾപ്പെടെ തർക്കമുണ്ട്. മുൻകാല ഏറ്റുമുട്ടലുകൾ ലഘുവും ഹ്രസ്വവുമായിരുന്നു. ഏതാനും ആഴ്ച മുമ്പ് അതിർത്തിയിൽ ഒരു കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടതോടെയാണു ഇപ്പോഴത്തെ സംഘർഷം ഉടലെടുത്തത്.
റഷ്യ-യുക്രെയ്ൻ യുദ്ധം: അഞ്ചു പേർ കൊല്ലപ്പെട്ടു
മോസ്കോ: ആക്രമണം തുടർന്ന് റഷ്യയും യുക്രെയ്നും. വ്യോമാക്രമണങ്ങളിൽ ഇരുപക്ഷത്തുമായി ഇന്നലെ അഞ്ചു പേർ കൊല്ലപ്പെട്ടു. യുക്രെയ്നിലെ തെക്കൻ ഡനിപ്രോയിലും സുമിയിലെ വടക്കുകിഴക്കൻ ഭാഗങ്ങളിലും ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ നടന്നു.
ഡനിപ്രോയിൽ മൂന്നു പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ ഡിനിപ്രോ നഗരത്തിൽ, ബഹുനിലക്കെട്ടിടത്തിനും വ്യാപാര സ്ഥാപനത്തിനും കേടുപാടുകൾ സംഭവിച്ചു. പ്രദേശത്ത് ഷോപ്പിംഗ് സെന്ററിന് തീപിടിച്ചു.
സുമിയിൽ മൂന്നു പേർക്ക് പരിക്കേറ്റതായി സൈനിക ഭരണകൂടം അറിയിച്ചു. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ രാത്രി ശക്തമായ വ്യോമാക്രമണമുണ്ടായി. മൂന്ന് മണിക്കൂറിനുള്ളിൽ നാല് ഗൈഡഡ് ഏരിയൽ ബോംബുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളും 15 ഡ്രോണുകളും പതിച്ചതായി പ്രാദേശിക ഭരണകൂടം റിപ്പോർട്ട് ചെയ്തു.
റഷ്യയുടെ ഒന്നിലധികം പ്രദേശങ്ങൾ ലക്ഷ്യമാക്കി യുക്രെയ്ൻ വ്യോമാക്രമണം നടത്തി. യുക്രെയ്ൻ അതിർത്തിയിലുള്ള റോസ്തോവ് മേഖലയിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി ആക്ടിംഗ് ഗവർണർ പറഞ്ഞു.
സ്റ്റാവറോപോൾ റീജണിലെ വ്യാവസായികകേന്ദ്രത്തിൽ ഡ്രോൺ ആക്രമണമുണ്ടായി, കെട്ടിടങ്ങൾക്ക് തീപിടിച്ചു. മോസ്കോയെ ലക്ഷ്യമിട്ട യുക്രെയ്ൻ ഡ്രോണുകൾ വെടിവച്ചിട്ടതായി മേയർ സെർജി സോബിയാനിൻ പറഞ്ഞു.
54 യുക്രെയ്ൻ ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഗാസ മുഴുപ്പട്ടിണിയിൽ; കുഞ്ഞുങ്ങൾ മരിച്ചുവീഴുന്നു
ഗാസ: ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ ഗാസ മുഴുപ്പട്ടിണിയിൽ. ഗാസ മുനമ്പിലെ മൂന്നിലൊന്നാളുകൾ ദിവസങ്ങളായി ഒന്നും കഴിക്കാതെയാണ് കഴിയുന്നതെന്ന് യുഎൻ ഫുഡ് എയ്ഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) മുന്നറിയിപ്പ് നൽകി.
പോഷകാഹാരക്കുറവ് മൂലം 90,000 സ്ത്രീകളും കുട്ടികളും അടിയന്തര ചികിത്സ ആവശ്യമുള്ളവരാണെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു. ഈയാഴ്ച പ്രദേശത്ത് പട്ടിണി രൂക്ഷമായി. വെള്ളിയാഴ്ച പോഷകാഹാരക്കുറവ് മൂലം ഒമ്പത് പേർകൂടി മരിച്ചതായി ഹമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യുദ്ധം ആരംഭിച്ചശേഷം പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 122 ആയി. കുഞ്ഞ് വിശന്നു കരയുമ്പോള്‍ മുലപ്പാല്‍ പോലും നല്കാനാവാതെ അമ്മമാർ വിഷമിക്കുകയാണ്. വയറിളക്കവും പോഷകാഹാരക്കുറവും മൂലം രോഗബാധിതരായി ആശുപത്രികളിലെത്തുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്. പാലും പാല്‍പ്പൊടിയും കിട്ടാനില്ല.
ഗാസയിലേക്ക് സാധനങ്ങൾ എത്തുന്നതിനെ തടയുന്ന ഇസ്രയേൽ പ്രദേശത്തേക്ക് സഹായം എത്തിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്നും പട്ടിണിമരണങ്ങൾക്ക് കാരണം ഹമാസാണെന്നുമാണു പറയുന്നത്. ഇതിനിടെ വ്യോമമാർഗം പലസ്തീന് സഹായം എത്തിക്കാൻ ശ്രമിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാമർ പറഞ്ഞു.
അടിയന്തരമായി വൈദ്യസഹായം ആവശ്യമുള്ള കുട്ടികളെ ചികിത്സയ്ക്കായി യുകെയിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുമെന്നും സ്റ്റാമർ കൂട്ടിച്ചേർത്തു. ഗാസയിൽ സഹായം എത്തിക്കാൻ യുഎഇയും ജോർദാനും സന്നദ്ധമായെങ്കിലും തങ്ങളെ ഇസ്രയേൽ ഇതിനനുവദിച്ചില്ലെന്ന് മുതിർന്ന ജോർദാൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
ജർമനിയും ഫ്രാൻസും ബ്രിട്ടനും ഗാസയ്ക്കു സഹായം നൽകുന്നതിനുള്ള നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഇസ്രയേൽ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ പാലിക്കണമെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
യുഎന്നിന്റെ ഉൾപ്പെടെ സന്നദ്ധ സംഘടനകളെ ഒഴിവാക്കി ഇസ്രയേലും യുഎസും ഗാസയിൽ ഭക്ഷണവിതരണം ഏറ്റെടുത്തിനു ശേഷം ആഹാരത്തിനു വരി നിന്ന ആയിരത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടെന്ന് ആംനസ്റ്റി ഇന്റനാഷണൽ റിപ്പോർട്ട് ചെയ്തു.
ഹമാസ് കമാൻഡറെ വധിച്ചതായി ഇസ്രയേൽ
ഗാസ: ഹമാസ് കൗണ്ടർ-ഇന്റലിജൻസ് കമാൻഡറെ വധിച്ചതായി ഇസ്രേലി സേന (ഐഡിഎഫ്). വടക്കൻ ഗാസ മുനമ്പിൽ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർ അംജദ് മുഹമ്മദ് ഹസ്സൻ ഷയിറിനെ കൊലപ്പെടുത്തിയതായി ഐഡിഎഫ് അറിയിച്ചു.
കഴിഞ്ഞ ദിവസം, വ്യോമസേന ഗാസ മുനമ്പിലെ നിരവധി ഹമാസ് കേന്ദ്രങ്ങൾ ആക്രമിച്ചതായും ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
വെള്ളിയാഴ്ച ഗാസയിലെ അഭയാർഥികൾ കഴിഞ്ഞിരുന്ന സ്കൂളിനു നേരേ നടന്ന ഇസ്രേലി ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു.
ഇറാനിൽ ഭീകരാക്രമണം; എട്ടു മരണം
ടെഹ്റാൻ: തെക്കുകിഴക്കൻ ഇറാനിലെ സാഹെദാൻ നഗരത്തിലുണ്ടായ ഭീകരാക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. ഇവരിൽ അഞ്ചു പേർ സാധാരണക്കാരും മൂന്നു പേർ ഭീകരരുമാണ്.
ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് കെട്ടിടത്തിൽ ഇന്നലെ രാവിലെയാണ് ജയ്ഷ്-എൽ-സുൽമം എന്ന ഭീകരസംഘടന ആക്രമണം നടത്തിയത്. ഉടൻതന്നെ ഇറേനിയൻ സൈന്യം സ്ഥലത്തെത്തി ഭീകരരെ നേരിട്ടു. മൂന്നു ഭീകരർ കൊല്ലപ്പെട്ടു.
പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് 220 യുകെ എംപിമാർ
ലണ്ടൻ: പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് 220 യുകെ എംപിമാർ പ്രധാനമന്ത്രി കീയർ സ്റ്റാർമറിനു കത്തെഴുതി.
ഒന്‍പതു പാർട്ടികളിലെ എംപിമാരാണ് കത്തെഴുതിയത്. ഇവരിൽ പകുതി പേരും സ്റ്റാർമറിന്റെ ലേബർ പാർട്ടിക്കാരാണ്.
പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കാൻ തീരുമാനിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മാലദ്വീപിന് 4850 കോടിയുടെ ധനസഹായം
മാലി: മാലദ്വീപിന് 4,850 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും തമ്മിൽ നിരവധി വിഷയങ്ങളെ സംബന്ധിച്ച് ഇന്നലെ വിശദമായ ചർച്ചകൾ നടത്തി.
വ്യാപാരം, പ്രതിരോധം, അടിസ്ഥാനസൗകര്യം എന്നീ മേഖലകളിലെ സഹകരണമായിരുന്നു വിഷയം. ഉഭയകക്ഷി നിക്ഷേപക്കരാർ ഉടൻ യാഥാർഥ്യമാക്കുമെന്നും സ്വതന്ത്ര വ്യാപാരക്കരാറിനായുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും മോദി അറിയിച്ചു.
പ്രതിരോധ, സുരക്ഷാ രംഗങ്ങളിൽ സഹകരണമെന്നത് പരസ്പര വിശ്വാസത്തിന്റെ അടയാളമാണ്. മാലദ്വീപിന്റെ പ്രതിരോധ രംഗം ശക്തിപ്പെടുത്താൻ ഇന്ത്യ സഹായിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
വെലേന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ രാവിലെ വന്നിറങ്ങിയ മോദിക്ക് ഹൃദ്യമായ വരവേൽപ്പാണ് മുയിസുവും പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരും ചേർന്നു നൽകിയത്.
തുടർന്് രാജ്യത്തെ പ്രസിദ്ധമായ റിപ്പബ്ലിക് സ്ക്വയറിൽ ആചാരപ്രകാരമുള്ള സ്വീകരണവും ഗാർഡ് ഓഫ് ഓണറും നൽകി. സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ മുയിസുവിന്റെ പ്രവൃത്തിതന്നെ ഹഠാദാകർഷിച്ചുവെന്നും ഇരു രാജ്യങ്ങളുടെയും സൗഹൃദം പുതിയ ഉയരങ്ങളിലെത്തുമെന്നും മോദി സമൂഹമാധ്യമത്തിൽ കുറിച്ചു.
ചൈനയുമായി അടുപ്പം പുലർത്തുന്ന മുയിസു, ഇന്ത്യാവിരുദ്ധ പ്രചാരണങ്ങളുടെ ചിറകിലേറിയാണ് 2023 നവംബറിൽ അധികാരത്തിലെത്തിയത്. സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കകം ഇന്ത്യൻ സൈന്യം പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടതും ബന്ധം വഷളാക്കിയിരുന്നു.
മാലദ്വീപിന്റെ സാന്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ വാഗ്ദാനം ചെയ്തതുൾപ്പെടെയുള്ള ഇന്ത്യൻ നടപടികളാണ് ഇപ്പോൾ ബന്ധം മെച്ചപ്പെടാൻ കാരണമായതെന്ന് കരുതപ്പെടുന്നു.
വത്തിക്കാനിൽ യുവജന ജൂബിലിയാഘോഷം 28 മുതൽ; അഞ്ചു ലക്ഷം പേർ പങ്കെടുക്കും
വത്തിക്കാൻ സിറ്റി: സാർവത്രികസഭ പ്രഖ്യാപിച്ച ജൂബിലി വർഷാചരണത്തിന്റെ ഭാഗമായുള്ള യുവജന ജൂബിലിയാഘോഷത്തിന് റോം നഗരവും വത്തിക്കാനും ഒരുങ്ങി. ഈ മാസം 28 മുതൽ ഓഗസ്റ്റ് മൂന്നുവരെ നടക്കുന്ന ജൂബിലിയാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി 146 രാജ്യങ്ങളിൽനിന്നായി അഞ്ചു ലക്ഷം യുവതീ-യുവാക്കളാണു രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂബിലിവർഷത്തിൽ സഭ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പരിപാടിയാണിത്.
ദിവ്യകാരുണ്യ ആരാധന, റോമിലെ തോർ വെർഗാത്തയിൽ ലെയോ പതിനാലാമൻ മാർപാപ്പ നേതൃത്വം നൽകുന്ന നിശാജാഗരണ പ്രാർഥന, മാർപാപ്പയുമായി സംവാദം, മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, കുരിശിന്റെ വഴി, പ്രഭാഷണങ്ങൾ, ചർച്ചകൾ, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെയുള്ള പ്രവേശനം എന്നിവയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ജൂബിലിയാഘോഷങ്ങളിലെ പ്രധാന പരിപാടികൾ.
റോമിലെ വിവിധ പള്ളികളിലും ചത്വരങ്ങളിലുമായി 70 ഓളം ആധ്യാത്മിക, കലാ-സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും. സ്പാനിഷ് നർത്തകൻ സെർജിയോ ബെർനാൽ അലോൻസോയും മാറ്റ് മാഹെർ, വൊളോ, ദ സൺ തുടങ്ങിയ പ്രമുഖ ബാൻഡുകളും സംഗീതപരിപാടികൾ അവതരിപ്പിക്കും.
വാഴ്ത്തപ്പെട്ടവരായ കാർലോ അക്കുത്തിസിന്റെയും പിയർ ജോർജോ ഫ്രസാത്തിയുടെയും തിരുശേഷിപ്പ് വണങ്ങാനും അവസരമുണ്ടാകും. ഓഗസ്റ്റ് ഒന്നിന് റോമിലെ സർക്കസ് മാക്സിമസിൽ യുവജനങ്ങൾക്കായി കുന്പസാരം നടക്കും. വിവിധ ഭാഷകളിൽ നടക്കുന്ന കുന്പസാരത്തിന് ആയിരത്തോളം വൈദികർ നേതൃത്വം നൽകും.
ഓഗസ്റ്റ് രണ്ടിനു രാത്രി 8.30നാണ് മാർപാപ്പ നേതൃത്വം നൽകുന്ന നിശാജാഗരണം. ഇതിനു പിന്നാലെ അമേരിക്ക, മെക്സിക്കോ, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്നുള്ള ഒരാൾ വീതം പ്രാദേശിക ഭാഷകളിൽ മാർപാപ്പയുമായി സംവദിക്കും. കടുത്ത ചൂടിൽനിന്നു വേദികളെ തണുപ്പിക്കാനായി നാല് വലിയ മിസ്റ്റ് കാനണുകൾ സജ്ജമാക്കും. ജൂബിലി പരിപാടികൾ വത്തിക്കാൻ വോക്സ് ആപ്പിലൂടെ അഞ്ചു ഭാഷകളിൽ തത്സമയം സംപ്രേഷണം ചെയ്യും.
വത്തിക്കാൻ റേഡിയോ എട്ടു ഭാഷകളിൽ പരിപാടികൾ വിശദീകരിക്കും. തീർഥാടകർക്ക് ഏത് ആവശ്യത്തിനും 80 ഭാഷകൾ സംസാരിക്കുന്ന തങ്ങളുടെ എഐ സഹായിയായ ജൂലിയയുമായി വാട്സാപ്, മെസഞ്ചർ, ടെലിഗ്രാം, വെബ് എന്നിവയിലൂടെ ബന്ധപ്പെടാമെന്നു റോം മേയർ റോ ബെർത്തോ ഗ്വാൾത്തിയേരി അറിയിച്ചു.
തീർഥാടകർക്കു താമസിക്കാനായി റോമിലെയും പരിസരങ്ങളിലെയും 370 ഇടവകകൾ, 400 സ്കൂളുകൾ, സിവിൽ പ്രൊട്ടക്ഷൻ കേന്ദ്രങ്ങൾ, മുനിസിപ്പൽ സ്പോർട്സ് ഹാളുകൾ, ജിമ്മുകൾ എന്നിവയാണ് ഒരുക്കുന്നത്. ഇതു കൂടാതെ, നിരവധി വീടുകളിലും തീർഥാടകർക്കു താമസമൊരുക്കും.
സിറിയയിൽ ഐഎസ് നേതാവിനെ വധിച്ചു
ഡമാസ്കസ്: വടക്കുപടിഞ്ഞാറൻ സിറിയയിൽ ഉന്നത ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) നേതാവിനെയും രണ്ടു മക്കളെയും അമേരിക്കയുടെ നേതൃത്വത്തിലുള്ള സേന വധിച്ചു. ഐഎസ് നേതാവ് ദിയ സാവ്ബ മുസ്ലിഹ് അൽ-ഹർദാനും മക്കളുമാണു കൊല്ലപ്പെട്ടത്.
ആലെപ്പോ പ്രവിശ്യയിലെ അൽ-ബാബ് പട്ടണത്തിൽ നടന്ന റെയ്ഡിലാണ് അൽ-ഹർദാനും മക്കളും കൊല്ലപ്പെട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അൽ-ഹർദാന്റെ താവളത്തിലുണ്ടായിരുന്ന മൂന്നു സ്ത്രീകൾക്കും മൂന്നു കുട്ടികൾക്കും പരിക്കേറ്റില്ല.
സൈനികരെ വിമാനത്തിലെത്തിച്ചായിരുന്നു ഐഎസ് ഭീകരരെ നേരിട്ടത്. സിറിയൻ സർക്കാരിന്റെ സൈന്യവും കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസും ഭീകരവേട്ടയിൽ പങ്കാളിയായി. സിറിയയിലെ പുതിയ സർക്കാരുമായി അമേരിക്കയ്ക്കു നല്ല ബന്ധമാണുള്ളത്.
പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് ഫ്രാൻസ്; പ്രഖ്യാപനം സെപ്റ്റംബറിലെന്ന് മക്രോൺ
പാരീസ്: പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കാൻ ഫ്രാൻസ് തീരുമാനിച്ചതായി പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അറിയിച്ചു. സെപ്റ്റംബറിലെ യുഎൻ പൊതുസഭാ സമ്മേളനത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും.
പശ്ചിമേഷ്യയിൽ സ്ഥിരം സമാധാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് തന്റെ നീക്കമെന്നു മക്രോൺ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി പലസ്തീൻ അഥോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് അയച്ച കത്തിന്റെ പകർപ്പ് മക്രോൺ പോസ്റ്റ് ചെയ്തു.
ഇസ്രയേൽ പലസ്തീനികളെ പട്ടിണിക്കിട്ട് ഗാസയിൽ വംശഹത്യ ചെയ്യുകയാണെന്ന ആരോപണത്തിൽ യൂറോപ്യൻ ശക്തികൾക്ക് അതൃപ്തി വർധിച്ചുവരുന്നതിനിടെയാണ് ഫ്രഞ്ച് പ്രസിഡന്റ് സുപ്രധാന തീരുമാനം അറിയിച്ചിരിക്കുന്നത്. പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്ന ആദ്യ യൂറോപ്യൻ വൻശക്തി, ജി-7 കൂട്ടായ്മയിലെ അംഗം എന്നീ പ്രത്യേകതകൾ ഫ്രാൻസിന്റെ തീരുമാനത്തിനുണ്ട്.
പലസ്തീൻ രാഷ്ട്ര രൂപവത്കരണത്തിനു പിന്തുണ തേടി ഫ്രാൻസിന്റെയും സൗദിയുടെയും നേതൃത്വത്തിൽ അടുത്തയാഴ്ച യുഎന്നിൽ പ്രത്യേക കോൺഫറൻസ് ചേരുന്നുണ്ട്. നിലവിൽ യുഎന്നിലെ 193 അംഗങ്ങളിൽ 142 രാജ്യങ്ങൾ പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുകയോ അംഗീകരിക്കാൻ തയാറാണെന്ന് അറിയിക്കുകയോ ചെയ്തിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളായ നോർവേ, സ്പെയിൻ, അയർലൻഡ് എന്നീ രാജ്യങ്ങൾ ഇക്കാര്യത്തിലെ അനുകൂല തീരുമാനം അടുത്ത കാലത്താണ് അറിയിച്ചത്.
ഫ്രാൻസ് തീരുമാനമെടുത്തതോടെ പലസ്തീനെ അംഗീകരിക്കണമെന്ന ആവശ്യത്തിനു ബ്രിട്ടനിലും ശക്തി വർധിച്ചുവെന്നാണ് റിപ്പോർട്ട്. ഗാസയിൽ വെടിനിർത്തലുണ്ടാകുന്നത് പലസ്തീൻ രാഷ്ട്ര രൂപവത്കരണത്തിലേക്ക് നയിക്കുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ ഇന്നലെ പറഞ്ഞു.
അതേസമയം, ഫ്രാൻസിന്റെ തീരുമാനത്തെ ഇസ്രയേലും അമേരിക്കയും അപലപിച്ചു.
നിലവിൽ ഭാവിരാഷ്ട്രത്തിന്റെ തലസ്ഥാനമായി പലസ്തീനികൾ കരുതുന്ന കിഴക്കൻ ജറൂസലേം അടക്കം പല പ്രദേശങ്ങളും ഇസ്രേലി അധിനിവേശത്തിനു കീഴിലാണ്.
തുർക്കിയിൽ ഇറാൻ-യൂറോപ്യൻ യൂണിയൻ ആണവ ചർച്ച
ഇസ്താംബൂൾ: ഇറാനും യൂറോപ്യൻ ശക്തികളും ഇന്നലെ ആണവചർച്ച നടത്തി. തുർക്കിയിലെ ഇസ്താംബൂളിൽ ഇറേനിയൻ എംബസിയായിരുന്നു വേദി. ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, യൂറോപ്യൻ യൂണിയൻ പ്രതിനിധികളാണ് ഇറാനുമായി ചർച്ച നടത്തിയത്.
ഇസ്രയേലും അമേരിക്കയും ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയശേഷമുള്ള ആദ്യചർച്ചയായിരുന്നു ഇത്. 2015ൽ വൻശക്തികളുമായി ഉണ്ടാക്കിയ ആണവകരാറിനു സാധുത നല്കിയ യുഎൻ പ്രമേയം പുതുക്കാൻ ഇറാൻ തയാറാകണമെന്നു യൂറോപ്യൻ ശക്തികൾ ആവശ്യപ്പെട്ടു. എന്നാൽ, ഇതു സമ്മതിക്കാൻ ഇറാൻ തയാറായില്ലെന്നാണു പ്രാഥമിക റിപ്പോർട്ട്.
യുഎൻ പ്രമേയം ഒക്ടോബർ 18നുള്ളിൽ പുതുക്കിയില്ലെങ്കിൽ 2015ലെ ആണവകരാർ അസാധുവാകുകയും ഇറാനെതിരായ ഉപരോധങ്ങൾ പാശ്ചാത്യ ശക്തികൾക്കു പുതുക്കേണ്ടിവരികയും ചെയ്യും. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന എന്നിവരാണ് ഇറാനുമായി കരാറുണ്ടാക്കിയത്. ഇതിൽ അമേരിക്ക 2018ൽ ഏകപക്ഷീയമായി പിന്മാറിയിരുന്നു.
അമേരിക്കയുമായി ആണവ ചർച്ച പുനരാരംഭിക്കുക, അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി സഹകരിക്കുക, ഉയർന്ന തോതിൽ സന്പുഷ്ടീകരിച്ച 400 കിലോഗ്രാം യുറേനിയത്തെക്കുറിച്ച് വിവരം നല്‍കുക എന്നീ കാര്യങ്ങൾക്കും ഇറാൻ തയാറാകണമെന്നാണ് യൂറോപ്യൻ ശക്തികളുടെ ആവശ്യം.
തായ്ലൻഡ്-കംബോഡിയ ഏറ്റുമുട്ടൽ തുടരുന്നു
ബാങ്കോക്ക്/നോം പെൻ: തായ്ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തിസംഘർഷം രണ്ടാം ദിവസമായ ഇന്നലെയും തുടർന്നു.
തായ്ലൻഡിൽ മരണസംഖ്യ 16 ആയി. ഇതിൽ 15ഉം സിവിലിയന്മാരാണ്. 15 സൈനികർ അടക്കം 46 പേർക്കു പരിക്കേറ്റു. കംബോഡിയൻ സർക്കാർ ഇത്തരം കണക്കുകൾ ഇന്നലെയും പുറത്തു വിട്ടില്ല.
വ്യാഴാഴ്ച ആറു സ്ഥലത്തു മാത്രമായിരുന്ന ഏറ്റുമുട്ടൽ 12 സ്ഥലങ്ങളിലേക്കു വ്യാപിച്ചു. പീരങ്കികളും റോക്കറ്റുകളും ഉപയോഗിച്ചാണ് ആക്രമണം. കംബോഡിയൻ പട്ടാളക്കാർ ജനവാസകേന്ദ്രങ്ങളെ മനഃപൂർവം ലക്ഷ്യമിടുന്നതായി തായ്ലൻഡ് ആരോപിച്ചു. തായ് സേന ക്ലസ്റ്റർ ആയുധങ്ങൾ പ്രയോഗിച്ചെന്നു കംബോഡിയൻ സേനയും ആരോപിച്ചു.
ഇരു രാജ്യങ്ങളും അതിർത്തി പ്രദേശങ്ങളിൽനിന്ന് വൻതോതിൽ ജനങ്ങളെ ഒഴിപ്പിച്ചു മാറ്റുകയാണ്. 1.3 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചെന്നു തായ്ലൻഡ് അറിയിച്ചു. എന്നാൽ, കംബോഡിയൻ സർക്കാർ ഇതു സംബന്ധിച്ച കണക്ക് നല്‍കിയിട്ടില്ല.
പരിമിതമായ തോതിൽ നടക്കുന്ന ഏറ്റുമുട്ടൽ പൂർണയുദ്ധത്തിലേക്കു മാറിയേക്കുമെന്ന് തായ്ലൻഡിലെ ആക്ടിംഗ് പ്രധാനമന്ത്രി ഫുംതാൻ വെച്ചയാച്ചായി മുന്നറിയിപ്പു നല്കി.
മധ്യസ്ഥത വേണ്ടെന്ന് തായ്ലൻഡ്
ബാങ്കോക്ക്: സംഘർഷം അവസാനിപ്പിക്കാൻ ഇടപെടാമെന്ന് അന്താരാഷ്ട്ര സമൂഹം വാഗ്ദാനം ചെയ്തെങ്കിലും തായ്ലൻഡ് നിരസിച്ചു. അതിർത്തി തർക്കത്തിൽ മൂന്നാം കക്ഷി ഇടപെടേണ്ടെന്നാണ് അവരുടെ നിലപാട്. കംബോഡിയയുമായി ഉഭയകക്ഷി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനാണു താത്പര്യം.
തായ്ലൻഡിന്റെ മിത്രം അമേരിക്ക, മേഖലയിലെ വന്പനായ ചൈന, ആസിയാൻ കൂട്ടായ്മയ്ക്ക് അധ്യക്ഷത വഹിക്കുന്ന മലേഷ്യ എന്നിവരാണു മധ്യസ്ഥത വാഗ്ദാനം ചെയ്തത്.
മൂന്നാമതൊരു രാജ്യം മധ്യസ്ഥത വഹിക്കേണ്ടെന്നു തായ്ലൻഡ് വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
ചരിത്രകരാർ; ഇന്ത്യ-യുകെ വ്യാപാരക്കരാർ യാഥാർഥ്യമായി
ലണ്ടൻ: അഞ്ചുവർഷംകൊണ്ട് ഉഭയകക്ഷി വ്യാപാരം ഇരട്ടിയിലെത്തിക്കുക ലക്ഷ്യമിട്ടുള്ള സുപ്രധാന കരാറിൽ ഇന്ത്യയും ബ്രിട്ടനും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന സന്ദര്‍ശനവേളയിലാണു കരാർ യാഥാർഥ്യമായത്. മോദിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുടെയും സാന്നിധ്യത്തില്‍ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, ബ്രിട്ടീഷ് വാണിജ്യമന്ത്രി ജൊനാഥന് റെയ്നോള്‍ഡ്സ് എന്നിവര്‍ കരാറില്‍ ഒപ്പിട്ടു.
2030ഓടെ ഉഭയകക്ഷി വ്യാപാരം ഏകദേശം 10.36 ലക്ഷം കോടി രൂപയിലേക്ക് എത്തിക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ കർഷകർക്കായിരിക്കും കരാർ ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുക. ഇന്ത്യയില്‍നിന്നുള്ള കാര്‍ഷികോത്പന്നങ്ങളും സംസ്കരിച്ച ഭക്ഷ്യവസ്തുക്കളും തീരുവയില്ലാതെ ബ്രിട്ടീഷ് മാര്‍ക്കറ്റുകളില്‍ വിപണനം നടത്താനുള്ള അവസരമാണ് കരാർ ഒരുക്കുന്നത്.
യുകെയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വിസ്കി, കാറുകള്‍ എന്നിവ ഇന്ത്യയില്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതിയും രാജ്യത്തിനു പ്രയോജനം ചെയ്യുമെന്നാണു വിലയിരുത്തുന്നത്.
കരാർ ഒപ്പുവച്ചത് ചരിത്രപരമായ ദിവസമാണെന്നും ഏറെനാളത്തെ പ്രയത്നത്തിന്റെ ഫലമാണിതെന്നും പ്രധാനന്ത്രി മോദി പ്രതികരിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം യുകെ നല്കിയ പിന്തുണയെ അഭിനന്ദിക്കുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി നല്കിയ പിന്തുണയ്ക്കു നന്ദി അറിയിക്കുകയും ചെയ്തു. ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുന്ന കരാറാണ് ഇതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയും പറഞ്ഞു.
കേരളത്തിനും പ്രതീക്ഷ
തീരുവ എടുത്തു കളഞ്ഞവയിൽ കേരളത്തിൽ സുലഭമായ മഞ്ഞള്‍, കുരുമുളക്, ഏലക്ക എന്നിവയും സംസ്കരിച്ച ഭക്ഷ്യവസ്തുക്കളായ മാങ്ങ പള്‍പ്പ്, അച്ചാര്‍, ധാന്യങ്ങള്‍ എന്നിവയും ഉണ്ട്. കേരളത്തിന്റെ കള്ളും ഗോവയുടെ ഫെനിയും കരാറിലൂടെ ബ്രിട്ടീഷ് വിപണിയിലെത്തും. കേരളം ഉൾപ്പെടെ തീരദേശ സംസ്ഥാനങ്ങളിലെ മത്സ്യബന്ധനമേഖലയും കരാറിനെ പ്രതീക്ഷയോടെയാണു നോക്കിക്കാണുന്നത്.
കൊഞ്ച്, ചൂര തുടങ്ങിയ മത്സ്യങ്ങള്‍ക്കും മത്സ്യ ഉത്പന്നങ്ങള്‍ക്കും ബ്രിട്ടനിലെ വിപണിയിൽ 8.5 ശതമാനം വരെ തീരുവ ഈടാക്കിയത് കരാറിലൂടെ ഇല്ലാതായി. തുകല്‍, പാദരക്ഷകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിക്കും കരാർ അനുകൂലമാണ്.
വില കുറയുന്നവയിൽ ചോക്ലേറ്റ് മുതല്‍ വിസ്കി വരെ
ലണ്ടന്‍: യുകെയിൽനിന്നുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍, ശീതളപാനീയങ്ങള്‍, കോസ്മെറ്റിക് ഉത്പന്നങ്ങള്‍, ചോക്ലേറ്റ്, ബിസ്കറ്റ്, കാറുകള്‍ എന്നിവ ഇന്ത്യയില്‍ വിലക്കുറവില്‍ ലഭിക്കും. കരാര്‍ പ്രാവര്‍ത്തികമായാല്‍ വിസ്കി ഉള്‍പ്പെടെ ഇന്ത്യയിലേക്കു കൂടുതലായി കയറ്റിയയക്കാന്‍ യുകെയ്ക്കും അവസരമൊരുങ്ങും. വിസ്കിയുടെ ഇറക്കുമതി തീരുവ 150ല്‍നിന്ന് 75 ശതമാനമായി കുറച്ചതോടെയാണിത്. പത്തുവര്‍ഷംകൊണ്ട് തീരുവ 40 ശതമാനത്തിലേക്ക് എത്തിക്കാനും കരാറില്‍ നിര്‍ദേശിക്കുന്നു.
ബ്രിട്ടനിലേക്കുള്ള 99 ശതമാനം ഇന്ത്യന്‍ കയറ്റുമതി ഉത്പന്നങ്ങള്‍ക്കും തീരുവ ഒഴിവാകുമെന്നും ഇത് വലിയ നേട്ടമുണ്ടാക്കുമെന്നുമാണു വാണിജ്യ മന്ത്രാലയം വിലയിരുത്തുന്നത്. അവിടെനിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ നിലവിലെ 100 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഇന്ത്യ കുറയ്ക്കണമെന്നാണ് കരാറിലെ നിർദേശം. ക്വാട്ട സംവിധാനത്തിലൂടെയാകും ഇത്.
ഇതോടൊപ്പം ഇന്ത്യന്‍ നിര്‍മാതാക്കളുടെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ബ്രിട്ടീഷ് വിപണിയിലും പ്രവേശനം ലഭിക്കും. ഇതും ഒരു ക്വാട്ട സംവിധാനത്തിലൂടെയായിരിക്കും.
ബിസിനസ് ആവശ്യങ്ങള്‍ക്കായി യുകെ സന്ദര്‍ശിക്കുന്നവര്‍ക്കും കരാര്‍ അടിസ്ഥാനത്തില്‍ സേവനം നല്കുന്നവര്ക്കും യോഗ പരിശീലകര്‍, ഷെഫുമാര്‍, സംഗീതജ്ഞര്‍ എന്നിവര്‍ക്കും യുകെയില്‍ താത്കാലികമായി താമസിക്കുന്നതിനുള്ള അനുമതി ലഭിക്കും. യുകെയില്‍ താത്കാലികമായി ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളെയും അവരുടെ തൊഴിലുടമകളെയും മൂന്നു വര്‍ഷത്തേക്ക് സാമൂഹിക സുരക്ഷാ വിഹിതം അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കുമെന്നും കരാറിൽ ധാരണയുണ്ട്.
തായ്ലൻഡും കംബോഡിയയും ഏറ്റുമുട്ടി; 12 പേർ കൊല്ലപ്പെട്ടു
ബാങ്കോക്ക്/ നോം പെൻ: തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളായ തായ്ലൻഡും കംബോഡിയയും അതിർത്തി തർക്കത്തിന്റെ പേരിൽ സംഘർഷത്തിൽ. ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ തായ്ലൻഡിൽ 11 സിവിലിയന്മാരും ഒരു പട്ടാളക്കാരനും കൊല്ലപ്പെട്ടു. കംബോഡിയൻ സർക്കാർ ഇത്തരം കണക്ക് പുറത്തുവിട്ടിട്ടില്ല.
തായ് വ്യോമസേന എഫ്-16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് കംബോഡിയൻ പട്ടാള ആസ്ഥാനങ്ങളിൽ ബോംബിട്ടു. കംബോഡിയൻ സേന പീരങ്കികളും റോക്കറ്റ് ലോഞ്ചറുകളും ഉപയോഗിച്ച് തായ്ലൻഡിൽ ആക്രമണം നടത്തി.
സുരിൻ, ഉബോൺ രാച്ചതാനി, ശ്രിസാക്കെട്ട് എന്നീ മൂന്ന് പ്രവിശ്യകളിലാണ് മരണങ്ങൾ സംഭവിച്ചതെന്ന് തായ്ലൻഡ് അറിയിച്ചു. 24 സിവിലിയന്മാർക്കും ഏഴു പട്ടാളക്കാർക്കും പരിക്കേറ്റു.
817 കിലോമീറ്റർ നീളമുള്ള അതിർത്തി സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തായ്ലൻഡ് അതിർത്തി അടച്ചു. ഇരു രാജ്യങ്ങളും അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചുമാറ്റാൻ തുടങ്ങി. 40,000 പേരെയാണ് ഒഴിപ്പിക്കുന്നതെന്ന് തായ്ലൻഡ് അറിയിച്ചു.
ക്ഷേത്രങ്ങളെച്ചൊല്ലി തർക്കം
കംബോഡിയയിൽ കോളനി ഭരണം നടത്തിയ ഫ്രഞ്ചുകാർ ഉണ്ടാക്കിയ അതിർത്തിയുടെ പല ഭാഗങ്ങളെച്ചൊല്ലിയും തർക്കമുണ്ട്. വനമേഖലകളിലെ ഹൈന്ദവ ക്ഷേത്രങ്ങളുടെ ഉടമസ്ഥത പ്രധാന തർക്കവിഷയമാണ്. 11-ാം നൂറ്റാണ്ടിൽ നിർമിച്ച പ്രയാ വിഹിയർ ക്ഷേത്രത്തിനു യുനെസ്കോയുടെ പൈതൃകപദവി ലഭിക്കാൻ കംബോഡിയ നടത്തിയ നീക്കങ്ങൾ തായ്ലൻഡിനെ ചൊടിപ്പിച്ചിരുന്നു.
ഇന്നലെ സംഭവിച്ചത്
ഇരു രാജ്യങ്ങളും വ്യത്യസ്ത വിശദീകരണങ്ങളാണ് നല്‍കുന്നത്. താ മൂവൻ തോം എന്ന ഹൈന്ദവ ക്ഷേത്രത്തിനു ചുറ്റും തായ്ലൻഡ് സൈനികർ കന്പിവേലി കെട്ടാൻ നടത്തിയ നീക്കമാണ് സംഘർഷത്തിനു തുടക്കമിട്ടതെന്ന് കംബോഡിയ പറയുന്നു. എന്നാൽ കംബോഡിയൻ സേന ഡ്രോൺ ഉപയോഗിച്ച് തങ്ങളുടെ സേനാവിന്യാസം നിരീക്ഷിക്കുകയും തുടർന്ന് അതിർത്തിയിൽ സംഘടിച്ച് ആക്രമിക്കുകയും ചെയ്തുവെന്നാണ് തായ്ലൻഡ് പറയുന്നത്.
സമാധാനനീക്കം
പ്രശ്നം സമാധാനപരമായി പരിഹരിക്കാനാണ് താത്പര്യമെന്ന് കംബോഡിയൻ പ്രധാനമന്ത്രി ഹൺ മാനെറ്റ് പ്രതികരിച്ചു. കന്പോഡിയയുമായുള്ള അതിർത്തി തർക്കം അന്താരാഷ്ട്ര നിയമപ്രകാരം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് തായ്ലൻഡിലെ ആക്ടിംഗ് പ്രധാനമന്ത്രി ഫുംതാൻ വെച്ചയാച്ചായി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി സംസാരിക്കുമെന്ന് ആസിയാൻ കൂട്ടായ്മയുടെ അധ്യക്ഷത വഹിക്കുന്ന മലേഷ്യയിലെ പ്രധാനമന്ത്രി അൻവർ ഇബ്രാഹം പറഞ്ഞു.
റഷ്യയിൽ വിമാനം തകർന്ന് 48 മരണം
മോസ്കോ: കിഴക്കൻ റഷ്യയിൽ യാത്രാ വിമാനം തകർന്ന് 48 പേർ മരിച്ചതായി അനുമാനം. അമൂർ പ്രവിശ്യയിലെ ടിൻഡ പട്ടണത്തിനടുത്താണ് ദുരന്തമുണ്ടായത്. ബ്ലാഗോവീഷെൻസ് നഗരത്തിൽനിന്ന് ചൈനീസ് അതിർത്തിയോടു ചേർന്ന ടിൻഡ പട്ടണത്തിലേക്കു പുറപ്പെട്ട വിമാനത്തിൽ 42 യാത്രക്കാരും ആറു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പട്ടണത്തിൽ ഇറങ്ങുന്നതിനു മുന്‍പായി വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായി.
തുടർന്ന് ഹെലികോപ്റ്ററിൽ നടത്തിയ തെരച്ചലിൽ പട്ടണത്തിൽനിന്ന് 15 കിലോമീറ്റർ അകലെ കൊടുംവനത്തിൽ തകർന്നുവീണ് തീപിടിച്ച നിലയിൽ വിമാനം കണ്ടെത്തി. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്നു കരുതുന്നു. യാത്രക്കാരിൽ അഞ്ചു കുട്ടികളും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തകർ വനത്തിലേക്ക് പുറപ്പെട്ടു.
സൈബീരിയൻ മേഖലയിൽ സർവീസ് നടത്തുന്ന അൻഗാര എയർലൈൻസ് കന്പനിയുടെ അര നൂറ്റാണ്ട് പഴക്കമുള്ള ആന്റനോവ് എഎൻ-24 വിമാനമാണ് അപകത്തിൽപ്പെട്ടത്. 1976ൽ നിർമിച്ച വിമാനം സോവിയറ്റ് ദേശീയ എയർലൈൻസായിരുന്ന ഏറോഫ്ലോട്ടാണ് മുന്‍പ് ഉയോഗിച്ചിരുന്നത്. ‘പറക്കും ട്രാക്ടർ’ എന്നറിയപ്പെടുന്ന ഇത്തരം പത്തു വിമാനങ്ങളാണ് അൻഗാര പ്രവർത്തിപ്പിക്കുന്നത്.
എപ്സ്റ്റെയിൻ രേഖകളിൽ ട്രംപിന്റെ പേരും? നിഷേധിച്ച് വൈറ്റ് ഹൗസ്
വാഷിംഗ്ടൺ ഡിസി: ബാലപീഡകൻ ജഫ്രി എപ്സ്റ്റെയിനുമായി ബന്ധപ്പെട്ട കേസ് രേഖകളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരുമുണ്ടെന്ന് വാൾ സ്ട്രീറ്റ് ജേർണൽ പത്രം റിപ്പോർട്ട് ചെയ്തു.
നിയമവകുപ്പ് മേധാവി പാം ബോണ്ടി ഇക്കാര്യം മേയിൽ ട്രംപിനെ അറിയിച്ചിരുന്നു.
അതേസമയം, രേഖകളിൽ പേരുണ്ടെന്നുവച്ച് ട്രംപ് എന്തെങ്കിലും കുറ്റം ചെയ്തുവെന്ന അർഥമില്ലെന്നും പത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് വ്യാജമാണെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു.
2019ൽ ജയിലിൽ ആത്മഹത്യ ചെയ്തുവെന്നു പറയുന്ന എപ്സ്റ്റെയിനുമായുള്ള ബന്ധം 2004ൽ അവസാനിപ്പിച്ചുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
അമേരിക്കയിലെ ഒട്ടനവധി ഉന്നതർ എപ്സ്റ്റെയിന്റെ ഇടപാടുകാരായിരുന്നു എന്നാണ് അഭ്യൂഹം.
എപ്സ്റ്റെയിൻ കേസ് രേഖകൾ പ്രസിദ്ധീകരിക്കുമെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. എന്നാൽ, അധികാരമേറ്റശേഷം കേസ് കൈകാര്യം ചെയ്ത രീതിയിൽ ട്രംപിന്റെ അനുയായികളിൽ ഒരു വിഭാഗം അതൃപ്തരാണ്.
എപ്സ്റ്റെയിന്റെ വിചാരണാ രേഖകൾ പ്രസിദ്ധീകരിക്കാൻ ട്രംപ് ഭരണകൂടം അനുമതി തേടിയെങ്കിലും കോടതി ബുധനാഴ്ച നിഷേധിക്കുകയുണ്ടായി.
ട്രംപ് 2003ൽ എപ്സ്റ്റെയിന് അശ്ലീലച്ചുവയുള്ള ജന്മദിനസന്ദേശം അയച്ചുവെന്ന് വാൾ സ്ട്രീറ്റ് ജേർണൽ കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പേരിൽ പത്രത്തിനും അതിന്റെ ഉടമ റൂപ്പർട്ട് മർഡോക്കിനും എതിരേ ട്രംപ് ആയിരം കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുകയാണ്. പേരും? നിഷേധിച്ച് വൈറ്റ് ഹൗസ്
സൈബർ തട്ടിപ്പു കേന്ദ്രങ്ങളിൽ റെയ്ഡ്; 105 ഇന്ത്യക്കാർ അറസ്റ്റിൽ
നോം പെൻ: സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ കംബോഡിയൻ സർക്കാർ നടത്തിയ റെയ്ഡിൽ മൂവായിരത്തിലധികം പേർ അറസ്റ്റിലായി. ഇതിൽ 105 ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇവരെ നാട്ടിലെത്തിക്കാൻ കംബോഡിയൻ സർക്കാരുമായി ചർച്ചകൾ നടത്തുന്നുവെന്നാണ് ഇന്ത്യൻ വൃത്തങ്ങൾ അറിയിച്ചത്.
ആഗോളതലത്തിൽ ഓൺലൈൻ തട്ടിപ്പു നടത്തുന്ന സംഘങ്ങളെ ലക്ഷ്യമിട്ട റെയ്ഡ് 15 ദിവസം നീണ്ടു. ഇന്ത്യയും കംബോഡിയയും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്നും റിപ്പോർട്ടുണ്ട്.